Current Date

Search
Close this search box.
Search
Close this search box.

ദുല്‍ഹജ്ജ് മാസത്തിലെ ആദ്യപത്തു ദിനങ്ങള്‍

ദുല്‍ഹജ്ജ് മാസം ഹജ്ജിന്റെ മാസവും പവിത്രമാക്കപ്പെട്ട മാസങ്ങളില്‍ പെട്ടതുമാണ്. ഇതിലെ ആദ്യ പത്ത് ദിനങ്ങളെ സവിശേഷമായി എടുത്ത് പറഞ്ഞ് അല്ലാഹു സത്യം ചെയ്തതായും കാണാം. ‘പ്രഭാതമാണെ സത്യം. പത്ത് രാവുകളാണെ സത്യം'(അല്‍ ഫജര്‍ 1,2). ശ്രേഷ്ടമായ ഈ പത്ത് ദിനങ്ങളില്‍ കര്‍മങ്ങള്‍ക്ക് ഇരട്ടി പ്രതിഫലം ലഭിക്കുന്നതാണ്.

പവിത്രമാക്കപ്പെട്ട നാല് മാസങ്ങളില്‍ പെട്ടതാണ് ദുല്‍ഹജ്ജ്. ഈ മാസങ്ങള്‍ക്ക് ഇതര മാസങ്ങളേക്കാള്‍ ശ്രേഷ്ടതയുണ്ട്. അല്ലാഹു വിവരിക്കുന്നു: ‘ആകാശഭൂമികളുടെ സൃഷ്ടി നടന്ന നാള്‍ തൊട്ട് അല്ലാഹുവിന്റെ അടുക്കല്‍ ദൈവിക പ്രമാണമനുസരിച്ച് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയില്‍ നാലെണ്ണം യുദ്ധം വിലക്കപ്പെട്ടവയാണ്. ഇതാണ് യഥാര്‍ഥ നിയമക്രമം. അതിനാല്‍ ആ നാലുമാസം നിങ്ങള്‍ നിങ്ങളോടുതന്നെ അക്രമം കാണിക്കാതിരിക്കുക'(തൗബ 36). ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹര്‍റം, റജബ് എന്നിവയാണ് ഈ നാല് മാസങ്ങള്‍. സ്വന്തത്തോട് അതിക്രമം ചെയ്യല്‍ എല്ലാ മാസങ്ങളിലും നിഷിദ്ധമാണെങ്കിലും ഈ മാസങ്ങളില്‍ അത് വളരെ ഗൗരവമുള്ളതാണ്. ദില്‍ഹജ്ജ് എന്ന സംജ്ഞയില്‍ തന്നെ രണ്ട് ആശയങ്ങള്‍ ഒത്തുചേരുന്നു. വിശുദ്ധ ഹജ്ജ് കര്‍മത്തിന് സാക്ഷിയാകുന്ന മാസമാണെങ്കില്‍ മറ്റൊന്ന് യുദ്ധം നിഷിദ്ധമാക്കപ്പെട്ട പവിത്രമാസങ്ങളില്‍ പെട്ടതാണ്. ഹജ്ജിന്റെ മിക്കവാറും കര്‍മങ്ങള്‍ അനുഷ്ടിക്കേണ്ടത് ഈ മാസത്തിലാണ്. യൗമുത്തര്‍വിയ, അറഫ ദിനം, അല്‍ഹജ്ജുല്‍ അക്ബര്‍, പെരുന്നാള്‍ സുദിനം, യൗമുന്നഹര്‍ തുടങ്ങിയവയെല്ലാം ദുല്‍ഹജ്ജിലെ ആദ്യ പത്തിലാണ്. ഒരു വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങളിലൊന്നായ അറഫ രാവ് ദുല്‍ഹജ്ജ് പത്തിലാണ്.

ഇതര മാസങ്ങളേക്കാള്‍ പവിത്രമാക്കപ്പെട്ട ഈ മാസങ്ങളില്‍ സല്‍കര്‍മങ്ങളില്‍ മുന്നേറുക എന്നത് വിശ്വാസികളുടെ ബാധ്യതയാണ്. കാലങ്ങളില്‍ ചില സുവര്‍ണാവസരങ്ങള്‍ അല്ലാഹു നമുക്ക് പ്രദാനം ചെയ്യും. അത് പരമാവധി പ്രയോജനപ്പെടുത്തല്‍ വിശ്വാസികളുടെ ബാധ്യതയാണ്. റമദാന്‍ മാസം, ദുല്‍ഹജ്ജ്, പവിത്രമാക്കപ്പെട്ട മാസങ്ങള്‍ തുടങ്ങിയവയെല്ലാം ഇത്തരത്തിലുള്ള സുദിനങ്ങളാണ്. ഈ അവസരങ്ങള്‍ സല്‍കര്‍മങ്ങളില്‍ മുന്നേറിയും ദുഷ്‌കര്‍മങ്ങളില്‍ നിന്നു വിട്ടുനിന്നും അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാന്‍ വിശ്വാസികള്‍ ജാഗരൂകരാകേണ്ടതുണ്ട്. അല്ലാഹുവിനുള്ള പ്രകീര്‍ത്തനങ്ങളും(തസ്ബീഹ്), സ്തുതികളും(തഹ്മീദ്), ഏകദൈവത്വ വിളംബരവും(തഹലീല്‍), മഹോന്നതികളും(തക്ബീര്‍) ഈ പത്തുദിനങ്ങളില്‍ അധികരിപ്പിക്കണമെന്ന് പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുണ്ട്. സഹാബികളില്‍ അങ്ങാടികളില്‍ നിന്ന് വരെ അല്ലാഹുവിന്റെ മഹത്വം ഇത്തത്തില്‍ പ്രഘോഷിച്ചിരുന്നതായി കാണാം. അവര്‍ പരസ്പരം കണ്ടുമുട്ടുന്ന സന്ദര്‍ഭത്തില്‍ ‘ അല്ലാഹു അക്ബര്‍, അല്ലാഹുഅക്ബര്‍’ എന്ന് പറയുമായിരുന്നു.

ഈ സുദിനങ്ങളില്‍ സദഖ(ദാനധര്‍മങ്ങള്‍) ചെയ്യുന്നതിനും വളരെയേറെ പുണ്യമുണ്ട്. ദുല്‍ഹജ്ജ് ഒമ്പതിന് അറഫ നോമ്പനുഷ്ടിക്കല്‍ വളരെ പ്രാധാന്യമുള്ളതാണ്. റസൂല്‍(സ) പറഞ്ഞു: അറഫ നോമ്പ് മൂലം രണ്ടുവര്‍ഷത്തെ പാപങ്ങള്‍ അല്ലാഹു ദൂരീകരിക്കും. മുന്‍കഴിഞ്ഞവര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും ചെറുപാപങ്ങള്‍ അല്ലാഹു ഇതിലൂടെ പൊറുത്തുതരും. എന്നാല്‍ ഹാജിമാര്‍ക്ക് ഈ ദിനത്തില്‍ നോമ്പനുഷ്ടിക്കല്‍ ശ്രേഷ്ടതയില്ല. കാരണം പ്രവാചകന്‍ (സ) ഹജ്ജിലയായിരിക്കെ അറഫ ദിനത്തില്‍ നോമ്പനുഷ്ടിച്ചിരുന്നില്ല. ഈ സുദിനങ്ങളില്‍ പ്രത്യേകിച്ച് പെരുന്നാള്‍ ദിവസം വിശ്വാസികള്‍ തമ്മിലുള്ള സാഹോദര്യബന്ധം ദൃഢമാക്കുക, സന്ദര്‍ശനങ്ങള്‍ അധികരിപ്പിക്കുക, കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുക എന്നിവയ്‌ക്കെല്ലാം വളരെ പ്രാധാന്യമുണ്ട്.

വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles