Current Date

Search
Close this search box.
Search
Close this search box.

സ്ത്രീകളുടെ പാട്ടു കേള്‍ക്കുന്ന ചെവികളില്‍ ഈയം ഒഴിക്കുമോ?

music.jpg

ഒരു സത്യവിശ്വാസിയെ സംബന്ധിച്ചേടത്തോളം അവന്റെ നിത്യജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവന് മാതൃക അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യുടെ ജീവിതമാണ്. പ്രവാചകന്‍(സ) ഇന്ന് ജീവിച്ചിരിപ്പില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന ഹദീസുകള്‍ നമ്മുടെ മുമ്പിലുണ്ട്. അത്തരം ഹദീസുകളുടെ ആധികാരികത ഉറപ്പുവരുത്തല്‍ നമ്മെ സംബന്ധിച്ചേടത്തോളം നിര്‍ബന്ധമായ കാര്യമാണ്. പ്രവാചകന്‍(സ)യുടെ പേരില്‍ ഹദീസുകള്‍ കെട്ടിച്ചമക്കുന്നത് വളരെ വലിയ പാപമായാണ് ഗണിക്കപ്പെടുന്നത്. റസുല്‍(സ) പറഞ്ഞു: ‘എന്റെ പേരില്‍ മനപ്പൂര്‍വം ആരെങ്കിലും കളവ് പറഞ്ഞാല്‍ അവന്‍ തന്റെ ഇരിപ്പിടം നരകത്തില്‍ ഉറപ്പിച്ചുകൊള്ളട്ടെ’.

എന്നാല്‍ ഹദീസിന്റെ ആധികാരികത പരിശോധിക്കുന്ന കാര്യത്തില്‍ പലരും അശ്രദ്ധരാണെന്ന വസ്തുതയാണ് ഇന്ന് അനുഭവപ്പെടുന്നത്. വലിയ വലിയ പണ്ഡിതന്മാര്‍ പോലും ഇതില്‍ നിന്നും മുക്തരല്ല. നമ്മള്‍ നമ്മുടെ നിത്യജീവിതത്തില്‍ നിരന്തരം ഉപയോഗിക്കുന്ന അനവധി ഹദീസുകള്‍ ഈ ഗണത്തില്‍ പെടുന്നവയാണ്. അവയില്‍ സ്ത്രീകളുടെ പാട്ട് കേള്‍ക്കുന്നതിനെ വിലക്കുന്ന ഹദീസാണ് അനസ്(റ) വില്‍ നിന്നും ഉദ്ധരിക്കുന്ന من جلس إلى قينة صب في أذنه الآنك يوم القيامة
(പാട്ടുകാരിയുടെ സദസ്സില്‍ ആരെങ്കിലും ഇരുന്നാല്‍, അന്ത്യനാളില്‍ അവന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കുന്നതാണ്) എന്ന ഹദീസ്. മഹത്തായ പല ഗ്രന്ഥങ്ങളിലും ഉദ്ധരിക്കുന്ന ഈ ഹദീസിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ഉന്നതരായ പല ഹദീസ് പണ്ഡിതന്മാരുടെയും അഭിപ്രായം. ലോക പ്രസിദ്ധ ഹദീസ് പണ്ഡിതനായ ഇമാം അല്‍ബാനി ഈ ഹദീസ് موضوع (കെട്ടിച്ചമക്കപ്പെട്ടത്) ആണെന്നാണ് പറഞ്ഞത്. ഇമാം ഇബ്‌നു ഹസമും അദ്ദേഹത്തിന്റെ പ്രസിദ്ധമായ അല്‍മുഹല്ലയില്‍ ഈ ഹദീസിനെ موضوع  ആയ ഹദീസുകളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയത്. ഇത്തരം തികച്ചും വ്യാജവും കെട്ടിച്ചമക്കപ്പെട്ടതുമായ ഹദീസുകളുടെ പിന്‍ബലത്തിലാണ് പലരും പല ഗൗരവപ്പെട്ട വിഷയങ്ങളിലും ഫത്‌വകള്‍ പുറപ്പെടുവിക്കുന്നത്. ഇത് ദീനീ വിഷയങ്ങളിലെ വ്യതിചലനത്തിന് കാരണമായിത്തീരുന്നതാണ്. ഇവയുണ്ടാക്കുന്ന ദുരന്തം നാം തിരിച്ചറിയേണ്ടതുണ്ട്. നമ്മള്‍ ഉദ്ധരിക്കുന്ന ഹദീസുകള്‍(അതെത്ര സുപരിചമായാലും) അതിന്റെ ആധികാരികത പരിശോധിക്കാന്‍ നാം തയ്യാറാകണം.

Related Articles