Current Date

Search
Close this search box.
Search
Close this search box.

സ്വഹീഹാണെന്ന് ധരിക്കപ്പെട്ട ഹദീസുകള്‍

fake-hadith.jpg

മുസ്‌ലിം ഉമ്മത്തില്‍ യുഗങ്ങളായി പ്രചുരപ്രചാരം സിദ്ധിച്ചതും എന്നാല്‍ സൂക്ഷ്മവിശകലനത്തില്‍ ദുര്‍ബലമെന്ന് ബോധ്യപ്പെടുന്നതുമായ ധാരാളം ഹദീസുകളുണ്ട്. അവയില്‍ ചിലത് താഴെ ഉദ്ധരിക്കുകയാണ്.

1. ‘ചൈനയില്‍ ചെന്നെങ്കിലും നിങ്ങള്‍ വിജ്ഞാനമാര്‍ജ്ജിക്കുക’. തെറ്റായ ഹദീസ് ആണിതെന്ന് ഇബ്‌നു ഹിബ്ബാന്‍ പറയുന്നു.
2. ‘നിങ്ങളില്‍ മരണം ആസന്നമായവര്‍ക്ക് മേല്‍ യാസീന്‍ പാരായണം ചെയ്യുക’. ശൈഖ് അല്‍ബാനി ഈ ഹദീസ് ദുര്‍ബലമെന്ന് വ്യക്തമാക്കിയിരിക്കുന്നു.
3. ‘ഗോപ്യമായത് അല്ലാഹു ഏറ്റെടുക്കുമെന്നും അതിനാല്‍ ബാഹ്യമായത് കൊണ്ട് വിധിക്കണമെന്നും ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു’. സഖാവി പറയുന്നു ‘പ്രസിദ്ധമായ ഹദീസ് ഗ്രന്ഥങ്ങളിലോ, ഒറ്റപ്പെട്ട രേഖകളിലോ ഈ ഹദീസ് കാണപ്പെട്ടിട്ടില്ല.’
4. ‘സ്വര്‍ഗം മാതാക്കളുടെ കാല്‍ക്കീഴിലാണ്’. ശൈഖ് അല്‍ബാനി ഇത് നിര്‍മിത ഹദീസാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
5. ‘ദേശസ്‌നേഹം ഈമാനിന്റെ ഭാഗമാണ്’. സഖാവി പറഞ്ഞു. ഞാ്ന്‍ അത് കണ്ടിട്ടില്ല.
6. ‘എന്റെ ഉമ്മത്തിന്റെ അഭിപ്രായ വ്യത്യാസം അനുഗ്രഹമാണ്’. അല്‍ബാനി പറയുന്നു ‘ഇതിന് യാതൊരു അടിസ്ഥാനവുമില്ല’.
7. ‘വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുന്ന സമൂഹമാണ് നാം. ഭക്ഷണം കഴിക്കുമ്പോഴാവട്ടെ വയറ് നിറക്കുകയുമില്ല’. ഈ ഹദീസിന്റെ പരമ്പരയില്‍ ദൗര്‍ബല്യമുണ്ട് എന്നാണ് ഇബ്‌നു ബാസ് അദ്ദേഹത്തിന്റെ ഫതാവായില്‍ വിശദീകരിച്ചിട്ടുള്ളത്. ആരാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.
8. ‘ചതുപ്പിലെ പച്ചപ്പിനെ നിങ്ങള്‍ സൂക്ഷിക്കുക. ചീത്ത ചുറ്റുപാടില്‍ വളര്‍ന്ന സുന്ദരിയായ സ്ത്രീയാണ് അത്’. ദാറുഖുത്വ്‌നി ഇത് ദുര്‍ബലമെന്ന് സൂചിപ്പിക്കുന്നു.
9. ‘കാര്യങ്ങളില്‍ ഉത്തമമായത് മധ്യമനിലപാടാണ്’. ഇതിലെ ഒരു റിപ്പോര്‍ട്ടര്‍ അജ്ഞാതനാണെന്ന് ഇബ്‌നു സംആനി റിപ്പോര്‍ട്ട് ചെയ്യുന്നു.
10. ‘നാം ചെറിയ ജിഹാദില്‍ നിന്നും വലിയ ജിഹാദിലേക്കാണ് മടങ്ങുന്നത്. അവര്‍ ചോദിച്ചു എന്താണ് വലിയ ജിഹാദ്? പ്രവാചകന്‍ പറഞ്ഞു മനസ്സിനോടുള്ള ജിഹാദ് ആണ് അത്’. ഇബ്‌നു ഹജര്‍(റ) പറയുന്നു ‘ഇത് പ്രചുരപ്രചാരമുള്ള ഒന്നാണ്. പക്ഷെ അത് ഇബ്‌റാഹീമു ബിന്‍ അബീ അലബഃയുടെ വചനമാണത്’. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ ‘ഇതിന് യാതൊരു അടിസ്ഥാനവുമില്ല.’
11. ‘ജനങ്ങളുടെ നേതാവ് അവരെ സേവിക്കുന്നവരാണ്’. സഖാവി പറയുന്നു ‘പരമ്പരയില്‍ ദൗര്‍ബല്യമുണ്ട്’. അല്‍ബാനി ദുര്‍ബലമെന്ന് വിശദീകരിച്ചിരിക്കുന്നു.
12. ‘ജനങ്ങള്‍ അവരുടെ രാജാക്കന്‍മാരുടെ ദീനിലാണ്’. ഇങ്ങനെയൊരു ഹദീസ് അറിയുകയില്ലെന്നാണ് സഖാവി പറഞ്ഞത്.
13. ‘സാധാരണക്കാരുടെ അനുവദനീയങ്ങള്‍ പുണ്യവാന്‍മാരുടെ തിന്മകളായേക്കാം’. ഇത് ഹദീസ് പോലുമല്ല.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles