Current Date

Search
Close this search box.
Search
Close this search box.

‘ഗസ്’വതുൽ ഹിന്ദ്’: ഒരു ഹദീസും കുറേ ദുർവ്യാഖ്യാനക്കാരും

ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്രത്തെയും ദുർവ്യാഖ്യാനിച്ചും ദുരുപയോഗം ചെയ്തും മലയാളി മനസ്സുകളില്‍ വര്‍ഗീയ വിഷം ചീറ്റുകയും ഇസ്ലാമോഫോബിയ വളര്‍ത്തുകയും ചെയ്യുന്നതില്‍ സംഘികളെപ്പോലും കവച്ചുവെക്കുന്നവരാണ് ക്രിസംഘികള്‍. (സംഘി മനസ്സുമായി നടക്കുന്ന ഒരുപറ്റം ക്രൈസ്തവർ.) സെബാസ്റ്റ്യന്‍ പുന്നക്കല്‍ അവരില്‍ ഒരാള്‍ മാത്രം. ഇന്ത്യക്ക് ഭീഷണി ആര്‍എസ്എസ്സ് അല്ല, മുസ്ലിംകളാണ്, ഭീകരവാദത്തിന്റെ സ്ലീപ്പര്‍ സെല്ലാണ് ഇസ്ലാം എന്നൊക്കെയാണ് ഈയിടെ പുറത്തിറക്കിയ ഒരു വീഡിയോയിൽ ടിയാൻ ജല്‍പിക്കുന്നത്. ‘ഇന്ത്യയെ കീഴടക്കുന്നവന് സ്വര്‍ഗമുണ്ട് എന്ന്‍ മുഹമ്മദ് പറഞ്ഞിട്ടുണ്ട്, ‘ഗസ്’വാ ഹിന്ദ്’ എന്നാണ് ഹദീസ്. അതുകൊണ്ടാണ് കാശ്മീരില്‍ ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാകുന്നത്’ എന്നൊക്കെയാണ് വ്യാഖ്യാനം! മുസ്‌ലിം വംശഹത്യ രാജ്യരക്ഷാപരമായ അനിവാര്യതയാണെന്ന് വാദിക്കുന്ന സംഘ് പരിവാറിന് ഇങ്ങനെയൊക്കെയാണിപ്പോള്‍ ക്രിസംഘികള്‍ മരുന്നിട്ട് കൊടുക്കുന്നത്! അതല്ലെങ്കിൽ പണ്ട് സംഘികൾ ഛർദിച്ചത് അകത്താക്കുന്നത്! ഇന്ത്യൻ മുസ്ലിംകളെ പൈശാചിക വൽക്കരിക്കുന്നതിലും ദേശസ്നേഹം ഇല്ലാത്തവരും രാജ്യദ്രോഹികളുമായി ചിത്രീകരിക്കുന്നതിലും സംഘികളെക്കാള്‍ ഒരു പടി മുന്നിലായിരിക്കുന്നു ഇപ്പോഴവരുടെ സ്ഥാനം! പരസ്പര സ്നേഹത്തോടെ ജീവിക്കുന്ന ഇന്ത്യയിലെ വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ സ്വാർഥ ലാഭങ്ങൾക്കായി പരമതവിദ്വേഷം ഇളക്കിവിടുന്ന ഇത്തരം പൈശാചിക ശക്തികളെ തുറന്നുകാണിക്കേണ്ടതും ഒറ്റപ്പെടുത്തേണ്ടതും രാജ്യത്തിന്റെ സുരക്ഷയും സമാധാനവും ആഗ്രഹിക്കുന്നവരുടെ ബാധ്യതയത്രെ.

ഇവിടെ ക്രൂരമായ ദുര്‍വ്യാഖ്യാനത്തിനും തെറ്റിദ്ധരിപ്പിക്കലിനും വിധേയമായ നബിവചനമിതാണ്:

عَنْ ثَوْبَانَ مَوْلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: « عِصَابَتَانِ مِنْ أُمَّتِي أَحْرَزَهُمُ اللهُ مِنَ النَّارِ: عِصَابَةٌ تَغْزُو الْهِنْدَ، وَعِصَابَةٌ تَكُونُ مَعَ عِيسَى ابْنِ مَرْيَمَ ».-رَوَاهُ أَحْمَدُ: 22396، وَالنَّسَائِيُّ: 3188،

(സൗബാനി(റ)ല്‍നിന്നു നിവേദനം. നബി(സ) പറഞ്ഞു: എന്റെ സമുദായത്തിലെ രണ്ടു സംഘങ്ങള്‍, അവര്‍ക്ക് അല്ലാഹു നരകത്തില്‍നിന്ന് രക്ഷ നല്‍കിയിരിക്കുന്നു. ‘അല്‍ഹിന്ദ്’ കീഴടക്കുന്ന ഒരു സംഘവും ഈസബ്‌നു മർയമിന്റെ കൂടെയുണ്ടാകുന്ന മറ്റൊരു സംഘവുമാണത്. (അഹ്മദ്: 22396, നസാഇ: 3188).

‘ഗസ്‌വത്തുല്‍ ഹിന്ദ്’ അഥവാ ‘അൽഹിന്ദ് യുദ്ധം’ എന്ന തലക്കെട്ടിലോ സമാനമായ പേരുകളിലോ വിവിധ ഹദീസ് ഗ്രന്ഥങ്ങളില്‍ ഈ വിഷയത്തില്‍ വന്നിട്ടുള്ള ഹദീസുകളില്‍ സ്വീകാര്യമായിട്ടുള്ള ഏക നിവേദനം ഇതാണ്. മുഹമ്മദ് നബി(സ)യുടെ ഈയൊരു വചനം കൊണ്ട് ക്രിസ്ത്യാനികളിലെ ഇസ്ലാം വിരോധികള്‍ മുകളില്‍ പറഞ്ഞതുപോലുള്ള കബളിപ്പിക്കലുകള്‍ നടത്തുന്നുണ്ടെങ്കില്‍, അതേ ലോജിക്ക് വെച്ച് പരാമൃഷ്ട നബിവചനം കൊണ്ടും സമാന ആശയം വരുന്ന ബൈബിള്‍ വചനങ്ങള്‍ കൊണ്ടും നിഷ്പ്രയാസം പലര്‍ക്കും പലതും സ്ഥാപിക്കാം, അത് ക്രിസ്ത്യാനികള്‍ക്ക് തന്നെയും തിരിച്ചടിയാവും എന്ന കാര്യം പക്ഷേ അവര്‍ അറിയാതെ പോകുന്നു! ഗോൾവാൾക്കറിന്റെ വിചാരധാര പ്രകാരം, മുസ്‌ലിംകൾ മാത്രമല്ല ക്രിസ്ത്യാനികളും രാജ്യത്തുനിന്ന് നിഷ്കാസനം ചെയ്യപ്പെടേണ്ടവരാണെന്ന വിചാരം ഒട്ടുമില്ലാതെയാണവർ സംഘികളെ സുഖിപ്പിക്കാനിറങ്ങിയിരിക്കുന്നത്!

1. ‘തഗ്സൂ അല്‍ഹിന്ദ’ എന്നാണ് ഹദീസിലെ ദുരുപയോഗം ചെയ്യപ്പെടുന്ന പ്രയോഗം. അല്‍ഹിന്ദിനോട് പോരാടുന്ന / കീഴടക്കുന്ന ഒരു വിഭാഗം എന്നാണ് അതിന്റെ അര്‍ഥം. ഇതിന് മുഹമ്മദ് നബി(സ) ഒരു വിശദീകരണം നല്‍കിയിട്ടില്ലെന്നിരിക്കെ ഇവിടെ ഉദ്ദേശിക്കപ്പെട്ട രാജ്യം ഇന്നത്തെ നമ്മുടെ ഇന്ത്യയാണെന്ന്‍ എങ്ങനെ ഉറപ്പിച്ച് പറയും? ‘അസ്സിന്‍ദു വല്‍ ഹിന്ദ്’ എന്നൊരു പ്രയോഗം മധ്യകാല അറബികള്‍ക്കിടയിലുണ്ടായിരുന്നു എന്നിരിക്കെ വിശേഷിച്ചും. ‘അല്‍ഹിന്ദ്’ കൊണ്ട് സൂചിപ്പിക്കപ്പെടുന്ന പ്രവിശാലമായ ഭൂപ്രദേശങ്ങളില്‍ സിന്ധൂനദിയുടെ പടിഞ്ഞാറുള്ളവയെ ‘അസ്സിന്‍ദ്’ എന്നും, സിന്ധൂനദിയുടെ കിഴക്കുഭാഗത്തേക്ക് വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളെ ‘ഹിന്ദ്’ എന്നും ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു ആ പ്രയോഗം. പതിനാല് നൂറ്റാണ്ടുമുമ്പ്, മുഹമ്മദ് നബി(സ) ജീവിച്ച കാലത്ത് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന ഇന്നത്തെപ്പോലെയുള്ള ഇന്ത്യയെന്ന ഒരു ദേശ രാഷ്ട്രം ഉണ്ടായിരുന്നില്ല എന്നിരിക്കെ പിന്നെങ്ങനെ നിലവിലെ ഇന്ത്യയെക്കുറിച്ചാണ് ഈ ഹദീസില്‍ പറയുന്നതെന്ന് വാദിക്കാന്‍ കഴിയും?!

2. സിന്ധു നദീതട വാസികളാണല്ലോ ‘hindu’ക്കൾ. പേർഷ്യക്കാരാണ് ആദ്യം ഈ പേര് വിളിച്ചത്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യ അവരുടെ പ്രധാനപ്പെട്ട ഒരു കേന്ദ്രമായിരുന്നു തനും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു പുറമെ, ഇന്നത്തെ മലേഷ്യയുടെയും ഇന്തോനേഷ്യയുടെയും വരെ ഭാഗങ്ങള്‍ ഉള്‍ക്കൊണ്ടിരുന്ന, ലോകത്തിന്റെ കിഴക്കേയറ്റത്ത് വ്യാപിച്ചുകിടന്നിരുന്ന ഒരു അമൂര്‍ത്ത സങ്കല്‍പമായിരുന്നു പണ്ടുകാലത്തെ അറബികള്‍ക്ക് സിന്ധും ഹിന്ദും. ഇന്നത്തെ ദേശരാഷ്ട്രങ്ങള്‍ വെച്ചുപറഞ്ഞാല്‍, ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും മലേഷ്യയും ഇന്തോനേഷ്യയും ഒക്കെ ഉള്‍പ്പെടുന്ന വിശാലമായ ഭൂപ്രദേശമാണ് മധ്യകാല അറബിയിലെ ‘അല്‍ഹിന്ദ്’. അങ്ങനെവരുമ്പോള്‍, ഹദീസിലെ പരാമർശം അഭിനവ ഇന്ത്യക്ക് മാത്രം ബാധകമാക്കുന്നതിന് ഒരര്‍ഥവുമില്ല. ഈ വസ്തുത മനസ്സിലാക്കിയാല്‍ തന്നെ ഇവ്വിഷയകമായ സംഘി -ക്രിസംഘി ആരോപണം ധൂളിയാവും!

അതിനാല്‍ തന്നെ, ഇന്ത്യാ-പാക്ക് വിഭജനാനന്തരമുള്ള കാശ്മീരിലെ പ്രശ്നങ്ങളെ ഈ ഹദീസുമായി കൂട്ടിക്കെട്ടുന്നതിനും മുഹമ്മദ് നബി(സ)യെയും മുസ്ലിംകളെത്തന്നെയും നിലവിലെ ഇന്ത്യയോട് വിരോധമുള്ളവരായി ചിത്രീകരിക്കുന്നതിനും ഒരു ന്യായവുമില്ല. സംഘി ബാധയല്ലാതെ ബുദ്ധിപരമായ സത്യസന്ധതയോ യേശുവിന്റെ വഴി പിന്തുടരണമെന്ന ആഗ്രഹമോ ഒരല്‍പമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പുന്നക്കലെ കുഞ്ഞാടുകൾ ഇമ്മാതിരി കബളിപ്പിക്കല്‍ നടത്തുമായിരുന്നില്ല!

3. ‘അൽഹിന്ദ് എന്നു പറഞ്ഞാൽ അക്കാലത്ത് ബസ്വറയാണെ’ന്ന് ഇമാം അഹ്മദ് (16820), ത്വബറാനി (3749) എന്നിവര്‍ ഉദ്ധരിച്ച ഹദീസില്‍ കാണാം. وَالْهِنْدُ فِي أَنْفُسِنَا يَوْمَئِذٍ الْبَصْرَةُ എന്നാണ് ഹദീസിലെ പ്രയോഗം. അതുപോലെ, യമനിൽ ഹിന്ദ് എന്ന ഒരു പ്രവിശ്യ ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ഏതാണ് ‘അൽഹിന്ദ്’ എന്ന് നിർണയിക്കുന്നിടത്ത് ചെറുതെങ്കിലും ഇങ്ങനെയും ചില സാധ്യതകൾ ഉണ്ടാവുകയും ഒന്നുംതന്നെ തീര്‍ത്തുപറയാന്‍ തക്ക ഖണ്ഡിതമായ തെളിവുകള്‍ നമ്മുടെ പക്കല്‍ ഇല്ലാതിരിക്കുകയും ചെയ്യവേ ഹദീസിലെ ‘തഗ്സൂ അല്‍ഹിന്ദ’ എന്ന ഒരു പ്രയോഗത്തെ പ്രതി മനക്കോട്ടകള്‍ കെട്ടാനും ഇസ്‌ലാമിനും ഇന്ത്യൻ മുസ്‌ലിംകൾക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാനും ആര്‍ക്കും അവകാശമില്ല.

4. ആദ്യകാല ഇസ്‌ലാമിക സൈനിക മുന്നേറ്റങ്ങള്‍ ‘ഹിന്ദ്’ പ്രവിശ്യകളിലെത്തിയ ആ സന്ദര്‍ഭങ്ങളിലേക്കാണ് ഈ ഹദീസ് വെളിച്ചം വീശുന്നത് എന്നാണ് ഒരുപറ്റം പണ്ഡിതന്മാരുടെ പക്ഷം. വലീദ്ബ്നു അബ്ദില്‍ മലികിന്‍റെ ഭരണകാലത്ത് (ഹി: 90 ൽ) മുസ്ലിം സൈന്യം മുഹമ്മദുബ്നു ഖാസിമിന്റെ നേതൃത്വത്തില്‍ സിന്ധിലേക്ക് ജൈത്രയാത്ര നടത്തിയതുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് ഇമാം ഇബ്നു കസീറിനെപ്പോലുള്ള പണ്ഡിതന്മാര്‍ ഈ ഹദീസിനെ വ്യാഖ്യാനിച്ചിരിക്കുന്നത്. (ശ്രീലങ്കയില്‍നിന്ന് ബഗ്ദാദിലേക്ക് പോവുകയായിരുന്ന, ധാരാളം മുസ്‌ലിം സ്ത്രീകള്‍ ഉണ്ടായിരുന്ന ഒരു കപ്പല്‍ അറബിക്കടലില്‍വെച്ച് സിന്ധുകാര്‍ ആക്രമിക്കുക വഴി ഇസ്‌ലാമിക രാജ്യത്തോട് അതിക്രമം കാണിക്കുകയും, നീതിയുക്തമായ രീതിയില്‍ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ഇസ്‌ലാമിക ഭരണകൂടത്തിന്റെ അഭ്യര്‍ഥനകൾ അന്ന് സിന്ധ്‌ ഭരിച്ചിരുന്ന ദാഹിര്‍ എന്ന ഹിന്ദു രാജാവ്‌ തള്ളിക്കളയുകയും ചെയ്തതിനെ തുടര്‍ന്നാണ് ഈ സൈനിക മുന്നേറ്റമുണ്ടായത് എന്നാണ് ചരിത്രം.) അഫ്ഗാനിലെ ഗസ്‌നി ഭരിച്ചിരുന്ന മഹ്‌മൂദ്‌ രാജാവ് 1025ല്‍ ഗുജറാത്തിലേക്ക് നടത്തിയ പ്രസിദ്ധമായ പടയോട്ടത്തെയും ഇമാം ഇബ്നു കസീര്‍ കൂട്ടത്തില്‍ എടുത്തുപറയുന്നുണ്ട്. (അല്‍ബിദായ വന്നിഹായ).

ഈ അഭിപ്രായം സ്വീകരിക്കുകയാണെങ്കില്‍, ‘ഗസ്‌വാ അല്‍ ഹിന്ദി’നെക്കുറിച്ചും അതിന്റെ പുണ്യത്തെക്കുറിച്ചുമുള്ള മുഹമ്മദ് നബി(സ)യുടെ പ്രവചനം, ഇസ്ലാമിക ലോകത്തിന്റെ എതിരാളികളായിരുന്ന റോമും പേര്‍ഷ്യയും ജയിച്ചടക്കപ്പെടുന്നതിനെക്കുറിച്ച പ്രവചനങ്ങളെപ്പോലെ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ നടന്നുകഴിഞ്ഞിട്ടുണ്ടെന്നാണ് വരിക. അതാകട്ടെ ഇന്നത്തെ പാക്കിസ്ഥാന്റെ ഭാഗങ്ങളിലാണ് താനും. മാത്രമല്ല, അഭിനവ ഇന്ത്യ ഭാവിയില്‍ അഭിമുഖീകരിക്കാന്‍ പോകുന്ന ഏതെങ്കിലും തരത്തിലുള്ള കാര്യങ്ങളല്ല ഹദീസിന്‍റെ പ്രതിപാദ്യം, ആധുനിക ഇന്ത്യയെന്ന ദേശരാഷ്ട്രത്തിനോ അവിടത്തെ മുസ്‌ലിംകള്‍ക്കോ ബാധകമായ യാതൊന്നും അതിലില്ല എന്നും വന്നുപെടും. നബി(സ) പറഞ്ഞ, പ്രത്യേക അനുഗ്രഹങ്ങള്‍ക്കര്‍ഹമായ സൈനികസംഘം ഏതാണെന്ന് തറപ്പിച്ചു പറയാന്‍ നമ്മുടെ മുമ്പില്‍ രേഖകളില്ലെങ്കിലും, സ്വഹാബിയായ മുആവിയ(റ)യുടെ സൈനിക പദ്ധതികളുടെ തുടര്‍ച്ചയായി ഉണ്ടായ മുഹമ്മദുബ്നു ഖാസിമിന്റെ പടനീക്കത്തെയാണ് നബി(സ)യുടെ ഹദീസിലെ പ്രവചനത്തിന്റെ പുലര്‍ച്ചയായി ഇന്ത്യയിലെ പ്രഗല്‍ഭ ഹദീസ് പണ്ഡിതന്‍മാരുള്‍പ്പെടെ പലരും മനസ്സിലാക്കിപ്പോന്നിട്ടുള്ളത്. അങ്ങനെവരുമ്പോള്‍, പതിമൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് പുലർന്നു കഴിഞ്ഞ ഒരു പ്രവാചക പ്രവചനത്തെ -അതും ഇന്നത്തെ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും ഉൾകൊള്ളുന്ന പ്രദേശം കീഴടക്കുമെന്ന പരാമർശത്തെ- പ്രതിയാണ് ക്രിസംഘികള്‍ നാട്ടിൽ വർഗീയത ഇളക്കിവിടാൻ ശ്രമിക്കുന്നത് എന്ന്‍ മനസ്സിലാക്കാം.

5. പ്രവാചക കാലത്ത് ഇസ്‌ലാമിക ഭരണകൂടത്തെ തകര്‍ക്കാന്‍ ആവേശം കാണിച്ചിരുന്ന ശത്രുനാടുകള്‍ മുസ്ലിംകള്‍ ജയിച്ചടക്കുന്നതിനെയും ഇസ്ലാം ലോകത്ത് വ്യാപിക്കുന്നതിനെയും കുറിച്ച ധാരാളം പ്രവചനങ്ങള്‍ ഹദീസുകളില്‍ കാണാം. അത്തരം ജൈത്രയാത്രകളില്‍ പങ്കുകൊള്ളുന്നവര്‍ക്കുള്ള വമ്പിച്ച പ്രതിഫലത്തെക്കുറിച്ചുമുണ്ട് ഹദീസില്‍ പരാമര്‍ശങ്ങള്‍. റോമും പേര്‍ഷ്യയും യെമനും സിറിയയും കോണ്സ്റ്റാന്‍റിനോപ്പിളുമെല്ലാം ഇവ്വിധം നബിവചനങ്ങളില്‍ കടന്നുവരുന്നുണ്ട്. ആ പ്രദേശങ്ങളില്‍ ഇന്ന്‍ നിലനില്‍ക്കുന്ന ദേശരാഷ്ട്രങ്ങളായ ഇറാഖിനോടോ ഇറാനോടോ സിറിയയോടോ ഫലസ്തീനോടോ ജോര്‍ദ്ദാനോടോ ഈജിപ്തിനോടോ മറ്റോ യുദ്ധം ചെയ്തു വിജയം നേടലാണ് അതിന്റെ താല്‍പര്യമെന്ന്‍ ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍, അവര്‍ ഒട്ടും സ്ഥല-കാല ബോധമില്ലാത്തവരും, ആ പ്രവചനങ്ങള്‍ ചരിത്രത്തില്‍ സഫലമായതും ശത്രുതകൾ അപ്രസക്തമായതും അറിഞ്ഞിട്ടില്ലാത്തവരും, അവയുടെ രാഷ്ട്രീയ യുക്തി ബാധകമായ കാലം അവസാനിച്ചത് മനസ്സിലായിട്ടില്ലാത്തവരുമാകാനേ തരമുള്ളൂ. നാം ചര്‍ച്ച ചെയ്യുന്ന ഹദീസിലെ ‘ഗസ്’വതുല്‍ ഹിന്ദി’നെക്കുറിച്ച പരാമര്‍ശത്തെയും ഇങ്ങനെയാണ് നോക്കിക്കാണേണ്ടത്. ലോകത്തേറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന രണ്ടാമത്തെ രാജ്യമാണല്ലോ ഇന്നും ഇന്ത്യ. കൂടാതെ ‘അല്‍ ഹിന്ദി’ന്‍റെ ഭാഗമായിരുന്ന പാക്കിസ്ഥാനും ബംഗ്ലാദേശും മലേഷ്യയും ഇന്തോനേഷ്യയും ഒക്കെ ഇന്നിപ്പോൾ ലോകത്തിലെ പ്രധാന മുസ്‌ലിം ആവാസകേന്ദ്രങ്ങളാണ് താനും.

6. ഈ ഹദീസ് മൊത്തത്തില്‍ ലോകാവസാനവുമായി ബന്ധപ്പെട്ട് സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് പറയുന്നതാണ് എന്നാണ് മറ്റൊരു വ്യാഖ്യാനം. ഇങ്ങനെ വ്യാഖ്യാനിക്കുന്നവര്‍ ഹദീസില്‍ പറഞ്ഞ രണ്ട് കാര്യങ്ങളും –അല്‍ഹിന്ദിനോടുള്ള യുദ്ധവും, ഈസാ(അ)യുടെ പുനരാഗമനവും അദ്ദേഹത്തോടൊപ്പം നിലകൊള്ളലും- ഒന്നിന്നുപിറകെ ഒന്നായി സംഭവിക്കുന്നതാണ് എന്ന അഭിപ്രായമുള്ളവരാണ്. അഥവാ, ലോകാവസാനം അടുക്കുമ്പോൾ, ഇന്ത്യയോട് യുദ്ധം ചെയ്യുന്ന ഒരു വിഭാഗം ഉണ്ടാകും, അവര്‍ ഈസാ നബിയുടെ സൈന്യവുമായി ചേരുകയും ചെയ്യും എന്നര്‍ഥം. ഇന്ത്യയോട് യുദ്ധം ചെയ്യണമെന്ന കല്‍പനയല്ല ഹദീസിലുള്ളത്, മറിച്ച് അങ്ങനെ നടക്കുന്ന യുദ്ധത്തില്‍ പങ്കെടുക്കുന്ന അതിലെ അംഗങ്ങള്‍ക്ക് രക്ഷയുണ്ടെന്ന സന്തോഷ വാര്‍ത്തയാണ്. ഈ വീക്ഷണപ്രകാരം, ഏതോ തരത്തിലുള്ള ഒരു ഇസ്‌ലാമിക യുദ്ധം ഇന്ത്യയില്‍ ന്യായമായ സാഹചര്യങ്ങള്‍ കൊണ്ട് അവസാന കാലത്ത് സ്വാഭാവികമായി സംഭവിക്കുമെന്നാണ് ഹദീസിന്റെ സൂചന. ഈ വ്യാഖ്യാനം അംഗീകരിച്ചാല്‍ പോലും ഇക്കാലത്തെ മുസ്ലിംകളോട് നിലവിലെ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാനുള്ള പ്രേരണയും പ്രോത്സാഹനവുമാണ് അത് എന്ന്‍ മനസ്സിലാക്കാന്‍ ന്യായമില്ല. നമ്മള്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും ലോകാവസാനത്തിന്റെ ഭാഗമായി ഇന്നത്തെ ലോക ഘടനയില്‍ അടിമുടി മാറ്റങ്ങള്‍ സംഭവിക്കുമെന്ന് വ്യത്യസ്ത നബിവചനങ്ങളില്‍നിന്ന്‍ മനസ്സിലാക്കാം. അതുകൊണ്ടുതന്നെ ഇന്നത്തെ ദേശരാഷ്ട്ര ഘടനയില്‍ നിലവിലെ ഇന്ത്യ തന്നെ അന്നും ഉണ്ടായിരിക്കുമെന്നു പറയാന്‍ സാധ്യമല്ല. ഈസാ(അ) പുനരാഗമനം എന്നായിരിക്കുമെന്നും നമുക്കറിയില്ല. വസ്തുത ഇതായിരിക്കെ, ഈ ഹദീസിനെ സമകാലിക ഇന്ത്യക്കെതിരാണ് മുസ്ലിംകള്‍ എന്ന്‍ വാദിക്കാന്‍ കരുവാക്കുന്നതിന് എന്തര്‍ഥം?!

നബി(സ)യുടെ ജീവിതകാലത്ത് നമ്മളിന്ന് ജീവിക്കുന്ന ഇന്ത്യ എന്ന ദേശരാഷ്ട്ര രൂപമില്ല എന്നു മനസ്സിലാക്കുന്നതുപോലെത്തന്നെ പ്രധാനമാണ്, 1947 ഓഗസ്റ്റ് 15ന് രൂപീകൃതമായ ഇന്ത്യയുടെ ദേശരാഷ്ട്ര സംവിധാനം ലോകാവസാനം വരെ ഇതേപോലെ നിലനിന്നുകൊള്ളണമെന്നില്ല എന്ന് തിരിച്ചറിയുന്നതും. നമുക്കിപ്പോള്‍ സങ്കല്‍പ്പിക്കാനാവാത്ത ലോക സാഹചര്യങ്ങള്‍ ജന്മം കൊള്ളുകയും അതില്‍ പുതിയ രാഷ്ട്രീയ സംവിധാനങ്ങളും ചേരികളും നിയമങ്ങളും പ്രശ്‌നങ്ങളും രൂപപ്പെടുകയും ആഗോള യുദ്ധങ്ങള്‍ കൊടിമ്പിരികൊള്ളാന്‍ ആരംഭിക്കുകയും ചെയ്താല്‍, വിശാലമായ അല്‍ഹിന്ദിന്റെ ഏതെങ്കിലും ഒരു പ്രവിശ്യയുടെ അന്നത്തെ ഭരണകൂടത്തോട് ഏതെങ്കിലും ഒരു ഇസ്‌ലാമിക സേന യുദ്ധം ചെയ്യുന്ന സന്ദര്‍ഭമുണ്ടാവുക എന്നതും അസംഭവ്യമായ കാര്യമൊന്നുമല്ല. ഈസാ പ്രവാചകന്റെ ലോകഭരണം നിലവില്‍ വരികയും, ഇന്നത്തെ ഭൂപടങ്ങള്‍ ചരിത്രത്താളുകള്‍ മാത്രമാകുകയും ചെയ്യുന്ന ഒരു കാലത്ത് നടക്കാനിരിക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളെ ഇപ്പോഴത്തെ ഇന്ത്യനവസ്ഥയുമായി ബന്ധപ്പെടുത്തി ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ സത്യസന്ധത തൊട്ടുതീണ്ടാത്ത ക്രിസംഘികള്‍ക്കും അവരുടെ ഗോഡ്ഫാദര്‍മാരായ സാക്ഷാല്‍ സംഘികള്‍ക്കുമേ സാധിക്കൂ!

7. അന്ത്യനാളടുക്കുമ്പോള്‍ ധാരാളം ജൂതന്‍മാരെ കൂടെക്കൂട്ടി അന്തിക്രിസ്തു (മസീഹുദ്ദജ്ജാല്‍) എന്ന വ്യാജവാദി പ്രത്യക്ഷപ്പെട്ട് ലോകത്തുടനീളം സഞ്ചരിച്ച് മുസ്‌ലിംകളെ പീഡിപ്പിക്കുമെന്നും, തദവസരത്തില്‍ ഈസാ പ്രവാചകന്‍ ആകാശത്തുനിന്ന് ഇറങ്ങിവന്ന് ദജ്ജാലിനെ വധിക്കുമെന്നും, പിന്നീടദ്ദേഹം ഇസ്‌ലാമിക ഭരണാധികാരിയായി നീതിനിഷ്ഠമായി ലോകം ഭരിക്കുമെന്നും ലോകത്ത് ക്ഷേമവും സമൃദ്ധിയും നിലവില്‍ വരുമെന്നും, ശത്രുക്കളുമായുള്ള ഇസ്‌ലാമിക യുദ്ധങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ജൂതന്മാരെ വധിക്കുകയും കുരിശ് തകര്‍ക്കുകയും പന്നികളെ കൊല്ലുകയും ചെയ്യുമെന്നും, അന്ന്‍ അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ക്രിസ്ത്യാനികളില്‍ ആരും ഉണ്ടാകില്ലെന്നും മറ്റുമെല്ലാം ഹദീസുകളില്‍ കാണാം. ഹദീസിലെ ‘ഗസ് വാ അല്‍ഹിന്ദ്’ എന്ന പ്രയോഗത്തില്‍ പിടിച്ച് മുസ്ലിംകളെ മുഴുവന്‍ ഇന്ത്യാ വിരുദ്ധരാക്കുന്ന ക്രിസംഘി യുക്തി പ്രകാരം ചിന്തിച്ചാല്‍, ഇത്തരം ഹദീസുകളുടെ അടിസ്ഥാനത്തില്‍ രണ്ടാം വരവിന്റെ ഘട്ടത്തില്‍ യേശുവും അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നവരും കടുത്ത അക്രമികളും ഭീകരവാദികളും മത-ദൈവ നിന്ദകരും പരമതവിദ്വേഷികളും വംശീയ ഉന്‍മൂലനത്തിന്റെ വക്താക്കളും മൃഗങ്ങളോട് പോലും ക്രൂരത കാണിക്കുന്നവരുമായിരിക്കും എന്നുകൂടി വാദിക്കേണ്ടിവരില്ലേ?!

8. മുഹമ്മദ് നബി(സ)യുടെ വചനങ്ങളില്‍ ഇസ്ലാമിന്‍റെയും മുസ്ലിംകളുടെയും ‘ഇന്ത്യാവിരുദ്ധത’ ഗവേഷണം ചെയ്തെടുക്കുന്ന ക്രിസംഘികള്‍ക്ക് ബൈബിളിലെ യുദ്ധാഹ്വാനങ്ങളെയും യുദ്ധവിവരണങ്ങളെയും കുറിച്ച് എന്ത് പറയാനുണ്ട് എന്നറിയാന്‍ നമുക്ക് കൗതുകമുണ്ട്. ഈജിപ്തില്‍നിന്ന് കാനാനിലെത്തിയശേഷം, ആദ്യം ന്യായാധിപന്‍മാര്‍ക്കു കീഴിലും പിന്നീട് ദാവീദ് രാജാവിനു കീഴിലും ഇസ്രാഈല്യര്‍ അയല്‍ ഗോത്രങ്ങളുമായും പ്രദേശങ്ങളുമായും നിരന്തരം യുദ്ധം ചെയ്തതിന്റെ വിവരണങ്ങളും അവയിലുണ്ടായ ദൈവസഹായങ്ങളുടെ വര്‍ത്തമാനവുമെല്ലാം ഉള്‍ക്കൊള്ളുന്ന ബൈബിൾ പഴയ നിയമം ഇന്ന് ആ പ്രദേശങ്ങള്‍ക്കും ഗോത്രങ്ങള്‍ക്കുമെതിരില്‍ യുദ്ധം ചെയ്യാനുള്ള കല്‍പനയവശേഷിപ്പിക്കുന്നു എന്നും, അതിനാല്‍ പഴയ നിയമം രാജ്യവിരുദ്ധവും ഭീകരവാദികളുടെ സ്ലീപ്പര്‍ സെല്ലുമാണെന്നും ആ പ്രദേശത്തുകാര്‍ വാദിക്കുന്നു എന്നും സങ്കല്‍പ്പിക്കുക. എങ്കില്‍ എന്തായിരിക്കും ഈ ക്രിസംഘികളുടെ പ്രതികരണം?

9. ബൈബിള്‍ മുന്നോട്ടുവെക്കുന്ന ലോകാവസാന ശാസ്ത്രപ്രകാരം, യേശുവിന്റെ രണ്ടാം വരവുണ്ടാകുമെന്നും ആയിരം വര്‍ഷം ഭൂമിയുടെ പരമാധികാരിയായി ഉഗ്രപ്രതാപമുള്ള ഒരു ചക്രവര്‍ത്തിയെപ്പോലെ അദ്ദേഹം വാഴുമെന്നും, ക്രൈസ്തവര്‍ക്കും ക്രിസ്തുമത വിശ്വാസത്തിനും അന്ന് അധികാരത്തിന്റെ പിന്‍ബലം ലഭിക്കുമെന്നും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നവരല്ലേ മിഷനറിമാര്‍? സെബാസ്റ്റ്യൻ പുന്നക്കലിനെപ്പോലുള്ള കുഞ്ഞാടുകള്‍ വ്യക്തമാക്കട്ടെ, അന്ന് ഇന്ത്യയെ മാത്രം ഇപ്പോഴുള്ള അതേ ദേശരാഷ്ട്ര മാതൃകയില്‍ ആ അധികാരവ്യാപ്തിക്കുപുറത്ത് സ്വതന്ത്രമായി തുടരാന്‍ യേശു അനുവദിക്കുമോ? നിലവിലെ ബൈബിള്‍ വെച്ചുകൊണ്ട് അങ്ങനെ വാദിക്കാന്‍ നിങ്ങള്‍ക്കാവുമോ? ഇല്ലെങ്കില്‍ അതിന്നര്‍ഥം ബൈബിള്‍ ഇന്ത്യയുള്‍പ്പെടെ മുഴുവന്‍ ലോകരാഷ്ട്രങ്ങള്‍ക്കുമെതിരായ കലാപത്തിന് പ്രേരിപ്പിക്കുന്നു എന്നാണോ?! ഇന്ത്യ എന്ന ഇന്നത്തെ രാജ്യരൂപവും അതിന്റെ ഭരണാധികാരികളും ഭരണഘടനയും നശിച്ച് യേശു സ്ഥാപിക്കാന്‍ പോകുന്ന ദൈവരാജ്യത്തിലേക്ക് ഈ ഭൂവിഭാഗം കൂട്ടിച്ചേര്‍ക്കപ്പെടുന്നത് സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന ക്രിസ്ത്യാനികള്‍ അക്കാരണത്താല്‍ ഒന്നാന്തരം ദേശവിരുദ്ധരാണെന്ന്‍ വാദിക്കുന്നതിനെക്കുറിച്ച് നിങ്ങളുടെ നിലപാടെന്താണ്? ശാന്തമായി അതിനെക്കുറിച്ചാലോചിച്ചാല്‍ മാത്രം മതി, ഹദീസിലെ ‘തഗ്സൂ അല്‍ ഹിന്ദ’ എന്ന പ്രയോഗത്തെ പ്രതി സംഘ് പരിവാറിന് നിങ്ങള്‍ നല്‍കുന്നത് നിങ്ങളെത്തന്നെ അടിച്ചും വെട്ടിയും ഒതുക്കാനുള്ള ഒന്നാന്തരം വടിവാളാണെന്ന് മനസ്സിലാവാന്‍! പക്ഷേ അതിനല്‍പം വിവേകവും വിവരവും വേണമെന്ന് മാത്രം!

വടി കൊടുത്ത് അടി വാങ്ങാന്‍ ക്രിസംഘികളുടെ ജീവിതം ഇനിയും ബാക്കി!

Related Articles