Current Date

Search
Close this search box.
Search
Close this search box.

പ്രവാചകന്‍ വരച്ച ചിത്രം

drawing.jpg

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: ”നബി (സ) ചതുരാകൃതിയിലുള്ള ഒരു കള്ളി വരച്ചു. അതിന്റെ മധ്യത്തില്‍ നിന്നു പുറത്തേക്ക് നീട്ടി ഒരു വര വരച്ചു. ശേഷം മധ്യത്തിലുള്ള വരയിലേക്ക് വശങ്ങളില്‍ നിന്നും കുറെ ചെറിയ വരകള്‍ വരച്ചു. പിന്നെ ഇങ്ങനെ പറഞ്ഞു: ”ഇത് (ചിത്രം) മനുഷ്യനാണു. ഇത് (ചതുരം) അവനെ വലയം ചെയ്തു നില്‍കുന്ന അവന്റെ ആയുസ്സും (ജീവിത കാലം), പുറത്തേക്ക് തള്ളി നില്‍കുന്നത് അവന്റെ ആഗ്രഹങ്ങളുമാണു. ഈ കൊച്ചു വരകള്‍ ജീവിതത്തിലെ പ്രശ്‌നങ്ങളും. ഇതിലൊന്നില്‍ നിന്നു രക്ഷപ്പെട്ടാല്‍ അടുത്തത് അവനെ ബാധിക്കും.” (ബുഖാരി)

മനുഷ്യന്റെ പരിമിതമായ ആയുസ്സും അപരിമിതമായ ആഗ്രഹങ്ങളുമാണ് പ്രവാചകന്‍ ഈ രേഖാചിത്രത്തിലൂടെ കാണിച്ചുതന്നത്. ചതുരത്തിന്റെ അതിരുകള്‍ മരണമാണ്. മരണം മനുഷ്യനെ വലയം ചെയ്ത് നില്‍ക്കുന്നു. ആ വലയം ഭേദിച്ച് മനുഷ്യന്റെ ആയുസ്സ് ഒരിക്കലും അപ്പുറത്തേക്ക് കടക്കുന്നില്ല. എന്നാല്‍ ആയുസ്സിനും അപ്പുറത്തേക്കാണ് മനുഷ്യന്റെ ആഗ്രഹങ്ങള്‍ പോകുന്നത്. മനുഷ്യന്റെ ജീവിത കാലഘട്ടത്തിനിടക്ക് അവന് നേരിടേണ്ടി വരുന്ന സന്തോഷകരവും പ്രയാസകരവുമായ എല്ലാ അവസ്ഥകളുമാണ് ചെറിയ വരകള്‍ കുറിക്കുന്നത്. മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് ലംബമായാണ് അവ സഞ്ചരിക്കുന്നത്. ചിലപ്പോള്‍ അത് അവന്റെ ആഗ്രഹങ്ങളെ വളര്‍ത്തും അല്ലെങ്കില്‍ തളര്‍ത്തും. എന്നാല്‍ ആഗ്രഹങ്ങള്‍ അവസാനിക്കാതെ മുന്നോട്ട് പോകുന്നു. അവന്റെ മരണത്തിനും അതിനെ തടുക്കാനാവില്ല.

ഒരു അധ്യാപന രീതി കൂടിയാണ് പ്രവാചകന്‍(സ) ഈ ഹദീഥിലൂടെ പഠിപ്പിച്ചു തരുന്നത്. കാര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കാന്‍ രേഖാചിത്രങ്ങള്‍ വരച്ചു കാണിക്കാം. അവയിലൂടെ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വിവരിക്കാം. കാരണം, ചിത്രങ്ങളിലൂടെയുള്ള വിവരണങ്ങള്‍ മനുഷ്യമനസ്സിന് പെട്ടെന്ന് ഉള്‍ക്കൊള്ളാനാവുമെന്ന മനശ്ശാസ്ത്രമാണ് പ്രവാചകന്‍(സ) ഇവിടെ ഉപയോഗിച്ചത്.

വിവ: അനസ് പടന്ന

Related Articles