Current Date

Search
Close this search box.
Search
Close this search box.

പ്രവാചകന് സിഹ്ര്‍ ബാധിക്കുമോ?

sihr.jpg

ആഇശ(റ) പറയുന്നു ‘പ്രവാചകന്‍ തിരുമേനി(സ)ക്ക് സിഹ്ര്‍ ബാധിച്ചു. തന്റെ ഭാര്യമാരുടെ അടുത്ത് ചെല്ലാതിരിക്കെത്തന്നെ അപ്രകാരം ചെയ്യുന്നതായി അദ്ദേഹത്തിന് തോന്നുകയുണ്ടായി. സുഫ്‌യാന്‍ പറയുന്നു. സിഹ്‌റിന്റെ ഏറ്റവും ഗുരുതരമായ അവസ്ഥയാണിത്. പ്രവാചകന്‍ പറഞ്ഞു അല്ലയോ ആഇശ, ഞാന്‍ ഫത്‌വ ചോദിച്ച കാര്യത്തില്‍ അല്ലാഹു എനിക്ക് മറുപടി തന്നിരിക്കുന്നു. എന്റെ അടുത്ത് രണ്ടാളുകള്‍ വന്നു. അവരിലൊരാള്‍ എന്റെ തലയുടെ അടുത്തും, മറ്റെയാള്‍ കാലിന്നടുത്തും ഇരുന്നു. തലഭാഗത്തിരുന്നയാള്‍ മറ്റെയാളോട് ചോദിച്ചു. ഇയാള്‍ക്കെന്താണ് സംഭവിച്ചത്. അയാള്‍ പറഞ്ഞു ‘സിഹ്ര്‍ ബാധിച്ചതാണ്’ ആരാണ് ചെയ്തത്? അദ്ദേഹം പറഞ്ഞു ‘ബനൂ സുറൈഖ് ഗോത്രത്തില്‍പെട്ട മുനാഫിഖായിരുന്ന ലബീദ് ബിന്‍ അഅ്‌സ്വം’ അയാള്‍ വീണ്ടും ചോദിച്ചു ‘എന്തിലാണ് സിഹ്ര്‍ ചെയ്തിരിക്കുന്നത്? ‘ചീര്‍പ്പിലും ചീകുമ്പോള്‍ കൊഴിഞ്ഞ് വീഴുന്ന മുടിയിലും’ എവിടെ? ദര്‍വാന്‍ കിണറില്‍ കല്ലിന്റെ അടിയില്‍. പ്രവാചകന്‍ തിരുമേനി(സ) അവിടെ ചെന്ന് അത് പുറത്തെടുത്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു അല്ലാഹുവാണ, ഈ കിണര്‍ തന്നെയാണ് ഞാന്‍ കണ്ടത്. അതിലെ വെള്ളം മൈലാഞ്ചി കലക്കിയത് പോലുണ്ട്. അതിലെ ഈത്തപ്പനക്കൊതുമ്പുകള്‍ പിശാചിന്റെ തല പോലുണ്ട്. ഞാനത് പുറത്തെടുക്കുകയും കുഴിച്ച് മൂടുകയും ചെയ്തു. അല്ലാഹു എനിക്ക് രോഗശമനം നല്‍കിയിരിക്കുന്നു. ഇനി അത് മുഖേന ജനങ്ങള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാക്കെന്ന് ഞാന്‍ കരുതി.’ ഇതിന് സമാനമായ മറ്റൊരു റിപ്പോര്‍ട്ടും നേരിയ വ്യത്യാസത്തോടെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

നിരൂപണം
പ്രവാചകത്വ പദവി സുരക്ഷിതമായ സ്ഥാനം കൂടിയാണ്. ബുദ്ധിപരവും, ധാര്‍മ്മികവുമായ പൂര്‍ണതയെ തകര്‍ക്കുന്ന എല്ലാ കാര്യങ്ങളില്‍ നിന്നും പ്രവാചകന്‍മാര്‍ മുക്തമായിരിക്കും. സിഹ്ര്‍ ബാധിക്കുകയെന്നത് ബുദ്ധിപരമായ ന്യൂനതയെയാണ് കുറിക്കുന്നത്. രോഗം, മുറിവ് തുടങ്ങിയവ ഇസ്മത്ത് അഥവാ സുരക്ഷിതത്വത്തിന് വിരുദ്ധമാവില്ല അതിനാല്‍ സിഹ്ര്‍ ആ ഗണത്തിലാണ് ഉള്‍പെടുക എന്ന വാദം അപക്വമാണ്. മേല്‍ സൂചിപ്പിച്ചവ മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ തിന്നുക, കുടിക്കുക, നടക്കുക, സ്‌നേഹിക്കുക, വെറുക്കുക തുടങ്ങിയവയെപ്പോലെയാണ്. എന്നാല്‍ സിഹ്ര്‍ അവയിലുള്‍പെടുന്നതല്ല. മറിച്ച് ഒരു അസാധാരണ സംഭവമാണ്. അത് പ്രവാചകന് ബാധിക്കുന്ന പക്ഷം പ്രവാചകത്വത്തിന് കോട്ടമേല്‍ക്കുകയും അല്ലാഹുവിന്റെ ബോധനം സ്വീകരിച്ച് സംരക്ഷിക്കാനാവാതെ വരികയും ചെയ്യും.
വിശുദ്ധ ഖുര്‍ആന്‍ പിശാചിന്റെ സിഹ്‌റിന്റെയും ആകെത്തുകയാണെന്ന ധാരണ സൃഷ്ടിക്കാനെ ഈ ഹദീസ് വഴിവെക്കുകയുള്ളൂ. ഇതുമായി ബന്ധപ്പെട്ട ക്രൈസതവ പുരോഹിതന്മാര്‍ നടത്തിയ ആരോപണങ്ങള്‍ മാത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവുന്നതാണ്.
മറ്റൊരു തലത്തില്‍ നിന്നും ചിന്തിച്ചാല്‍, പ്രവാചകന്(സ)ക്ക് സിഹ്ര്‍ ബാധിച്ചിരുന്നുവെങ്കില്‍ അക്കാലത്തെ ജനങ്ങള്‍ക്കിടയില്‍ വളരെ വലിയ ചര്‍ച്ചാവിഷയമാവുമായിരുന്നു അത്. അതോട് കൂടി അതുമായി ബന്ധപ്പെട്ട് ധാരാളം റിപ്പോര്‍ട്ട് വരികയും അത് മുതവാതിര്‍ ആവുകയും ചെയ്യേണ്ടതാണ്. പിന്നെ എങ്ങനെ അത് കേവലം ആഇശ(റ)യില്‍ നിന്ന് മാത്രം നിവേദനം ചെയ്യപ്പെട്ടു? പ്രവാചകന്റെ തന്നെ മറ്റ് പത്‌നിമാര്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ലേ? പ്രവാചകനുമായി ബന്ധപ്പെട്ട ജനാബത്ത്, സംസര്‍ഗ്ഗം തുടങ്ങിയ രഹസ്യവും നിസ്സാരവുമായ വിഷയങ്ങളുടെ വിശദീകരണം പോലും അവര്‍ ജനങ്ങളെ അറിയിക്കാറുണ്ടായിരുന്നില്ലേ?
സ്വഹീഹുല്‍ ബുഖാരിയിലും മുസ്‌ലിമിലും ഉദ്ധരിക്കപ്പെട്ട ഈ ഹദീസ് വിശുദ്ധ ഖുര്‍ആന് വ്യക്തമായി എതിരാണ്. പ്രവാചകന് സിഹ്‌റ് ബാധിച്ചുവെന്നത് അക്രമികളായ ശത്രുക്കളുടെ വാദമായാണ് ഖുര്‍ആന്‍ സമര്‍പ്പിക്കുന്നത്. (ഫുര്‍ഖാന്‍: 8) എന്നല്ല ജനങ്ങളുടെ ഉപദ്രവങ്ങളില്‍ നിന്ന് അല്ലാഹു പ്രവാചകനെ സംരക്ഷിക്കുമെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
ഇനി ഹദീസ് സ്വഹീഹാണെന്ന് തന്നെ ധരിച്ചാല്‍ അത് ആഹാദ് (പരമ്പരയില്‍ ഓരോ കണ്ണിയിലും ഒരാള്‍ മാത്രമുള്ളത്) ആണ്. വിശ്വാസപരമായ കാര്യങ്ങളില്‍ ഇത്തരത്തിലുള്ള ഹദീസുകള്‍ പ്രമാണവുമല്ല. പ്രവാചകന്റെ സുരക്ഷിതത്വം വിശ്വാസപരമായ വിഷയമാണല്ലോ. അതിനാല്‍ ഇമാം മുഹമ്മദ് പറയുന്നു ‘പ്രവാചകന് ചെയ്യാത്ത കാര്യം ചെയ്തതായി അനുഭവപ്പെടുകയെന്ന സിഹ്‌റിന്റെ രൂപം കേവലം രോഗമായോ, മറവിയായോ ഗണിക്കാവതല്ല. മറിച്ച് അത് ബുദ്ധിയെ കാര്യമായി സ്പര്‍ശിക്കുന്ന കാര്യമാണ്. എന്നല്ല അദ്ദേഹം സിഹ്‌റ് ബാധിക്കപ്പെട്ടവനാണെന്ന മുശ്‌രിക്കുകളുടെ വാദത്തെ സത്യപ്പെടുത്തുകയാണത് ചെയ്യുക. കാരണം ബുദ്ധി താളം തെറ്റുകയെന്നതാണ് അവരത് കൊണ്ട് ഉദ്ദേശിച്ചിരുന്നത്.
പ്രവാചകത്വത്തിന്റെ സത്തയും തേട്ടവും അറിയാത്ത ചിലര്‍ പ്രവാചകന് സിഹ്ര്‍ ബാധിച്ചുവെന്നത് നിര്‍ബന്ധമായും വിശ്വസിക്കേണ്ട കാര്യമാണെന്നും നിഷേധിക്കുന്നത് ബിദ്അത്താണെന്നും പ്രചരിപ്പിക്കാറുണ്ട്. ഖുര്‍ആന്‍ സ്ഥാപിച്ച സിഹ്ര്‍ ഇല്ല എന്ന് പറയാന്‍ പാടില്ലല്ലോ എന്നാണവരുടെ വാദം.’
മൂസാ പ്രവാചകന്റെ സിഹ്ര്‍ ഒരിക്കലും നബി തിരുമേനി(സ)യുടെ സിഹ്‌റിനുള്ള തെളിവല്ല. ഹദീസില്‍ സൂചിപ്പിക്കപ്പെട്ട സിഹ്ര്‍ അല്ല മൂസാ(അ)ന്റെത്. മാത്രമല്ല അവിടത്തെ സാഹിറുകള്‍ കണ്‍കെട്ട് വിദ്യയാണ് കാണിച്ചതെന്ന് ഖുര്‍ആന്‍ തന്നെ വിശദീകരിച്ചിട്ടുമുണ്ട്. അതാവട്ടെ ബുദ്ധിയെയോ, ശരീരത്തെയോ ബാധിക്കുന്ന സിഹ്‌റുമല്ല.
ദീനിനോടും പ്രവാചകനോടും വിദ്വേഷമുള്ള പലരും ആഇശ(റ)യുടെ നാമം ദുരുപയോഗപ്പെടുത്തിയിരിക്കുന്നു. അവരുടെ പേരില്‍ കളവുദ്ധരിക്കുകയാണ് അവര്‍ ചെയ്തത്. യഹൂദികളും രാഷ്ട്രീയ നേതൃത്വവും മറ്റുമായിരുന്നല്ലോ വ്യാജഹദീസുകള്‍ മുഖേന മുതലെടുത്തിരുന്നത്. ഇവിടെ ഉന്നയിക്കപ്പെട്ട സിഹ്‌റിന്റെ കാലാവധി ആറുമാസമാണെന്നാണ് ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്. അങ്ങനെയായിരിക്കെ പിന്നെ എങ്ങനെയാണ് ആഇശ(റ) മാത്രം പ്രസ്തുത ഹദീസ് റിപ്പോര്‍ട്ട് ചെയ്യുക. മാത്രമല്ല 23 വര്‍ഷക്കാലത്തെ ഹദീസ് നിവേദനങ്ങളില്‍ ഒന്നില്‍ പോലും ഏതെങ്കിലും ഒരു സ്വഹാബിക്ക് സിഹ് ര്‍ ബാധിച്ചതായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. ഈ വിഷയകമായി ഞാന്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നില്ല. എനിക്ക് മുമ്പ് മുഹമ്മദുല്‍ ഗസ്സാലിയെപ്പോലുള്ള ധാരാളം പണ്ഡിതന്മാര്‍ കൈകാര്യം ചെയ്ത വിഷയമാണല്ലോ ഇത്.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles