Current Date

Search
Close this search box.
Search
Close this search box.

പുണ്യം ഉദ്ദേശിച്ച് നബിയുടെ ഖബര്‍ സന്ദര്‍ശിക്കല്‍

grave.jpg

നബി(സ)യുടെ ഖബര്‍ സന്ദര്‍ശിക്കുന്നതിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഹദീസുകള്‍ക്ക് എത്രത്തോളം ആധികാരികതയുണ്ടെന്നത് പരിശോധിക്കപ്പെടേണ്ടതാണ്. അങ്ങനെയുള്ള മൂന്ന് ഹദീസുകളെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. പ്രസ്തുത ഹദീസുകള്‍:

‘ഒരാള്‍ ഹജ്ജ് ചെയ്തു, എന്നിട്ട് എന്നെ സന്ദര്‍ശിച്ചില്ല. അവന്‍ എന്നെ വെടിഞ്ഞിരിക്കുന്നു.’
‘എന്റെ മരണത്തിന് ശേഷം എന്നെ സന്ദര്‍ശിക്കുന്നത്, ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ സന്ദര്‍ശിക്കുന്നത് പോലെയാണ്.’
‘പ്രതിഫലം ആഗ്രഹിച്ച് മദീനയില്‍ എന്നെ ആരെങ്കിലും സന്ദര്‍ശിച്ചാല്‍ അന്ത്യദിനത്തില്‍ ഞാനവന് ശിപാര്‍ശകനും സാക്ഷിയുമായിരിക്കും.’

പലയിടത്തും ഉദ്ധരിക്കപ്പെടുന്നവയാണ് മുകളില്‍ പറയപ്പെട്ട ഹദീസുകള്‍. അതില്‍ ഒന്നാമതു പറയുന്ന ‘ഒരാള്‍ ഹജ്ജ് ചെയ്തു, എന്നിട്ട് എന്നെ സന്ദര്‍ശിച്ചില്ല. അവന്‍ എന്നെ വെടിഞ്ഞിരിക്കുന്നു.’ എന്നത് പ്രവാചകനില്‍ നിന്ന് അബ്ദുല്ലാഹ് ബിന്‍ ഉമര്‍ മുഖേന റിപോര്‍ട്ട് ചെയ്യപ്പെട്ടതായിട്ടാണ് ഇബ്‌നു അദിയ്യും ദാറഖുത്‌നിയും ഉദ്ധരിക്കുന്നത്. ദുര്‍ബലമായ (ضعيف) ഹദീസാണത്. മാത്രമല്ല, അതിനെ കുറിച്ച് പറയപ്പെടുന്നത് അത് കെട്ടിചമക്കപ്പെട്ടതാണെന്നാണ് (موضوع). അതിന്റെ നിവേദക പരമ്പരയിലുള്ള മുഹമ്മദ് ബിന്‍ നുഅ്മാന്‍ ബിന്‍ ശിബ്ല്‍ അല്‍ബാഹിലിയും അദ്ദേഹത്തിന്റെ പിതാവും അങ്ങേയറ്റം ദുര്‍ബലരാണ്.

ദാറഖുത്‌നി പറയുന്നു: ഈ ഹദീഥിനെ കുറിച്ചുള്ള ആക്ഷേപം നുഅ്മാന്റെ പേരിലല്ല, നുഅ്മാന്റെ മകന്റെ (മുഹമ്മദ് ബിന്‍ നുഅ്മാന്‍) പേരിലാണ്. ബസ്സാറും (البزار) ഈ ഹദീസ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ആ നിവേദക പരമ്പരയിലുള്ള ഇബ്‌റാഹീം അല്‍ഗഫ്ഫാരി അങ്ങേയറ്റം ദുര്‍ബലനാണ്. ഇതിന്റെ നിവേദക പരമ്പര അജ്ഞാതമാണെന്നാണ് ബൈഹഖി പറഞ്ഞിട്ടുള്ളത്.

രണ്ടാമത്തെ ഹദീസായ ‘എന്റെ മരണത്തിന് ശേഷം എന്നെ സന്ദര്‍ശിക്കുന്നത്, ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ സന്ദര്‍ശിക്കുന്നത് പോലെയാണ്.’ റിപോര്‍ട്ട് ചെയ്തിരിക്കുന്ന ഹാതിബില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിരിക്കുന്ന ഇതിന്റെ നിവേദകപരമ്പരയില്‍ അജ്ഞാതനായ (مجهول) ഒരാളുണ്ട്. ഇതിന്റെ നിവേദക പരമ്പരയിലുള്ള ഹഫ്‌സ് ബിന്‍ ദാവൂദ് അങ്ങേയറ്റം ദുര്‍ബലനാണെന്ന് അബൂ യഅ്‌ല അദ്ദേഹത്തിന്റെ ‘മുസ്‌നദി’ലും ഇബ്‌നു അദിയ്യ് അദ്ദേഹത്തിന്റെ ‘കാമില്‍’ എന്ന ഗ്രന്ഥത്തിലും പറയുന്നു.

നബി(സ)യില്‍ നിന്നും അനസ് ബിന്‍ മാലികിലൂടെ ഇബ്‌നു അബീ ദുന്‍യാ റിപോര്‍ട്ട് ചെയ്യുന്നതാണ് മൂന്നാമതായി പറഞ്ഞ ‘പ്രതിഫലം ആഗ്രഹിച്ച് മദീനയില്‍ എന്നെ ആരെങ്കിലും സന്ദര്‍ശിച്ചാല്‍ അന്ത്യദിനത്തില്‍ ഞാനവന് ശിപാര്‍ശകനും സാക്ഷിയുമായിരിക്കും’ എന്ന ഹദീസ്. അതിന്റെ പരമ്പരയിലുള്ള സുലൈമാന്‍ ബിന്‍ സൈദ് അല്‍കഅബി ദുര്‍ബലനാണ്. ഉമര്‍ ബിന്‍ ഖതാബ്(റ)ല്‍ നിന്നും നിവേദനം ചെയ്യപ്പെട്ട ഈ ഹദീസിന്റെ പരമ്പരയില്‍ അജ്ഞാതനായ ഒരാളുണ്ടെന്ന് അബൂദാവൂദ് ത്വയാലിസി പറയുന്നു. മേല്‍പറയപ്പെട്ട ഹദീസുകളെ കുറിച്ച് ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ ഹാദി അദ്ദേഹത്തിന്റെ ‘അസ്സാരിമുല്‍ മുന്‍കി ഫിര്‍റദ്ദി അലസ്സുബ്കി’ എന്ന ഗ്രന്ഥത്തിലും ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയയുടെ ‘അര്‍റദ്ദു അലല്‍ ഇഗ്‌നാഇയ്യ’യിലും വിശദമായി പറയുന്നുണ്ട്. അധിക വായനക്കായി അവ രണ്ടും ഉപയോഗപ്പെടുത്താവുന്നതാണ്.

എന്നാല്‍ മരണത്തെ കുറിച്ച ചിന്തയുണ്ടാക്കുന്നതിനും മയ്യിത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നതിനും ഖബര്‍ സന്ദര്‍ശിക്കാവുന്നതാണെന്ന് വ്യക്തമാക്കുന്ന നിരവധി സ്വഹീഹായ ഹദീസുകളുണ്ട്. എന്നാല്‍ നബി(സ) ഖബര്‍ സന്ദര്‍ശിക്കുന്നതിന് സവിശേഷമായ പുണ്യമുണ്ടെന്ന് പറയുന്ന ഹദീസുകളെല്ലാം തന്നെ ദുര്‍ബലമാണ്. അതില്‍ പലതും കെട്ടിച്ചമക്കപ്പെട്ടതുമാണ്. ഒരാള്‍ നബി(സ)യുടെയോ മറ്റാരുടെയെങ്കിലുമോ ഖബര്‍ സന്ദര്‍ശിക്കുന്നുവെങ്കില്‍ മരണത്തെ കുറിച്ചുള്ള ചിന്തയുണ്ടാക്കുന്നതിനും ഖബറില്‍ കിടക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതിനും വേണ്ടിയായിരിക്കണമത്. നബിയുടെ ഖബര്‍ സന്ദര്‍ശിക്കുന്നവര്‍ നബിയുടെ പേരില്‍ സ്വലാത്തും സലാമും ചൊല്ലുകയും വേണം. അങ്ങനെയുള്ള സന്ദര്‍ശനം പ്രതിഫലാര്‍ഹമായ സന്ദര്‍ശനമാണ്. എന്നാല്‍ ഒരാള്‍ നബി(സ)യുടെ ഖബര്‍ സന്ദര്‍ശിക്കുന്നത് ബറകത് പ്രതീക്ഷിച്ചോ കാര്യസാധ്യത്തിന് വേണ്ടിയോ പ്രത്യേക ദിവസങ്ങളിലെ സന്ദര്‍ശനത്തിന് പ്രാധാന്യം കല്‍പിച്ചോ ആണെങ്കില്‍ നല്‍കിയോ ആണെങ്കില്‍ ദീനില്‍ കൂട്ടിചേര്‍ക്കലാണത്. ദീനില്‍ അതിന് പ്രമാണമോ ഈ സമുദായത്തിലെ മുന്‍ഗാമികളുടെ മാതൃകളോ ഇല്ല. എന്നാല്‍ അത് വിലക്കുന്ന ഹദീസുകളുമുണ്ട്. ‘മൂന്ന് മസ്ജിദുകളിലേക്കല്ലാതെ (പുണ്യം ഉദ്ദേശിച്ച്) യാത്ര ചെയ്യരുത്. മസ്ജിദുല്‍ ഹറാം, എന്റെ ഈ മസ്ജിദ് (മസ്ജിദുന്നബവി), മസ്ജിദുല്‍ അഖ്‌സ എന്നിവയാണവ.’ (ബുഖാരി)
‘എന്റെ ഖബറിനെ നിങ്ങള്‍ ആഘോഷമാക്കരുത് (ആളുകള്‍ ഒരുമിച്ചു കൂടുന്ന സ്ഥലം). നിങ്ങളുടെ വീടുകളെ ഖബറുകളുമാക്കരുത്. നിങ്ങള്‍ സ്വലാത്ത് ചൊല്ലുക, നിങ്ങള്‍ എവിടെയാണെങ്കിലും നിങ്ങളുടെ സലാം എന്നിലേക്ക് എത്തും.’

വിവ: നസീഫ്‌

……………………………………..

من حج البيت ولم يزرني فقد جفاني
من زارني بعد موتي فكأنما زارني في حياتي
من زارني بالمدينة محتسباً كنت له شفيعاً شهيداً يوم القيامة

Related Articles