Sunnah

ലോല ഹൃദയനായ പ്രവാചകന്‍

ഉദാത്തമായ കനിവുള്ളവനും അപാരമായ ലോല ഹൃദയത്തിന്റെ ഉടമയായിരുന്നു പ്രവാചകന്‍ മുഹമ്മദ് നബി(സ) എന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്ന കാര്യമാണ്. അതിന് സാക്ഷ്യം വഹിക്കുന്ന ഒരു സംഭവം ഇവിടെ വിവരിക്കാം. നബിയുടെ ജീവിതത്തിലെ സുപ്രധാനമായ അധ്യായമായിരുന്നു ബദര്‍ യുദ്ധം. ശത്രു സൈന്യത്തെ നേരിടാന്‍ നിരന്ന് നില്‍ക്കുന്ന കലാള്‍പ്പട പരിശോധിക്കുകയായിരുന്നു സൈനിക മേധാവി കൂടയായിരുന്ന പ്രവാചകന്‍. ഏതൊരു സൈനിക മേധാവിയും ചെയ്യാറുള്ളത് പോലെ പതിവ് സൈനിക പരിശോധനയുടെ ഭാഗമായിരുന്നു അത്. കൈയ്യില്‍ സ്വാഭാവികമായും ഒരു വടിയും അദ്ദേഹം കരുതിയിരുന്നു.

സൈനിക പരിശോധനക്കിടയിലാണ് പ്രവാചകന്‍ അത് ശ്രദ്ധിച്ചത്. പട്ടാളക്കാരനായ സവാദ് ഇബ്‌ന് ഗസ്യ സൈനിക നിരയില്‍ നിന്ന് അല്‍പം തള്ളിയാണ് നില്‍ക്കുന്നത്. ഒരു സൈനിക മേധാവിക്കും സഹിക്കാന്‍ കഴിയുന്നതിനപ്പുറമാണ് സൈനികന്റെ ഈ തള്ളിനില്‍പ്. കൂടാതെ സൈനിക അച്ചടക്കത്തിന്റെ കടുത്ത ചട്ട ലംഘനവുമാണത്. ഇത് കണ്ട പ്രവാചകന്‍ മറ്റ് സൈനിക മേധാവികളെ പോലെ സവാദ് ഇബ്‌ന് ഗസ്യുടെ വയറ് വടി കൊണ്ട് സ്പര്‍ഷിച്ച് അണിയില്‍ നേരെ നില്‍ക്കാന്‍ കല്‍പിച്ചു.

ഇബ്‌ന് ഗസ്യക്ക് ഇത് സഹിക്കാന്‍ കഴിയുന്നതിലപ്പുറമായിരുന്നു. പ്രതികരണ രോശത്താല്‍ അദ്ദേഹം പറഞ്ഞു: പ്രവാചകരേ, കുറുവടി ഉദരത്തില്‍ തറച്ചതോടെ താങ്കള്‍ എന്നെ വേദനിപ്പിച്ചിരിക്കുന്നു. ഒരു സാധാരണ പട്ടാളമേധാവിയുടെ മുഖം നോക്കി പറയാന്‍ കഴിയുന്ന വാക്കുകളായിരുന്നില്ല അത്. അതോടെ അയാളുടെ കഥ കഴിക്കാമായിരുന്നു. കാരണം സൈനിക അച്ചടക്കത്തിന്റെ കടുത്ത ലംഘനമാണ് ആ വാക്കുകള്‍. രാജ്യദ്രോഹ കുറ്റം ചുമത്തി യമപുരയിലയക്കാന്‍ അധിക സമയമെടുക്കുകയില്ല.

പക്ഷെ ഇത് കേട്ട പ്രവാചകന്‍ ഒന്നും ഉരുവാടിയില്ല. പകരം തന്റെ ഉദര ഭാഗം ആവരണം ചെയ്ത തുണി നീക്കി കൊണ്ട് പ്രവാചകന്‍ പറഞ്ഞു: ഈ കുറുവടികൊണ്ട് എന്റെ ഉദരവും കുത്തൂ. നിന്നെ വേദനിപ്പിച്ച അത്ര വേദന എനിക്കും ഉണ്ടാവട്ടെ. കവിഞ്ഞാല്‍ ഒരു ക്ഷമ മാത്രം പറഞ്ഞു മുന്നോട്ട് ഗമിക്കേണ്ട സൈനിക മേധാവിയാണ് തന്റെ ഉദരം കാണിച്ച് പ്രതികാരം ചെയ്യാന്‍ ആവശ്യപ്പെട്ടത് എന്ന് അറിയുമ്പോഴാണ് മുഹമ്മദ് നബി (സ) യുടെ മഹത്വം നമുക്ക് മനസ്സിലാവുന്നത്.

ഇത്രയും ലോലഹൃദയനായ ഒരു പ്രവാചകനെയാണ് ലോകത്ത് നിരന്തരമായി തെറ്റിദ്ധരിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുന്നത് എന്ന് അറിയുമ്പോഴാണ് ശത്രുക്കളുടെ പ്രചാരണ തന്ത്രങ്ങളുടെ ആഴവും സ്വാധീനവും മനസ്സിലാക്കാന്‍ കഴിയുന്നത്. ഇത്തരം ചരിത്ര പാഠങ്ങള്‍ കഠോരമായികൊണ്ടിരിക്കുന്ന നമ്മുടെ മനസ്സിനേയും ലോലഹൃദയമുള്ളവരാക്കാന്‍ സഹായകമാണ്.

Facebook Comments

ഇബ്‌റാഹിം ശംനാട്

ജനനം 1960 ഏപ്രില്‍ 9, കാസര്‍ഗോഡ് ജില്ലയിലെ ചെംനാട്. 1975- 1983 ശാന്തപുരം ഇസ്ലാമിയ കോളേജില്‍ എഫ്.ഡി. കോഴ്‌സിന് പഠിച്ചു. കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് ധനശാസ്ത്രത്തില്‍ ബിരുദം. ഇഗ്‌നോയില്‍ നിന്ന് ജേര്‍ണലിസം & പബ്ലിക് റിലേഷന്‍സ് പി. ജി. ഡിപ്‌ളോമയും കരസ്ഥമാക്കി. പങ്കെടുത്ത െ്രെടയിനിംഗുകള്‍: കമ്മ്യുണിറ്റി ഡവലപ്‌മെന്റെ് വര്‍ക്ക്‌ഷോപ്പ് (Conducted by Islamic Development Bank, Jeddah), ടോസ്റ്റ്മാസ്‌റ്റേര്‍സ് ഇന്റെര്‍നാഷണലില്‍ നിന്ന് പ്രസംഗ പരിശീലനം, Basic Pscychology, Neuro Lingistic Program, Transactional Analysis, കൃതികള്‍: പ്രവാചകനും കുട്ടികളുടെ ലോകവും, വധശിക്ഷ, ഇസ്ലാമിന്റെ ആവശ്യകത (വിവര്‍ത്തനം). പ്രബോധനം, ആരാമം, മലര്‍വാടി എന്നിവയില്‍ എഴുതുന്നു. പിതാവ് സി.എച്ച്. അബ്ദുല്ല ഹാജി. മാതാവ്: ബി.എം. ഖദീജബി. ഭാര്യ: സൗജ ഇബ്‌റാഹീം, മക്കള്‍: ഹുദ, ഈമാന്‍, ഖദീജ, ഇല്‍ഹാം, മനാര്‍

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker