Current Date

Search
Close this search box.
Search
Close this search box.

നന്മേഛുക്കളേ മുന്നോട്ട്

ramadan7410.jpg

عَنْ أَبِى هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم-  إِذَا كَانَ أَوَّلُ لَيْلَةٍ مِنْ شَهْرِ رَمَضَانَ صُفِّدَتِ الشَّيَاطِينُ وَغُلِّقَتْ أَبْوَابُ النَّارِ فَلَمْ يُفْتَحْ مِنْهَا بَابٌ وَفُتِّحَتْ أَبْوَابُ الْجَنَّةِ فَلَمْ يُغْلَقْ مِنْهَا بَابٌ وَيُنَادِى مُنَادٍ يَا بَاغِىَ الْخَيْرِ أَقْبِلْ وَيَا بَاغِىَ الشَّرِّ أَقْصِرْ وَلِلَّهِ عُتَقَاءُ مِنَ النَّارِ وَذَلِكَ كُلَّ لَيْلَةٍ .

അബൂഹുറൈറയില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: റമദാന്‍ മാസത്തിലെ ആദ്യ രാവായിക്കഴിഞ്ഞാല്‍ പിശാചുക്കള്‍ ബന്ധിക്കപ്പെടും. നരകത്തിന്റെ എല്ലാ വാതിലുകളും അടക്കപ്പെടും. സ്വര്‍ഗത്തിന്റെ എല്ലാ വാതിലുകളും തുറക്കപ്പെടും. ഒരു വിളിയാളന്‍ ഇങ്ങനെ വിളിച്ചുപറയും: നന്മയോട് ആഭിമുഖ്യമുള്ളവനേ നീ മുന്നോട്ടുവരിക. തിന്മയോട് ആഭിമുഖ്യമുള്ളവനേ നീ പിറകോട്ടുപോവുക. എല്ലാ രാത്രിയിലും അല്ലാഹു ചിലരെ നരകത്തില്‍ നിന്ന് മോചിപ്പിക്കും. (തിര്‍മിദി)

സത്യവിശ്വാസികള്‍ക്ക് ആത്മഹര്‍ഷത്തിന്റെ നാളുകള്‍ വീണ്ടും സമാഗതമാവുകയായി. ഊഷരമായ മനസ്സിലേക്ക് പെയ്തിറങ്ങുന്ന കുളിര്‍മഴ. ഉല്‍കൃസ്വഭാവങ്ങളുടെ പരിശീലനകാലം. വ്രതമനുഷ്ഠിച്ചും ദീര്‍ഘനേരം നമസ്‌കരിച്ചും അല്ലാഹുവുമായുള്ള അടുപ്പം വര്‍ധിപ്പിക്കാനുള്ള ദിനരാത്രങ്ങള്‍. സല്‍കാര്യങ്ങളില്‍ ആവേശം വര്‍ധിക്കുന്ന പുണ്യങ്ങളുടെ വസന്തകാലം. ഓരോ സല്‍കര്‍മത്തിനും അനേകമിരട്ടി പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട ഓഫറുകളുടെ പെരുമഴക്കാലം. അമൂല്യ സമ്മാനങ്ങളുമായി  റമദാന്‍ എന്ന വിശിഷ്ടാതിഥി നമ്മെ വീണ്ടും നമ്മെ തേടിയെത്തുന്നു. നന്മയോട് ആഭിമുഖ്യമുള്ളവരെയും ഇല്ലാത്തവരെയും കണ്ടറിയാന്‍.

ലോകര്‍ക്ക് മാര്‍ഗദര്‍ശനമായി ഖുര്‍ആന്‍ അവതീര്‍ണമായതിന്റെ വാര്‍ഷികാഘോഷമാണല്ലോ റമാദാന്‍. ആ മഹത്തായ അനുഗ്രഹത്തിന് നന്ദി സൂചകമായി വിശ്വാസി സമൂഹം വ്രതമനുഷ്ഠിക്കുന്നു. പലവിധ സല്‍കര്‍മങ്ങളില്‍ നിരതരാവുന്നു. അതിന്റെ ചില ഉദാഹരണങ്ങള്‍ ഇവിടെ സൂചിപ്പിക്കട്ടെ.  
നോമ്പില്‍ പ്രവേശിക്കുന്നതിന് മുമ്പ് അല്‍പം ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുക എന്നത് പ്രബലമായ സുന്നത്താണ്. പ്രവാചകന്‍ പറയുന്നു: നിങ്ങള്‍ അത്താഴം കഴിക്കുക. തീര്‍ച്ചയായും അത്താഴത്തില്‍ ബറകത്തുണ്ട്. (ബുഖാരി, മുസ്‌ലിം).  അത്താഴം നോമ്പുകാരന് ഊര്‍ജവും ഉന്‍മേഷവും പകരും. മറ്റൊരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: നമ്മുടെയും വേദക്കാരുടെയും നോമ്പുകളെ വേര്‍തിരിക്കുന്നത് അത്താഴം കഴിക്കലാണ്. (മുസ്‌ലിം)

അബൂസഈദില്‍ ഖുദ്‌രി റിപ്പോര്‍ട്ട് ചെയ്യുന്നു: അത്താഴം മുഴുക്കെ അനുഗ്രഹമാണ്. നിങ്ങളിലൊരുവന് ഒരിറക്ക് വെള്ളം കുടിക്കാന സാധിക്കുന്നുള്ളുവെങ്കിലും നിങ്ങളത് ഉപേക്ഷിക്കരുത്. കാരണം അല്ലാഹുവും അവന്റെ മലക്കുകളും അത്താഴം കഴിക്കുന്നവരെ ആശിര്‍വദിക്കുന്നു. (അഹ്മദ്)

ഭൗതികമായും ആത്മീയമായും അത്താഴം കൊണ്ട് പ്രയോജനമുണ്ടെന്ന് ഇവയില്‍ നിന്ന് മനസിലാക്കാം. രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കുന്ന ഭക്ഷണത്തിന് അത്താഴത്തിന്റെ ഗുണം ലഭിക്കില്ല. അത്താഴം പരമാവധി പിന്തിക്കുന്നതാണ് പ്രവാചകചര്യ. സൈദുബ്‌നു സാബിത്(റ) പറയുന്നു: ഞങ്ങള്‍ നബി(സ)യോടൊപ്പം അത്താഴം കഴിച്ച ശേഷം നമസ്‌കാരത്തിന് നിന്നു. അപ്പോള്‍ അനസ്(റ) ചോദിച്ചു: അവ രണ്ടിനുമിടയില്‍ സമയമെത്രയായിരുന്നു? സൈദ്: 50 ആയത്തുകള്‍ പാരായണം ചെയ്യാനുള്ള സമയം.

ഖുര്‍ആനാണ് റമദാനിന്റെ ചൈതന്യം. അതിനാല്‍ ഖുര്‍ആനുമായി ബന്ധമില്ലാത്ത നോമ്പ് ജഡതുല്യമാണ്. മറ്റു മാസങ്ങളില്‍ ഖുര്‍ആന്‍ തൊടാന്‍ പോലും സമയം കണ്ടെത്താത്തവരും റമദാനില്‍ ഖുര്‍ആന്‍ ഓതുന്നത് ശുഭകരമാണ്. പക്ഷേ ജീവിതകാലം മുഴുവന്‍ കേവലം പുണ്യം ലഭിക്കാന്‍ വേണ്ടി  ഓതിക്കൊണ്ടേയിരിക്കുക എന്ന നിലപാടാണ് പലരും ഖുര്‍ആനിനോട് സ്വീകരിക്കുന്നത്. ഖുര്‍ആനും പ്രവാചകനും സഹാബികളും അംഗീകരിക്കാത്ത കാര്യമാണിത്. പഠിക്കാനും പകര്‍ത്താനും പകര്‍ന്നുകൊടുക്കാനുമുള്ളതാണ് ഖുര്‍ആന്‍. അതിനാല്‍ ഖുര്‍ആന്‍ പഠനം നമ്മുടെ ഒരു അജണ്ടയായി മാറണം.

വ്രതമനുഷ്ഠിക്കുമ്പോള്‍ ഒരു മനുഷ്യന്‍ അല്ലാഹുവുമായി കൂടുതല്‍ അടുക്കുന്നു. കാരണം മറ്റു ഇബാദത്തുകള്‍ പോലെ പ്രകടഭാവങ്ങളില്ലാത്തതിനാല്‍ അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കി മാത്രമായിരിക്കും ഒരാള്‍ നോമ്പെടുക്കുക. അതിനാല്‍ നോമ്പുകാരനായിരിക്കെയുള്ള പ്രാര്‍ഥനകള്‍ അല്ലാഹുവിന്റെ സവിശേഷ പരിഗണന ലഭിക്കുമെന്ന് ന്യായമായും പ്രതീക്ഷിക്കാം. വിശിഷ്യാ നോമ്പ് തുറക്കുമ്പോള്‍. പ്രവാചകന്‍ പറയുന്നു: നോമ്പുതുറക്കുമ്പോള്‍ നോമ്പുകാരന് ഒരു പ്രാര്‍ഥനക്ക് അവസരമുണ്ട്. അത് തിരസ്‌കരിക്കപ്പെടുകയില്ല (ഇബ്‌നുമാജ). നോമ്പുമായി ബന്ധപ്പെട്ട നിയമനിര്‍ദേശങ്ങള്‍ നല്‍കുന്നതിനിടയില്‍ ഖുര്‍ആന്‍ പ്രത്യേകം എടുത്തുപറഞ്ഞ ഒന്നാണ് പ്രാര്‍ഥന.

ഖിയാമുല്ലൈല്‍, തഹജ്ജുദ്, തറാവീഹ്, വിത്‌റ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന രാത്രി നമസ്‌കാരം പ്രബലമായ സുന്നത്താണ്. റമദാനിലാവുമ്പോള്‍ വിശേഷിച്ചും. പ്രവാചകന്‍ (സ) റമദാനിലെ രാത്രി നമസ്‌കാരം അങ്ങേയറ്റം പ്രോല്‍സാഹിപ്പിക്കാറുണ്ടായിരുന്നു.  അവിടന്ന് പറഞ്ഞു: ‘വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി റമദാനില്‍ (രാത്രി) നമസ്‌കാരം നിര്‍വഹിക്കുന്നവന്റെ മുന്‍കാല പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്’.

രാത്രി നമസ്‌കാരം 11 റക്അത്തേ നിര്‍വഹിക്കാവൂ എന്നും അതില്‍ കൂട്ടാനോ കുറക്കാനോ പാടില്ല എന്നും പ്രവാചകന്‍ പറഞ്ഞിട്ടില്ല. അതിനാല്‍ റക്അത്തുകളുടെ ഏറ്റക്കുറച്ചിലുകള്‍ നിറുത്തത്തിന്റെ ദൈര്‍ഘ്യവുമായി ബന്ധപ്പെടുത്തിയാണ് മുന്‍ഗാമികള്‍ നിര്‍വഹിച്ചിരുന്നത്. അതായത്, ദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ റക്അത്തുകള്‍ കുറക്കുകയും മറിച്ചാവുമ്പോള്‍ കൂട്ടുകയും ചെയ്തു. നബി(സ) 11 റക്അത്ത് മാത്രമേ നമസ്‌കരിച്ചിട്ടുള്ളൂവെന്നതിനാല്‍ അതില്‍ മാറ്റത്തിരുത്തലുകള്‍ പാടില്ലെന്ന് വാശി പിടിക്കുന്നവര്‍ ആ നമസ്‌കാരത്തിന്റെ ദൈര്‍ഘ്യം സൗകര്യപൂര്‍വം വിസ്മരിക്കുന്നു. സുദീര്‍ഘമായി നിന്ന് നമസ്‌കരിക്കുകയായിരുന്നു പ്രവാചകന്റെ രീതി. എന്നാല്‍ ജമാഅത്തായി നമസ്‌കരിക്കുമ്പോള്‍ പിന്നിലുള്ളവരെ പരിഗണിച്ച് ദൈര്‍ഘ്യം കുറക്കുകയും എണ്ണം കൂട്ടുകയുമാണ് സഹാബികള്‍ ചെയ്തത്.

എക്കാലത്തും കണക്കില്ലാതെ അനേകമിരട്ടി പ്രതിഫലം ലഭിക്കുന്ന കര്‍മമാണല്ലോ ദാനധര്‍മം. റമദാന്‍ മാസത്തില്‍ ഇക്കാര്യത്തില്‍ നോമ്പുകാരന്‍ അത്യുല്‍സാഹം കാണിക്കേണ്ടതുണ്ട്. റമദാനില്‍ ലഭിക്കുന്ന നേട്ടങ്ങള്‍ മറ്റൊരു കാലത്തും ലഭിക്കില്ല എന്നത് തന്നെ കാരണം. പ്രവാചകന്‍ ഈ വിഷയത്തിലും ഉദാത്ത മാതൃക കാണിച്ചുതന്നിട്ടുണ്ട്. ഇബ്‌നു അബ്ബാസ് റിപ്പോര്‍ട്ട് ചെയ്യുന്നു: നബി(സ) ജനങ്ങളില്‍ ഏറ്റവും ഉദാരനായിരുന്നു. റമദാനില്‍ ജിബ്‌രീലുമായി സന്ധിക്കുമ്പോള്‍ അവിടന്ന് അത്യുദാരനാവും. അത്തരം സന്ദര്‍ഭങ്ങളില്‍ നബി തിരുമേനി വീശിയടിക്കുന്ന കാറ്റിനേക്കാള്‍ ഉദാരനാകുമായിരുന്നു. (ബുഖാരി)

ദുഃസ്വഭാവങ്ങള്‍ ഒരു കാലത്തും സത്യവിശ്വാസിയില്‍ ഉണ്ടാവാന്‍ പാടില്ല. അത് കുറ്റകരമാണ്. റമദാനിലെ ദുഃസ്വഭാവങ്ങള്‍ നോമ്പിന്റെ പ്രതിഫലത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ അത് ഗുരുതരമാവുന്നു. അതിനാല്‍ മനസാ വാചാ കര്‍മണായുളള എല്ലാ വിധ ദുഃസ്വഭാവങ്ങളില്‍ നിന്നും മുക്തനാവുക എന്നത് നോമ്പിന്റെ പൂര്‍ണതക്ക് അനിവാര്യമാണ്. നബി(സ) പറഞ്ഞു: വ്രതം ഒരു പരിചയാകുന്നു. വ്രതമനുഷ്ഠിക്കുന്ന ദിവസം നിങ്ങളില്‍ ഒരാളും അശ്ലീലം പറയുകയോ വഴക്കും വക്കാണവും ഉണ്ടാക്കുകയോ അരുത്. ആരെങ്കിലും നിങ്ങളിലൊരാളോട് ശണ്ഠക്ക് വരികയോ ശകാരിക്കുകയോ ചെയ്താല്‍ ഞാന്‍ നോമ്പുകാരനാണ് എന്ന് അയാള്‍ പറയട്ടെ. മറ്റൊരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: കേവലം അന്നപാനീയങ്ങള്‍ ഉപേക്ഷിക്കലല്ല വ്രതം. മറിച്ച് മ്ലേഛവും അനാവശ്യവുമായ കാര്യങ്ങള്‍ വര്‍ജിക്കല്‍ കൂടിയാണ്. വിശപ്പൊഴികെ മറ്റൊന്നും നേടാനാവാത്ത എത്രയെത്ര നോമ്പുകാരുണ്ട് എന്ന് നബി(സ) മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.

റമദാന്‍ വ്രതാനുഷ്ഠാനവുമായി ബന്ധപ്പെടുത്തി ഖുര്‍ആന്‍ പറഞ്ഞ മറ്റൊരു കര്‍മമാണ് ഇഅ്തികാഫ്. ജിവിതത്തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് മാറി ഒരു നിശ്ചിത കാലം പൂര്‍ണമായും ഇബാദത്തുകളില്‍ മുഴുകി അല്ലാഹുവിന്റെ അതിഥിയായി പള്ളിയില്‍ പാര്‍ക്കുന്നതിനെയാണ് ഇഅ്തികാഫ് എന്നുവിളിക്കുന്നത്. ഇത് രണ്ടിനമുണ്ട്. ഒന്ന് നേര്‍ച്ചയിലൂടെ നിര്‍ബന്ധമാവുന്നത്. ഇത് ഏത് കാലത്തും ആകാവുന്നതാണ്. ദൈവപ്രീതിയും പുണ്യവും കൊതിച്ചും പ്രവാചകനെ അനുകരിച്ചും റമദാനില്‍ നിര്‍വഹിക്കുന്നതാണ് രണ്ടാമത്തേത്. റമദാനിലെ അവസാനത്തെ പത്തില്‍ ഇഅ്തികാഫ് അനുഷ്ഠിക്കുക പ്രവാചകന്റെ ഒരു ശീലമായിരുന്നു.

റമദാന്‍ വിരുന്നെത്തിയിട്ടും അതിനെ വേണ്ടവിധം ഗൗനിക്കാതെയും ഉപയോഗപ്പെടുത്താതെയും നാളുകള്‍ തള്ളിനീക്കിയാല്‍ നികത്താനാവാത്ത നഷ്ടമായിരിക്കും സംഭവിക്കുക. ഒരിക്കല്‍ പ്രവാചകന്‍ മിമ്പറില്‍ കയറുമ്പോള്‍ മൂന്ന് തവണ ആമീന്‍ പറഞ്ഞു. സഹാബികള്‍ അതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ നബി(സ) പറഞ്ഞു: ജിബ്‌രീല്‍ പ്രാര്‍ഥിച്ചപ്പോള്‍ ഞാന്‍ ആമീന്‍ പറഞ്ഞതാണ്. (ആ പ്രാര്‍ഥനകളില്‍ ഒന്ന്) ‘അല്ലാഹുവേ, റമദാനില്‍ ജീവിക്കാന്‍ സൗഭാഗ്യം ലഭിച്ചിട്ടും പാപങ്ങള്‍ പൊറുക്കപ്പെടാത്തവന് നീ നാശം ഭവിപ്പിക്കേണമേ’. ജിബ്‌രീലിന്റെ പ്രാര്‍ഥനക്ക് പ്രവാചകന്‍ ആമീന്‍ പറയുന്നു. നമ്മുടെ ഭാവി എന്തായിരിക്കും?

Related Articles