ലോകത്ത് നിരവധി എൻസൈക്ലോപീഡിയകൾ അഥവാ വിജ്ഞാനകോശങ്ങളുണ്ട്. ഏതാണ്ടെല്ലാ ഭാഷകളിലും. അതിലേറ്റവും പ്രസിദ്ധമായത് മുപ്പത് വാല്യത്തിലുള്ള എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയാണ്. ഏതാനും വർഷങ്ങളായി അതിന്റെ പ്രസിദ്ധീകരണം അവസാനിച്ചിട്ട്. അതുപോലൊന്നാണ് മുപ്പതു വാല്യത്തിൽ തന്നെയുള്ള എൻസൈക്ലോപീഡിയ അമേരിക്കാനയും. ഏറ്റവും വലുത് അമ്പത്തഞ്ചു വാല്യമുള്ള റഷ്യൻ എൻസൈക്ലോപീഡിയയാണ്. ഇസ്ലാമിക് എൻസൈക്ലോപീഡിയ ഇരുപത്തഞ്ചോളം വാല്യങ്ങൾ വരും. ഓറിയന്റലിസ്റ്റുകളാണ് അത് തയ്യാറാക്കിയതെന്നാണ് അറിവ്. അതിന്റെ ഉർദു പരിഭാഷ ഇരുപതു വാല്യത്തിൽ കണ്ടിട്ടുണ്ട്. തുർക്കി ഭാഷയിലും ഇരുപതോളം വാല്യത്തിൽ പുതിയ ഒരു ഇസ്ലാമിക വിജ്ഞാനകോശം നിലവിലുണ്ട്. ഇസ്ലാമിക കർമ്മശാസ്ത്ര വിജ്ഞാനകോശം നാൽപതിൽപരം വാല്യങ്ങളാണ്. കുവൈത്തിലെ മതകാര്യവകുപ്പാണത് പ്രസിദ്ധീകരിച്ചിട്ടുള്ളത്. സമഗ്രമായ ഒരു ഇസ്ലാമിക വിജ്ഞാനകോശം അറബിഭാഷയിൽ ഇന്നോളം പ്രസിദ്ധീകൃതമായിട്ടില്ല. ജനറലായിട്ടുള്ള വിജ്ഞാനകോശം മുപ്പതു വാല്യത്തിൽ അറബിയിലുണ്ട്. അതുപക്ഷേ ഇംഗ്ലീഷിലുള്ള വേൾഡ്ബുക്ക് എൻസൈക്ലോപീഡിയയുടെ അറബി വിവർത്തനമാണ്. ക്രിസ്ത്യൻ – ബൈബിൾ വിജ്ഞാനകോശങ്ങളും നിരവധി വാല്യങ്ങളിലായി പ്രസിദ്ധീകൃതമായിട്ടുണ്ട്.
മലയാളത്തിലുമുണ്ട് ഒരു ‘സർവ്വവിജ്ഞാനകോശം’. ഇതുവരെ പതിനാറു വാല്യങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. സർക്കാരിന്റെ കീഴിലുള്ള പ്രസിദ്ധീകരണ വകുപ്പാണത് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതിനാൽ വിലയും വളരെ കുറവാണ്. മലയാളത്തിൽ ഒരു ഇസ്ലാമിക വിജ്ഞാനകോശവുമുണ്ട്. കോഴിക്കോട്ടെ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസാണ് പ്രസാധകർ. ഇതുവരെ പതിമൂന്നു വാല്യങ്ങൾ പുറത്തിറങ്ങിക്കഴിഞ്ഞു. രണ്ടു പതിറ്റാണ്ടിലേറെയായി നിരവധി പണ്ഡിതന്മാരുടെ നിരന്തരമായ അദ്ധ്വാനത്തിന്റെ ഫലമാണത്. അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന കെട്ടിലും മട്ടിലും. ചരിത്രം, സാഹിത്യം, ശാസ്ത്രം, മന:ശ്ശാസ്ത്രം, മതം എന്നീ അനേകം വിഷയങ്ങളിൽ വാല്യങ്ങളുള്ള വിജ്ഞാനകോശങ്ങൾ ലോകത്ത് നിലവിലുണ്ട്.
എന്നാൽ ചരിത്രത്തിലിന്നോളം ഒരു മനുഷ്യനെപ്പറ്റി അതും അദ്ദേഹത്തിന്റെ സ്വഭാവത്തെപ്പറ്റിമാത്രം ഒരു സമഗ്ര വിജ്ഞാനകോശം രചിക്കപ്പെട്ടതായി കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങനെയും ഒരു എൻസൈക്ലോപീഡിയ അറബിഭാഷയിൽ രചിക്കപ്പെട്ടിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ നൂറിൽപരം പണ്ഡിതന്മാരും പ്രൊഫസർമാരും പന്ത്രണ്ടു വാല്യങ്ങളിലായി തയ്യാറാക്കിയ ആ വിഷയത്തിലെ ഒരു സമഗ്ര വിജ്ഞാനകോശം. അത് മറ്റാരുടേതുമല്ല, ലോകത്തിന് മാർഗദർശനം നൽകാൻ വന്ന പ്രവാചകന്മാരുടെ തലമുറയിലെ അവസാന കണ്ണിയായ മുഹമ്മദ്നബി(സ)യുടേതാണ്.
ലോക ചരിത്രത്തിൽ ഒരു മനുഷ്യന്റെ സ്വഭാവത്തെപ്പറ്റി മാത്രം ഒരു എൻസൈക്ലോപീഡിയ രചിക്കപ്പെടുക എന്നത് ഇസ്ലാമിന്റെ പ്രവാചകൻ മുഹമ്മദ് നബി(സ)ക്കുമാത്രം അവകാശപ്പെട്ടതാണ്. മുസ്ലിം സമൂഹത്തിനുമാത്രം അഭിമാനിക്കാവുന്ന വിശ്വവിഖ്യാതമായ ഗ്രന്ഥമാണത്. ഒരു വിജ്ഞാനകോശം എഴുതപ്പെടാൻമാത്രം മഹത്തായ സ്വഭാവഗുണങ്ങളുടെ ഉടമയായിരുന്നു ആ പ്രവാചകൻ എന്നർഥം. ‘മൗസൂഅത്തു നദ്റത്തുന്നഈം ഫീ മകാരിമി അഖ്ലാഖി റസൂലിൽകരീം’ എന്നാണ് പരാമൃഷ്ട വിജ്ഞാനകോശത്തിന്റെ പൂർണനാമം. പേരു സൂചിപ്പിക്കുന്നതുപോലെ അവിടുത്തെ സ്വഭാവത്തെപ്പറ്റിയാണ് ഈ വിജ്ഞാനകോശം. അതും കനപ്പെട്ട പന്ത്രണ്ടു വാല്യങ്ങളിൽ. ഏതാണ്ട് മുന്നൂറ്റി എൺപതിൽ പരം വിഷയങ്ങളുടെ സമഗ്രമായ പ്രതിപാദനം. ഒരോ പള്ളിയിലും ലൈബ്രറിയിലും സൂക്ഷിക്കുകയും പഠിക്കുകയും ചെയ്യേണ്ട വിജ്ഞാനകോശമാണിത്.