Current Date

Search
Close this search box.
Search
Close this search box.

വിഭവങ്ങളൊരുക്കാം, പരലോകയാത്രയ്ക്ക്

aakhira.jpg

عَنْ أَبِي بَرْزَةَ الأَسْلَمِيِّ ، قَالَ : قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لاَ تَزُولُ قَدَمَا عَبْدٍ يَوْمَ القِيَامَةِ حَتَّى يُسْأَلَ عَنْ عُمُرِهِ فِيمَا أَفْنَاهُ ، وَعَنْ عِلْمِهِ فِيمَ فَعَلَ ، وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَ أَنْفَقَهُ ، وَعَنْ جِسْمِهِ فِيمَ أَبْلاَهُ. (ترمذي/ قال الشيخ الألباني : صحيح).

അബൂബര്‍സയില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഖിയാമത്തു നാളില്‍ ഒരു അടിമയുടെയും കാലുകള്‍ മുന്നോട്ടു നീങ്ങുകയില്ല, ചില ചോദ്യങ്ങള്‍ ചോദിക്കപ്പെടാതെ. അവന്റെ ആയുഷ്‌കാലത്തെ കുറിച്ച്; ഏത് കാര്യത്തിനാണ് അത് വിനിയോഗിച്ചതെന്ന്. അവന്റെ വിജ്ഞാനത്തെ കുറിച്ച്; ഏത് കാര്യത്തിലാണ് അത് പ്രയോഗിച്ചതെന്ന്. അവന്റെ ധനത്തെ കുറിച്ച്; എവിടെ നിന്നാണത് സമ്പാദിച്ചതെന്നും, ഏത് കാര്യത്തിനാണ് അത് ചെലവഴിച്ചതെന്നും. അവന്റെ ശരീരത്തെ കുറിച്ച്; ഏതു കാര്യത്തിനാണ് അതു ഉപയോഗിച്ചതെന്ന്. (തിര്‍മിദി)

لاَ تَزُولُ : നീങ്ങുകയില്ല           
قَدَم : പാദം
عُمُر : ആയുസ്സ്
أَفْنَى : വിനിയോഗിച്ചു, നശിപ്പിച്ചു
اكْتَسَبَ : സമ്പാദിച്ചു
أَنْفَقَ : ചെലവഴിച്ചു
أَبْلَى : ദ്രവിപ്പിച്ചു

അബൂബര്‍സയില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു  عَنْ أَبِي بَرْزَةَ الأَسْلَمِيِّ ، قَالَ
അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു  قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
ഖിയാമത്തു നാളില്‍ ഒരു അടിമയുടെയും കാലുകള്‍ മുന്നോട്ടു നീങ്ങുകയില്ല  لاَ تَزُولُ قَدَمَا عَبْدٍ يَوْمَ القِيَامَةِ
ചോദിക്കപ്പെടും വരെ  حَتَّى يُسْأَلَ
അവന്റെ ആയുഷ്‌കാലത്തെ കുറിച്ച്; ഏത് കാര്യത്തിനാണ് അത് നശിപ്പിച്ചത് (വിനിയോഗിച്ചത്)  عَنْ عُمُرِهِ فِيمَا أَفْنَاهُ
അവന്റെ വിജ്ഞാനത്തെ കുറിച്ച്; ഏത് കാര്യത്തിലാണ് അത് പ്രയോഗിച്ചത്  وَعَنْ عِلْمِهِ فِيمَ فَعَلَ
അവന്റെ ധനത്തെ കുറിച്ച്; എവിടെ നിന്നാണത് സമ്പാദിച്ചത്, ഏത് കാര്യത്തിനാണ് അത് ചെലവഴിച്ചത്  وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَ أَنْفَقَهُ
അവന്റെ ശരീരത്തെ കുറിച്ച്; ഏതു കാര്യത്തിനാണ് അതു ദ്രവിപ്പിച്ചത് (ഉപയോഗിച്ചത്) وَعَنْ جِسْمِهِ فِيمَ أَبْلاَهُ 

മരണം അനിവാര്യമായ യാഥാര്‍ഥ്യമാണ്. എന്നാല്‍ മരണത്തോടെ അവസാനിക്കുന്നതല്ല മനുഷ്യജീവിതം. അവസാനിക്കാത്ത പരലോക ജീവിതത്തിലേക്കുള്ള കവാടമാണത്. ഇസ്‌ലാമിന്റെ അടിത്തറയായ ഈമാന്റെ രണ്ടാമത്തെ ഘടകമാണ് പരലോകവിശ്വാസം. ജീവിത ഇടപാടുകളുമായി അതിന് മുറിക്കാന്‍ കഴിയാത്ത ബന്ധമുണ്ട്. അല്ലാഹു മനുഷ്യന് ഈ ലോകത്ത് നല്കിയ എല്ലാ അനുഗ്രഹങ്ങളെക്കുറിച്ചും പരലോകത്ത് വച്ച് കണക്ക് ബോധിപ്പിക്കേണ്ടിവരും.  അത് നല്കാതെ ഒരടി  മുന്നോട്ടുവെക്കാന്‍ കഴിയുകയില്ലെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു.

അല്ലാഹു മനുഷ്യന് നല്കിയ കണക്കില്ലാത്ത അനുഗ്രഹങ്ങളില്‍ മുഖ്യസ്ഥാനത്ത് നില്‍ക്കുന്നതാണ് അവന്റെ ജീവന്‍. അത് നിലനില്‍ക്കുന്ന കാലത്തിനാണ് ആയുസ്സ് എന്ന് പറയുന്നത്. ആരോഗ്യമുള്ള ജീവിതവും ദീര്‍ഘായുസ്സും അല്ലാഹുവിന്റെ ഔദാര്യമാണ്. എല്ലാവിധ കഴിവുകളും സമ്പത്തും അധികാരങ്ങളും ഒത്തിണങ്ങിയവര്‍ പോലും മരണത്തിന് മുന്നില്‍ കീഴടങ്ങേണ്ടിവരുന്നു. ആയുസ്സിന്റെ പ്രാധാന്യം ഇതില്‍ നിന്ന് തന്നെ വ്യക്തം. ആയുസ്സിനെ സംബന്ധിച്ച് ചോദ്യം ചെയ്യുമെന്ന് പറഞ്ഞാല്‍ ഒരാളുടെ ജീവിതം മുഴുവന്‍ ആ ചോദ്യത്തില്‍ ഉള്‍പ്പെടുന്നു എന്നു മനസ്സിലാക്കാം.

ജീവന്‍ ലഭിച്ചുകഴിഞ്ഞ മനുഷ്യനെ മൃഗത്തില്‍ നിന്ന് വേര്‍തിരിക്കുന്ന പ്രധാനഘടകമാണ് വിജ്ഞാനം. മനുഷ്യന്‍ നേടിയെടുക്കുന്നതില്‍ ഏറ്റവും വലിയ സമ്പത്ത് വിജ്ഞാനമാണ്. വിജ്ഞാനത്തിന്റെ അടിസ്ഥാനം ബുദ്ധിശക്തിയാണ്. അത് മനുഷ്യന് സ്വയം നേടാന്‍ കഴിയുന്നതല്ല. അതിനാല്‍ അല്ലാഹു നല്‍കിയ ബുദ്ധി ഉപയോഗിച്ച് നേടിയ വിജ്ഞാനം എന്ത് കാര്യത്തിന് ഉപയോഗിച്ചു എന്ന ചോദ്യം പ്രസക്തമാണ്.

മൂന്നാമതായി എടുത്തുപറഞ്ഞിരിക്കുന്നത് സമ്പത്താണ്. ഐഹിക ജീവിതത്തിന്റെ നിലനില്‍പിന് ആവശ്യമായ ഒന്നാണ് സമ്പത്ത്. പക്ഷേ, അത് സമ്പാദിക്കുന്നതിനും ചെലവഴിക്കുന്നതിനും അല്ലാഹു ചില മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അത് എങ്ങനെ സമ്പാദിച്ചു, എന്തിന് വേണ്ടി ചെലവഴിച്ചു എന്ന ചോദ്യത്തില്‍ സമ്പത്തുമായി ബന്ധപ്പെട്ട എല്ലാം അടങ്ങിയിരിക്കുന്നു.

നാലാമത്തേത് കായികശേഷി, അഥവാ പ്രവര്‍ത്തന ശക്തിയാണ്. ദേഹം കൊണ്ട് മനുഷ്യന്‍ നിര്‍വഹിക്കുന്ന എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ജീവിതത്തിലെ ഒരു മേഖലയെയും അല്ലാഹു ഈ വിചാരണയില്‍ ഒഴിച്ചുനിര്‍ത്തിയിട്ടില്ല. എന്നാല്‍ ഇഹലോകത്ത് ഒരോ നിമിഷവും സ്വന്തം ജീവിതത്തെ വിലയിരുത്തി തെറ്റുകള്‍ തിരുത്തിയും വീഴ്ചകള്‍ പരിഹരിച്ചും മുന്നോട്ടുപോകുന്നവര്‍ക്ക് ഈ പരീക്ഷ വളരെ എളുപ്പമായിരിക്കും. ഇത്തരമൊരു വിചാരണയും അതിന്റെ അടിസ്ഥാനത്തിലുള്ള വിധിയും ഉണ്ടാവുമെന്ന ഉറച്ചബോധ്യം നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുമ്പോഴാണ് നാം യഥാര്‍ഥ പരലോക വിശ്വാസിയാവുന്നത്.    

മനുഷ്യന്റെ ആയുസ്സ് അല്ലാഹു തീരുമാനിച്ച കാലയളവു മാത്രമാണ്. അല്ലാഹു തീരുമാനിച്ച സമയത്ത് അത് അവസാനിക്കുകതന്നെ ചെയ്യും. രാവിലെ ഉറക്കമുണര്‍ന്നവന്‍ സന്ധ്യവരെ ജീവിച്ചിരിക്കണമെന്നില്ല. രാത്രിയുറങ്ങുന്നവന്‍ അടുത്ത പ്രഭാതം വരെ ജീവിക്കണമെന്നില്ല. അതിനാല്‍, ഓരോരുത്തരും അവരവരുടെ ബാധ്യതകള്‍ പിന്നീട് ചെയ്യാമെന്നു വെച്ച് അലസരാകരുത്. ഇന്ന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ഇന്നുതന്നെ ചെയ്യാന്‍ ശ്രമിക്കുകയാണ് വേണ്ടത്. പിന്നീട് രോഗമോ മറ്റോ കാരണമായി നാം ആഗ്രഹിച്ചതുപോലെ അതു ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലോ? അല്ലാഹു നല്‍കിയ വിഭവങ്ങളും അനുഗ്രഹങ്ങളും ഉപയോഗപ്പെടുത്തി അവന്‍ ഇഷ്ടപ്പെടുന്ന ജീവിതം നയിക്കാന്‍ നാം ശ്രദ്ധിക്കണം. യഥാര്‍ഥ ജീവിതം പരലോകത്താണല്ലോ. അവിടെ സ്വര്‍ഗീയജീവിതം ലഭിക്കാന്‍ ഇഹലോക ജീവിതത്തെ ഉപയോഗിക്കുകയാണ് ബുദ്ധിയുള്ളവര്‍ ചെയ്യേണ്ടത്.

Related Articles