Current Date

Search
Close this search box.
Search
Close this search box.

വസ്ത്രത്തിന്റെ ധര്‍മം

hijab.jpg

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا، قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ يَضْرِبُونَ بِهَا النَّاسَ، وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلَاتٌ مَائِلَاتٌ، رُءُوسُهُنَّ كَأَسْنِمَةِ الْبُخْتِ الْمَائِلَةِ، لَا يَدْخُلْنَ الْجَنَّةَ، وَلَا يَجِدْنَ رِيحَهَا، وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ كَذَا وَكَذَا

അബൂഹുറയ്‌റ(റ)യില്‍ നിന്ന്. നബി(സ) പറഞ്ഞു: രണ്ടു വിഭാഗം ആളുകള്‍ നരകാവകാശികളാകുന്നു. ഞാനവരെ കണ്ടിട്ടില്ല. പശുവിന്റെ വാലുകള്‍ പോലുള്ള ചാട്ടവാറുകളുള്ള ഒരു കൂട്ടര്‍. അവ കൊണ്ടവര്‍ ആളുകളെ അടിക്കുന്നു. (രണ്ടാമത്തെ വിഭാഗം) സ്ത്രീകളാണ്; അവര്‍ വസ്ത്രം ധരിച്ചിരിക്കും. പക്ഷേ നഗ്‌നകളായിരിക്കും. അവര്‍ (മറ്റുള്ളവരെയും തങ്ങളുടെ ദുഷ്പ്രവൃത്തി ചെയ്യാന്‍) ആകര്‍ഷിക്കുന്നവരാണ്. ദൈവാനുസരണത്തില്‍ നിന്ന് തെറ്റിയവരുമാണ്/ ആടിക്കുഴഞ്ഞ് നടക്കുന്നവരും വശീകരിക്കുന്നവരുമാണ്. അവരുടെ തലകള്‍ ഒട്ടകത്തിന്റെ ചാഞ്ചാടുന്ന പൂഞ്ഞകള്‍ പോലെയാണ്. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ അതിന്റെ പരിമളം ആസ്വദിക്കുകയോ ചെയ്യില്ല. അതിന്റെ പരിമളം ഇത്രയിത്ര അകലെ നിന്നും എത്തിക്കൊണ്ടിരിക്കും (മുസ്‌ലിം).

صِنْف : വിഭാഗം, ഇനം
سِيَاطٌ : ചാട്ട  
أَذْنَاب : വാലുകള്‍   
يَضْرِبُ : അടിക്കുന്നു   
كَاسِيَاتٌ : വസ്ത്രം ധരിച്ചവര്‍  
عَارِيَاتٌ : നഗ്‌നകള്‍  
ممِيلَاتٌ : ആകര്‍ഷിക്കുന്നവര്‍
مَائِلَاتٌ : (തെറ്റിലേക്ക്) ചായുന്നവര്‍
أَسْنِمَة : പൂഞ്ഞ  
بُخْت : ഒട്ടകം  
رِيح : കാറ്റ്  
مَسِيرَة : ദൂരം, യാത്ര

അന്യായമായി ആളുകളെ മര്‍ദ്ദിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന ഭരണാധികാരികള്‍ ഉള്‍പ്പടെയുള്ളവരാണ് ഈ ഹദീസില്‍ ആദ്യം പറഞ്ഞ വിഭാഗം. വസ്ത്രധാരണത്തിന്റെ ഗൗരവമാണ് തുടര്‍ന്ന് വ്യക്തമാക്കുന്നത്. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങളില്‍ ഒന്നാണ് വസ്ത്രം. നഗ്നത (ഔറത്ത്) മറക്കാനുള്ള വസ്ത്രം, അലങ്കാര വസ്ത്രം, വിപത്തുകളില്‍ നിന്ന് രക്ഷാകവചമാകുന്ന വസ്ത്രം, ചൂടില്‍ നിന്നും തണുപ്പില്‍ നിന്നും രക്ഷയേകുന്ന വസ്ത്രം, ആത്മീയ വസ്ത്രം (തഖ്‌വ) എന്നിങ്ങനെ വിവിധ തരത്തിലുള്ള വസ്ത്രങ്ങളെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട് (അല്‍ അഅ്‌റാഫ് : 26, അന്നഹ്ല്‍:81).

സയ്യിദ് ഖുതുബ് പറയുന്നു: നഗ്നത മറക്കാനും അണിഞ്ഞൊരുങ്ങാനും അല്ലാഹു ഏര്‍പ്പെടുത്തിയ വസ്ത്രത്തിന് ഭക്തിയുമായി ഒരു ബന്ധമുണ്ട്. രണ്ടും വസ്ത്രങ്ങളാകുന്നു. ഒന്ന് മനസ്സിന്റെ നഗ്‌നത മറക്കുകയും അലങ്കരിക്കുകയും ചെയ്യുന്നു. രണ്ടാമത്തേത് ശരീരത്തിന്റെ നഗ്‌ന മറക്കുകയും അതിനെ അണിയിച്ചൊരുക്കുകയും ചെയ്യുന്നു. രണ്ടിനുമിടയില്‍ യോജിപ്പും പാരസ്പര്യവുമുണ്ട്. ദൈവത്തോടുള്ള ഭക്തിയുടെയും ലജ്ജയുടെയും വിചാരത്തില്‍ നിന്നാണ് ശാരീരിക നഗ്‌നതക്കു നേരെ നാണമുണ്ടാവുന്നത്. അല്ലാഹുവിന്റെ മുന്നില്‍ ലജ്ജിക്കാതെയും അവനെ സൂക്ഷിക്കാതെയുമിരിക്കുമ്പോള്‍ സ്വയം നഗ്നനാകാനും നഗ്‌നതയിലേക്ക് മറ്റുള്ളവരെ ക്ഷണിക്കാനും ലജ്ജിക്കുകയില്ല. ഭക്തിയില്ലാത്ത നഗ്‌നത! വസ്ത്രമില്ലാത്ത നഗ്നത!! ലജ്ജയില്ലാത്ത നഗ്‌നത!!!
 
നാണവും മാനവും ഇല്ലാതാക്കിയാല്‍ മനുഷ്യനെ എളുപ്പം വഴിപിഴപ്പിക്കാമെന്ന് ഇബ്‌ലീസ് ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. മനുഷ്യരിലും ജിന്നിലും പെട്ട പിശാചുക്കള്‍ അത് ഇപ്പോഴും പയറ്റിക്കൊണ്ടിരിക്കുന്നു. അതാണ് അലങ്കാരമെന്ന് അവര്‍ പഠിപ്പിക്കുന്നു. ഖുര്‍ആന്‍ പറയുന്നു: ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കിയതുപോലെ പിശാച് നിങ്ങളെ കുഴപ്പത്തിലകപ്പെടുത്താതിരിക്കട്ടെ. അവരിരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്കു കാണിച്ചുകൊടുക്കാനായി അവന്‍ അവരില്‍ നിന്ന് അവരുടെ വസ്ത്രം എടുത്തുനീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്റെ കൂട്ടാളികളും നിങ്ങളെ കണ്ടുകൊണ്ടിരിക്കുകയാകുന്നു; നിങ്ങള്‍ക്ക് അവരെ കാണാന്‍ സാധിക്കാത്ത വിധത്തില്‍ (അല്‍അഅ്‌റാഫ്: 27).

സ്ത്രീയും പുരുഷനും ഏതെല്ലാം ഭാഗങ്ങള്‍ മറക്കണമെന്ന് കൃത്യമായി നിര്‍വചിച്ച ഏക ജീവിത വ്യവസ്ഥ ഇസ്‌ലാമാണ്. അത് അംഗീകരിക്കാത്തതിന്റെ ഭവിഷ്യത്ത് ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ആദിമ മനുഷ്യര്‍ സംസ്‌കാരം ആര്‍ജിച്ചപ്പോള്‍ ഇലകള്‍ കൊണ്ട് നഗ്‌നത മറക്കാന്‍ തുടങ്ങി എന്ന് പറയുന്നവര്‍ തന്നെ സ്ത്രീകള്‍ പരമാവധി ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കലാണ് ആധുനിക സംസ്‌കാരമെന്ന് പഠിപ്പിക്കുന്നു. അവരുടെ കാഴ്ചപ്പാടില്‍ വസ്ത്രം കേവലം ഭംഗിക്കുവേണ്ടിയുള്ളതാണ്. എന്നാല്‍ ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ ഭംഗിയേക്കാള്‍ പ്രാമുഖ്യം ഔറത്ത് മറക്കുന്നതിനാണ്. സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ശരീരത്തില്‍ മറുവിഭാഗത്തില്‍ വികാരം ഇടക്കിവിടാന്‍ പര്യാപ്തമായ ഭാഗങ്ങള്‍ മറക്കണമെന്ന് ഇസ്‌ലാം കല്‍പിക്കുന്നു. അതിന്റെ ലംഘനം സംസ്‌കാരശൂന്യതയാണ്.

വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ പുരുഷന്‍മാര്‍ പലപ്പോഴും എക്‌സ്ട്രാ ഡീസന്റാണ്. അതേസമയം റുകൂഇല്‍ പോകുമ്പോള്‍ അടിവസ്ത്രത്തിന്റെ ബ്രാന്റ്‌നെയിം പരസ്യപ്പെടുത്തുന്നവരും ഉണ്ടെന്നത് വിസ്മരിക്കാവതല്ല. പക്ഷേ സ്ത്രീകളുടെ കാര്യം അങ്ങനെയല്ല. അംഗലാവണ്യം മാലോകരെ കാണിക്കണമെന്ന് തീരുമാനിച്ചവരാണ് അവരില്‍ നല്ലൊരു ശതമാനവും. മുഖമക്കന മാറിലൂടെ താഴ്ത്തിയിടണമെന്നാണ് മുസ്‌ലിം സ്ത്രീയോടുള്ള അല്ലാഹുവിന്റെ കല്‍പന. എന്നാല്‍ കഴുത്തില്‍ അണിഞ്ഞിരിക്കുന്ന ആഭരണം മറ്റുള്ളവരെ കാണിക്കാന്‍ ആ നിര്‍ദ്ദേശം ലംഘിച്ചല്ലേ പറ്റൂ.

സൈഡ് ഓപണ്‍ അല്ലാത്ത ചുരിദാറിനെ കുറിച്ച് ചിന്തിക്കുന്നത് തന്നെ പലര്‍ക്കും അരോചകമാണ്. അത്തരക്കാര്‍ ബസിലോ ബൈക്കിലോ യാത്ര ചെയ്യുമ്പോഴോ ഒരു കാറ്റടിച്ചാലോ ഉണ്ടാവുന്ന കാഴ്ച എത്ര അശ്ലീലകരമായിരിക്കും! അതുപോലെ ശരീരത്തില്‍ ഒട്ടിനില്‍ക്കുന്നതോ ശരീരത്തിന്റെ ആകാരം വ്യക്തമാവുന്ന വിധത്തിലുള്ളതോ ആയ വസ്ത്രത്തോടാണ് ചിലര്‍ക്ക് പ്രിയം. അവര്‍ വസ്ത്രം ധരിച്ചിട്ടില്ല എന്ന് ആര്‍ക്കും പറയാനാവില്ല. പക്ഷേ വസ്ത്രത്തിന്റെ ധര്‍മം നിര്‍വഹിക്കപ്പെടുന്നില്ലെന്ന് മാത്രം. ഫാഷനെന്ന പേരില്‍ കോപ്രായത്തരങ്ങള്‍ കാണിക്കാന്‍ അവര്‍ സമൂഹത്തെ പ്രേരിപ്പിക്കുന്നു. അവരുടെ നടത്തവും കൊഞ്ചിക്കുഴലുമെല്ലാം വശീകരണശേഷിയുള്ളതാണ്. അത്തരം സ്ത്രീകളെ കാണുമ്പോള്‍ ചില പുരുഷന്‍മാരിലെങ്കിലും ആഭാസ ചിന്തകളുണരുന്നു. അങ്ങനെ അത് ഒരു സമൂഹത്തിലെ ക്രമസമാധാനം പോലും തകര്‍ക്കുന്നു.  

എന്റെ ഉമ്മയും സഹോദരിയും ഭാര്യയും മകളുമെല്ലാം ഇസ്‌ലാം നിര്‍ദ്ദേശിക്കുന്ന വസ്ത്രധാരണം ശീലിക്കുന്നവരാണെന്ന് ഉറപ്പുവരുത്താന്‍ ഓരോ സത്യവിശ്വാസിയും ശ്രദ്ധ ചെലുത്തണം. വസ്ത്ര ധാരണം ഇസ്‌ലാമികമല്ലെങ്കില്‍ സ്വര്‍ഗത്തിലേക്കുള്ള വഴിയടയും. എന്നല്ല സ്വര്‍ഗത്തിന്റെ മണം പോലും ആസ്വദ്ദിക്കാന്‍ അത്തരക്കാര്‍ക്ക് അവസരം കിട്ടുകയില്ലെന്ന് പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കുന്നു. അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളുടെ സ്വത്വത്തെയും കുടുംബത്തെയും നരത്തീയില്‍ നിന്ന് കാത്തുരക്ഷിക്കുക. (അത്തഹ്‌രീം :6)

Related Articles