Current Date

Search
Close this search box.
Search
Close this search box.

സമ്പത്ത് അനുഗ്രഹവും ശാപവും

money.jpg

عَنْ كَعْبِ بْنِ مَالِكٍ الْأَنْصَارِيّ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ” مَا ذِئْبَانِ جَائِعَانِ أُرْسِلَا فِي غَنَمٍ بِأَفْسَدَ لَهَا مِنْ حِرْصِ الْمَرْءِ عَلَى الْمَالِ وَالشَّرَفِ لِدِينِهِ ” (الترمذي، أحمد)

കഅ്ബുബ്‌നു മാലികില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബി(സ) അരുളി: വിശന്ന രണ്ട് ചെന്നായ്ക്കളെ ആട്ടിന്‍കൂട്ടത്തിലേക്ക് വിട്ടാല്‍ അവ ആടുകളെ നശിപ്പിക്കുന്നതിനേക്കാള്‍ കൂടുതലായി പണത്തോടും സ്ഥാനത്തോടുമുള്ള മോഹം മനുഷ്യന്റെ ദീനിനെ നശിപ്പിക്കുന്നതാണ് (തിര്‍മിദി, അഹ്മദ്)

ذِئْب : ചെന്നായ  
جَائِع : വിശക്കുന്നവന്‍  
أَرْسَلَ : അയച്ചു
غَنَم : ആട്
أَفْسَدُ : കൂടുതല്‍ നാശകാരി
حِرْصٌ : മോഹം, താല്‍പര്യം
مَرْء : മനുഷ്യന്‍
شَرَف : സ്ഥാനം, ശ്രേഷ്ഠത

ഐഹികാവശ്യ നിര്‍വഹണത്തിനുള്ള അടിസ്ഥാനോപാധികളില്‍ ഒന്നാണല്ലോ സമ്പത്ത്. അത് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണ്. മനുഷ്യന്റെ നയനിലപാടുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുള്ള ഘടകമെന്ന നിലക്ക് അതൊരു പരീക്ഷണം കൂടിയാണ്. വേണ്ടത്ര സൂക്ഷ്മത പാലിച്ചില്ലെങ്കില്‍ അത് ശാപമായിത്തീരും. സമ്പത്തുമായി ബന്ധപ്പെട്ട അനേകം വിഷയങ്ങള്‍ ഖുര്‍ആന്‍ പ്രതിപാദിക്കുന്നത് കാണാം. സമ്പത്തിന്റെ ചതിക്കുഴിയില്‍ അകപ്പെടാതിരിക്കാനുള്ള മുന്നറിയിപ്പുകളും കൂട്ടത്തിലുണ്ട്. ഖാറൂന്‍ മുതലാളിയുടെയും തോട്ടക്കാരുടെയും അബൂലഹബിന്റെയും (അല്‍ ഖസസ്, അല്‍ കഹ്ഫ്, അല്‍ഖലം, അല്ലഹബ്) കഥകളിലൂടെ ഖുര്‍ആന്‍ അക്കാര്യം ഊന്നിപ്പറയുന്നു. മരണം വരെ തുടരുന്ന ആര്‍ത്തിയെയും സമ്പത്ത് എന്നെ രക്ഷിക്കുമെന്ന വികല ധാരണയെയും ഖുര്‍ആന്‍ വിമര്‍ശിക്കുന്നു.

അധ്വാനിച്ച് സമ്പാദിക്കാന്‍ പ്രേരിപ്പിക്കുന്നതിനോടൊപ്പം സമ്പത്ത് ശാശ്വത വിജയത്തിന് തടസ്സമാവാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് പ്രവാചകന്‍ പലവിധത്തില്‍ ഉണര്‍ത്തിയിട്ടുണ്ട്. അവയിലൊന്നാണ് ഉപരിസൂചിത വചനം.

ഭൗതികാസക്തി മാനുഷിക ബന്ധങ്ങളെ തകര്‍ത്തെറിയുകയും ഉത്തരവാദിത്ത ബോധത്തെ മരവിപ്പിക്കുകയും ദൈവസ്മരണ ഇല്ലാതാക്കുകയും ചെയ്യും. നബി(സ) പറഞ്ഞു: അല്ലാഹുവാണ് സത്യം, നിങ്ങളുടെ കാര്യത്തില്‍ ദാരിദ്ര്യമല്ല ഞാന്‍ ഭയപ്പെടുന്നത്. മറിച്ച്, മുന്‍കാല ജനതകള്‍ക്ക് ലഭിച്ചതുപോലുള്ള സമ്പദ്‌സമൃദ്ധി നിങ്ങള്‍ക്കുണ്ടാവുകയും അവരെപ്പോലെ നിങ്ങളും ആര്‍ത്തി കാണിക്കുകയും അവരെ അത് നശിപ്പിച്ചതുപോലെ നിങ്ങളെയും നശിപ്പിക്കുകയും ചെയ്യുമെന്നതാണ് എന്റെ ഭയം. (ബുഖാരി, മുസ്‌ലിം)

ഓരോ ജനതക്കും ഒരു പരീക്ഷണമുണ്ട്. എന്റെ ജനതയുടെ പരീക്ഷണം സമ്പത്താണ് (തിര്‍മിദി). മനുഷ്യന്‍ വാര്‍ധക്യം പ്രാപിച്ചാലും യൗവനം നിലനില്‍ക്കുന്ന കാര്യങ്ങളാണ് പണത്തോടും ദീര്‍ഘായുസ്സിനോടുമുള്ള കൊതിയും നീണ്ട വ്യാമോഹങ്ങളുമെന്ന് (ബുഖാരി, മുസ്‌ലിം) പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കുന്നു.
മനുഷ്യന്‍ എത്ര സമ്പാദിച്ചാലും യഥാര്‍ഥത്തില്‍ അവന് പ്രയോജനപ്പെടുന്നത് ചിലത് മാത്രമാണ്. നബി(സ) പറഞ്ഞു: എന്റെ പണം! എന്റെ പണം!! എന്ന് മനുഷ്യന്‍ പറയുന്നു. എന്നാല്‍ അവന്റെ സ്വത്തില്‍ മൂന്നെണ്ണമേ അവനുള്ളൂ. ഒന്ന്, അവന്‍ ഭക്ഷിച്ച് തീര്‍ത്തത്. രണ്ട്, ധരിച്ച് പാഴാക്കിയത്, മൂന്ന്, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെവഴിക്കുകയും പരലോകത്തേക്കുള്ള നിക്ഷേപമാക്കുകയും ചെയ്തത്.  അവശേഷിക്കുന്നതെല്ലാം മറ്റുള്ളവര്‍(അനന്തരാവകാശികള്‍)ക്കായി  വിട്ടുകൊടുത്തുകൊണ്ട് വിടപറയുന്നവനാണവന്‍. (മുസ്‌ലിം)

ഇഹത്തിലോ പരത്തിലോ പ്രയോജനപ്പെടാത്ത വിധം സമ്പത്ത് കൂമ്പാരമാക്കിവെച്ച് ഒടുവില്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലാത്തതുകൊണ്ട് അത് മറ്റുള്ളവര്‍ക്കായി വിട്ടേച്ചുപോകേണ്ടിവരുന്ന ആളുകളെ ‘അനന്തരാവകാശികളുടെ സമ്പത്തിനെ സ്‌നേഹിക്കുന്നവര്‍’ എന്നാണ് പ്രവാചകന്‍ പരിചയപ്പെടുത്തിയിട്ടുള്ളത് (ബുഖാരി).
ആളുകളുടെ ഐഹിക സമ്പാദ്യത്തിലേക്കാണ് പലരുടെയും നോട്ടം. ഒരാള്‍ മരണപ്പെട്ടാല്‍ അതിനെ കുറിച്ചാണ് പലരുടെയും ചര്‍ച്ച. നബി(സ) പറയുന്നു: ഒരാള്‍ മരിക്കുമ്പോള്‍ മലക്കുകള്‍ പരസ്പരം ചോദിക്കും: പാരത്രിക ജീവിതത്തിനായി എന്തൊക്കെയാണ് ഇയാള്‍ ചെയ്തുവെച്ചിട്ടുള്ളത്? എന്നാല്‍ ജനങ്ങള്‍ പരസ്പരം ചോദിക്കും: ഇദ്ദേഹം എത്ര സമ്പത്ത് വിട്ടിട്ടാണ് പോയത്? (ബൈഹഖി)
 
എല്ലാറ്റിലും ഉപരിയായി സമ്പത്തിനെ കാണുകയും അക്കാര്യത്തില്‍ നിയന്ത്രണങ്ങളും പരിധികളും വിധിവിലക്കുകളും പാലിക്കാതിരിക്കുകയും ചെയ്യുന്നവര്‍ ശപിക്കപ്പെട്ടവരാണെന്ന് നബി(സ) പഠിപ്പിക്കുന്നു. അതേസമയം തഖ്‌വയുണ്ടെങ്കില്‍ സമ്പത്ത് ദീനിന് ഒരു ഭീഷണിയല്ലെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. നബി(സ) പറഞ്ഞു: അല്ലാഹുവിനോട് തഖ്‌വ കാണിക്കുന്നവനെ സംബന്ധിച്ചിടത്തോളം സമ്പന്നതിയില്‍ യാതൊരു കുഴപ്പവുമില്ല. തഖ്‌വയുള്ളവന് ആരോഗ്യം സമ്പന്നതെയേക്കാളും മഹത്തരമാണ്. മാനസിക സന്തോഷവും അല്ലാഹുവിന്റെ ഒരനുഗ്രഹമാണ്. (അഹ്മദ്)

സമ്പത്താണല്ലോ ഇന്ന് ലോകത്തെ നയിക്കുന്നത്. അതിനാല്‍ ആവശ്യമായ അളവില്‍ സമ്പത്തുണ്ടാകുക എന്നതും പ്രധാനമാണ്. തഖ്‌വയും സമ്പന്നതയും ഉണ്ടാവുകയും അതിന്റെ പേരില്‍ ജനശ്രദ്ധനേടാന്‍ ശ്രമിക്കാതിരിക്കുകയും ചെയ്യുന്നവനെ അല്ലാഹു ഇഷ്ടപ്പെടുന്നുവെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. (മുസ്‌ലിം)

Related Articles