Current Date

Search
Close this search box.
Search
Close this search box.

ബുഖാരിയും മുസ്‌ലിമും നിരൂപിക്കാമോ?

bukhari-muslim.jpg

സ്വഹീഹുല്‍ ബുഖാരിയും മുസ്‌ലിമും നിരൂപച്ചവരില്‍ ഏറ്റവും പ്രസിദ്ധന്‍ ഇമാം ഇബ്‌നു ഹജര്‍ അസ്ഖലാനിയായിരുന്നു. ഫത്ഹുല്‍ ബാരിയുടെ ആമുഖമായ ‘ഹദ്‌യുസ്സാരി’ എന്ന വിശദീകരണ ഗ്രന്ഥത്തില്‍ ബുഖാരി ഉദ്ധരിച്ച ചില ഹദീസുകളുടെ മത്‌നിലും സനദിലും സംഭവിച്ച തെറ്റുകളിലേക്ക് അദ്ദേഹം വിരല്‍ ചൂണ്ടിയിട്ടുണ്ട്. ഹദീസുകളുടെ നിരൂപണം പൂര്‍വ്വസൂരികളുടെ ചര്യയില്‍പെട്ടതായിരുന്നു. ഹാഫിദ് ദാറഖുത്വ്‌നി തന്റെ ‘അല്‍ ഇല്‍സാമാത്ത് വത്തത്തബ്ബുഅ്’ എന്ന ഗ്രന്ഥത്തില്‍ 200ലധികം ഹദീസുകളെ നിരൂപിക്കുകയുണ്ടായി. അവയില്‍ ചിലതിന് ഇബ്‌നു ഹജറും മറ്റ് ചിലരും മറുപടി പറയുകയും മറ്റുള്ളവര്‍ അവര്‍ നേരെയാക്കുകയും ചെയ്തു. ഹദീസ് നിരൂപണ ഗ്രന്ഥങ്ങള്‍ മുസ്‌ലിം ലോകത്ത് ധാരാളമുണ്ട്.

പൂര്‍വ്വികര്‍ ഹദീസ് നിരൂപിച്ചിരുന്നത് യാഥാര്‍ത്ഥ്യമറിയുന്നതിനും വിജ്ഞാനം നേടുന്നതിനും വേണ്ടിയായിരുന്നു. അതിനാല്‍ തന്നെ നിരൂപകന്ന് ഇന്നനുഭവിക്കുന്നത് പോലുള്ള വിഷമങ്ങളുണ്ടായിരുന്നില്ല. ഹദീസ് നിരൂപണമെന്നത് തിന്മയും, കുഴപ്പവുമായി ഇന്ന് വിലയിരുത്തപ്പെടുന്നു. ബുഖാരിയിലേയോ, മുസ്‌ലിമിലേയോ ഹദീസ് നിരൂപിച്ചവന്‍ ഇസ്‌ലാമിന് പുറത്താണെന്ന് പ്രചരിപ്പിക്കപ്പെടുന്നു. ഇത് ചരിത്രപരമായ വൈരുദ്ധ്യമാണ്. നിരൂപണവും വൈജ്ഞാനിക ചൈതന്യവും കൊണ്ട് അണിയിക്കപ്പെട്ട സലഫുക(മുന്‍ഗാമികള്‍)ള്‍ക്ക് സങ്കുചിതരും തീവ്രരുമായ ഖലഫുക(പിന്‍ഗാമികള്‍)ളെന്നത് ആശ്ചര്യകരം തന്നെ.
ഹദീസ് വൈജ്ഞാനിക ശാസ്ത്രത്തെ പഠനത്തിലേക്കും നിരൂപണത്തിലേക്കും തിരിച്ച് വിട്ട് പ്രസ്തുത ശ്രമം പുനരാരംഭിച്ചത് ‘അസ്സുന്നത്ത് ബൈന അഹ്‌ലില്‍ ഹദീസ് വല്‍ ഫിഖ്ഹ്’ എന്ന ഗ്രന്ഥത്തിലൂടെ ശൈഖ് മുഹമ്മദുല്‍ ഗസ്സാലി ആയിരുന്നു.
അന്‍സ്വാറുസ്സുന്നയുടെ അനുയായികളിലൊരാള്‍ ബുഖാരിയിലെ ഹദീസുകളെ നിരൂപിച്ചിരുന്നു. അദ്ദേഹത്തിന്റെ എളിയ ശ്രമങ്ങളെ നമുക്ക് ഒരു ധൈഷണികമാതൃകയായി പരിഗണിക്കാവുന്നതാണ്. സ്വഹീഹുകളില്‍ വന്ന ചില ഹദീസുകളെ ശൈഖ് നാസ്വിറുദ്ധീന്‍ അല്‍ബാനി പുനഃപരിശോധന നടത്തുകയും അവയില്‍ ധാരാളം ദുര്‍ബലമാണെന്ന് വിധിക്കുകയും ചെയ്തിട്ടുണ്ട്. ഉദാഹരണമായി ഇബ്‌നു അബ്ബാസില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസ്. അദ്ദേഹം പറയുന്നു ‘നബി തിരുമേനി(സ) ഇഹ്‌റാമിലായിരിക്കെ മൈമൂന(റ)യെ വിവാഹം കഴിച്ചു’. ബുഖാരിയും മുസ്‌ലിമും ശരിയാണെന്നതില്‍ ഏകോപിച്ച ഹദീസാണിത്. ഈ ഹദീസ് സ്വഹീഹായ പരമ്പരയിലൂടെയാണ് ഇബ്‌നു അബ്ബാസ്(റ)ലേക്ക് എത്തുന്നത്. അതേസമയം തന്നെ മറ്റ് ഹദീസുകളുടെ നിവേദന പരമ്പരയില്‍ നിരൂപണത്തിന് വിധേയരായി റാവികളുണ്ട്. ഉദാഹരണമായി ബുഖാരിയുടെ നിവേദകരില്‍പെട്ട ഫുലൈഹ് ബിന്‍ സുലൈമാന്‍. ഇബ്‌നു ഹജര്‍ അദ്ദേഹത്തെ തന്റെ തഖ്‌രീബില്‍ ‘സത്യവാന്‍, പക്ഷെ മനപാഠ ദൗര്‍ബല്യമുള്ളവന്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്. അതിനാല്‍ തന്നെ ഇയാള്‍ മാത്രം നിവേദനം ചെയ്ത ഹദീസ് സ്വഹീഹുല്‍ ബുഖാരിയാണെങ്കില്‍ പോലും ദുര്‍ബലമായി തന്നെ അവശേഷിക്കും. ഇബ്‌നു അബ്ബാസ്(റ)ന്റെ മേല്‍പറഞ്ഞ ഹദീസാവട്ടെ പരമ്പരയില്‍ നിരൂപണത്തിന് യാതൊരു സാധ്യതയുമില്ലാത്തതാണ്. അതിനാല്‍ തന്നെ പൂര്‍വ്വകാല പണ്ഡിതര്‍ ഈ ഹദീസിന്റെ പരമ്പരയില്‍ ദൗര്‍ബല്യം കണക്കാക്കിയത് ആദ്യ റിപ്പോര്‍ട്ടറായ ഇബ്‌നു അബ്ബാസ്(റ)വിലായിരുന്നു. കാരണം അദ്ദേഹം അക്കാലത്ത് ചെറിയ ബാലനായിരുന്നു. മാത്രമല്ല ഈ വിഷയത്തില്‍ പ്രമുഖ സ്വഹാബിയും പ്രവാചകപത്‌നി മൈമൂന(റ)ക്ക് വിരുദ്ധവുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പ്രവാചകന്‍(സ)തന്നെ വിവാഹം കഴിക്കുമ്പോള്‍ ഇഹ്‌റാമിലായിരുന്നില്ല എന്ന് അവരില്‍ നിന്നും ശരിയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. അതിനാല്‍ തന്നെ പ്രഥമ റിപ്പോര്‍ട്ടറായ ഇബ്‌നു അബ്ബാസിലാണ് ഹദീസിലെ ദൗര്‍ബല്യം കുടികൊള്ളുന്നത്.
മറ്റ് ചിലപ്പോള്‍ സ്വഹീഹായ ഹദീസില്‍ റിപ്പോര്‍ട്ടര്‍ ചില പദങ്ങള്‍ ചേര്‍ക്കുന്നതാണ്. സ്വഹീഹുല്‍ ബുഖാരിയില്‍ വുദുമായി ബന്ധപ്പെട്ട ശരിയായ ഹദീസിന്റെ അവസാന ഭാഗം അബൂഹുറൈറയുടെ കൂട്ടിച്ചേര്‍ക്കലാണെന്ന് ഇബ്‌നു ഹജ(റ)റും മറ്റ് പണ്ഡിതരും വ്യക്തമാക്കുന്നു.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles