Current Date

Search
Close this search box.
Search
Close this search box.

ബുദ്ധി ഇച്ഛകള്‍ക്ക് വഴിമാറുമ്പോള്‍

wish.jpg

അബൂ മൂസാ അല്‍-അശ്അരിയില്‍ നിന്നുള്ള ഒരു ഹദീസ് ഇബ്‌നു ഹിബാന്‍ അദ്ദേഹത്തിന്റെ സ്വഹീഹില്‍ ഉദ്ധരിക്കുന്നുണ്ട്: ‘പ്രവാചകന്‍(സ) പറഞ്ഞു: ‘അന്ത്യദിനത്തിന് മുമ്പ് ‘ഹര്‍ജ്’ ഉണ്ടാകും. സ്വഹാബികള്‍ ചോദിച്ചു: എന്താണ് ഹര്‍ജ്? അദ്ദേഹം പറഞ്ഞു: കൊലപാതകമാണത്. അവര്‍ ചോദിച്ചു: ഇന്നയിന്ന മുശ്‌രികുകളെയെല്ലാം നാം ഈ വര്‍ഷം വധിച്ചിട്ടുണ്ടല്ലോ? അപ്പോള്‍ നബി(സ) പറഞ്ഞു: മുശ്‌രികുകളെ വധിക്കുന്നതിനെ കുറിച്ചല്ല ഇത്, നിങ്ങള്‍ പരസ്പരം കൊല്ലുന്നതിനെ കുറിച്ചാണ്. അവരില്‍ ചിലര്‍ ചോദിച്ചു: ഞങ്ങള്‍ക്ക് അപ്പോള്‍ ബുദ്ധിയുണ്ടാവില്ലേ? അദ്ദേഹം പറഞ്ഞു: അക്കാലഘട്ടത്തിലുള്ളവരുടെ ബുദ്ധി ഊരിയെടുക്കപ്പെടും.’

പ്രസ്തുത ഹദീസിനെ കുറിച്ച് ഞാന്‍ വളരെയധികം ആലോചിച്ചു. നമ്മുടെ ഈ കാലഘട്ടത്തെ കുറിച്ചു തന്നെയാണോ അത് പറയുന്നതെന്ന് തോന്നിപ്പിക്കുന്ന വിധമാണ് അതിന്റെ ഉള്ളടക്കം. വിഭാഗീയതയും കുഴപ്പങ്ങളും കൂരിരുട്ടിനെ പോലെ എങ്ങും വ്യാപിച്ചു കൊണ്ടിരിക്കുന്നു. പരസ്പരം ഗൂഢാലോചന നടത്തുകയും വധിക്കുകയും ചെയ്യുന്ന കാഴ്ച്ചകളാണ് അറബ് മുസ്‌ലിം ലോകത്ത് നാം കാണുന്നത്. മുസ്‌ലിംകളെ വധിക്കുന്നതിനും അവരുടെ നാടുകളില്‍ കുഴപ്പങ്ങളുണ്ടാക്കുന്നതിനും മുസ്‌ലിംകള്‍ തന്നെ കോടിക്കണക്കിന് ഡോളറുകള്‍ ഒഴുക്കുന്നു. അതിനായി ഫലസ്തീനില്‍ തങ്ങളുടെ സഹോദരങ്ങളെ പീഡിപ്പിക്കുകയും അവരുടെ മണ്ണില്‍ അധിനിവേശം നടത്തുകയും ചെയ്ത സയണിസ്റ്റുകളോട് പോലും കൈകോര്‍ക്കാന്‍ അവര്‍ക്ക് ഒട്ടും മടിയില്ല.

ശത്രുക്കളുമായുള്ള സഹകരണം
മിതനിലപാടില്‍ പേരു കേട്ട, അക്രമത്തില്‍ നിന്നും ഭീകരപ്രവര്‍ത്തനങ്ങളില്‍ നിന്നും അകലം പാലിക്കുന്നവരുമായ ഇസ്‌ലാമിസ്റ്റുകളോടുള്ള കടുത്ത ശത്രുത കഠിന ശത്രുക്കളോട് സഹകരിക്കുന്നതിലേക്കാണ് പലരെയും എത്തിച്ചിരിക്കുന്നത്. അവരുടെ കഥകഴിക്കാനും അവര്‍ക്കെതിരെ അട്ടിമറി നടത്താനും കോടികള്‍ ഒഴുക്കാന്‍ അവര്‍ തയ്യാറാണ്.

മുസ്‌ലിം സമൂഹത്തിന് ഇത് ഒട്ടും ഗുണം ചെയ്യില്ലെന്ന് അമുസ്‌ലിംകളായ നിരീക്ഷകര്‍ പോലും വിലയിരുത്തുന്നു. ഈ പ്രവര്‍ത്തനങ്ങളൊന്നും മുസ്‌ലിം സമൂഹത്തിനോ കുഴപ്പങ്ങളെ പിന്തുണക്കുന്ന രാഷ്ട്രങ്ങള്‍ക്കോ ഗുണം ചെയ്യില്ല. സുസ്ഥിരതകക്ക് നീതിയും സ്വാതന്ത്ര്യവും മനുഷ്യന്റെ ആദരവും നിയമസാധുതയിലേക്കുള്ള മടക്കവുമായി അടുത്ത ബന്ധമുണ്ടെന്ന് നമുക്കെല്ലാം അറിയാം. കഴിഞ്ഞ പതിറ്റാണ്ടുകളിലുണ്ടായ അനുഭവങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്. തെക്കേ അമേരിക്കയിലും ആഫ്രിക്കയിലും നടന്ന അട്ടിമറികള്‍ക്ക് അവിടെ സമാധാനവും സുസ്ഥിരതയും നിര്‍ഭയത്വവും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. പിന്നീട് അതില്‍ നിന്ന് മടങ്ങുകയും സ്വാതന്ത്ര്യവും ജനതയുടെ ജനാധിപത്യത്തിനുള്ള അവകാശവും വകവെച്ചു കൊടുത്തതിന് ശേഷം മാത്രമാണ് സുസ്ഥിരത യാഥാര്‍ത്ഥ്യമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞത്. ബര്‍കിനാ ഫാസോ നമ്മില്‍ നിന്നും അത്ര വിദൂരത്തൊന്നുമല്ല.

ചില രാഷ്ട്രങ്ങള്‍ മുഖം മൂടി അണിഞ്ഞെത്തിയ അവയുടെ ശത്രുക്കളെ വരെ സഹായിക്കാന്‍ തയ്യാറായി. തങ്ങള്‍ക്കെതിരെ വിപ്ലവം ഉയര്‍ത്തിയ ജനതക്കെതിരെ അവരുടെ സഹായം തേടി. ഇത്തരത്തില്‍ സഹായം ലഭിച്ച രാജ്യങ്ങളിലും അയല്‍നാടുകളിലും അതിന്റെ ഫലമായി അപകടകരമായ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ചില രാഷ്ട്രങ്ങളുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സ്ഥിരബുദ്ധിയുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് പറയാനാവില്ല.

സൈന്യത്തിന്റെ നിന്ദ്യതയെും സ്വേഛാധിപത്യത്തെയും ഇഷ്ടപ്പെടുന്ന ചില ഭരണാധികാരികളും മതേതരവാദികളും ‘രാഷ്ട്രീയ ഇസ്‌ലാമിനെ’ വെറുക്കുകയും ഭയക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. ബുദ്ധിക്കോ യുക്തിക്കോ നിരക്കുന്ന ഒരു കാര്യമല്ല അവരുടെ ഈ പ്രവര്‍ത്തനം. നമ്മുടെ വിഷയം അവരില്‍ മാത്രം പരിമിതപ്പെടുത്തേണ്ടതില്ല. ഇസ്‌ലാമിന്റെ ചിത്രം വികൃതമാക്കുന്ന തീവ്രവാദ ഗ്രൂപ്പുകളെ കുറിച്ചും നാം അസ്വസ്ഥപ്പെടേണ്ടതുണ്ട്. അധിനിവേശത്തിന്റെയും കോളനിവല്‍കരണത്തിന്റെയും മടങ്ങിവരലിനാണ് അവര്‍ സൗകര്യം ചെയ്തു കൊടുക്കുന്നത്. വന്‍ രാഷ്ട്രങ്ങള്‍ക്ക് അവരുടെ താല്‍പര്യങ്ങല്‍ സംരക്ഷിക്കാനുള്ള ന്യായീകരണങ്ങളും അവരുണ്ടാക്കി കൊടുക്കുന്നു. താലിബാന്റെ കഥ കഴിക്കാന്‍ എന്ന ന്യായീകരണമാണ് അഫ്ഗാന്‍ അധിനിവേശത്തിന് അവര്‍ കാരണമായി കണ്ടത്. അള്‍ജീരിയയിലും അത് തന്നെയാണ് ആവര്‍ത്തിച്ചത്. ആയിരക്കണക്കിന് യുവാക്കള്‍ അതിലൂടെ കൊല്ലപ്പെട്ടു. മുന്‍ ഇറാഖ് ഭരണകൂടത്തിന്റെ കുവൈത്ത് അധിനിവേശത്തെ തുടര്‍ന്നാണ് അവിടെ അമേരിക്കന്‍ ആധിപത്യം മടങ്ങി വന്നതെന്ന് നാം ഓര്‍ക്കണം. ഇറാഖ് അധിനിവേശത്തിന്റെ അപകടകരമായ ഫലങ്ങള്‍ ഇന്നും അവശേഷിക്കുന്നു എന്നതാണ് വസ്തുത. പല കാരണങ്ങളാലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നതില്‍ സംശയമില്ല. ഇതൊക്കെ നമ്മെ പരിഭ്രാന്തരാക്കുന്നുണ്ട്.

നമ്മെ ഇന്ന് അസ്വസ്ഥപ്പെടുത്തുന്ന ഈ പ്രശ്‌നത്തിനുള്ള കൃത്യമായ മറുപടി പ്രവാചകന്‍(സ) നല്‍കിയിട്ടുണ്ട്. യാതൊരു സംശയത്തിനും ഇടനല്‍കാത്ത വിധം വ്യക്തമായി പ്രവാചകന്‍(സ) പറഞ്ഞു: ‘അക്കാലഘട്ടത്തിലുള്ളവരുടെ ബുദ്ധി ഊരിയെടുക്കപ്പെടും.’ ബുദ്ധി വിട്ടുപോകുന്ന ആ സ്ഥാനത്തേക്ക് ഇച്ഛകളാണ് പകരം കടന്നു വരികയെന്ന് സാരം. ദുരഭിമാനവും പൊങ്ങച്ചവും അഹങ്കാരവും അവിടെ കുടിയേറും. ജനങ്ങളുടെ തലയോട്ടിക്ക് മുകളിലാണ് തങ്ങളുടെ മഹത്വം സ്ഥാപിക്കേണ്ടതെന്ന് വിചാരിക്കുന്നരില്‍ മറ്റുള്ളവരെ വധിക്കാനും നിന്ദിക്കാനുമുള്ള ഇച്ഛയായിരിക്കും എപ്പോഴും. കാരുണ്യത്തിന്റെ സൂക്തങ്ങളും സത്യത്തെയും നീതിയെയും സംരക്ഷിക്കലാണ് ശക്തിയെന്നും അവര്‍ മറന്നിരിക്കുന്നു.

ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കാരണം ബുദ്ധി നഷ്ടപ്പെട്ടതാണെന്ന് പറഞ്ഞതിലൂടെ ഈ രോഗത്തിനുള്ള മരുന്നും പ്രവാചകന്‍(സ) നമ്മെ അറിയിക്കുന്നു. ദിവ്യബോധനത്തിന്റെ വെളിച്ചം നഷ്ടപ്പെട്ടതു പോലെയാണ് അവരുടെ അവസ്ഥ. കാര്യങ്ങളുടെ അനന്തരഫലത്തെ കുറിച്ച് ആലോചിച്ച് യുക്തിയോടെ ഇടപെടണമെന്നതാണ് അതിന്റെ തേട്ടം. മുസ്‌ലിം സമൂഹത്തിന്റെ പഴയതും പുതിയതുമായ ചരിത്രം പഠിക്കണം. അതിലെ വിജയങ്ങളെയും പരാജയങ്ങളെയും നാഗരിക മുന്നേറ്റങ്ങളെയും തളര്‍ച്ചകളെയും വിലയിരുത്തണം.

അനുഭവങ്ങള്‍ പാഠമാവണം
നിലവിലുള്ളതും മുന്‍കഴിഞ്ഞതുമായ സമൂഹങ്ങളുടെ അനുഭവങ്ങള്‍ പാഠമാവണമെന്നത് വിശേഷ ബുദ്ധി ആവശ്യപ്പെടുന്ന ഒന്നാണ്. അല്ലാഹു പറയുന്നു: ‘അല്ലയോ ക്രാന്തദൃഷ്ടിയുള്ളവരേ, പാഠം പഠിച്ചുകൊള്ളുക.’ (അല്‍-ഹശ്ര്‍: 2) അതായത് മുന്‍ഗാമികളുടെ അവസ്ഥയുമായി നിങ്ങളുടെ അവസ്ഥ താരതമ്യം ചെയ്യുകയും അതില്‍ നിന്ന് ഗുണപാഠമുള്‍ക്കൊള്ളാനുമാണിത് ആവശ്യപ്പെടുന്നത്. കഴിഞ്ഞ കാലത്തെയും വര്‍ത്തമാന കാലത്തെയും സൂക്ഷമമായി വിലയിരുത്തുക എന്നത് മാത്രമല്ല ഭാവിയില്‍ അതിന്റെ സാധ്യതകളെ കുറിച്ച് സൂക്ഷമമായി പഠിക്കുകയും വേണം. ഒരു രാഷ്ട്രീയാപഗ്രഥനം പോലെ അതിന്റെ പോസിറ്റീവും നെഗറ്റീവുമായ എല്ലാ സാധ്യതകളും പഠനത്തിന് വിധേയമാക്കണം. നാം ഫിഖ്ഹുല്‍ മആലാത് (പരിണിതഫലങ്ങളുടെ കര്‍മശാസ്ത്രം) എന്നു വിളിക്കുന്നത് അതിനെയാണ്. മുസ്‌ലിം ഉമ്മത്ത് കാഴ്ച്ചയും കേള്‍വിയും അല്ലാഹു നല്‍കിയിട്ടുള്ള എന്തൊക്കെയുണ്ടോ അതെല്ലാം ഇഹപര ക്ഷേമത്തിനായി ഉപയോഗപ്പെടുത്തണം.

യൂറോപിന്റെ പുരോഗതി
മേല്‍ വിവരിച്ച തരത്തിലുള്ള പഠനങ്ങളിലൂടെയാണ് യൂറോപ് പുരോഗതിയുടെ പടവുകല്‍ കയറിയത്. ഐക്യത്തിന് ആഹ്വാനം ചെയ്യുന്ന, കക്ഷിത്വത്തെ നിഷേധമായി കാണുന്ന ഒരു ദീനിന്റെ ആളുകളാണ് നമ്മള്‍ മുസ്‌ലിംകള്‍. വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണെന്നാണത് പഠിപ്പിക്കുന്നത്. എല്ലാ സമൂഹങ്ങള്‍ക്കും നല്‍കിയ പോലെ വിശേഷ ബുദ്ധി ഈ സമൂഹത്തിനും നല്‍കിയിട്ടുണ്ട്. ‘അവര്‍ക്കു ഹൃദയങ്ങളുണ്ട്; എന്നാല്‍ അതുകൊണ്ട് അവര്‍ ആലോചിക്കുന്നില്ല. അവര്‍ക്കു ദൃഷ്ടികളുണ്ട്; അതുകൊണ്ടവര്‍ കാണുന്നില്ല. അവര്‍ക്കു കാതുകളുണ്ട്; അതുകൊണ്ടവര്‍ കേള്‍ക്കുന്നില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല, അവയെക്കാളേറെ വഴിപിഴച്ചവരാകുന്നു. അവര്‍ അശ്രദ്ധയില്‍ ലയിച്ചുപോയവരാകുന്നു.’ (അല്‍-അഅ്‌റാഫ്: 179) എന്ന് അല്ലാഹു വിശേഷിപ്പിച്ച ഒരു ഘട്ടത്തില്‍ അവര്‍ വഴിതെറ്റിയിരിക്കുന്നു. ബുദ്ധിയും കാഴ്ച്ചയും ശരിയായി ഉപയോഗിക്കാത്തവര്‍ക്കാണ് പരലോക നഷ്ടമെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ‘അവര്‍ കേഴും: `കഷ്ടം! ഞങ്ങള്‍ കേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്തിരുന്നുവെങ്കില്‍! എങ്കില്‍ ഇന്ന് ഈ കത്തിക്കാളുന്ന നരകത്താല്‍ ശിക്ഷിക്കപ്പെട്ടവരില്‍ ഞങ്ങള്‍ ഉള്‍പ്പെടുമായിരുന്നില്ലല്ലോ?’ (അല്‍-മുല്‍ക്: 10)

അറിവുള്ളവരോട് ഉപദേശം തേടുക
ഈ ഭരണാധികാരില്‍ അറിവുള്ള അല്ലാഹുവിനെ ഭയക്കുന്ന പണ്ഡിതന്‍മാരോട് തങ്ങള്‍ക്കാവശ്യമുള്ള വിഷയങ്ങളില്‍ ഉപദേശം തേടണമെന്നും വിശേഷബുദ്ധി അനിവാര്യമാക്കുന്ന ഒന്നാണ്. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വിഷങ്ങളില്‍ പ്രാഗല്‍ഭ്യമുള്ള പണ്ഡിതമാരായ കൂടിയാലോചകര്‍ അവര്‍ക്കുണ്ടാവണം. പുറം മോഡികളുടെയും കാപട്യത്തിന്റെയും ആളുകള്‍ക്ക് ചെവികൊടുക്കുന്നതിന് പകരം അവരുടെ ക്രിയാത്മകമായ വിമര്‍ശനങ്ങളെയാണ് ഉള്‍ക്കൊള്ളേണ്ടത്. ജ്ഞാനികളും അറിവുള്ളവരും കുറയുകയും പ്രാസംഗികരും കാണാപാഠമോതുന്നവരും കൂടുകയും ചെയ്യുന്നതിലെ അപകടത്തെ കുറിച്ച് നബി തിരുമേനി(സ) സൂചിപ്പിച്ചിട്ടുണ്ട്. വിജ്ഞാനം ഉയര്‍ത്തപ്പെടുന്നത് അന്ത്യദിനത്തിന്റെ അടയാളമായിട്ടാണ് മറ്റൊരിടത്ത് പ്രവാചകന്‍(സ) പറഞ്ഞിട്ടുള്ളത്. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും കാമ്പ് ഉള്‍ക്കൊള്ളാത്ത, അതിന്റെ പാരായണവും മനപാഠവും മാത്രം കൈമുതലായുള്ള പ്രാസംഗികരുടെയും മുഫ്തിമാരുടെയും ആധിക്യമാണ് നമ്മുടെ കാലഘട്ടത്തിന്റെ പ്രശ്‌നം. ദിവ്യജ്ഞാനത്തിലൂടെയുള്ള അറിവിനെയും ബുദ്ധിയെയും സമന്വയിപ്പിക്കാന്‍ കഴിയാത്തവരാണവര്‍. പ്രമാണങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളോ പരിണിതഫല കര്‍മശാസ്ത്രമോ അവര്‍ മനസ്സിലാക്കിയിട്ടില്ല.

സംഗ്രഹം : നസീഫ്

Related Articles