Current Date

Search
Close this search box.
Search
Close this search box.

ദുര്‍ബല ഹദീസുകള്‍ കൊണ്ട് പ്രഭാഷണങ്ങള്‍ സമ്പന്നമാക്കുമ്പോള്‍

mic.jpg

വ്യക്തമായ സനദോ(നിവേദക പരമ്പര) ആധികാരികതയോ ഇല്ലാത്ത നിരവധി ഹദീസുകള്‍ വഅദ് പരമ്പരകളിലും ഇസ്‌ലാമിക പ്രഭാഷണ വേദികളില്‍ നിന്നും പലപ്പോഴും കേള്‍ക്കാറുണ്ട്. തങ്ങളെ ശ്രവിക്കുന്ന ജനങ്ങളെ കോരിത്തരിപ്പിക്കുക എന്നതാണ് പ്രഭാഷകന്‍ അതുകൊണ്ടുദ്ദേശിക്കുന്നത്. ദുര്‍ബലമായ ഒരു ഹദീസിന്റെ ഭാഗമെങ്കിലും ഇല്ലാത്ത ഒരു ഖുതുബയോ പ്രഭാഷണമോ ഇന്ന് വളരെ പരിമിതമാണ്. പലപ്പോഴും ഹദീസുകളെന്ന് കെട്ടിചമക്കപ്പെട്ട (മൗദൂഅ്) വയും പലരും ഉദ്ധരിക്കാറുണ്ട്.

പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട ചില പ്രസംഗങ്ങള്‍ ചില രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ഞാന്‍ കേള്‍ക്കാനിടയായി. നബി(സ)യുടെ വ്യക്തിത്വവും സംശുദ്ധമായ ജീവിത ചരിത്രവും, അദ്ദേഹത്തിന്റെ സൃഷ്ടിപ്പിന്റെ മഹത്വവുമായിരുന്നു അവയിലെല്ലാം കേന്ദ്രവിഷയം. വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളാലും സഹീഹായ ഹദീസുകളാലും സമ്പന്നമായ വിഷയമാണത്. എന്നാല്‍ പ്രഭാഷകന്‍ ആധികാരികതയുള്ള ഒന്നോ രണ്ടോ ഹദീസുകള്‍ മാത്രമാണ് ഉദ്ധരിച്ചത്. ദുര്‍ബലവും കെട്ടിചമച്ചതുമായ നിരവധി ഹദീസുകളാണ് പിന്നീടയാള്‍ നിരത്തിയത്. യാതൊരു അടിസ്ഥാനവുമില്ലാത്ത തലയും വാലുമില്ലാത്ത ഹദീസുകളായിരുന്നു അവ. അവയില്‍ ചിലതാണ് താഴെ കൊടുക്കുന്നത്.

‘നബി(സ)യുടെ പ്രകാശത്തെയാണ് അല്ലാഹു ആദ്യമായി സൃഷ്ടിച്ചത്.’
‘അല്ലാഹു അദ്ദേഹത്തിന് വേണ്ടി അദ്ദേഹത്തിന്റെ മാതാപിതാക്കളെ ജീവിപ്പിച്ചു, അദ്ദേഹത്തിന്റെ കരങ്ങളാല്‍ അവര്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.’
‘മുഹമ്മദ് എന്ന പേര് വിളിക്കപ്പെടുന്നവന് എന്റെ ശഫാഅത്ത് (ശിപാര്‍ശ) ലഭിക്കും.’
പ്രവാചകന്‍(സ)യുടെ ജനന സമയത്തുണ്ടായ അസാധാരണ സംഭവങ്ങളെ കുറിച്ച റിപോര്‍ട്ടുകളും അവിടെ നിന്നും കേള്‍ക്കേണ്ടി വന്നു. മുഹമ്മദ് നബി(സ)യുടെ സമുദായത്തിന്റെ ശ്രേഷ്ഠത കുറിക്കുന്ന ഹദീസുകളും അക്കൂട്ടത്തിലുണ്ടായിരുന്നു. ‘എന്റെ സമുദായത്തിലെ പണ്ഡിതന്‍മാര്‍ ബനൂ ഇസ്രായീല്യരിലെ പ്രവാചകന്‍മാരെ പോലെയാണ്.’ എന്നത് കെട്ടിച്ചമച്ചവയില്‍ പ്രസിദ്ധമാണ്. അത് കള്ളമാണെന്ന് പണ്ഡിതന്‍മാര്‍ നിദാന ശാസ്ത്ര ഗ്രന്ഥങ്ങളില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

പ്രഭാഷകന്‍ താന്‍ പറഞ്ഞ ഹദീസിന്റെ ആധികാരികക്ക് ഒരു വിവരണം കൂടി നല്‍കിയിരുന്നു. അതിന്റെ ചുരുക്കം ഇങ്ങനെയായിരുന്നു: ഇമാം അബൂ ഹാമിദുല്‍ ഗസ്സാലി മൂസാ(അ)യെ സ്വപ്‌നത്തില്‍ ദര്‍ശിച്ചു. അദ്ദേഹത്തോട് മൂസാ(അ) ചോദിച്ചു: എന്താണ് നിന്റെ പേര്?
അദ്ദേഹം പറഞ്ഞു : മുഹമ്മദ് ബിന്‍ മുഹമ്മദ് അല്‍-ഗസ്സാലി അത്വൂസി…
മൂസാ(അ) : നിന്റെ വംശത്തെ കുറിച്ചല്ല, പേരാണ് ചോദിച്ചത്?
ഗസ്സാലി : നിന്റെ കയ്യില്‍ എന്താണെന്ന് അല്ലാഹു ചോദിച്ചപ്പോള്‍ അത് വടിയാന്ന് പറഞ്ഞ് മിണ്ടാതിരിക്കുകയല്ല താങ്കള്‍ ചെയ്തത്, മറിച്ച് ‘ഇതെന്റെ വടിയാണ്. ഞാനിതിന്മേല്‍ ഊന്നി നടക്കുന്നു. ഞാനിതുകൊണ്ട് എന്റെ ആടുകള്‍ക്ക് ഇല വീഴ്ത്തിക്കൊടുക്കുന്നു. ഇതുകൊണ്ട് എനിക്ക് വേറെയും ചില ആവശ്യങ്ങളുണ്ട്.’ എന്നാണ് പറഞ്ഞത്. ഇങ്ങനെ ഗസ്സാലിയിലേക്ക് ചേര്‍ത്തു കൊണ്ടുള്ള ഒരു വ്യാജ വിശദീകരണം കൊണ്ടാണ് അയാള്‍ തന്റെ ‘ഹദീസി’നെ ശക്തിപ്പെടുത്തുന്നത്.

ഹദീസുകള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ വലിയ കണിശത പുലര്‍ത്തുന്ന ചില പണ്ഡിതന്‍മാര്‍ പോലും ഉപദേശ വിഷയങ്ങള്‍ കൈകാര്യം ചെയ്തപ്പോള്‍ അങ്ങേയറ്റം അശ്രദ്ധ കാണിച്ചിരിക്കുന്നത് കാണാം. ഇമാം അബുല്‍ ഫര്‍ജ് ഇബ്‌നുല്‍ ജൗസിയുടെ ‘ദമുല്‍ഹവ’ ഇതിനുദാഹരണമാണ്. ‘അല്‍ മൗദൂആത്’, ‘അല്‍-ഇലല്‍ മുതനാഹിയതു ഫില്‍ അഹാദീസില്‍ വാഹിയ’ പോലുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ വളരെ കണിശമായി പറഞ്ഞിട്ടുള്ള വിഷയമാണിത്. ഇത്തരത്തിലുള്ള വേറെയും ഉദാഹരണങ്ങളുണ്ട്.

ഹദീസുകള്‍ കൂട്ടികലര്‍ത്തുന്നത് തടയുന്ന ഇബ്‌നു ഹജറിന്റെ ഫത്‌വ
ഹദീസുകള്‍ ഉദ്ധരിക്കുമ്പോള്‍ അത് റിപോര്‍ട്ട് ചെയ്തവര്‍ ആരൊക്കെയെന്ന് വ്യക്തമാക്കാതിരിക്കുകയും, ശരിയായതും അല്ലാത്തതുമായ ഹദീസുകളെ കൂട്ടികുഴക്കുകയും ചെയ്യുന്ന ഖതീബുമാരെ തടയണമെന്ന് പ്രമുഖ ശാഫിഈ കര്‍മശാസ്ത്ര പണ്ഡിതനായ ഇബ്‌നു ഹജറുല്‍ ഹൈഥമി ഭരണാധികാരികളോട് ശക്തമായി ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഹദീസുകളെ കുറിച്ച ഫത്‌വയില്‍ പറയുന്നു: വെള്ളിയാഴ്ച്ച ദിവസം മിമ്പറില്‍ കയറി പരമ്പരയോ റിപോര്‍ട്ടര്‍മാരെയോ വ്യക്തമാക്കാതെ നിരവധി ഹദീസുകള്‍ ഉദ്ധരിക്കുന്ന ഒരു ഖതീബിനെ കുറിച്ച് ചോദിക്കപ്പെട്ടു. അവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ചോദിച്ചു. ഹദീസുകളെ കുറിച്ച ആധികാരിക ജ്ഞാനമുള്ളവരില്‍ നിന്നോ രചിക്കപ്പെട്ട ആധികാരിക ഗ്രന്ഥങ്ങളില്‍ നിന്നോ എടുത്തുദ്ധരിക്കുകയാണെങ്കില്‍ ഹദീസുകള്‍ അവയുടെ സനദ് വ്യക്തമാക്കാതെ ഉദ്ധരിക്കല്‍ അനുവദനീയമാണ്. എന്നാല്‍ ഇത്തരത്തിലല്ലാതെ ഉദ്ധരിക്കുന്നത് അനുവദനീയമല്ലെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. ഇത്രമാത്രം പറഞ്ഞു കൊണ്ട് മറുപടി അവസാനിപ്പിക്കുന്നതിന് പകരം ഈ രൂപത്തില്‍ പരമ്പര വ്യക്തമാക്കാതെ ഹദീസുകള്‍ പറയുന്ന ഖത്വീബുമാരെ തല്‍സ്ഥാനത്ത് നിന്ന് നീക്കാനും ഭരണാധികാരികളോട് അദ്ദേഹം അതില്‍ ആവശ്യപ്പെടുന്നു. ഇക്കാലത്ത് ഇതെങ്ങാനും നടപ്പാക്കുകയാണെങ്കില്‍ നിരവധി ഖത്വീബുമാരെ നീക്കം ചെയ്യേണ്ടി വരും. ഹദീസുകളെ കുറിച്ചും അവയിലെ തള്ളാവുന്നതിനെയും കൊള്ളാവുന്നതിനെയും കുറിച്ച അറിവില്ലായ്മയുമാണതിന് കാരണം.
വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles