Current Date

Search
Close this search box.
Search
Close this search box.

ഹദീസുകളെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുക്കരുത്

pluck.jpg

 

ഹദീസുകളെ ശരിക്കും മനസ്സിലാക്കുന്നതിന് പലപ്പോഴും അവക്കുണ്ടായ കാരണങ്ങളും സന്ദര്‍ഭങ്ങളും കൂടി വിലയിരുത്തേണ്ടി വരും. ഇങ്ങനെ സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ ഏത് സന്ദര്‍ഭത്തില്‍, ഏത് കാലത്താണ് അല്ലെങ്കില്‍ ഏതെങ്കിലും ഒരു പ്രത്യേകമായ ഗുണത്തിന് വേണ്ടി, അല്ലെങ്കില്‍ അന്ന് നിലനിന്നിരുന്ന ഒരു പ്രശ്‌നത്തിന് പരിഹാരമായി നിര്‍ദേശിക്കപ്പെട്ട ഹദീസുകള്‍ കാണാം.

ഹദീസുകളില്‍ പറയുന്ന വിധികള്‍ സ്ഥായിയും പൊതുവായിട്ടുള്ളതുമാണ്. എന്നാല്‍ പ്രത്യേക കാരണത്തിന് വേണ്ടിയുള്ളവ ആ കാരണം നിലനില്‍ക്കുമ്പോള്‍ പ്രസക്തമാണ്. ആഴത്തിലുള്ള ജ്ഞാനവും അറിവും സൂക്ഷ്മമായ ചിന്തയും ആവശ്യമുള്ള കാര്യമാണ്. അതോടൊപ്പം തന്നെ സത്യം വിളിച്ചു പറയാനുള്ള ധീരതയും ആവശ്യമാണ്. ജനങ്ങള്‍ രചിക്കുകയും പരമ്പരാഗതമായി കൈമാറുകയും ചെയ്തവയോട് വിയോജിക്കുകയെന്നത് നിസ്സാര കാര്യമല്ല. അതിന്റെ പേരിലായിരുന്നു ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ പണ്ഡിതന്‍മാരുടെ എതിര്‍പ്പുകള്‍ ഏറ്റുവാങ്ങേണ്ടി വന്നത്. നിരവധി തവണ ജയിലിലടക്കപ്പെട്ട അദ്ദേഹം ഇഹലോകം വെടിഞ്ഞതും ജയിലില്‍ വെച്ചായിരുന്നു.

ഖുര്‍ആന്‍ നന്നായി മനസ്സിലാക്കുന്നതിന് അവയുടെ അവതരണ പശ്ചാത്തലം കൂടി മനസ്സിലാക്കണമെന്ന് പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുണ്ട്. ഖുര്‍ആന്‍ മനസിലാക്കുന്നതിലും വിശദീകരിക്കുന്നതിലും അവയുടെ അവതരണ പശ്ചാത്തലം ആവശ്യമാണ്. എന്നാല്‍ ഹദീസുകള്‍ മനസ്സിലാക്കുന്നതിന് അവയുടെ പശ്ചാത്തലം അതിലേറെ ആവശ്യമാണ്. വിശുദ്ധ ഖുര്‍ആന്‍ അടിസ്ഥാന തത്വങ്ങളും മൂല്യങ്ങളും വിശദീകരിക്കുന്ന ശാശ്വതമായ ഗ്രന്ഥമാണ്. എന്നാല്‍ വ്യത്യസ്തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സുന്നത്ത് വിശദീകരണങ്ങളും വിശദാംശങ്ങളുമാണ്. അതുകൊണ്ട് തന്നെ അവയുടെ സന്ദര്‍ഭവും സാഹചര്യവും കാരണങ്ങളും അവയെ കൂടുതല്‍ മനസ്സിലാക്കുന്നതിനാണ് സഹായിക്കുക.

നിങ്ങളുടെ ഐഹികകാര്യങ്ങള്‍ കൂടുതലറിയുന്നത് നിങ്ങളാണ്
أنتُم أَعلَمُ بِأَمرِ دُنيَاكُم എന്ന ഹദീസിനെ പലപ്പോഴും ആളുകള്‍ ഉപയോഗപ്പെടുത്തുന്നത് സാമ്പത്തിക, രാഷ്ട്രീയ, സിവില്‍ രംഗങ്ങളിലുള്ള ശരീഅത്തിന്റെ നിര്‍ദേശങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ്. ഇതൊക്കെ ഞങ്ങളുടെ ഐഹികമായ കാര്യങ്ങളാണ് അതുകൊണ്ട് തന്നെ അതിനെ കുറിച്ച് ഏറ്റവും നന്നായി അറിയുന്നവര്‍ ഞങ്ങളാണ്. മാത്രമല്ല പ്രവാചക തിരുമേനി അത് ഞങ്ങള്‍ക്ക് വിട്ടുതന്നിട്ടുണ്ടെന്നതാണ് അവരുടെ വാദം.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതാണോ ഹദീസിന്റെ ഉദ്ദേശ്യം? ഒരിക്കലുമല്ല എന്നതാണ് അതിനുത്തരം. ജനങ്ങള്‍ക്ക് നീതിയുടെയും ധര്‍മത്തിന്റെയും അടിസ്ഥാനങ്ങളും ഐഹിക ജീവിതത്തിലെ ബാധ്യതകളും ഉത്തരവാദിത്വങ്ങളും പഠിപ്പിക്കുന്നതിനാണ് അല്ലാഹു അവന്റെ ദൂതന്‍മാരെ അയച്ചിട്ടുള്ളത്. അല്ലാഹു തന്നെ അത് വ്യക്തമാക്കുന്നു : ‘തെളിഞ്ഞ ദൃഷ്ടാന്തങ്ങളും മാര്‍ഗദര്‍ശനങ്ങളുമായി നാം നമ്മുടെ ദൂതന്മാരെ അയച്ചിരിക്കുന്നു. അവരോടൊപ്പം വേദവും ത്രാസും അവതരിപ്പിച്ചിട്ടുണ്ട്മനുഷ്യര്‍ നീതിപൂര്‍വം നിലകൊള്ളാന്‍.’ (അല്‍-ഹദീദ് : 25)

കച്ചവടം, പണയം, കടം, പാട്ടം തുടങ്ങിയ ഐഹികമായ ഇടപാടുകളെ കുറിച്ച് വിശുദ്ധ ഖുര്‍ആനും സുന്നത്തും വ്യക്തമായി തന്നെ പരാമര്‍ശിക്കുന്നത് നമുക്ക് കാണാം. മനുഷ്യജീവിതത്തിലെ ഐഹികമായ ഇടപാടുകള്‍ സുഗമമാക്കുന്നതിന് വേണ്ടിയാണ് അവ. ഖുര്‍ആനിലെ ഏറ്റവും വലിയ സൂക്തം കൈകാര്യം ചെയ്യുന്നത് കടത്തെ സംബന്ധിച്ചാണെന്നതും ശ്രദ്ധേയമാണ്. (അല്‍-ബഖറ : 282)

ഈന്തപ്പനകളുടെ പരാഗണവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ‘നിങ്ങളുടെ ഐഹിക കാര്യങ്ങള്‍ കൂടുതല്‍ അറിയുന്നവര്‍ നിങ്ങളാണെന്ന്’ നബി(സ) പറഞ്ഞത്. പരാഗണവുമായി ബന്ധപ്പെട്ട തന്റെ ഒരു ധാരണയെ ഉദ്ദേശിച്ചാണ് നബി(സ) ഇക്കാര്യം പറഞ്ഞത്. പ്രവാചക തിരുമേനി കൃഷിയുമായി ബന്ധമുള്ള ആളായിരുന്നില്ല. അദ്ദേഹം വളര്‍ന്നത് കൃഷിയില്ലാത്ത പ്രദേശത്താണ്. അദ്ദേഹത്തിന്റെ അഭിപ്രായം ഒരു ദീനീ കല്‍പനയാണെന്ന് ധരിച്ച അന്‍സാരികള്‍ പരാഗണം ഉപേക്ഷിച്ചു. അതിന്റെ ഫലമായി വിളവ് മോശമാവുകയും ചെയ്തു. പ്രസ്തുത സന്ദര്‍ഭത്തില്‍ പറഞ്ഞ ഹദീസാണിത്.

രക്തബന്ധുവിന്റെ കൂടെയുള്ള സ്ത്രീയുടെ യാത്ര
ഇബ്‌നു അബ്ബാസ്(റ)ല്‍ നിന്നും ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്തിട്ടുള്ള ഹദീസാണ്, ‘ഒരു രക്തബന്ധു കൂടെയില്ലാതെ ഒരു സ്ത്രീയും യാത്ര ചെയ്യരുത്.’

ഈ വിലക്കിന് പിന്നിലെ കാരണം ഒട്ടകങ്ങളെയും കുതിരകളെയും യാത്രക്ക് ഉപയോഗപ്പെടുത്തിയിരുന്ന കാലത്ത് ഭര്‍ത്താവോ മറ്റ് രക്തബന്ധുക്കളെ കൂടെയില്ലാതെ സ്ത്രീകള്‍ക്ക് പറ്റിയേക്കാവുന്ന അപകടത്തെ കുറിച്ച ഭയമാണ്. മിക്കപ്പോഴും ആള്‍ത്താമസമില്ലാത്ത വിജനമായ മരുഭൂമികള്‍ യാത്രയില്‍ താണ്ടി കടക്കേണ്ടിയിരുന്നു. എന്നാല്‍ ഇന്നത്തേത് തികച്ചും വ്യത്യസ്തമായ അവസ്ഥയാണ്. നൂറുകണക്കിനാളുകളാണ് വിമാനത്തിലും ട്രെയ്‌നുകളിലും ഒരുമിച്ച് യാത്ര ചെയ്യുന്നത്. ഇതുപോലുള്ള അവസ്ഥയില്‍ സ്ത്രീ ഒറ്റക്ക് യാത്ര ചെയ്യുന്നതില്‍ പ്രത്യേക ഭയം വേണ്ടതില്ല. അതുകൊണ്ട് തന്നെ ശരീഅത്ത് അതിനെ വിലക്കുന്നില്ല. അതൊരിക്കലും മുകളില്‍ പറഞ്ഞ ഹദീന് വിരുദ്ധമായി കാണേണ്ടതുമില്ല. അദ്യ്യ് ബിന്‍ ഹാതിമില്‍ നിന്ന് ബുഖാരി റിപോര്‍ട്ട് ചെയ്യുന്ന ഹദീസ് ഇതിനെ ശരിവെക്കുകയാണ് ചെയ്യുന്നത്. ‘ഹീറയില്‍ (ഇറാഖിലെ കൂഫക്കടുത്ത സ്ഥലം) നിന്ന് സ്ത്രീ ഭര്‍ത്താവില്ലാതെ കഅ്ബയില്‍ വരുന്ന കാലം അടുത്തിരിക്കുന്നു.’

ഇസ്‌ലാമിന്റെ സ്തംഭങ്ങള്‍ ലോകര്‍ക്കിടയില്‍ ഉയര്‍ന്ന് നില്‍ക്കുകയും ലോകത്ത് നിര്‍ഭയത്വം വ്യാപകമാവുകയും ചെയ്യുന്ന അവസ്ഥയെ പ്രശംസിക്കുകയാണ് ഹദീസ്. അപ്പോള്‍ ഇങ്ങനെ യാത്ര ചെയ്യുന്നതിനുള്ള അനുവാദത്തെയാണ് കുറിക്കുന്നതെന്ന് ഇബ്‌നു ഹസം നിര്‍ധാരണം ചെയ്‌തെടുക്കുന്നു.

വിശ്വസ്തരായ മറ്റു സ്ത്രീകളോടൊപ്പമോ വിശ്വസ്ഥരുടെ സംഘത്തോടൊപ്പമോ ആണെങ്കില്‍ ഭര്‍ത്താവോ രക്തബന്ധുക്കളുടെയോ കൂടെയല്ലാതെ തന്നെ സ്ത്രീകള്‍ക്ക് ഹജ്ജിന് പോകുന്നത് അനുവദനീയമാണെന്ന് ചില ഇമാമുമാര്‍ പറഞ്ഞിട്ടുണ്ട്. ഈ രൂപത്തില്‍ ഉമര്‍(റ)ന്റെ കാലത്ത് ആഇശ(റ) പ്രവാചക പത്‌നമാരുടെ സംഘത്തോടൊപ്പം ഹജ്ജ് ചെയ്തിരുന്നു. അവരോടൊപ്പം രക്തബന്ധുക്കള്‍ ആരും ഉണ്ടായിരുന്നില്ല. എന്നാല്‍ ഉസ്മാന്‍ ബിന്‍ അഫ്ഫാനും അബ്ദുറഹ്മാന്‍ ബിന്‍ ഔഫും അവരുടെ കൂടെയുണ്ടായിരുന്നു എന്ന് ഇമാം ബുഖാരി വിവരിക്കുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ വിശ്വസ്ഥയായ ഒരു സ്ത്രീ കൂടെയുണ്ടായാല്‍ മതിയെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വഴി നിര്‍ഭയത്വമുള്ളതാണെങ്കില്‍ സ്ത്രീക്ക് ഒറ്റക്ക് യാത്ര ചെയ്യാം എന്ന് അഭിപ്രായപ്പെട്ടവരുണ്ട്. ശാഫിഈ മദ്ഹബിലെ ചിലര്‍ ഇതിനെ ശരിവെച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഹജ്ജിനും ഉംറക്കും മാത്രമുള്ള യാത്രയാണ് ഉദ്ദേശ്യമെന്ന് അവര്‍ പറയുന്നു. എന്നാല്‍ എല്ലാ യാത്രകളും ഇതിന്റെ പരിധിയില്‍ പെടുമെന്നും ശാഫിഈ മദ്ഹബിലെ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

Related Articles