Current Date

Search
Close this search box.
Search
Close this search box.

സന്‍മാര്‍ഗ പ്രാപ്തിക്ക് ഖുര്‍ആന്‍ മാത്രം പോരേ?

q2.jpg

ഹദീസുകളെ നിഷേധിക്കുന്നവര്‍ ഉന്നയിക്കുന്ന പ്രധാനവാദമാണ് ഒരാള്‍ക്ക് സന്‍മാര്‍ഗം ലഭിക്കുന്നതിന് ഖുര്‍ആന്‍ മാത്രം മതി, ഹദീസുകളുടെ ആവശ്യമില്ല എന്നത്. ഖുര്‍ആനില്‍ തന്നെ എല്ലാ കാര്യങ്ങളും വിശദമായി വിവരിക്കുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. അവര്‍ അതിന് തെളിവായി സ്വീകരിക്കുന്നത് വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളാണ്. ‘നിനക്ക് നാം ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. ഇതില്‍ സകല സംഗതികള്‍ക്കുമുള്ള വിശദീകരണമുണ്ട്.’ (അന്നഹ്ല്‍ : 89)
‘അവരുടെ ഈ കഥകളില്‍ ചിന്തിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഗുണപാഠമുണ്ട്. ഇവയൊന്നും കെട്ടിച്ചമച്ചുണ്ടാക്കുന്ന വര്‍ത്തമാനമല്ല. മറിച്ച്, അതിന്റെ മുമ്പുള്ള വേദങ്ങളെ സത്യപ്പെടുത്തുന്നതാണ്. എല്ലാ കാര്യങ്ങള്‍ക്കുമുള്ള വിശദീകരണവുമാണ്. ഒപ്പം വിശ്വസിക്കുന്ന ജനത്തിന് വഴികാട്ടിയും മഹത്തായ അനുഗ്രഹവും.’ (യൂസുഫ് : 111)
ഖുര്‍ആന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു, എന്നാല്‍ ഹദീസുകളുടെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തിട്ടില്ല എന്നതാണ് അവരുടെ മറ്റൊരു വാദം.

ഇതിനുള്ള മറുപടി ഇങ്ങനെ സംഗ്രഹിക്കാം: ഹദീസുകള്‍ വിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണമാണെന്നതില്‍ ഒരു സംശയവുമില്ല. ഖുര്‍ആന്‍ ചുരുക്കി പറഞ്ഞവ അത് വിശദീകരിക്കുന്നു. ഖുര്‍ആന്‍ പൊതുവായി പറഞ്ഞ കാര്യങ്ങള്‍ പ്രത്യേകമായി വിശദീകരിക്കുന്നത് ഹദീസുകളാണ്. നിരുപാധികം പറഞ്ഞ കാര്യങ്ങളുടെ ഉപാദികള്‍ വിശദീകരിക്കുന്നതും സുന്നത്തിലൂടെയാണ്. സുന്നത്തിനെ നാം തള്ളികളഞ്ഞിരിന്നുവെങ്കില്‍ നമസ്‌കാരത്തിന്റെയോ, നോമ്പിന്റെയോ, സകാത്തിന്റെയോ ഹജ്ജിന്റെയോ മറ്റ് കര്‍മങ്ങളുടെയോ വിശദ രൂപം നമുക്ക് ലഭിക്കില്ലായിരുന്നു. ‘ഇപ്പോള്‍ നിനക്കും നാമിതാ ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതീര്‍ണമായത് നീയവര്‍ക്ക് വിശദീകരിച്ചുകൊടുക്കാന്‍. അങ്ങനെ ജനം ചിന്തിച്ചുമനസ്സിലാക്കട്ടെ!’ (അന്നഹ്ല്‍ : 44) എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നത് അതുകൊണ്ടാണ്.

മാത്രമല്ല, അല്ലാഹുവെ അനുസരിക്കണമെന്ന് കല്‍പ്പിച്ച പോലെ പ്രവാചകന്‍(സ)യെ അനുസരിക്കാനും വിശുദ്ധ ഖുര്‍ആന്‍ കല്‍പിക്കുന്നുണ്ട്. ‘പറയുക: അല്ലാഹുവിനെ അനുസരിക്കുക. റസൂലിനെ പിന്തുടരുകയും ചെയ്യുക.’ (അന്നൂര്‍ : 54)
‘അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിനെ അനുസരിപ്പിന്‍, ദൂതനെയും അനുസരിപ്പിന്‍, നിങ്ങളില്‍ കൈകാര്യക്കാരെയും അനുസരിപ്പിന്‍. ഏതെങ്കിലും കാര്യത്തില്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അതിനെ അല്ലാഹുവിങ്കലേക്കും ദൂതനിലേക്കും മടക്കുവിന്‍.’ (അന്നിസാഅ് : 59)

അല്ലാഹുവിലേക്ക് മടങ്ങണമെന്നുള്ളത് കൊണ്ടുദ്ദേശിക്കുന്നത് ഖുര്‍ആനിലേക്കുള്ള മടക്കമാണെന്നും പ്രവാചകനിലേക്ക് മടങ്ങണമെന്നതു കൊണ്ടുള്ള ഉദ്ദേശ്യം സുന്നത്തിലേക്കുള്ള മടക്കമാണെന്നും പണ്ഡിതന്‍മാര്‍ ഏകോപിച്ചിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു : ‘നിങ്ങളോടുള്ള ദൈവദൂതന്റെ വിളി നിങ്ങള്‍ അന്യോന്യം വിളിക്കുംവിധംകരുതി അവഗണിക്കരുത്. മറ്റുള്ളവരെ മറയാക്കി നിങ്ങളില്‍നിന്ന് ഊരിച്ചാടുന്നവരെ അല്ലാഹു നന്നായറിയുന്നുണ്ട്. അതിനാല്‍ അദ്ദേഹത്തിന്റെ കല്‍പന ലംഘിക്കുന്നവര്‍ തങ്ങളെ വല്ലവിപത്തും ബാധിക്കുമെന്നോ നോവേറിയ ശിക്ഷ പിടികൂടുമെന്നോ തീര്‍ച്ചയായും ഭയപ്പെട്ടുകൊള്ളട്ടെ.’ (അന്നൂര്‍ : 63)

അല്ലാഹു ഖുര്‍ആനെ സംരക്ഷിച്ചിരിക്കുന്നു, അതായത് അതിന്റെ സംരക്ഷണ ഉത്തരവാദിത്വം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു എന്ന വാദവും നിരര്‍ത്ഥകമാണ്. ഇമാം ശാത്വിബി അദ്ദേഹത്തിന്റെ മുവാഫഖാത്തില്‍ പറയുന്നു : ‘ഖുര്‍ആന്റെ സംരക്ഷണം സുന്നത്തിന്റെ സംരക്ഷണത്തെ കൂടി ഉള്‍ക്കൊള്ളുന്നതാണ്. ഖുര്‍ആന്റെ വിശദീകരണമാണത് എന്നത് തന്നെയാണതിന് കാരണം. വിശദീകരിക്കപ്പെടുന്ന കാര്യത്തിന്റെ സംരക്ഷണത്തിന്റെ ഭാഗമാണ് അതിന്റെ വിശദീകരണം കൂടി സംരക്ഷിക്കുകയെന്നത്.’

വിവ : അഹ്മദ് നസീഫ്‌

Related Articles