Current Date

Search
Close this search box.
Search
Close this search box.

പാപമോചനത്തിന് വുദൂഉം നമസ്‌കാരവും

ablution333.jpg

عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ أَلَا أَدُلُّكُمْ عَلَى مَا يَمْحُو اللَّهُ بِهِ الْخَطَايَا وَيَرْفَعُ بِهِ الدَّرَجَاتِ قَالُوا بَلَى يَا رَسُولَ اللَّهِ قَالَ إِسْبَاغُ الْوُضُوءِ عَلَى الْمَكَارِهِ وَكَثْرَةُ الْخُطَى إِلَى الْمَسَاجِدِ وَانْتِظَارُ الصَّلَاةِ بَعْدَ الصَّلَاةِ فَذَلِكُمْ الرِّبَاطُ (صحيح مسلم).

അബൂഹുറയ്‌റയില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: അല്ലാഹു കുറ്റങ്ങള്‍ മായ്ചുകളയുകയും പദവികള്‍ ഉയര്‍ത്തുകയും ചെയ്യുന്ന ഒരു കാര്യം ഞാന്‍ അറിയിച്ചു തരട്ടെയോ? അവര്‍ (സഹാബികള്‍) പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അതെ. അവിടുന്ന് പറഞ്ഞു: വിശമങ്ങള്‍ നേരിടുന്ന സന്ദര്‍ഭങ്ങളില്‍ പൂര്‍ണമായി വുളൂ ചെയ്യുക. പള്ളികളിലേക്ക് കൂടുതല്‍ നടക്കുക. ഒരു നമസ്‌കാരം കഴിഞ്ഞ ശേഷം അടുത്ത നമസ്‌കാരം പ്രതീക്ഷിച്ചുകൊണ്ടിരിക്കുക. അതാണ് മനുഷ്യനെ ദീനില്‍ ബന്ധിച്ചുനിര്‍ത്തല്‍.

دَلَّ – يَدُلّ : അറിയിച്ചു
مَحَى – يَمْحُو : മായ്ചു  
خَطِيئَةٌ (ج) خَطَايَا : കുറ്റം  
رَفَعَ – يَرْفَعُ : ഉയര്‍ത്തി
دَرَجَة (ج) دَرَجَات : പദവി
قَالَ : പറഞ്ഞു
بَلَى : ഉവ്വ്, അതെ, തീര്‍ച്ചയായും
إِسْبَاغ : പൂര്‍ണമായി നിര്‍വഹിക്കല്‍
مَكْرُهَة (ج) مَكَارِه : അനിഷ്ടം, വിപത്ത്, വിശമം
كَثْرَة  : ആധിക്യം, വര്‍ധവന്
خُطَّةٌ (ج) خُطَى : കാലടി
مَسْجِد (ج) مَسَاجِد : പള്ളി   
اِنْتِظَار : കാത്തിരിക്കല്‍, പ്രതീക്ഷിക്കല്‍
ذَلِكُمْ : അത്, അവന്‍
رَبَطَ : കെട്ടി, ബന്ധിച്ചു
رِبَاطٌ : കോട്ട, ബന്ധിക്കാനുപയോഗിക്കുന്ന വസ്തു, അതിര്‍ത്തി സംരക്ഷണം

വുദൂഉം നമസ്‌കാരവും നമ്മുടെ പാപങ്ങള്‍ ഇല്ലാതാക്കാന്‍ കൂടി സഹായിക്കും എന്നാണ് ഈ ഹദീസുകള്‍ പഠിപ്പിക്കുന്നത്. വുദൂഇനെ കുറിച്ച് നബി(സ) മറ്റൊരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: ഒരാള്‍ വുദൂഅ് ചെയ്തപ്പോള്‍ അത് ഏറ്റവും നല്ല രീതിയിലാണ് ചെയ്തതെങ്കില്‍ അവന്റെ ശരീരത്തില്‍ നിന്നും പാപങ്ങള്‍ പുറത്തുപോകുന്നതാണ്; നഖങ്ങള്‍ക്ക് താഴെയുള്ളതു കൂടി പുറത്തുപോകുന്നതാണ്. (1)

നമസ്‌കാരത്തിലൂടെ പാപമോചനം സാധ്യമാവുന്നതിനെ പ്രവാചകന്‍ ഒരു ഉദാഹരണത്തിലൂടെ ഇങ്ങനെ വിശദീകരിക്കുന്നു. നബി(സ) അനുചരന്മാരോട് പറഞ്ഞു: നിങ്ങളിലൊരാളുടെ വീടിന് മുന്നിലൂടെ ഒരു നദി ഒഴുകുന്നുണ്ടെന്ന് വിചാരിക്കുക. ദിനേന അയാള്‍ അതില്‍ നിന്ന് അഞ്ച് നേരം കുളിക്കുന്നുവെന്നും സങ്കല്‍പിക്കുക. അയാളുടെ ശരീരത്തില്‍ വല്ല മാലിന്യവും അവശേഷിക്കുമോ? അവര്‍ പറഞ്ഞു: അയാളുടെ ശരീരത്തില്‍ യാതൊരു മാലിന്യവും അവശേഷിക്കുകയില്ല. അതാണ് അഞ്ചുനേരത്തെ നമസ്‌കാരത്തിന്റെ ഉപമ. അവ മുഖേന അല്ലാഹു പാപങ്ങള്‍ മായ്ചുകളയുന്നു. (2)

അതേസമയം ഇഷ്ടമുള്ളവര്‍ മാത്രം നിര്‍വഹിക്കേണ്ട ഒന്നല്ല നമസ്‌കാരം. ജാബിറില്‍ നിന്ന് നിവേദനം. നബി(സ) പറയുന്നത് ഞാന്‍ കേട്ടു: നിശ്ചയമായും ഒരു മനുഷ്യന്റെയും ശിര്‍ക്കിന്റെയും/കുഫ്‌റിന്റെയും ഇടയിലുള്ളതാണ് നമസ്‌കാരം ഉപേക്ഷിക്കല്‍. (3)

നമസ്‌കാരം ഉപേക്ഷിക്കുന്നതിന്റെ ഗൗരവമാണ് ഈ ഹദീസ് നമുക്ക് പറഞ്ഞുതരുന്നത്. ഓരോ മുസ്‌ലിമും മരണം വരെ നിര്‍വഹിക്കേണ്ട കര്‍മമാണ് നമസ്‌കാരം. ചെറുപ്പം മുതല്‍ കുട്ടികള്‍ നമസ്‌കാരം ശീലിക്കണം. പ്രായപൂര്‍ത്തിയായാല്‍ പിന്നെ ഒരു കാരണവശാലും നമസ്‌കാരം ഒഴിവാക്കാന്‍ പാടില്ല. അത് വലിയ കുറ്റമാണ്. അബോധാവസ്ഥ, ആര്‍ത്തവം, പ്രസവം തുടങ്ങിയ പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമേ നമസ്‌കാരം ഉപേക്ഷിക്കാന്‍ അനുവാദമുള്ളൂ.
 
നമസ്‌കാരം മുസ്‌ലിംകളെ മറ്റുള്ളവരില്‍നിന്ന് വേര്‍തിരിക്കുന്ന അടയാളമാണെന്ന് ഈ ഹദീസില്‍നിന്ന് മനസ്സിലാക്കാം. അല്ലാഹുവിലുള്ള യഥാര്‍ഥവിശ്വാസമാണ് ഈമാന്‍. അതിനു വിപരീതമായി അല്ലാഹുവില്‍ വിശ്വസിക്കാതിരിക്കലും അവനെ അനുസരിക്കാതിരിക്കലുമാണ് കുഫ്‌റ്. അല്ലാഹുവിനെക്കൂടാതെ മറ്റു ശക്തികളില്‍ ദൈവികശക്തി ഉണ്ടെന്നും ആ നിലക്ക് അല്ലാഹുവിന്റെ ഗുണങ്ങള്‍ അവര്‍ക്കുണ്ടെന്നും കരുതുന്നതാണ് ശിര്‍ക്ക്. ശിര്‍ക്കിനെ അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍ എന്ന് ഒറ്റവാക്യത്തില്‍ പറയാം. ഈ അവസ്ഥകളിലായിത്തീരുന്നത് എത്ര കഷ്ടമാണ് അല്ലേ? നമസ്‌കാരം ഉപേക്ഷിക്കുന്നവന്‍ എത്ര ഗൗരവമുള്ള തെറ്റാണ് ചെയ്യുന്നത് എന്ന് നമുക്ക് ബോധ്യപ്പെമാക്കിത്തരുകയാണ് ഈ ഹദീസ്.

