Current Date

Search
Close this search box.
Search
Close this search box.

റജബ് മാസത്തിലെ ബിദ്അത്തുകള്‍

rajab333.jpg

അല്ലാഹു സൃഷ്ടിച്ച മാസങ്ങളില്‍ ചിലതിന് ചിലതിനേക്കാള്‍ ശ്രേഷ്ടതയുണ്ട്. അല്ലാഹു വിവരിക്കുന്നു: ‘ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം)വിലക്കപ്പെട്ടമാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. (അത്തൗബ : 36). ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹര്‍റം, റജബ് എന്നിവയാണ് ആ പവിത്ര മാസങ്ങള്‍. റജബിനുള്ള ഏക സവിശേഷതയും ഇതു തന്നെയാണ്. ദുര്‍ബലമായ ചില ഹദീസുകളുടെ അടിസ്ഥാനത്തില്‍ നിരവധി ബിദ്അതുകള്‍ ഈ മാസവുമായി ചേര്‍ത്ത് പ്രചരിപ്പിക്കാറുണ്ട്. അതിനാലാണ് ‘റജബിന്റെ ശ്രേഷ്ടത വിവരിച്ചുകൊണ്ടു വന്ന ഹദീസുകളെല്ലാം വ്യാജമാണെന്ന് ശൈഖുല്‍ ഇസ് ലാം ഇബ്‌നു തൈമിയ വിവരിച്ചിട്ടുള്ളത്.

യഥാര്‍ഥത്തില്‍ റജബില്‍ എന്തെല്ലാമാണ് ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത, അതിന്റെ വിധികള്‍ എന്നിവയെ കുറിച്ച് നമുക്ക് പരിശോധിക്കാം.
1. വരവേല്‍പ്പ്:
റജബ് മാസം ആഗതമായാല്‍ ‘അല്ലാഹുവേ റജബ് മാസത്തിലും ശഅ്ബാന്‍ മാസത്തിലും നീ ഞങ്ങള്‍ക്ക് അനുഗ്രഹം ചൊരിയേണമേ, റമദാനിലേക്ക് ഞങ്ങളെ നീ എത്തിക്കണമേ’ എന്ന ആശംസിക്കണം എന്നതാണ് ഇതില്‍ പ്രധാനം. ഇത് ദുര്‍ബല ഹദീസാണെന്നാണ് പണ്ഡിതന്മാര്‍ വിവിരിച്ചിട്ടുള്ളത്.

2. പ്രത്യേക നമസ്‌കാരം:
ഇബനു റജബ് വിവരിക്കുന്നു : റജബ് മാസത്തില്‍ പ്രത്യേകമായുള്ള നമസ്‌കാരം പ്രമാണയോഗ്യമല്ല, റജബ് മാസത്തിലെ ആദ്യത്തെ ജുമുഅയുടെ രാത്രിയുള്ള 12 റക്അതുള്ള സ്വലാതു റവാഇബ് വ്യാജവും പ്രമാണത്തിന്റെ പിന്‍ബലവുമില്ലാത്തതുമാണ്. ഇത് ബിദ്അത്താണെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും വീക്ഷണം.

3.നോമ്പ്
റജബ് മാസത്തിലെ പ്രത്യേക ദിനങ്ങളില്‍ മുന്‍ഗാമികളാരും നോമ്പ് അനുഷ്ടിച്ചതായി തെളിവില്ല, ഇബ്‌നുറജബ്(റ) വിവരിക്കുന്നു. റജബ് മാസത്തിലെ പ്രത്യേകമായ നോമ്പിനെ കുറിച്ച് പ്രവാചകനില്‍ നിന്നോ സഹാബികളില്‍ നിന്നോ പ്രമാണയോഗ്യമായ റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല.

4. ഉംറ
മറ്റു മാസങ്ങളില്ലാത്ത പ്രത്യേകതയൊന്നും റജബ് മാസത്തിലെ ഉംറക്ക് ഇല്ല. ഉംറതുര്‍റജബിയ്യ എന്നു പറയപ്പെടുന്നത് ബിദ്അത്താണ്.

5. ബലി
അറബികള്‍ ജാഹിലിയ്യത്തില്‍ അല്ലാഹുവിന്റെ സാമീപ്യത്തിനായി റജബ് മാസത്തില്‍ ബലി അര്‍പ്പിക്കാറുണ്ടായിരുന്നു. പവിത്രമാസങ്ങളെ ആദരിച്ചുകൊണ്ടായിരുന്നു അത്. റജബിന് മറ്റു മാസങ്ങളേക്കാളും പ്രാധാന്യമുള്ളതു കൊണ്ടാണ് ഈ മാസം അവര്‍ തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഇത് സുന്നത്തിന് വിരുദ്ധമാണ്. അത് അനുവദനീയമാണെങ്കില്‍ സഹാബാക്കള്‍ അപ്രകാരം ചെയ്യുമായിരുന്നു.

6.ഇസ്രാഅ്-മിഅ്‌റാജ് രാത്രിയിലെ ആഘോഷങ്ങള്‍
പ്രവാചകനും അനുചരന്മാരും ഇത്തരം ആഘോഷങ്ങളിലേര്‍പ്പെടാത്തതിനാല്‍ തന്നെ ഇത് ബിദ്അതാണ്. അതിന്റെ ദിവസവും മാസവും ചരിത്രവും എല്ലാം നിര്‍ണിതമല്ല.
അതിനാല്‍ തന്നെ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അനുശാസിക്കുന്ന പ്രകാരം കര്‍മങ്ങളനുഷ്ടിക്കുകയും ബിദ്അത്തുകളില്‍ നിന്ന് അകലം പാലിക്കുകയും ചെയ്യുക എന്നതാണ് വിശ്വാസികള്‍ക്ക് ഭൂഷണമായിട്ടുള്ളത്. അല്ലാഹു പറഞ്ഞു: ‘നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങള്‍ പിന്‍പറ്റുക. അവനുപുറമെ മറ്റു രക്ഷാധികാരികളെ നിങ്ങള്‍ പിന്‍പറ്റരുത്. വളരെ കുറച്ച് മാത്രമേ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ’. (അഅ്‌റാഫ് : 3),
പ്രവാചകന്‍ പറഞ്ഞു: ‘ദീനില്‍ ഇല്ലാത്തത് ആരെങ്കിലും പുതുതായി കൊണ്ടുവന്നാല്‍ അത് തള്ളിക്കളയേണ്ടതാണ്.’

അവലംബം : islamstory.com

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles