Current Date

Search
Close this search box.
Search
Close this search box.

ബന്ധങ്ങള്‍ സുദൃഢമാകുമ്പോഴാണ് ആരാധനകള്‍ സഫലമാവുന്നത്

relation.jpg

عَنْ أَبِي الدَّرْدَاءِ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَلَا أُخْبِرُكُمْ بِأَفْضَلَ مِنْ دَرَجَةِ الصِّيَامِ وَالصَّلَاةِ وَالصَّدَقَةِ؟» قَالُوا: بَلَى، يَا رَسُولَ اللَّهِ قَالَ: «إِصْلَاحُ ذَاتِ الْبَيْنِ، وَفَسَادُ ذَاتِ الْبَيْنِ الْحَالِقَةُ

അബൂദ്ദര്‍ദാഇല്‍(റ) നിന്ന് നിവേദനം. നബി(സ) ചോദിച്ചു: നോമ്പ്, നമസ്‌കാരം, ദാനധര്‍മം എന്നിവയേക്കാളും ശ്രേഷ്ഠകരമായ കാര്യമെന്താണെന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെയോ? അനുചരന്മാര്‍ പറഞ്ഞു: ‘പ്രവാചകരേ അങ്ങ് പറഞ്ഞുതന്നാലും’. തിരുമേനി പറഞ്ഞു: പരസ്പരബന്ധം നന്നാക്കുക. പരസ്പര ബന്ധങ്ങളുടെ തകര്‍ച്ച നാശഹേതുവാകുന്നു. (അബൂദാവൂദ്)

أخبر : അറിയിച്ചു
أفضل : ഏറ്റവും ശ്രേഷ്ഠം
درجة : പദവി, സ്ഥാനം   
إصلاح : നന്നാക്കല്‍
ذات البين : പരസ്പര ബന്ധം  
فساد : തകര്‍ച്ച  
حالقة : നശിപ്പിക്കുന്നത്

വൈവിധ്യമാര്‍ന്ന ബന്ധങ്ങളാല്‍ വലയം ചെയ്യപ്പെട്ടവനാണ് മനുഷ്യന്‍. മാതാപിതാക്കളുമായുള്ള ബന്ധം, കുടുംബബന്ധം, ഭാര്യാഭര്‍തൃബന്ധം, അയല്‍പക്ക ബന്ധം, സുഹൃദ്ബന്ധം, ഗുരുശിഷ്യ ബന്ധം, നേതാവ് അനുയായി ബന്ധം തുടങ്ങി ആ പട്ടിക നീളുന്നു.ഈ ബന്ധങ്ങളില്‍ വിള്ളല്‍ വീഴുമ്പോഴെല്ലാം ജീവിതത്തില്‍ അത് എന്തെല്ലാം പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നതെന്നറിയാന്‍ നമ്മുടെ ചുറ്റുപാടുകളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ മതിയാകും.

പരസ്പരധാരണയും കാപട്യമില്ലാത്ത സ്‌നേഹാദരവുകളും വിട്ടുവീഴ്ചയും സഹകരണ മനോഭാവവും ഇല്ലാതാവുകയും പകരം വാശിയും തെറ്റിദ്ധാരണകളും താന്‍പോരിമയും വളര്‍ന്നുവരികയും ചെയ്യുമ്പോള്‍ അതുമുഖേനയുണ്ടാകുന്ന അസ്വസ്ഥതകളും അരക്ഷിതാവസ്ഥകളും അന്തരാളങ്ങളില്‍ നുരഞ്ഞുപൊന്തുന്ന പകയും അസൂയയുമെല്ലാം വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും പിടിച്ചുലക്കുകയും ഛിന്നഭിന്നമാക്കുകയും ചെയ്യുമെന്നതില്‍ തര്‍ക്കമില്ല.

കുടുംബങ്ങള്‍, പ്രദേശങ്ങള്‍, രാഷ്ട്രങ്ങള്‍, സംഘടനകള്‍ തുടങ്ങിയവ തമ്മിലുണ്ടാവുന്ന സംഘര്‍ഷങ്ങളും മാനവകുലത്തിനും സമ്മാനിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങള്‍ വിവരണാധീതമാണ്. കൊള്ളയും കൊലപാതകവും അക്രമങ്ങളും യുദ്ധങ്ങളും വരെ ബന്ധങ്ങളുടെ തകര്‍ച്ചമൂലം ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നു. സ്വാര്‍ത്ഥ ലാഭങ്ങളുടെ കണ്ണടയിലൂടെ എല്ലാറ്റിനെയും നോക്കിക്കാണുന്നവര്‍ക്ക് ബന്ധങ്ങളുടെ വില മനസിലാക്കാനാവില്ല. ഭൗതികമായ നാശനഷ്ടങ്ങള്‍ മാത്രമല്ല, പാരത്രികമായ പരാജയവും ഇതിന്റെ ഭാഗമാണ്.

ബന്ധങ്ങള്‍ ഊഷ്മളവും സുദൃഢവുമായി നിലനിര്‍ത്തുക എന്നത് ഐഛികമായ നോമ്പ്, നമസ്‌കാരം, ദാനധര്‍മങ്ങള്‍ എന്നിവയേക്കാള്‍ ശ്രേഷ്ഠമാണെന്നാണ് ഉപരിസൂചിത ഹദീസ് പഠിപ്പിക്കുന്നത്. അതായത്, ഇബാദത്തുകളുടെ ചൈതന്യം ജീവിതത്തെ സുഗന്ധപൂരിതമാക്കുകയും പരസ്പര സ്‌നേഹവും ഗുണകാംക്ഷയും സഹകരണവും വളര്‍ത്തിയെടുക്കുകയും നിലനിര്‍ത്തുകയും ചെയ്യുമ്പോഴേ അവ ഫലപ്രദമാവുകയുളളൂ എന്നര്‍ഥം. ചെറിയ ഉപകാരങ്ങള്‍ പോലും അകാരണമായി നിഷേധിക്കുന്നവരുടെ നമസ്‌കാരം വിഫലമാണെന്ന് മാത്രമല്ല അത് നാശഹേതുകൂടിയാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ടല്ലോ.

മാതാപിതാക്കളെ അര്‍ഹമായ രീതിയില്‍ പരിചരിക്കാത്തവരുടെയും കുടുംബബന്ധങ്ങള്‍ മാനിക്കാത്തവരുടെയും അയല്‍പക്ക ബാധ്യതകള്‍ നിറവേറ്റാതിരിക്കുന്നവരുടെയും പരസ്പരം തമ്മിലടിച്ചും കലഹിച്ചും ജീവിക്കുന്നവരുടെയും ഇബാദത്തുകള്‍ക്ക് അല്ലാഹു വില കല്‍പിക്കുകയില്ല എന്ന് ഈ ഹദീസ് ഉണര്‍ത്തുന്നു. നമ്മുടെ സ്വഭാവ രൂപീകരണത്തില്‍ സുപ്രധാന പങ്കുവഹിക്കുമ്പോഴേ ഇബാദത്തുകള്‍ സാര്‍ഥകമാവൂ. അനുയായികളുടെ ശ്രദ്ധ തന്നിലേക്ക് തിരിച്ചശേഷം കാര്യം പറയുന്ന ശൈലി വിഷയത്തിന്റെ ഗൗരവം കൂടുതല്‍ വ്യക്തമാക്കുന്നു. ഈ ഹദീസില്‍ നമുക്കത് കാണാം.

മൂന്ന് ദിവസത്തില്‍ കൂടുതല്‍ പരസ്പരം പിണങ്ങിനില്‍ക്കാന്‍ മുസ്‌ലിമിന് അനുവാദമില്ല എന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. നബി(സ) പറഞ്ഞു: നിങ്ങള്‍ പരസ്പരം വിദ്വേഷം വെക്കരുത്. അസൂയ കാണിക്കരുത്. പരസ്പരം അവഗണിച്ച് തിരിഞ്ഞുകളയരുത്. അല്ലാഹുവിന്റെ ദാസന്‍മാരേ, നിങ്ങള്‍ സഹോദരങ്ങളാവുക. മൂന്ന് ദിവസത്തിനപ്പുറം തന്റെ സഹോദരനോട് ബന്ധം മുറിക്കാന്‍ ഒരു മുസ്‌ലിമിന് അനുവാദമില്ല. (ബുഖാരി)

ശാന്തിയും സമാധാനവും നിറഞ്ഞുനില്‍ക്കുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക് കെട്ടുറപ്പുള്ള ബന്ധങ്ങള്‍ അനിവാര്യമാണ്. ബന്ധങ്ങള്‍ തകര്‍ന്നാല്‍ സമൂഹം തന്നെ തകര്‍ന്നുപോകും. അതിനാല്‍ മാനുഷികബന്ധങ്ങളില്‍ പൊട്ടലും ചീറ്റലും വരാതെ സൂക്ഷിക്കാന്‍ സമൂഹത്തിലെ ഓരോരുത്തരും ബാധ്യസ്ഥരാണ്.

വിദ്വേഷം, അസൂയ, അവഗണന, അസഭ്യം പറയല്‍, ചീത്തപ്പേര് വിളിക്കല്‍, കുറ്റങ്ങളും കുറവുകളും ചുഴിഞ്ഞന്വേഷിക്കല്‍, ഏഷണി, പരൂദുഷണം, തെറ്റായ ഊഹങ്ങള്‍ തുടങ്ങിയവ പരസ്പരബന്ധങ്ങള്‍ ശിഥിലമാക്കുന്ന സംഗതികളാണല്ലോ. അതിനാല്‍ അവ ഇസ്‌ലാം വിലക്കുന്നു. എന്തെങ്കിലും കാരണവശാല്‍ പിണങ്ങിയാല്‍ ആ പിണക്കം ഉടന്‍ ഇല്ലാതാക്കണം. കാലദൈര്‍ഘ്യം കൂടുംതോറും  ആ പിണക്കം പകയായി രൂപാന്തരപ്പെടും. പിന്നീട് ആരോടാണോ പകയുള്ളത് അവനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് പിശാച് വളം വെച്ച് തരും. അങ്ങനെ ഈമാനിന്റെ പ്രകാശം പതിയെ പതിയെ ഇല്ലാതാവും. അങ്ങനെ അത് വ്യക്തിയെയും സമൂഹത്തെയും നന്മയുടെ ഒരു നാമ്പുപോലും അവശേഷിക്കാത്ത തരിശാക്കി മാറ്റും. ഹദീസിന്റെ അവസാനം പറഞ്ഞ ‘ഹാലിഖ’ എന്ന പദത്തിന് മരണം, വരണ്ട കാലം, മുടി കളഞ്ഞ സ്ത്രീ എന്നൊക്കെയാണ് ഭാഷാര്‍ത്ഥം. ബന്ധങ്ങള്‍ തകരുമ്പോള്‍ ധാര്‍മികമായി മുണ്ഡനം ചെയ്യപ്പെടുകയും തല്‍ഫലമായി പലവിധ നാശങ്ങളിലേക്ക് വഴിതുറക്കപ്പെടുകയും ചെയ്യുമെന്ന് സാരം.

Related Articles