Current Date

Search
Close this search box.
Search
Close this search box.

റമദാന്‍; ആത്മീയോല്‍ക്കര്‍ഷത്തിന്റെ വസന്തകാലം

lamp1.jpg

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالعَمَلَ بِهِ، فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ»

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. നബി (സ) പറഞ്ഞു: ആര്‍ കളളവും തദനുസാരമുള്ള പ്രവൃത്തിയും ഉപേക്ഷിക്കുന്നില്ലയോ അവന്‍ അന്നപാനീയങ്ങള്‍ ഒഴിവാക്കുന്നതില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല. (ബുഖാരി)

وَدَعَ – يَدَعُ : ഉപേക്ഷിച്ചു
قَوْل : വാക്ക്
زُور : അസത്യം,കള്ളം
عَمَل : കര്‍മം
لَيْسَ : ഇല്ല
حَاجَة : ആവശ്യം
طَعَام : ഭക്ഷണം
شَرَاب : പാനീയം

അനവധി തവണ റമദാന്‍ എന്ന വിശിഷ്ടാഥിതി നമ്മെ തേടിയെത്തി; കൈ നിറയെ സമ്മാനങ്ങളുമായി. ഓഫറുകളുടെ പെരുമഴയുമായി. ഭൗതികാര്‍ഥത്തില്‍ നാം ആ അഥിതിയെ സ്വീകരിച്ചു; ഊഷ്മളമായിത്തന്നെ. പക്ഷേ അര്‍ഹമായ രൂപത്തില്‍ സല്‍ക്കരിക്കാന്‍ നമുക്ക് സാധിച്ചുവോ? ആത്മീയമായി ഉന്നതങ്ങളിലേക്ക് നമ്മെ കൊണ്ടുപോകാനാണ് റമദാന്‍ വന്നത്. പക്ഷേ നാം പോകാന്‍ തയ്യാറായോ?

ഇതാ വീണ്ടുമൊരു അവസരം കൂടി. ആര്‍ത്തിയോടെ ഈ റമദാനിനെ വാരിപ്പുണരാനും മനസ്സും ശരീരവും സ്ഫുടം ചെയ്യാനും കൃത്യമായ പ്ലാനിംഗ് നമുക്ക് വേണം. റമദാന്‍ സമുദ്രമാണ്. പെരുന്നാള്‍ തീരവും. തീരത്തണയും മുമ്പ് എത്ര /ഏത് തരത്തിലുള്ള മല്‍സ്യം പിടിക്കണമെന്ന് നേരത്തെ തീരുമാനിക്കണം. ദിനരാത്രങ്ങളുടെ ചിപ്പിയില്‍ നമ്മെ കാത്തിരുന്ന മുത്താണ് റമദാന്‍. ആ പേരുള്ള മാസത്തില്‍ ജീവിച്ചതുകൊണ്ട് മാത്രം അത് നേടാനാവില്ല. അല്‍പം സാഹസിക കാണിക്കാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമേ അത് കൈവശപ്പെടുത്താനാവൂ. റമദാനിന്റെ വില തിരിച്ചറിയുമ്പോഴേ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയുണ്ടാവൂ. നിര്‍ഭാഗ്യവശാല്‍ റമദാന്‍ പടിയിറങ്ങുമ്പോള്‍ പലരും ഷോപ്പിംഗിന്റെ തിരക്കിലായിരിക്കുമല്ലോ.

പലര്‍ക്കും കേവലം പട്ടിണിയാണ് നോമ്പ്. വാക്കും പ്രവൃത്തിയും പിശാചിന്റേതുതന്നെ. യഥാര്‍ഥത്തില്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ പാലിക്കാന്‍ പരിശീലിക്കലാണല്ലോ അത്. മനുഷ്യരാരും കാണാതെ അന്നപാനീയങ്ങള്‍ കഴിക്കാന്‍ സാധിക്കുമായിരുന്നിട്ടും നാം അത് ചെയ്യുന്നില്ല. ആമാശയത്തിന് മാത്രം പോര നോമ്പ്. നാവ് ഉള്‍പ്പെടെയുള്ള അവയവങ്ങളും മുഴുവന്‍ അതിനനുസൃതമായി നിയന്ത്രിക്കപ്പെടണം. അപ്പോള്‍ മാത്രമേ നോമ്പ് സാര്‍ഥകമാവൂ. തെറ്റ് ഉപേക്ഷിക്കല്‍ മാത്രമല്ല, ശരി ചെയ്യലും കൂടിയാണ് ഈ പരിശീലനത്തിലൂടെ സാധ്യമാവേണ്ടത്. അതിനാല്‍ വരണ്ട കണ്ണുകള്‍ സജലങ്ങളാവട്ടെ. പാറകള്‍ പോലെയുള്ള ഹൃദയങ്ങള്‍ പൊട്ടിത്തകരട്ടെ. അലസതയുടെ കവാടങ്ങള്‍ അടയട്ടെ. കര്‍മ നൈരന്തര്യത്തിന്റെ വാതായനങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടട്ടെ.

മുക്കുവന്റെ വലയിലകപ്പെട്ട മല്‍സ്യം അതില്‍ നിന്ന് പുറത്തുകടക്കാന്‍ അത്യധ്വാനം ചെയ്യും. കാരണം രക്ഷപ്പെട്ടില്ലെങ്കില്‍ ഏതാനും മണിക്കൂറുകള്‍ക്കകം  തീയില്‍ എരിയെണ്ടിവരും. പിശാച് വിരിച്ച വല പൊട്ടിച്ച് രക്ഷപ്പെടാന്‍ നിശ്ചയദാര്‍ഢ്യത്തോടെ നാം പരിശ്രമിക്കണം. ഇല്ലായെങ്കില്‍ ഒടുവില്‍ നരകത്തീയില്‍ എരിയേണ്ടി വരും.
സല്‍കര്‍മങ്ങള്‍ക്ക് പതിന്‍മടങ്ങ് പ്രതിഫലമാണ് ഈ മാസത്തെ ഓഫര്‍. ഖുര്‍ആനാണ് റമദാനിന്റെ ആത്മാവ് എന്നതിനാല്‍ അതിനെ അവഗണിച്ചുകൊണ്ടുള്ള നോമ്പ് പൂര്‍ണമാകില്ല. നിര്‍ബന്ധ നമസ്‌കാരത്തിലെ നിഷ്ഠയും രാത്രി നമസ്‌കാരം ഉള്‍പ്പടെയുള്ള സുന്നത്ത് നമസ്‌കാരങ്ങളിലെ ജാഗ്രതയും ദിക്‌റുകളിലും ദാനധര്‍മങ്ങളിലുമുള്ള അത്യുല്‍സാഹവും നമ്മുടെ നോമ്പിലെ പ്രധാന ചേരുവകളാവണം. ദിനേന 12 റക്അത്ത് റവാതിബ് സുന്നത്തുകള്‍ നിര്‍വഹിക്കുന്നവന് സ്വര്‍ഗത്തില്‍ പ്രത്യേക ഭവനമുണ്ടാവുമെന്ന് പ്രവാചകന്‍ സന്തോഷ വാര്‍ത്ത അറിയിക്കുന്നു (മുസ്‌ലിം). ആത്മാര്‍ഥതയോടെയും പ്രതിഫലത്തെ കുറിച്ച ഉറച്ച ബോധ്യത്തോടെയും  റമദാനിന്റെ രാത്രികളെ ഇബാദത്തുകള്‍ കൊണ്ട് സജീവമാക്കിയാല്‍ നമ്മുടെ മുന്‍കഴിഞ്ഞ പാപങ്ങള്‍ക്ക് അത് പരിഹാരമാവുമെന്ന് ഹദീസുകളില്‍ കാണാം.

നോമ്പനുഷ്ഠിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്ന ഒന്നാണ് പ്രാര്‍ഥന. അല്ലാഹുവിന് വേണ്ടി അന്നപാനീയങ്ങള്‍ പോലും ഉപേക്ഷിക്കുന്നവനെ അവഗണിക്കാന്‍ അല്ലാഹുവിനാവില്ല. നോമ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിവരിക്കുന്ന കൂട്ടത്തില്‍ ഖുര്‍ആന്‍ സവിശേഷം എടുത്തു പറഞ്ഞ ഒന്നാണ് പ്രാര്‍ഥന. (അല്‍ബഖറ 187) ഇതിനെ വിശദീകരിച്ചുകൊണ്ട് സയ്യിദ് ഖുതുബ് പറയുന്നു: വിളിക്കുന്നവന്റെ വിളിക്കുത്തരമേകിക്കൊണ്ട് അവന്‍ (അല്ലാഹു) അടുത്തുതന്നെയുണ്ടെന്ന്. എന്തൊരു വാത്സല്യം. എന്തൊരു ലാളിത്യം. എന്തൊരു മാര്‍ദവം. എന്തൊരു സൗഹൃദം. ഇതിന്റെ മുമ്പില്‍ ഉപവാസത്തിന്റെ പ്രയാസമെവിടെ? ഈ സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും തണലില്‍ ഏതനുഷ്ഠാനത്തിനാണ് പ്രയാസമുള്ളത്?

റമദാനിനെ മൂന്ന് ഭാഗങ്ങളാക്കി വിഭജിച്ച് ആദ്യപത്തില്‍ ദിവ്യകാരുണ്യത്തിനും രണ്ടാമത്തേതില്‍ പാപമോചനത്തിനും മൂന്നാമത്തേതില്‍ നരകവിമുക്തിക്കും വേണ്ടി പ്രാര്‍ഥിക്കാറുണ്ട്. യഥാര്‍ഥത്തില്‍ ഈ വിഭജനത്തിന് പ്രബലമായ പ്രമാണങ്ങളുടെ പിന്തുണയില്ല. മാത്രമല്ല, കാരുണ്യത്തിന്റേയും പാപമോചനത്തിന്റേയും നകരവിമുക്തിയുടേയും നാളുകളാണ് റമദാനിലെ ഓരോ ദിവസവുമെന്ന് മനസ്സിലാക്കുന്നതായിക്കും ഉചിതം. പ്രബലമായ ഹദീസുകളില്‍ നിന്ന് വ്യക്തമാവുന്നതും അതാണ്. രാപ്പകല്‍ ഭേദമന്യേയുള്ള പ്രാര്‍ഥനയിലൂടെയും പുണ്യകര്‍മങ്ങളിലൂടെയും ആത്മാവിനെ സ്ഫുടം ചെയ്‌തെടുക്കാനുള്ള അസുലഭാവസരമായി റമദാനിനെ ഉപയോഗപ്പെടുത്തണം. രാത്രി നമസ്‌കാരങ്ങളിലെ സുജൂദുകള്‍ ദീര്‍ഘമായ പ്രാര്‍ഥകളുടെ സന്ദര്‍ഭങ്ങളാവട്ടെ. ദൈനംദിന ജീവിതത്തില്‍ പകര്‍ത്താന്‍ നാം പഠിപ്പിക്കപ്പെട്ട പ്രാര്‍ഥനകള്‍ ശീലമാക്കാനുള്ള ഒരു അവസരം കൂടിയാവട്ടെ റമദാന്‍.

റമദാന്‍ വ്രതം വിശപ്പിന്റെ വിലയറിയാന്‍ സഹായിക്കുന്നു എന്ന് പറയാറുണ്ട്. എന്നാല്‍ ഇതര മാസങ്ങളേക്കാള്‍ വിഭവസമൃദ്ധമല്ലേ റമദാനിലെ നമ്മുടെ തീന്‍മേശകള്‍; അങ്ങാടികള്‍. റമദാന്‍ വിഭവങ്ങളുടെ ചേരുവകള്‍ പഠിപ്പിക്കാന്‍ പത്രങ്ങളും മാസികകളും മല്‍സരിക്കുന്നു. സ്വസ്ഥമായൊന്നു നമസ്‌കരിക്കാന്‍ പോലുമാകാതെ സത്രീകള്‍ അടുക്കളയില്‍ വിയര്‍ക്കുന്നു. അവര്‍ക്കും വേണ്ട പാപങ്ങളില്‍ നിന്നുള്ള മോചനം? വരും നാളുകളിലേക്കുള്ള ഈമാനിക ഊര്‍ജ്ജം നമുക്ക് മാത്രം നേടിയാല്‍ മതിയോ? കുടുംബത്തെ കൂടി പങ്കുചേര്‍ത്തുകൊണ്ടായിരുന്നു റമദാന്‍ പ്രവാചകന്‍ ഉപയോഗപ്പെടുത്തിയിരുന്നത്. അതല്ലേ നമുക്ക് മാതൃകയാവേണ്ടത്?

ഉറക്കം, നിര്‍ഗുണ സംസാരങ്ങള്‍, ഗാനാസ്വാദനം, നേരം പോക്കിനുളള ചെപ്പടിവിദ്യകള്‍ തുടങ്ങിയവയിലൂടെ റമദാനെ തള്ളിനീക്കുന്നവര്‍ ഓര്‍ക്കുക, ഈ സൗഭാഗ്യത്തെ പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിക്കുന്നവര്‍ ഒരു നാള്‍ ഖേദിക്കേണ്ടിവരും. റമദാനില്‍ ആരോഗ്യത്തോടെ ജീവിക്കാന്‍ അവസരം ലഭിച്ചിട്ട് അത് വിടപറയുമ്പോള്‍ പാപമോചിതനാവാത്തവന് നാശമുണ്ടാവട്ടെ എന്ന ജിബ്‌രീലിന്റെ പ്രാര്‍ഥനക്ക് പ്രവാചകന്‍ ആമീന്‍ പറഞ്ഞത് ആപത്‌സൂചനയായി കാണണം. അല്ലാഹുവിന്റെ നിയമങ്ങള്‍ പാലിക്കാന്‍ സാധിക്കുന്നതാണെന്ന് പ്രഖ്യാപിക്കുകയാണ് റമദാനില്‍ നാം. ഇതര മാസങ്ങളില്‍ അവ ലംഘിക്കപ്പെടുന്നതിന് അസാധ്യതയുടെ ന്യായം ഉന്നയിക്കാനാവില്ലെന്ന് സാരം.

Related Articles