കുഫ്‌റിലും ശിര്‍ക്കിലും എത്തിച്ചേരുന്നതില്‍നിന്ന് നമസ്‌കാരം നമ്മെ തടയും. അല്ലാഹുവിനെ സ്മരിക്കുക, അവനെ സ്തുതിക്കുക, അവനോട് പ്രാര്‍ഥിക്കുക തുടങ്ങിയ കാര്യങ്ങളാണല്ലോ നമസ്‌കാരത്തില്‍ ചെയ്യുന്നത്. ഇത് ഈമാന്‍ ശക്തിപ്പെടുത്തുന്നതിനു സഹായിക്കുന്നു. കുഫ്‌റില്‍ നിന്ന് നാം അങ്ങനെ രക്ഷപ്പെടുന്നു. അല്ലാഹുവിന് മാത്രമേ ഇബാദത്ത് ചെയ്യൂ എന്നും അവനോട് മാത്രമേ സഹായം ചോദിക്കുകയുള്ളൂ എന്നും ഓരോ നമസ്‌കാരത്തിലും നാം പ്രതിജ്ഞയെടുക്കുന്നുണ്ടല്ലോ. ഇങ്ങനെയുള്ള ചിന്തകള്‍ നമ്മെ ശിര്‍ക്കില്‍നിന്നു കാത്തു രക്ഷിക്കുന്നു.

നമസ്‌കാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കാത്തതുകൊണ്ടോ അലസതയും അശ്രദ്ധയും മൂലമോ നമസ്‌കാരം ഉപേക്ഷിക്കുന്നവരുണ്ട്. പരലോകത്ത് കഠിനമായ ശിക്ഷക്ക് അത് കാരണമായിത്തീരും. നമസ്‌കാരം നിര്‍ബന്ധമാണെന്ന കാര്യം നിഷേധിക്കുന്നവര്‍ക്ക് ഇസ്‌ലാമില്‍ ഒരു സ്ഥാനവുമില്ല.

രോഗിയും ആശുപത്രിയില്‍ കൂടെ നില്‍ക്കുന്നവരും കൂലിപ്പണിയെടുക്കുന്നവരും യാത്രക്കാരും നമസ്‌കാരം ഉപേക്ഷിക്കുന്നത് നമുക്കറിയാം. നിന്നോ ഇരുന്നോ കിടന്നോ ആംഗ്യ കാണിച്ചോ വാഹനത്തിലിരുന്നോ സാധ്യമാവുന്ന വിധം നമസ്‌കരിക്കണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അനിവാര്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കാനുള്ള ഇളവ് എന്ന നിലയില്‍ ജംഉം ഖസ്‌റും ഇസ്‌ലാം അനുവദിച്ചിരിക്കുന്നു. എന്നാല്‍ വീട്ടില്‍ സല്‍ക്കാരമോ കല്യാണമോ നടക്കുമ്പോള്‍ മാത്രമല്ല, നോമ്പു തുറ സംഘടിപ്പിക്കുമ്പോള്‍ പോലും നമസ്‌കാരം ഒഴിവാക്കുന്നവര്‍ നമ്മുടെ നാട്ടില്‍ വിരളമല്ല എന്നതാണ് യാഥാര്‍ഥ്യം. ഈ നിലപാട് അല്ലാഹു അംഗീകരിക്കില്ല എന്ന് പറയേണ്ടതില്ലല്ലോ.

നിര്‍ബന്ധ നമസ്‌കാരങ്ങള്‍ സംഘടിതമായി നിര്‍വഹിക്കുന്നതാണ് ഏറെ ഉത്തമം. അതിനെയാണ് ഇസ്‌ലാം പ്രോല്‍സാഹിപ്പിക്കുന്നത്. ഇബ്‌നു ഉമറില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: സംഘടിത നമസ്‌കാരം ഒറ്റക്ക് നമസ്‌കരിക്കുന്നതിനേക്കാള്‍ ഇരുപത്തിയേഴ് ഇരട്ടി ശ്രേഷ്ഠകരമാണ് (4)

നമസ്‌കാരം പ്രതീക്ഷിച്ച് പള്ളിയിലിരിക്കുന്നവന് നമസ്‌കാരത്തിന് തുല്യമായ പ്രതിഫലം ലഭിക്കുമെന്നും നമസ്‌കരിച്ച സ്ഥലത്ത് ഇരിക്കുന്ന സമയമത്രയും മലക്കുകളുടെ പ്രാര്‍ഥന ലഭിക്കുമെന്നുമെല്ലാം ഹദീസുകളില്‍ കാണാം.

അബൂഹുറയ്‌റയില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: സംഘത്തില്‍ ചേര്‍ന്നുകൊണ്ടുള്ള നമസ്‌കാരം ഒരാള്‍ തന്റെ വീട്ടിലോ കച്ചവടസ്ഥലത്തോ ഒറ്റക്ക് നമസ്‌കരിക്കുന്നതിനേക്കാള്‍ ഇരുപത്തിയഞ്ച് ഇരട്ടിയായി കണക്കാക്കപ്പെടുന്നതാണ്. അവന്‍ നന്നായി വുളുവെടുക്കുകയും പിന്നീട് നമസ്‌കാരത്തിനായി പള്ളിയിലേക്ക് പുറപ്പെടുകയും ചെയ്യുമ്പോഴാണ് അത് ലഭിക്കുക. (മറ്റെന്തെങ്കിലും ആവശ്യത്തിന് പോകുമ്പോള്‍ വഴിക്ക് വെച്ച് പള്ളിയില്‍ കയറുന്നവനെ കുറിച്ചല്ല ഇപ്പറഞ്ഞത് എന്നര്‍ഥം). അങ്ങനെ അവന്‍ വെക്കുന്ന ഓരോ കാലടിക്കും അവന് ഒരു പദവി വീതം ഉയര്‍ത്തപ്പെടുകയും ഒരു പാപം വീതം പൊറുക്കപ്പെടുകയും ചെയ്യും. നമസ്‌കാരശേഷം (വുളുവോടു കൂടി) അതേസ്ഥലത്ത് ഇരിക്കുന്ന സമയമത്രയും, ‘അല്ലാഹുവേ ഇവനെ അനുഗ്രഹിക്കേണമേ, ഇവനില്‍ കരുണ ചൊരിയേണമേ’ എന്ന് മലക്കുകള്‍ പ്രാര്‍ഥിക്കും. നിങ്ങളിലൊരാള്‍ നമസ്‌കാരം പ്രതീക്ഷിച്ചിരിക്കുന്ന സമയമത്രയും നമസ്‌കാരത്തിലായിരിക്കും. (5)

………………………………….

1.عَنْ عُثْمَانَ بْنِ عَفَّانَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ تَوَضَّأَ فَأَحْسَنَ الْوُضُوءَ خَرَجَتْ خَطَايَاهُ مِنْ جَسَدِهِ حَتَّى تَخْرُجَ مِنْ تَحْتِ أَظْفَارِهِ (صحيح مسلم).
2.عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ وَفِي حَدِيثِ بَكْرٍ أَنَّهُ سَمِعَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ أَرَأَيْتُمْ لَوْ أَنَّ نَهْرًا بِبَابِ أَحَدِكُمْ يَغْتَسِلُ مِنْهُ كُلَّ يَوْمٍ خَمْسَ مَرَّاتٍ هَلْ يَبْقَى مِنْ دَرَنِهِ شَيْءٌ قَالُوا لَا يَبْقَى مِنْ دَرَنِهِ شَيْءٌ قَالَ فَذَلِكَ مَثَلُ الصَّلَوَاتِ الْخَمْسِ يَمْحُو اللَّهُ بِهِنَّ الْخَطَايَا
3.عَنْ جَابِر بْنِ عَبْدِ اللَّهِ يَقُولُ سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكُ الصَّلَاةِ (صحيح مسلم).
4.عَنِ ابْنِ عُمَرَ أَنَّ رَسُولَ اللَّهِ -صلى الله عليه وسلم- قَالَ  صَلاَةُ الْجَمَاعَةِ أَفْضَلُ مِنْ صَلاَةِ الْفَذِّ بِسَبْعٍ وَعِشْرِينَ دَرَجَةً (صحيح مسلم)
5.عَنْ أَبِي هُرَيْرَةَ قَالَ رَسُولُ اللَّهِ – صلى الله عليه وسلم – « صَلاَةُ الرَّجُلِ فِى الْجَمَاعَةِ تُضَعَّفُ عَلَى صَلاَتِهِ فِى بَيْتِهِ وَفِى سُوقِهِ خَمْسًا وَعِشْرِينَ ضِعْفًا ، وَذَلِكَ أَنَّهُ إِذَا تَوَضَّأَ فَأَحْسَنَ الْوُضُوءَ ، ثُمَّ خَرَجَ إِلَى الْمَسْجِدِ لاَ يُخْرِجُهُ إِلاَّ الصَّلاَةُ ، لَمْ يَخْطُ خَطْوَةً إِلاَّ رُفِعَتْ لَهُ بِهَا دَرَجَةٌ ، وَحُطَّ عَنْهُ بِهَا خَطِيئَةٌ ، فَإِذَا صَلَّى لَمْ تَزَلِ الْمَلاَئِكَةُ تُصَلِّى عَلَيْهِ مَا دَامَ فِى مُصَلاَّهُ اللَّهُمَّ صَلِّ عَلَيْهِ ، اللَّهُمَّ ارْحَمْهُ . وَلاَ يَزَالُ أَحَدُكُمْ فِى صَلاَةٍ مَا انْتَظَرَ الصَّلاَةَ » (صحيح البخاري)

Related Articles