Current Date

Search
Close this search box.
Search
Close this search box.

ഭക്ഷണത്തളികയും ചപ്പുചവറും; മുസ്‌ലിംകളുടെ ഉപമകള്‍

floating-waste.jpg

عَنْ ثَوْبَانَ مَوْلَى رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «يُوشِكُ أَنْ تَدَاعَى عَلَيْكُمُ الْأُمَمُ مِنْ كُلِّ أُفُقٍ كَمَا تَدَاعَى الْأَكَلَةُ عَلَى قَصْعَتِهَا» . قَالَ: قُلْنَا: يَا رَسُولَ اللَّهِ، أَمِنْ قِلَّةٍ بِنَا يَوْمَئِذٍ؟ قَالَ: «أَنْتُمْ يَوْمَئِذٍ كَثِيرٌ، وَلَكِنْ تَكُونُونَ غُثَاءً كَغُثَاءِ السَّيْلِ، تُنْتَزَعُ الْمَهَابَةُ مِنْ قُلُوبِ عَدُوِّكُمْ، وَيَجْعَلُ فِي قُلُوبِكُمُ الْوَهْنَ» . قَالَ: قُلْنَا: وَمَا الْوَهْنُ؟ قَالَ: «حُبُّ الْحَيَاةِ وَكَرَاهِيَةُ الْمَوْتِ» (مسند أحمد)

റസൂലിന്റെ മൗല (വിമുക്തദാസന്‍) ആയ സൗബാനില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു; നബി(സ) അരുളി: തീറ്റപ്രിയര്‍ തങ്ങളുടെ  ഭക്ഷത്തളികയിലേക്ക് ഉല്‍സാഹപൂര്‍വം ആളുകളെ വിളിച്ച് കൂട്ടുന്നതുപോലെ നാനാഭാഗത്തുനിന്നും വിവിധ ജനസമൂഹങ്ങള്‍ നിങ്ങള്‍ക്കെതിരെ ആളെക്കൂട്ടുന്ന അവസ്ഥ ഉണ്ടാകും (നിങ്ങള്‍ക്കെതിരെ ശത്രുക്കള്‍ ചാടിവീഴാറായിരിക്കുന്നു). (സൗബാന്‍ പറയുന്നു) ഞങ്ങള്‍ ചോദിച്ചു അല്ലാഹുവിന്റെ ദൂതരേ, അന്ന് ഞങ്ങള്‍ എണ്ണത്തില്‍ കുറവായതുകൊണ്ടാരിക്കുമോ? നബി(സ) പറഞ്ഞു: അന്ന് നിങ്ങള്‍ ധാരാളമുണ്ടാകും. പക്ഷേ നിങ്ങള്‍ ഒഴുക്കുവെള്ളത്തിലെ ചപ്പുചവറുകള്‍ പോലെ ആയിത്തീരും. നിങ്ങളുടെ ശത്രുക്കളുടെ മനസ്സില്‍ നിന്ന് ഭീതി നീക്കം ചെയ്യപ്പെടും. നിങ്ങളുടെ മനസ്സുകളില്‍ ബലഹീനത ഉണ്ടാക്കുകയും ചെയ്യും. (സൗബാന്‍ പറയുന്നു) ഞങ്ങള്‍ ചോദിച്ചു: എന്ത് ബലഹീനത? നബി(സ) പറഞ്ഞു:(ഐഹിക) ജീവിത്തോടുള്ള പ്രേമവും മരണത്തോടുള്ള വെറുപ്പും. (മുസ്‌നദ് അഹ്മദ്)

يُوشِكُ : ആകുമാറാകുന്നു
تَدَاعَى: പരസ്പരം വിളിച്ചു, ആഹ്വാനം ചെയ്തു    
أُفُق: ചക്രവാളങ്ങള്‍    
أَكَلَة: തീറ്റക്കാര്‍  
قَصْعَة: ഭക്ഷണത്തളിക    
قِلَّة: എണ്ണക്കുറവ്   
غُثَاء: ചപ്പുചവറുകള്‍   
سَيْل : ഒഴുക്കുവെള്ളം   
تُنْتَزَعُ: നീക്കം ചെയ്യപ്പെടുന്നു   
مَهَابَة: ഭീതി, ഭയം    
وَهْن: ബലഹീനത   
حُبّ: സ്‌നേഹം    
كَرَاهِيَة : വെറുപ്പ്

അന്തസ്സും പ്രതാപവും ജീവിതത്തെ സംബന്ധിച്ച യഥാര്‍ഥ കാഴ്ചപ്പാടും നഷ്ടപ്പെട്ട മുസ്‌ലിം സമൂഹത്തിന്റെ രണ്ട് ഉപമകളാണ് ഈ ഹദീസ് നമ്മുടെ മുമ്പില്‍ സമര്‍പ്പിക്കുന്നത്. ലോകത്ത് ഏറ്റവും ഉയര്‍ന്നു നില്‍ക്കേണ്ട ജനസമൂഹം നിന്ദ്യവും നീചവുമായ അവസ്ഥയിലെത്തുന്ന അമ്പരപ്പിക്കുന്ന ചിത്രമാണ് ഇതിലൂടെ പ്രവാചകന്‍ നമ്മുടെ മുമ്പില്‍ കോറിയിടുന്നത്.

എന്നും മറ്റുള്ളവര്‍ക്ക് വിധേയരായി, ഇരയായിജീവിക്കുന്ന അവസ്ഥയിലേക്ക് മുസ്‌ലിം സമൂഹം എത്തുന്ന ഒരുകാലഘട്ടത്തെ പ്രവാചകന്‍ ദീര്‍ഘദര്‍ശനം ചെയ്യുകയാണിവിടെ. അഥവാ എതിരാളികള്‍ ഒന്നടങ്കം മുസ്‌ലിംസമൂഹത്തിന്റെ മേല്‍ചാടിവീണ് കടിച്ചുകീറുക. മുസ്‌ലിം സമൂഹമാവട്ടെ ചെറുവിരലനക്കാന്‍ പോലും കഴിയാത്തത്രയും ദുര്‍ബലമായിപ്പോവുക. ഇതൊന്നും സഹാബികള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. കാരണം ശത്രുതയുടെ പടുകൂറ്റന്‍ തിരമാലകളെ ഈമാനികമായ കരുത്തുകൊണ്ട് നിഷ്പ്രഭരാക്കിയവരാണല്ലോ അവര്‍. ബദ്ര്‍ യുദ്ധത്തിലും അഹ്‌സാബ് യുദ്ധത്തിലുമൊക്കെ ലോകം അത് ദര്‍ശിച്ചതാണ്. അഥവാ എണ്ണമല്ല വണ്ണമാണ് പ്രധാനമെന്ന് അവയിലൂടെ തെളിഞ്ഞിട്ടുണ്ട്. എങ്കില്‍ പോലും ഥൗബാന്‍(റ) നബിയോടെചോദിച്ചു: തിരുദൂതരേ, എങ്ങനെയാണ് അത്ര നിസ്സാരമായി മുസ്‌ലിം സമൂഹത്തെ കീഴ്‌പെടുത്താന്‍ എതിരാളികള്‍ക്ക് സാധിക്കുന്നത്. അന്നത്തെ മുസ്‌ലിംസമൂഹം എണ്ണത്തില്‍ കുറവായതു കൊണ്ടായിരിക്കുമോ? മുസ്‌ലിം സമൂഹത്തിന്റെ അധഃപതനത്തിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ടാണ് പ്രവാചകന്‍ ഇതിനോട് പ്രതികരിച്ചത്. അതായത്, ഈമാനികകരുത്ത് ചോര്‍ന്നുപോയ, ലക്ഷ്യബോധം നഷ്ടപ്പെട്ട ഒരു ജനസമൂഹമായി മുസ്‌ലിംകള്‍ മാറും. ഒഴുക്കുവെള്ളത്തിലെ ചപ്പുചവറുകള്‍ പോലെ. വെള്ളം എങ്ങോട്ട് ഒഴുകുന്നുവോ ചപ്പുചവറുകള്‍ അങ്ങോട്ടു ഒഴുകുകയാണല്ലോ പതിവ്. ഒഴുക്കിനെതിരെ നീന്താനുള്ള കരുത്തോ പ്രവണതയോ ചപ്പുചറുകള്‍ക്കില്ലല്ലോ. അങ്ങനെ മറ്റുള്ളവരുടെ താളത്തിനൊത്ത് തുള്ളുന്ന മുസ്‌ലിം സമൂഹത്തെ ആര്‍ക്കും യഥേഷ്ടം കീഴടക്കാനും തകര്‍ക്കാനും തങ്ങളുടെ ചൊല്‍പടിക്ക് നിര്‍ത്താനും സാധിക്കും.  

ഭൗതികപ്രമത്തതയും പരലോകത്തിന് പ്രാമുഖ്യം നല്‍കാത്തതുമാണ് മുസ്‌ലിംസമൂഹം നിന്ദ്യമായ അവസ്ഥയിലെത്താനും ശത്രുക്കളുടെ നീരാളിപ്പിടുത്തത്തില്‍ അമരാനുള്ള പ്രധാനപ്പെട്ട കാരണങ്ങളായി പ്രവാചകന്‍ എണ്ണുന്നത്. ഇഹലോകത്തെ നേട്ടങ്ങള്‍ക്ക്‌വേണ്ടി ഏത് തരത്തിലുള്ള നീക്കുപോക്കുകള്‍ക്കും സന്നദ്ധരാകുമ്പോള്‍ അവിടെദീനിനെയും ജീവിതലക്ഷ്യങ്ങളെയും പലപ്പോഴും അടിയറവെക്കേണ്ടിവരും. പരലോകമാണ് യഥാര്‍ഥ ജീവിതമെന്ന് തിരിച്ചറിയുന്നവര്‍ക്ക് സത്യത്തെ ത്യജിച്ചുകൊണ്ട് തിന്മയോടും അക്രമത്തോടും രാജിയാവുന്ന നിലപാട് സ്വീകരിക്കാനാവില്ല. ഇസ്‌ലാമിന് വേണ്ടി ജീവിക്കാനും മരിക്കാനും അവര്‍ക്ക് മടിയുണ്ടാവില്ല. ലോകത്തിന്റെ വെള്ളവും വെളിച്ചവുമായ ഇസ്‌ലാമിനെ നെഞ്ചേറ്റാന്‍ പ്രതിജ്ഞാബദ്ധരായവര്‍ അതിനോട് വിമുഖതകാണിക്കുന്നത് അങ്ങേയറ്റം അപലപനീയമായ ഭീരുത്വമാണെന്ന് പറയേണ്ടതില്ലല്ലോ. ഭീരുക്കളെ ആരും വിലമതിക്കുകയുമില്ല.

മരണത്തെ ഭയമുണ്ടായിരുന്നില്ല എന്നതാണ് പ്രവാചകശിഷ്യന്മാരുടെ പ്രത്യേകത. സത്യത്തിന്റെയും ധര്‍മത്തിന്റെയും നീതിയുടെയും തേരുതെളിച്ച് ലോകത്തിന് വഴികാട്ടാന്‍ അവര്‍ക്ക് സാധിച്ചത് ആ ധീരത കൊണ്ടാണ്. ലോകം മുസ്‌ലിം സമൂഹത്തെ ആദരിച്ചതും ബഹുമാനിച്ചതുമെല്ലാം ഈ ധീരതയും സവിശേഷമായ ജീവിതവീക്ഷണവും കാരണമായിട്ടാണ്. ഇവ രണ്ടും നഷ്ടപ്പെടുമ്പോള്‍ മുസ്‌ലിം സമൂഹത്തിന് ലഭിക്കേണ്ട ആദരവും ബഹുമാനവും ഇല്ലാതാവുന്നു എന്ന് മാത്രമല്ല, മറ്റുള്ളവരുടെ മുമ്പില്‍ നമ്രശിരസ്‌കരായി നില്‍ക്കേണ്ടി വരികയും ചെയ്യുന്നു. മാനസികമായും ചിന്താപരമായും ആദര്‍ശപരമായുമുള്ള ദൗര്‍ബല്യം ബാധിച്ച ജനസമൂഹത്തെ ആര്‍ക്കും എളുപ്പം കൊത്തിവലിക്കാം. ആദര്‍ശപാപ്പരത്തവും ചിന്താ വൈകല്യങ്ങളും ഐഹികാസക്തിയും തന്നെയല്ലേ ഇന്നത്തെ മുസ്‌ലിം സമൂഹത്തിന്റെയും പിന്നോക്കാവസ്ഥക്ക് പ്രധാനകാരണം.

ഇസ്‌ലാമിന്റെ എതിര്‍ ചേരിയിലുള്ളവര്‍ ഇഹലോകത്തിലെ വിവിധങ്ങളായ സുഖസൗകര്യങ്ങള്‍ കൈവശപ്പെടുത്തിയിരിക്കുന്നു. ആ ഭൗതികസുഖസൗകര്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് മുസ്‌ലിം സമൂഹത്തെ തങ്ങള്‍ക്ക് വിധേയരാക്കാന്‍ അവര്‍ ശ്രമിക്കുന്നു. ഒരാള്‍ തന്റെ നായയെ ഇറച്ചിക്കഷ്ണം കാണിച്ച്  കീഴ്‌പെടുത്താന്‍ ശ്രമിക്കുന്നതുപോലെ. ഇറച്ചിക്കഷ്ണം കാണുമ്പോള്‍ നായ പരമാവധി വിധേയത്വം കാണിക്കുമല്ലോ. ആ ഭക്ഷണത്തിന് പകരമായി തന്റെ യജമാനന് കീഴിലുള്ള ജീവിതം നായ ഇഷ്ടപ്പെടുകയും ചെയ്യുന്നു.

ഇഹലോകത്തോടുള്ള ആര്‍ത്തി മനസ്സില്‍ കുടിയിരുത്തപ്പെട്ടവനും ഇങ്ങനെത്തന്നെയാണ്. ഭൗതികമായ നേട്ടങ്ങളാണ് യഥാര്‍ഥ സൗഭാഗ്യം എന്ന് തെറ്റിദ്ധരിക്കുന്ന അവന്‍ അവ നഷ്ടപ്പെടാതിരിക്കാന്‍ ജാഗ്രത പാലിക്കും. അതിന് വേണ്ടി എവിടെയും താഴ്ന്നുകൊടുക്കും. ആരുടെ കൂടെയും കൂടും. അവന് സ്വന്തമായ കാഴ്ചപ്പാടോ വീക്ഷണമോ ഉണ്ടാവില്ല. കാറ്റിലാടുന്ന തൂവലുപോലെ എങ്ങോട്ടും മാറിമറിയും. അവനെ ഉപയോഗിച്ച് ഇസ്‌ലാമിന്റെ ശത്രുക്കള്‍ നേട്ടംകൊയ്യും. അക്കൂട്ടത്തില്‍ വ്യക്തികളുണ്ടാകും, സംഘങ്ങളുണ്ടാകും, ഭരണകൂടങ്ങളുണ്ടാകും.

ഖുര്‍ആനും സുന്നത്തും മുറുകെ പിടിക്കുന്ന മുസ്‌ലിംകളാവുകയും തദ്ഫലമായി നഷ്ടപ്പെട്ട അന്തസ്സും പ്രതാപവും തിരിച്ചുപിടിക്കുകയും ചെയ്യുക എന്നതാണ് ശത്രുതയുടെ മലവെള്ളപ്പാച്ചിലില്‍ നിന്നുംപിന്നാക്കാസ്ഥയില്‍ നിന്നും രക്ഷപ്പെടാനുള്ള ഏകമാര്‍ഗം.

ഈ ഹദീസിന് മുകളില്‍ ഉദ്ധരിച്ചതൊഴികെ വേറെയും ചില രിവായത്തുകളുണ്ട്. അവ ഇവിടെചേര്‍ക്കുന്നു:

•    عَنْ أَبِي هُرَيْرَةَ، قَالَ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ لِثَوْبَانَ: ” كَيْفَ أَنْتَ يَا ثَوْبَانُ، إِذْ تَدَاعَتْ عَلَيْكُمُ الْأُمَمُ كَتَدَاعِيكُمْ عَلَى قَصْعَةِ الطَّعَامِ تُصِيبُونَ مِنْهُ؟ ” قَالَ ثَوْبَانُ: بِأَبِي وَأُمِّي يَا رَسُولَ اللهِ، أَمِنْ قِلَّةٍ بِنَا؟ قَالَ: ” لَا، بَلْ أَنْتُمْ يَوْمَئِذٍ كَثِيرٌ، وَلَكِنْ يُلْقَى فِي قُلُوبِكُمُ الْوَهَنُ ” قَالُوا: وَمَا الْوَهَنُ؟ يَا رَسُولَ اللهِ؟ قَالَ: ” حُبُّكُمُ الدُّنْيَا وَكَرَاهِيَتُكُمُ الْقِتَالَ ”  (مسند أحمد)
•    عَنْ ثَوْبَانَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «يُوشِكُ الْأُمَمُ أَنْ تَدَاعَى عَلَيْكُمْ كَمَا تَدَاعَى الْأَكَلَةُ إِلَى قَصْعَتِهَا»، فَقَالَ قَائِلٌ: وَمِنْ قِلَّةٍ نَحْنُ يَوْمَئِذٍ؟ قَالَ: «بَلْ أَنْتُمْ يَوْمَئِذٍ كَثِيرٌ، وَلَكِنَّكُمْ غُثَاءٌ كَغُثَاءِ السَّيْلِ، وَلَيَنْزَعَنَّ اللَّهُ مِنْ صُدُورِ عَدُوِّكُمُ الْمَهَابَةَ مِنْكُمْ، وَلَيَقْذِفَنَّ اللَّهُ فِي قُلُوبِكُمُ الْوَهْنَ»، فَقَالَ قَائِلٌ: يَا رَسُولَ اللَّهِ، وَمَا الْوَهْنُ؟ قَالَ: «حُبُّ الدُّنْيَا، وَكَرَاهِيَةُ الْمَوْتِ»  (أبوداود)
•    عَنْ ثَوْبَانَ، قَالَ: ” تُوشِكُ الْأُمَمُ أَنْ تَدَاعَى عَلَيْكُمْ كَمَا يَتَدَاعَى الْقَوْمُ عَلَى قَصْعَتِهِمْ , يُنْزَعُ الْوَهْنُ مِنْ قُلُوبِ عَدُوِّكُمْ، وَيُجْعَلُ فِي قُلُوبِكُمْ، وَتُحَبَّبُ إِلَيْكُمُ الدُّنْيَا , قَالُوا: مِنْ قِلَّةٍ؟ قَالَ: أَكْثَرُكُمْ غُثَاءٌ كَغُثَاءِ السَّيْلِ ” (مصنف ابن أبي شيبة)
•    عَنْ ثَوْبَانَ , مَوْلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ” يُوشِكُ أَنْ تَدَاعَى عَلَيْكُمُ الْأُمَمُ كَمَا تَدَاعَى الْقَوْمُ عَلَى قَصْعَتِهِمْ ” , قَالَ: قِيلَ: مِنْ قِلَّةٍ؟ , قَالَ: ” لَا , وَلَكِنَّهُ غُثَاءٌ كَغُثَاءِ السَّيْلِ , يُجْعَلُ الْوَهْنُ فِي قُلُوبِكُمْ , وَيُنْزَعُ الرُّعْبُ مِنْ قُلُوبِ عَدُوِّكُمْ , بِحُبِّكُمُ الدُّنْيَا وَكَرَاهِيَتِكُمُ الْمَوْتَ ” (شعب الإيمان – البيهقي)

Related Articles