Current Date

Search
Close this search box.
Search
Close this search box.

വൃത്തിയും വെടിപ്പും വിശ്വാസത്തിന്റെ പാതി

neatness.jpg

عَنْ أَبِي مَالِكٍ الْأَشْعَرِيِّ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «الطُّهُورُ شَطْرُ الْإِيمَانِ وَالْحَمْدُ لِلَّهِ تَمْلَأُ الْمِيزَانَ، وَسُبْحَانَ اللهِ وَالْحَمْدُ لِلَّهِ تَمْلَآَنِ – أَوْ تَمْلَأُ – مَا بَيْنَ السَّمَاوَاتِ وَالْأَرْضِ، وَالصَّلَاةُ نُورٌ، وَالصَّدَقَةُ بُرْهَانٌ وَالصَّبْرُ ضِيَاءٌ، وَالْقُرْآنُ حُجَّةٌ لَكَ أَوْ عَلَيْكَ، كُلُّ النَّاسِ يَغْدُو فَبَايِعٌ نَفْسَهُ فَمُعْتِقُهَا أَوْ مُوبِقُهَا» ) مسلم)

അബൂമാലികില്‍ അശ്അരിയില്‍ നിന്ന്. നബി(സ) പറഞ്ഞു: ശുചിത്വം വിശ്വാസത്തിന്റെ പാതിയാകുന്നു. അല്‍ഹംദുലില്ലാഹ് എന്നത് മീസാനിനെ നിറക്കും. സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ് എന്നിവ ആകാശഭൂമികള്‍ക്കിടയിലുള്ളതിനെ നിറക്കും. നമസ്‌കാരം പ്രകാശമാണ്. ദാനധര്‍മം പ്രമാണവും സഹനം വെളിച്ചവുമാണ്. ഖുര്‍ആന്‍ നിനക്ക് അനുകൂലമോ പ്രതികൂലമോ ആയ തെളിവാണ്. എല്ലാ മനുഷ്യരും രാവിലെ പുറപ്പെടുന്നു. അവരില്‍ സ്വന്തത്തെ (അല്ലാഹുവിന് ) വില്‍ക്കുകയും അങ്ങനെ അതിനെ (നരകത്തില്‍ നിന്ന്) മോചിപ്പിക്കുകയും ചെയ്യുന്നുവരുണ്ട്. അതുപോലെ (സ്വന്തത്തെ പിശാചിന് വില്‍ക്കുകയും) അങ്ങനെ അതിനെ നശിപ്പിക്കുകയും ചെയ്യുന്നവരുമുണ്ട്. (മുസ്‌ലിം)

വിശുദ്ധിക്ക് ഇസ്‌ലാം നല്‍കുന്ന പ്രാധാന്യം വിവരണാതീതമത്രെ. ശുചിത്വമെന്നത് കേവലം പുറംമോടിയല്ല. അതിന് ആന്തരികമായ ഭാവങ്ങളുമുണ്ട്. ഭൗതികമായ വൃത്തിഹീനത ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നതുപോലെ, ആത്മീയ വിശുദ്ധിയുടെ അഭാവം നമ്മെ ശാശ്വതമായ ദുരിതത്തിലേക്ക് തള്ളിവിടും.

വിശ്വാസത്തിന് ക്രമാനുഗതമായ നാല് ശ്രേണികളുണ്ടെന്ന് ഇമാം ഗസ്സാലിയെ പോലുള്ള പണ്ഡിതന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബാഹ്യധര്‍മം, അംഗധര്‍മം, മനോധര്‍മം, രഹസ്യധര്‍മം എന്നിവയാണവ. നിര്‍ബന്ധമായ ആരാധനകളെയാണ് അവര്‍ ബാഹ്യധര്‍മം എന്ന ഗണത്തിലുള്‍പ്പെടുത്തുന്നത്. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്ക് ശരീരാവയവങ്ങളെ വിധേയമാക്കലാണ് അംഗധര്‍മം. ശ്രേഷ്ഠ ഗുണങ്ങളും സദ്‌വിചാരങ്ങളും നിറച്ച് മനസ്സ് ധന്യമാക്കുകയാണ് മനോധര്‍മം. അകം ദിവ്യചിന്തയില്‍ വിലയം പ്രാപിക്കലാണ് രഹസ്യധര്‍മം.

ഈ നാല് ഘടകങ്ങളിലോരോന്നും തൊട്ട് താഴെയുള്ളതിനെ ആശ്രയിച്ചിരിക്കുന്നു. രഹസ്യധര്‍മം അയത്‌ന ലളിതമാവണമെങ്കില്‍ മനോധര്‍മം കൃത്യമായി നിര്‍വഹിക്കപ്പെടണം. അപ്രകാരം മനോധര്‍മം സുസാധ്യമാവണമെങ്കില്‍ അംഗധര്‍മവും അത് പ്രാപ്തമാവണമെങ്കില്‍ ബാഹ്യധര്‍മവും പ്രാവര്‍ത്തികമാവണം.

ഈ നാല് ധര്‍മങ്ങളിലോരോന്നിനും രണ്ട് പ്രധാന ഭാഗങ്ങളുണ്ട്. ഒന്ന് സംസ്‌കരണം.സൗന്ദര്യവല്‍കരണമാണ് രണ്ടാമത്തേത്. മാലിന്യങ്ങള്‍ നീക്കിയ ശേഷമാണ് സൗന്ദര്യം ചാര്‍ത്തേണ്ടത്. ദുര്‍ഗന്ധം ഇല്ലാതാക്കിയ ശേഷമാവണം സൗരഭ്യം പരത്തുന്നത്. ഏങ്കിലേ പൂര്‍ണത ലഭിക്കൂ.

ശരീരം, മനസ്സ്, ചിന്ത, ആദര്‍ശം, അനുഷ്ഠാനം, വീട്, പരിസരം തുടങ്ങിയവയെല്ലാം മാലിന്യമുക്തമാക്കുകയും വൃത്തിയും വെടിപ്പുമുള്ളതായി നിലനിര്‍ത്തുകയും ചെയ്യുമ്പോഴാണ് ഈമാന്‍ പൂര്‍ണത പ്രാപിക്കുന്നത് (ഇഹ്‌യാ ഉലൂമിദ്ദീന്‍).

ദന്തശുദ്ദീകരണം, കുളി, മലമൂത്ര വിസര്‍ജന മര്യാദകള്‍, പരിസര ശുചീകരണം, നജസ്/ഹദസ്/ശാരീരിക മാലിന്യങ്ങളില്‍ നിന്നുള്ള ശുദ്ധീകരണം തുടങ്ങി ശുദ്ധിയുമായി ബന്ധപ്പെട്ട നിരവധി നിര്‍ദ്ദേശങ്ങള്‍ പ്രവാചക വചനങ്ങളില്‍ കാണാം. എന്നാല്‍, മൂത്രത്തിന്റെ രൂക്ഷഗന്ധമില്ലാത്ത പള്ളികള്‍ ഇന്ന് കൗതുകകരമാണ്. വൃത്തിയുടെ കാര്യത്തില്‍ നാം എത്ര പിറകിലാണെന്നതിന്റെ ചിഹ്നമാണത്. ശരീരവും മനസ്സും അകവും പുറവും ശുദ്ധമാവുമ്പോഴാണ് ഈമാന്‍ പൂര്‍ണത പ്രാപിക്കുന്നതെന്ന പ്രവാചകപാഠം ഗൗരവത്തിലെടുക്കാത്തതിന്റെ പ്രത്യാഘാതങ്ങള്‍ നിസ്സാരമായിരിക്കില്ല. വിശുദ്ധന്‍മാരെ അല്ലാഹു ഇഷ്ടപ്പെടുന്നു (അല്‍ബഖറ: 222) എന്ന വാക്യം കൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കുക.

അശ്രദ്ധകൊണ്ട് അവഗണിച്ചുകളയുന്ന ദിക്‌റുകള്‍ എത്ര മഹത്തരമാണെന്നാണ് തുടര്‍ന്ന് വിവരിക്കുന്നത്. അതുപോലെ നമസ്‌കാരം ജീവിതത്തെ പ്രകാശപൂരിതമാക്കുമെന്നും ദാനധര്‍മങ്ങള്‍ നമ്മുടെ സാമ്പത്തിക ക്രയവിക്രയത്തിന്റെ പ്രമാണമായി പരലോകത്ത് സമര്‍പ്പിക്കപ്പെടുമെന്നും സഹനം പ്രതിസന്ധികളെയും പ്രലോഭനങ്ങളെയും അവശതകളെയും മറികടന്ന് മുന്നോട്ട് ഗമിക്കാനുള്ള വെളിച്ചം പകരുമെന്നും ഖുര്‍ആനിനെ നെഞ്ചേറ്റിയാല്‍ അത് അനുകുലമായും അവഗണിച്ചാല്‍ പ്രതികൂലമായും സാക്ഷി പറയുമെന്നും പ്രവാചകന്‍ വ്യക്തമാക്കുന്നു. അപ്രകാരം ജീവിതത്തിന്റെ സര്‍വമേഖലകളിലും അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കുന്നവന്‍ സ്വന്തത്തെ അല്ലാഹുവിന് വിറ്റ് നരകവിമോചനം സാധ്യമാക്കുകയാണെന്നും പിശാചിനെയും ദേഹേഛയെയും അനുഗമിക്കുന്നവര്‍ നാശത്തിലേക്കാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നും പഠിപ്പിക്കുന്നു.

Related Articles