Current Date

Search
Close this search box.
Search
Close this search box.

രോഗിയെ പരിചരിക്കല്‍ സത്യവിശ്വാസിയുടെ ദൗത്യം

patient.jpg

عَنْ ثَوْبَانَ عَنْ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: مَنْ عَادَ مَرِيضًا لَمْ يَزَلْ فِي خُرْفَةِ الْجَنَّةِ، قِيلَ : يَا رَسُولَ اللهِ وَمَا خُرْفَةُ الْجَنَّةِ؟ قَالَ: «جَنَاهَا»

സൗബാനി(റ)ല്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ആരെങ്കിലും ഒരു രോഗിയെ സന്ദര്‍ശിച്ച് ആവശ്യമായ ശുശ്രൂഷകള്‍ നിര്‍വഹിച്ചാല്‍ അവന്‍ (അവിടെ നിന്ന് മടങ്ങുന്നതുവരെ) സ്വര്‍ഗത്തില്‍ ‘ഖുര്‍ഫത്തി’ലായിരിക്കും. ഒരാള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്താണ് സ്വര്‍ഗത്തിലെ ‘ഖുര്‍ഫത്ത്’? നബി(സ) പറഞ്ഞു: അതിലെ പഴവര്‍ഗങ്ങള്‍ തന്നെ. (മുസ്‌ലിം)

عَادَ : സന്ദര്‍ശിച്ചു, പരിചരിച്ചു
عِيَادَة: ഡിസ്‌പെന്‍സറി, ക്ലിനിക്  
مَرِيضٌ : രോഗി
مَا زَالَ : ആയിക്കൊണ്ടേയിരുന്നു
جَنَى : ഫലങ്ങള്‍

സൗബാനി(റ)ല്‍ നിന്ന് നിവേദനം عَنْ ثَوْبَانَ
നബി(സ) പറഞ്ഞു: عَنْ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ
ആരെങ്കിലും ഒരു രോഗിയെ സന്ദര്‍ശിച്ചാല്‍ (പരിചരിച്ചാല്‍) مَنْ عَادَ مَرِيضًا
അവന്‍ (അവിടെ നിന്ന് മടങ്ങുന്നതുവരെ) സ്വര്‍ഗത്തില്‍ ‘ഖുര്‍ഫത്തി’ലായിരിക്കും لَمْ يَزَلْ فِي خُرْفَةِ الْجَنَّةِ
ആരോ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്താണ് സ്വര്‍ഗത്തിലെ ‘ഖുര്‍ഫത്ത്’? قِيلَ: يَا رَسُولَ اللهِ وَمَا خُرْفَةُ الْجَنَّةِ؟
നബി(സ) പറഞ്ഞു: അതിലെ പഴവര്‍ഗങ്ങള്‍ قَالَ: جَنَاهَا

ആരോഗ്യരംഗത്ത് വന്‍പുരോഗതിയുണ്ടെന്ന് അവകാശപ്പെടുമ്പോഴും രോഗങ്ങളുടെയും രോഗികളുടെയും ആശുപത്രികളുടെയും എണ്ണം അനുദിനം വര്‍ധിച്ചുക്കൊണ്ടേയിരിക്കുകയാണല്ലോ. അതേസമയം വലിയൊരു വിഭാഗം ആളുകള്‍ ചികില്‍സക്ക് ഗതിയില്ലാതെ ദുരിതമനുഭവിക്കുകയും ചെയ്യുന്നു. അത്തരക്കാരില്‍ പലരുടെയും ദയനീയ മുഖങ്ങള്‍ ഇന്ന്  വാര്‍ത്താമാധ്യമങ്ങളിലെ പതിവുകാഴ്ചയായിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഇസ്‌ലാമിക മൂല്യങ്ങളില്‍ അടിയുറച്ച് നില്‍ക്കുന്നവര്‍ കൂടുതല്‍ ഊര്‍ജസ്വലരായി, തങ്ങളുടെ ദൗത്യനിര്‍വഹണ രംഗത്ത് സജീവമാകേണ്ടിയിരിക്കുന്നു.

രോഗിയെ സന്ദര്‍ശിക്കുക, അയാളുടെ സ്ഥിതിഗതികള്‍ അന്വേഷിക്കുക, ആവശ്യമായ ശുശ്രൂഷകളും പരിചരണവും നിര്‍വഹിക്കുക, ആശ്വസിപ്പിക്കുക, ആവശ്യമായ സഹായങ്ങള്‍ ചെയ്യുക, രോഗശമനത്തിനായി പ്രാര്‍ഥിക്കുക തുടങ്ങിയവയെല്ലാം ഇസ്‌ലാമിക മര്യാദകളില്‍ പെട്ടതാണ്.

രോഗിയെ സന്ദര്‍ശിക്കുക എന്നതിന് ‘ഇയാദത്ത്’ എന്ന ക്രിയാധാതുവോ അതില്‍  നിന്ന് നിഷ്പന്നമായ പദങ്ങളോ ആണ് ഹദീസുകളില്‍ കാണുന്നത്. കേവലാര്‍ഥത്തിലുള്ള സന്ദര്‍ശനമല്ല, മറിച്ച് പരിചരണവും ആശ്വാസം പ്രദാനം ചെയ്യലുമെല്ലാം ഉള്‍ച്ചേര്‍ന്ന ആശയമാണ് അത് മുന്നോട്ട് വെക്കുന്നത് എന്ന്  പ്രവാചകന്റെ കര്‍മമാതൃകയില്‍ നിന്ന് മനസിലാക്കാം. ക്ലിനിക് എന്നതിന് അറബി ഭാഷയില്‍ ഉപയോഗിക്കുന്ന ഒരു പദമാണ് ‘ഇയാദത്ത്’. ഇതില്‍ നിന്ന് തന്നെ പ്രസ്തുത പദത്തിന്റെ അര്‍ഥവ്യാപ്തി ഗ്രഹിക്കാം.

രോഗിയെ പരിചരിക്കുക എന്നത് സത്യവിശ്വാസിയുടെ ബാധ്യതയാണെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു (ബുഖാരി, മുസ്‌ലിം). രോഗികള്‍ ഉള്‍പ്പടെ, സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ മുസ്‌ലിം സമൂഹത്തോട് പ്രവാചകന്‍ ആവശ്യപ്പെടുന്നു:

أَطْعِمُوا الْجَائِعَ وَعُودُوا الْمَرِيضَ وَفُكُّوا الْعَانِيَ

നിങ്ങള്‍ വിശന്നവന് ആഹാരം നല്‍കുവിന്‍, രോഗിയെ പരിചരിക്കുവിന്‍, ബന്ധനസ്ഥനെ മോചിപ്പിക്കുവിന്‍. (ബുഖാരി)
രോഗിയെ പരിചരിക്കുന്നത് ഏറെ ശ്രേഷ്ഠകരമായ കര്‍മമാണ്. നബി(സ) പറഞ്ഞു:

مَنْ عَادَ مَرِيضًا ، نَادَى مُنَادٍ مِنَ السَّمَاءِ : طِبْتَ ، وَطَابَ مَمْشَاكَ ، وَتَبَوَّأْتَ مِنَ الْجَنَّةِ مَنْزِلاً

ആരെങ്കിലും ഒരു രോഗിയെ പരിചരിച്ചാല്‍ ആകാശലോകത്തുനിന്ന് ഇപ്രകാരം വിളിച്ചുപറയും: നീ നല്ലതു ചെയ്തു. നിന്റെ നടത്തം ഗുണകരമായി ഭവിച്ചു. സ്വര്‍ഗത്തില്‍ നീയൊരു സ്ഥാനം സജ്ജമാക്കി. (ഇബ്‌നുമാജഃ)

രോഗിയെ പരിചരിക്കുന്നത് അല്ലാഹുവിനെ പരിചരിക്കുന്നതിന് തുല്യമാണെന്ന് ഖുദ്‌സിയായ ഒരു ഹദീസില്‍ കാണാം: നബി (സ) പറഞ്ഞു: അന്ത്യനാളിലെ വിചാരണാവേളയില്‍ അല്ലാഹു (ഒരാളെ വിളിച്ച് ഇങ്ങനെ)പറയും: മനുഷ്യാ, ഞാന്‍ രോഗബാധിതനായി. നീയെന്നെ പരിചരിച്ചില്ല. അവന്‍ പറയും: നാഥാ, ഞാനെങ്ങനെ നിന്നെ പരിചരിക്കും. നീ സര്‍വലോക പരിപാലകനല്ലേ?അപ്പോള്‍ അല്ലാഹു പറയും: എന്റെ ഇന്ന ദാസന്‍ രോഗബാധിതനായത് നിനക്കറിയാമായിരുന്നില്ലേ? എന്നിട്ട് നീ അവനെ ശുശ്രൂഷിച്ചില്ലല്ലോ. നിനക്കറിയാമായിരുന്നില്ലേ, നീ അത് നിര്‍വഹിച്ചിരുന്നുവെങ്കില്‍ എന്നെ അവിടെ കണ്ടെത്തുമായിരുന്നു എന്ന്? (മുസ്‌ലിം)

മറ്റൊരു സന്ദര്‍ഭത്തില്‍ നബി(സ) പറഞ്ഞു:

مَا مِنْ مُسْلِمٍ يَعُودُ مُسْلِمًا غُدْوَةً إِلاَّ صَلَّى عَلَيْهِ سَبْعُونَ أَلْفَ مَلَكٍ حَتَّى يُمْسِىَ وَإِنْ عَادَهُ عَشِيَّةً إِلاَّ صَلَّى عَلَيْهِ سَبْعُونَ أَلْفَ مَلَكٍ حَتَّى يُصْبِحَ وَكَانَ لَهُ خَرِيفٌ فِى الْجَنَّةِ

ഒരു മുസ്‌ലിം രാവിലെ (രോഗിയായ) മറ്റൊരു മുസ്‌ലിമിനെ പരിചരിച്ചാല്‍ വൈകുന്നേരം വരെ എഴുപതിനായിരം മലക്കുകള്‍ അവന് വേണ്ടി പ്രാര്‍ഥിക്കും. വൈകുന്നേരമാണ് പരിചരിക്കുന്നതെങ്കില്‍ പ്രഭാതം വരെ എഴുപതിനായിരം മലക്കുകള്‍ അവന് വേണ്ടി പ്രാര്‍ഥിക്കും. സ്വര്‍ഗത്തില്‍ അവന് സുഖസൗകര്യങ്ങള്‍ ലഭിക്കുകയും ചെയ്യും. (തിര്‍മിദി)

രോഗിയെ ശുശ്രൂഷിക്കുക എന്നതില്‍ ഒരു സത്യവിശ്വാസിയുടെ ആത്മാര്‍ഥജാഗ്രത ഇമാം ശാഫിഈ ഒരു കവിതയിലൂടെ ഇങ്ങനെ വ്യക്തമാക്കുന്നു: ‘എന്റെ സുഹൃത്ത് രോഗിയായപ്പോള്‍ ഞാന്‍ അവനെ പരിചരിച്ചു. അവന്റെ കാര്യത്തിലുള്ള എന്റെ ആധിയാല്‍ ഞാന്‍ രോഗിയായി. അങ്ങനെ കിടപ്പിലായ എന്നെ പരിചരിക്കാന്‍ ആ സുഹൃത്ത് വന്നു. അവനെ കണ്ടതോടെ എന്റെ രോഗം ഭേദമായി.’

രോഗികളെ പരിചരിക്കുന്ന കാര്യത്തില്‍ പ്രവാചകനും സഹാബികളുമാണ് നമ്മുടെ മാതൃക. അത് പരലോകത്ത് ഏറെ പ്രതിഫലം നേടിത്തരുമെന്ന് മാത്രമല്ല, നമ്മിലും നാം സന്ദര്‍ശിക്കുകയും പരിചരിക്കുകയും ചെയ്യുന്ന രോഗിയിലും സമൂഹത്തിലും നിരവധി സദ്ഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഏറെകാലം ആളുകള്‍ക്കിടയില്‍ കഴിഞ്ഞിരുന്നവര്‍ കിടപ്പിലാവുമ്പോള്‍ അനുഭവിക്കുന്ന ഏകാന്തതക്ക് അത് ഒരു പരിധി വരെ പരിഹാരമാവുന്നു. രോഗിയിലും കുടുംബത്തിലും തങ്ങളെ ആളുകള്‍ പരിഗണിക്കുന്നുവെന്ന ബോധം പകരുന്നു. നിരാശ ഇല്ലാതാക്കാനും ആത്മവിശ്വസവും പ്രതീക്ഷയും വളരാനും സഹായിക്കുന്നു. മനുഷ്യര്‍ തമ്മിലുളള ബന്ധം ഊഷ്മളമാക്കുന്നു. ഇസ്‌ലാമിന്റെ സുന്ദരമുഖം ജനങ്ങള്‍ക്ക് ദൃശ്യമാവുന്നു. അല്ലാഹു നല്‍കിയ ആരോഗ്യം എന്ന അനുഗ്രഹത്തെ കുറിച്ച ചിന്തകള്‍ ഉണരുന്നു. പകയും വിദ്വേഷവും അലിഞ്ഞ് ഇല്ലാതാവുന്നു.

സമൂഹത്തില്‍ ക്ലേശവും ദുരിതവും അനുഭവിക്കുന്നവര്‍ക്ക് അത്താണിയാവുക ഏതൊരു സത്യവിശ്വാസിയുടെയും സാമൂഹ്യധര്‍മങ്ങളില്‍ ഒന്നാണ്. അന്ത്യനാളില്‍ അല്ലാഹുവിന്റെ കനിവും കാരുണ്യവും ലഭിക്കാന്‍ അര്‍ഹനാക്കുന്ന പ്രവൃത്തിയാണത്. ആത്മാര്‍ഥതയിലും സ്‌നേഹത്തിലും അധിഷ്ഠിതവും സ്വാര്‍ഥ താല്പര്യങ്ങളില്‍ നിന്ന് മുക്തവുമായ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ സങ്കല്‍പങ്ങള്‍ക്കതീതമായ പ്രതിഫലമാണ് ഇസ്‌ലാം വാഗ്ദാനം ചെയ്യുന്നത്. അശരണരുടെയും ആലംബഹീനരുടെയും പ്രയാസങ്ങള്‍ ലഘൂകരിച്ചുകൊടുക്കുക എന്നത് മൂകതയും ഭയവും തളംകെട്ടി നില്‍ക്കുന്ന പരലോകവിചാരണവേളയിലെ അനിര്‍വചനീയമായ ക്ലേശങ്ങള്‍ അകറ്റപ്പെടാനും ഇഹപരജീവിതങ്ങളിലെ ദുരിതങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കാനും സഹായമാവുമെന്ന നബിവചനം നമ്മെ ഉത്തേജിപ്പിക്കേണ്ടതുണ്ട്. വ്യക്തിപരമായോ പാലീയേറ്റീവ് കെയര്‍ പോലുള്ള സന്നദ്ധകൂട്ടായ്കമളുടെ ഭാഗമായിട്ടോ രോഗികളെ ശുശ്രൂഷിക്കാന്‍  സത്യവിശ്വാസികള്‍ ബോധപൂര്‍വം രംഗത്തിറങ്ങുക എന്നത് കാലഘട്ടത്തിന്റെയും അതിലുപരി ഈമാനിന്റെയും തേട്ടമാണ്.

Related Articles