Current Date

Search
Close this search box.
Search
Close this search box.

ഹൃദയത്തിന്റെ വസന്തമാകട്ടെ ഖുര്‍ആന്‍

kid.jpg

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ” يُقَالُ – يَعْنِي لِصَاحِبِ الْقُرْآنِ -: اقْرَأْ وَارْتَقِ وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِي الدُّنْيَا، فَإِنَّ مَنْزِلَتَكَ عِنْدَ آخِرِ آيَةٍ تَقْرَأُ بِهَا

അബ്ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്വി(റ)ല്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഖുര്‍ആന്റെ സഹചാരിയോട് പറയപ്പെടും: പാരായണം ചെയ്യുക. കയറിപ്പോവുക. നീ പാരായണം ചെയ്യുന്ന അവസാന സൂക്തത്തോടൊപ്പം നീ എത്തുന്നതെവിടെയോ അവിടമാണ് നിന്റെ അന്തിമവാസ സ്ഥലം (തിര്‍മിദി, അബൂദാവൂദ്, നസാഈ, അഹ്മദ്).

قَرَأَ : പാരായണം ചെയ്തു
اِرْتَقَى : മുകളിലേക്ക് കയറി
رَتَّلَ : പാരായണം ചെയ്തു
َمَنْزِلَة : സ്ഥാനം

ഖുര്‍ആന്‍ ഒരു അലങ്കാരവസ്തുവല്ല. കേവല മന്ത്രങ്ങളുമല്ല. ജീവിത പരീക്ഷയില്‍ വിജയം നേടാനും അല്ലാഹു ഇഛിക്കും വിധം ലോകത്തെ പരിപാലിക്കാനുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുടെ സമാഹാരമാണത്. അതിന്റെ അവതരണ വാര്‍ഷികം നാം അനവധി തവണ ആഘോഷിച്ചു. പക്ഷേ ഈ കാലയളവിനുളളില്‍ നാം ഖുര്‍ആനെ എത്രത്തോളം അടുത്തറിഞ്ഞിട്ടുണ്ട് എന്ന ചോദ്യം പ്രസക്തമല്ലേ? പഠിക്കാനും പ്രാവര്‍ത്തികമാക്കാനുമാണ് ഖുര്‍ആന്‍ അവതീര്‍ണമായിട്ടുള്ളത്. ഖുര്‍ആന്റെ ഈ അവതരണ ലക്ഷ്യത്തോട് നാം നീതി പുലര്‍ത്തുന്നുണ്ടോ? ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് നിങ്ങളില്‍ ഉത്തമര്‍ (ബുഖാരി) എന്ന് പ്രവാചകന്‍ പറയുമ്പോള്‍ ആ ഗണത്തില്‍ ഞാന്‍ വേണ്ടതില്ല എന്നാണോ നാം തീരുമാനിക്കേണ്ടത്? ഓരോരുത്തരും പാരായണം ചെയ്ത് പഠിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്നതെത്രയാണോ അതിനനുസരിച്ചായിരിക്കും സ്വര്‍ഗത്തിലെ സ്ഥാനം നിര്‍ണയിക്കപ്പെടുക എന്ന് മുകളിലുദ്ധരിച്ച ഹദീസ് പഠിപ്പിക്കുന്നു. ഇത് നമ്മെ പ്രചോദിപ്പിക്കേണ്ടതല്ലേ?

ഖുര്‍ആന്‍ അവതീര്‍ണമായി എന്നതാണല്ലോ റമദാന്‍ മാസത്തിന്റെ സവിശേഷത. അതിനുള്ള കൃതജ്ഞതയാണ് വ്രതാനുഷ്ഠാനം. ഒപ്പം ഖുര്‍ആനെ ആവേശപൂര്‍വം വാരിപ്പുണരാനും നാം സമയം കണ്ടെത്തണം. ഖുര്‍ആന്‍ പഠനപാരായണങ്ങളെ അല്ലാഹുവും റസൂലും അങ്ങേയറ്റം പ്രോല്‍സാഹിപ്പിച്ചിട്ടുണ്ട്. പ്രവാചകന്‍ പറഞ്ഞു: അല്ലാഹുവിന് മനുഷ്യരില്‍ പെട്ട ചില സ്വന്തക്കാരുണ്ട്. ഖുര്‍ആനിന്റെ ആളുകളാണ് അവര്‍ (ഇബ്‌നുമാജ). നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യൂ. അത് പുനരുഥാന നാളില്‍ അതിന്റെ ആളുകള്‍ക്ക് ശിപാര്‍ശകനായി ഹാജരാവും (മുസ്‌ലിം). ഖുര്‍ആനില്‍ നിപുണരായ ആളുകളുടെ സ്ഥാനം ആദരണീയരായ മലക്കുകളോടൊപ്പമായിരിക്കും. പ്രയാസപ്പെട്ട് ഖുര്‍ആന്‍ പാരായണം ചെയ്യുന്നവന് രണ്ട് പ്രതിഫലമുണ്ട് (ബുഖാരി). ഖുര്‍ആന്‍ എനിക്ക് ലഭിച്ച അല്ലാഹുവിന്റെ സന്ദേശമാണ് എന്ന ബോധ്യത്തോടെ, അതില്‍ നിന്ന് വെളിച്ചം ലഭിക്കാനും അതുവഴി ഈമാന്‍ ദൃഢമാവാനും അതിന് പൂര്‍ണമായും വിധേയനായി ജീവിക്കാനും തീരുമാനിച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അതൊരു മഹത്തായ സല്‍കര്‍മമായിത്തീരുന്നു.

ഏതൊരു വിഷയത്തിലും പ്രവാചകനെയും ശിഷ്യന്മാരെയുമാണല്ലോ നാം പ്രഥമ മാതൃകയായി സ്വീകരിക്കേണ്ടത്. അവരുടെ ഖുര്‍ആന്‍ പാരായണം നിത്യജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കിയവരായിരുന്നല്ലോ അവര്‍. ഒരാഴ്ച കൊണ്ടും രണ്ടാഴ്ച കൊണ്ടും ഒരു മാസം കൊണ്ടുമൊക്കെ ഖുര്‍ആന്‍ ഒരാവര്‍ത്തിപാരായണം ചെയ്യാന്‍ അവര്‍ മല്‍സരിക്കാറുണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു. ഓരോ ദിവസവും പാരായണം ചെയ്യാന്‍ നിശ്ചിതഭാഗം (ഹിസ്ബ്) നിര്‍ണയിക്കുകയും അത് കൃത്യമായി നിര്‍വഹിക്കാന്‍ അവര്‍ ജാഗ്രത പാലിക്കുകയും ചെയ്തിരുന്നു.  എന്നാല്‍ മൂന്നില്‍ കുറഞ്ഞ നാളുകള്‍ക്കകം ഖുര്‍ആന്‍ മുഴുവന്‍ പാരായണം ചെയ്യരുത് എന്ന് പ്രവാചകന്‍ വിലക്കി. അതിന് നബി(സ)പറഞ്ഞ ന്യായം അത്രവേഗത്തില്‍ ഓതിയാല്‍ അത് ഗ്രഹിക്കാനാവില്ല എന്നാണ് (അബൂദാവൂദ്, തിര്‍മിദി).

ഹൃദയപങ്കാളിത്തത്തോടെയാവണം ഖുര്‍ആന്‍ പാരായണം ചെയ്യേണ്ടത്. തിരുമേനി ഒരിക്കല്‍ പറഞ്ഞു: ഖുര്‍ആന്‍ പാരായണം ചെയ്യുക, നിങ്ങളുടെ ഹൃദയം അതുമായി താളൈക്യത്തിലായിരിക്കുവോളം. അവ താളൈക്യത്തിലല്ല എങ്കില്‍ (സത്യത്തില്‍) നിങ്ങളത് പാരായണം നടത്തുകയല്ല. അതിനാല്‍ വായന നിര്‍ത്ത് എഴുന്നേറ്റുപോവുക (ബുഖാരി, മുസ്‌ലിം).

ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന സത്യവിശ്വാസിയുടെ ചിത്രം നോക്കിയാല്‍ തന്നെ ഖുര്‍ആന്‍ ഇഷ്ടമുള്ളവര്‍ പഠിച്ചാല്‍ മതി എന്ന ചിന്തയുടെ പൊള്ളത്തരം മനസ്സിലാവും. ഖുര്‍ആന്‍ പഠനത്തിന്റെ ശ്രേഷ്ഠത ഉപരിസൂചിത ഹദീസില്‍ നിന്ന് സുവ്യക്തമാണ്. അത്ര പ്രാധാന്യമുള്ള മറ്റൊരു പഠനവുമില്ല. ഖുര്‍ആനിന്റെ അക്ഷരങ്ങളിലൂടെ മാത്രം വിഹരിച്ച് കാലം കഴിക്കുന്നത് ഒരു ആപത്‌സൂചനയായിട്ടാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്: നിങ്ങളിലൊരു വിഭാഗം വരും. അവരുടെ നമസ്‌കാരം, നോമ്പ്, മറ്റു കര്‍മങ്ങള്‍ എന്നിവയുമായി തുലനം ചെയ്തുനോക്കുമ്പോള്‍ നിങ്ങളുടേത് വളരെ നിസ്സാരമായി തോന്നും. അവര്‍ ഖുര്‍ആന്‍ ഓതും. അത് അവരുടെ തൊണ്ടക്കപ്പുറത്തേക്ക് കടക്കുകയില്ല. വില്ലില്‍ നിന്ന് അമ്പ് പോകുന്നതുപോലെ അവര്‍ ദീനില്‍ നിന്ന് പുറത്തുപോകും (ബുഖാരി, മുസ്‌ലിം). ഖുര്‍ആനെ ഹൃദയത്തിന്റെ വസന്തമാക്കാന്‍, മനസ്സിന്റെ പ്രകാശമാക്കാന്‍, മനോവ്യഥകളുടെ സാന്ത്വനമാക്കാന്‍ നാം പ്രാര്‍ഥിക്കുന്നു. പക്ഷേ പ്രവര്‍ത്തനമോ?

ഖുര്‍ആന്‍ ജീവിതത്തിലേക്ക് പകര്‍ത്തപ്പെടുമ്പോഴാണ് അത് ലക്ഷ്യം നേടുന്നത്. മുഹമ്മദ് നബിയുടെ വിജയ രഹസ്യവും അതായിരുന്നു. സയ്യിദ് ഖുതുബ് പറയുന്നു: ‘ഭൂമിയില്‍ സഞ്ചരിക്കുന്ന, ഖുര്‍ആന്റെ ജീവല്‍പതിപ്പുകളായി ഓരോരുത്തരെയും അദ്ദേഹം രൂപപ്പെടുത്തിയെടുത്തു… ഒരു മുസ്ഹഫില്‍ നിന്ന് അവിടുന്ന ദശക്കണക്കിനും പിന്നെ ശതക്കണക്കിനും പിന്നെ ആയിരക്കണക്കിനും കോപ്പികളെടുത്തു. പക്ഷേ, കടലാസുകളില്‍ മഷികൊണ്ട് പകര്‍പ്പെടുക്കുകയായിരുന്നില്ല, ഹൃദയത്തിന്റെ ഏടുകളില്‍ പ്രകാശം കൊണ്ട് കൊത്തിവെക്കുകയായിരുന്നു. മുഹമ്മദ് നബി കൊണ്ടുവന്ന ഇസ്‌ലാം എന്താണെന്ന് കര്‍മം കൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.’

അതിനാല്‍ ഖുര്‍ആന്‍ പഠിക്കുക, പാരായണം ചെയ്യുക, മനഃപാഠമാക്കുക, പഠിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുക, അതിന് സംവിധാനമൊരുക്കുക, ആ പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുക. അതാണ് ഖുര്‍ആനിനോടുള്ള നസ്വീഹത്ത്. ആ നസ്വീഹത്താകട്ടെ ദീനിന്റെ മര്‍മവുമാണ്. അതിനുള്ള ഒരു പ്രചോദനമാവട്ടെ ഈ റമദാന്‍.

Related Articles