Current Date

Search
Close this search box.
Search
Close this search box.

ദല്‍ഹിയില്‍ പ്രഭാത സവാരിക്കിറങ്ങിയപ്പോള്‍!

delhi.jpg

ദല്‍ഹി നിസാമുദ്ദീനിലെ താമസ സ്ഥലത്തു നിന്നും പ്രഭാത നടത്തത്തിന്നിറങ്ങിയതായിരുന്നു. കുറെ നടന്നപ്പോള്‍, തികച്ചും അപരിചിതമായൊരു കാഴ്ച കണ്ടു. കര്‍ണാടകയിലും തമിഴ്‌നാട്ടിലും പ്രഭാത യാത്ര നടത്തുന്നവര്‍ കാണുന്നതില്‍ നിന്നും ഭിന്നമായൊരു കാഴ്ച. ഫുട്പാത്തില്‍ അങ്ങിങ്ങായി കുറെ മണ്‍ചട്ടികള്‍ ഉറപ്പിച്ചു വെച്ചിരിക്കുന്നു. ചിലതില്‍ വെള്ളവുമുണ്ട്. മറ്റു ചിലയിടങ്ങളില്‍ ധാന്യമണികള്‍ ചിതറി കിടക്കുന്നു.

എന്താണിത്? കേരളക്കാരനായതിനാല്‍ എനിക്ക് ജിജ്ഞാസ! വീണ്ടും മുമ്പോട്ടു നടന്നപ്പോള്‍ കണ്ടത് മറ്റൊരു കാഴ്ച! ഒരു സ്ത്രീ ബൈക്കില്‍ വന്നിറങ്ങുന്നു. ഒരു സഞ്ചിയുമായി ഫുട്പാത്തില്‍ കയറിയ അവര്‍ അതിലെ ധാന്യമണികള്‍ അവിടെ വിതറുന്നു. ഉടനേ സ്ഥലം വിടുന്നു. രഹസ്യം പിടി കിട്ടി. അല്പം കൂടി പുലര്‍ന്നാല്‍, അവിടെ പറവകള്‍ പറന്നെത്തും. ഈ ധാന്യമണികള്‍ പെറുക്കിയെടുക്കാന്‍. ഈ വെള്ളം കുടിക്കാന്‍. വഴി നീളെ ഈ കാഴ്ചകള്‍ കാണാം.

അതെ, പറവകള്‍ക്ക് തീറ്റയും വെള്ളവും കൊടുക്കുന്നത് ധര്‍മ്മമാണെന്ന് വിശ്വസിക്കുന്ന കുറെയാളുകള്‍! ചിലപ്പോള്‍ ഐച്ഛികമായി, മറ്റു ചിലപ്പോള്‍ നേര്‍ച്ചയായി, ചെയ്യുന്നതായിരിക്കാം ഈ സുകൃതം. ഏതായാലും പുതിയൊരനുഭവം!

തിരിച്ചു നടക്കുമ്പോള്‍ കണ്ടത്, തികച്ചും വ്യത്യസ്തമായ മറ്റൊരു കാഴ്ചയായിരുന്നു. ഒരു ചാക്കുമായി ഒരു സ്ത്രീ വരുന്നു. പ്രത്യക്ഷത്തില്‍, തെരുവീഥിയില്‍ കഴിയുന്ന ഒരംഗം. ചാക്കും ചൂലുമായു ഫുട്പാത്തിലെത്തിയ അവര്‍, ധാന്യം അടിച്ചുവാരി സഞ്ചി നിറക്കുന്നു. എന്നാലും ധര്‍മ്മം തന്നെ!

ചിന്തകള്‍ പിറകോട്ടു നടന്നു. നാട്ടില്‍, പ്രഭാത നടത്തത്തിന്നിറങ്ങുമ്പോള്‍, പലപ്പോഴും കണ്ടിരുന്ന ഒരു കാഴ്ച മനസ്സിലേക്കോടിയെത്തി. അറുപതിന്നും എഴുപതിന്നുമിടയിലുള്ള ഒരു വൃദ്ധന്‍! സുബ്ഹി നമസ്‌കാരാനന്തരം അടുത്ത ചായ മക്കാനിയില്‍ നിന്നും ചായ കഴിച്ച ശേഷം അദ്ദേഹം ഇറങ്ങുന്നു, കൈയില്‍ രണ്ട് പുട്ട് കഷ്ണങ്ങളുമായി. ഇയാള്‍ റോട്ടിലെത്തുമ്പോഴെക്കും, അവിടെ കാക്കകളുടെ ഒരു വന്‍പട തന്നെ എത്തിയിരിക്കും. അയാള്‍ പുട്ട് പൊടിച്ചു അന്തരീക്ഷത്തിലേക്കെറിയുന്നു. കാക്കകള്‍, അഹമഹമികയാ അത് പെറുക്കി തിന്നുന്നു. എത്രയോ കാലമായി കാണാറുള്ള ഒരു കാഴ്ച. പക്ഷെ, മറ്റാരും ഈ മാതൃക പിന്തുടര്‍ന്നതായി കണ്ടിട്ടില്ല.

മനസ്സ് വീണ്ടും ഓടിയത് ഇസ്ലാമിക ചരിത്രത്തിലേക്കായിരുന്നു. ഡമാസ്‌കസ്സിലെ അല്‍ മറജുല്‍ അഖ്ദര്‍!   ഇപ്പോള്‍, ഒരു ദേശീയ കളിസ്ഥലമായി മാറിയ ഈ പ്രദേശം ഒരു വഖ്ഫ് ഭൂമിയാണ്. എന്തിനെന്നോ? വാര്‍ദ്ധക്യവും അവശതയും കാരണം ഉടമകള്‍ ഉപേക്ഷിച്ച ഒട്ടകങ്ങള്‍ക്ക് മേഞ്ഞു നടക്കാന്‍! പൂച്ചകള്‍ക്ക് തിന്നാനും കുടിക്കാനും താമസിക്കാനുമുള്ള വഖ്ഫ് ഭൂമികളും അവിടെയുണ്ടായിരുന്നു. നൂറുക്കണക്കില്‍ തടിച്ചു കൊഴുത്ത പൂച്ചകള്‍ അവിടെയുണ്ടായിരുന്നുവെന്നാണ് ചരിത്രം.

‘അവയും നമ്മുടെ അയല്‍ക്കാര്‍! അവയോടും നമുക്ക് ബാധ്യതയുണ്ടെന്നു’ പറഞ്ഞുകൊണ്ട് ഉറുമ്പുകള്‍ക്ക് റൊട്ടി പിന്നിയിട്ടു കൊടുത്തിരുന്ന അദിയ്യ് ബിന്‍ ഹാതിമും ദല്‍ഹി കാഴ്ചയുടെ മുന്‍ മാതൃകയത്രെ. ഖുര്‍ആന്‍ പറയുന്നതും ഇത് തന്നെ:

‘ഭൂമിയില്‍ നടക്കുന്ന ഏതു മൃഗത്തെയും, വായുവില്‍ പറക്കുന്ന ഏതു പറവയെയും നോക്കുവിന്‍. അവയൊക്കെയും നിങ്ങളെപ്പോലുള്ള വര്‍ഗങ്ങള്‍ തെന്നയാകുന്നു.’ (6:38)

പക്ഷെ, സാമൂഹ്യ പ്രവര്‍ത്തനത്തിന്ന് സ്വയാര്‍പ്പണം നടത്തുന്ന വ്യക്തികളും സംഘടനകളും ഇക്കാര്യം ശ്രദ്ധിക്കാതെ പോയത് എന്തു കൊണ്ടാണ്? നമ്മുടെ നാട്ടില്‍ കാലികളും പറവകളുമില്ലേ? അവക്ക് തീറ്റയും വെള്ളവും വേണ്ടേ?

കഠിനമായ ദാഹം ബാധിച്ച ഒരു യാത്രക്കാരന്‍ വഴിയില്‍ കണ്ട ഒരു കിണറ്റിലിറങ്ങി മതിയാവോളം വെള്ളം കുടിച്ചു കരക്കു കയറി. അപ്പോഴുണ്ട് കിണറ്റിന്‍ കരയില്‍ ഒരു നായ ദാഹിച്ചു മണ്ണു കപ്പുന്നു. തന്നെപ്പോലെ ഈ നായക്കും ദാഹമുണ്ടെന്നു മനസ്സിലാക്കിയ അയാള്‍ വീണ്ടും കിണറ്റിലിറങ്ങി തന്റെ ഷൂ നിറയെ വെള്ളവുമായി കയറി നായക്കു കൊടുക്കുന്നു. നായ കുടിച്ചു ദാഹം തീര്‍ക്കുന്നു. പക്ഷെ, ഈ സുകൃതത്തിന്റെ നന്ദി പ്രകാശിപ്പിച്ചത് അല്ലാഹുവായിരുന്നു. അയാളുടെ പാപങ്ങളെല്ലാം പൊറുത്തു കൊടുത്തുകൊണ്ടായിരുന്നു അത്.

തിരുമേനി(സ) സഹാബികള്‍ക്ക് പറഞ്ഞു കൊടുത്ത ഒരു കഥയായിരുന്നു ഇത്. അപ്പോള്‍ സഹാബികള്‍ ചോദിച്ചു: ‘തിരു ദൂതരെ, മൃഗങ്ങളുടെ കാര്യത്തിലും ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടോ?’ അവിടുന്ന് പറഞ്ഞു: ജീവനുള്ള എല്ലാറ്റിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്! (ബു. മു)

ഒരു പൂച്ചയുടെ കാര്യത്തില്‍ നരകത്തില്‍ പോകേണ്ടി വന്ന ഒരു സ്ത്രീയുടെ കഥയും അവിടുന്ന് പറയുകയുണ്ടായി. ആഹാരം നല്‍കുകയോ, പ്രാണികളെ പിടിച്ചു തിന്നാന്‍ വിടുകയോ ചെയ്യാതെ, അവളതിനെ കെട്ടിയിട്ടുവെന്നതായിരുന്നു കാരണം.(ബു. മു)

മാത്രമല്ല, ആരെങ്കിലും അനാവശ്യമായി ഒരു പക്ഷിയെ കൊന്നാല്‍, അന്ത്യദിനത്തില്‍ അലമുറയിട്ടു കൊണ്ട് അത് അല്ലാഹുവോട് പറയും: നാഥാ, ഇന്നയാള്‍ അനാവശ്യമായി എന്നെ കൊന്നു. ആവശ്യത്തിന്നു വേണ്ടിയല്ല ഇയാളെന്നെ കൊന്നത്(നസാഈ, ഇബ്‌നു മാജ) എന്നും ഹദീസില്‍ വന്നിരിക്കുന്നു.

എന്തിനധികം, ജീവജാലങ്ങളെ ശപിക്കുന്നത് പോലും തിരുമേനി(സ) വെറുത്തിരുന്നു. തന്റെ സവാരി മൃഗത്തെ ശപിച്ച അന്‍സാരി വനിതയോട് നീരസത്തോടെ അവിടുന്ന് പറഞ്ഞു: അതിന്മേലുള്ളത് എടുത്തു മാറ്റുക; അതിനെ വിട്ടയക്കുകയും ചെയ്യുക. അത് ഏതായാലും ശപിക്കപ്പെട്ടു പോയല്ലോ.’ അങ്ങനെ, സ്ത്രീയില്‍ നിന്നും ഒട്ടകത്തെ പിടിച്ചടുക്കുകയും അവര്‍ ആളുകള്‍ക്കിടയിലൂടെ നടന്നു പോവുകയും ചെയ്തു. ആരും അവരെ സമീപിക്കുകയുണ്ടായില്ല. (മുസ്‌ലിം)

അങ്ങനെ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഇസ്ലാം കല്‍പിക്കുന്നതെന്നു കാണാം. പക്ഷെ, ധര്‍മ്മത്തിന്റെ പേരില്‍, കോണ്‍ക്രീറ്റു കാടുകള്‍ നിര്‍മ്മിക്കുമ്പോള്‍, ഈ മിണ്ടാ ജീവികളെ കുറിച്ചു ചിന്തിക്കാന്‍ നാം സമയം കാണുന്നില്ലെന്നത് വലിയൊരു അത്ഭുതം തന്നെ. അല്ലാഹുവിന്നു വേണ്ടി ഒരു പള്ളി നിര്‍മ്മിച്ചവന്ന്, സ്വര്‍ഗത്തില്‍ അല്ലാഹു ഒരു വീട് പണിയുമെന്നാണല്ലോ ഹദീസ്. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഈ കാലത്ത് ഒരു പള്ളി പണിയുക അത്ര എളുപ്പമുള്ള കാര്യമല്ലെന്നത് വളരെ വ്യക്തം. എന്നാല്‍, ഒരു നായക്ക് വെള്ളം കൊടുത്തതിന്റെ പേരില്‍ സ്വര്‍ഗത്തില്‍ പോകാനും, പൂച്ചയെ കെട്ടിയിട്ടതിന്റെ പേരില്‍ നരകത്തില്‍ പോകാനും കഴിയുന്നുവെങ്കില്‍, സ്വര്‍ഗത്തിലേക്കു പോകാനുള്ള ലളിതവും എന്നാല്‍ ചിലവു കുറഞ്ഞതുമായ മാര്‍ഗം, ജീവജാല ലോകത്ത് തുറന്നു കിടപ്പുണ്ടെന്നല്ലെ, മുന്‍ചൊന്ന വസ്തുതകള്‍ തെളിയിക്കുന്നത്? അതെ, ദല്‍ഹിയില്‍ കണ്ടത് പോലെ, ഫുട്പാത്തിലോ, ഒഴിഞ്ഞ സ്ഥലത്തോ വെച്ച്, മൃഗങ്ങള്‍ക്കും പറവകള്‍ക്കും മറ്റും തീറ്റയും വെള്ളവും കൊടുക്കുന്നതിന്ന് ആര്‍ക്കാണ് കഴിയാത്തത്? അതൊരു ഗംഭീര പരിപാടിയാക്കി മന്ത്രിയോ മറ്റു വി. ഐ. പികളോ, വി. വി. ഐ. പികളോ ‘നാടമുറിക്കണ’മെന്ന വാശി ഒഴിവാക്കണമെന്നു മാത്രം.

ഏതായാലും, ഇത്തരം ചിന്തകളോടെ, തിരിച്ചു നടക്കുകയായിരുന്ന ഞാന്‍, താമസ സ്ഥലം കഴിഞ്ഞു കിലോമീറ്ററുകളോളം താണ്ടി കഴിഞ്ഞിരുന്നു. അവസാനം, ബസ്സ് വഴി, മുറിയിലെത്തിയപ്പോള്‍, മോബൈലും കയ്യില്‍ പിടിച്ചു കൊണ്ട് അസ്വസ്ഥനായി ഇരിക്കുകയായിരുന്നു കൂട്ടുകാരന്‍ അബ്ദു ബിന്‍ മസ്ഊദ്!

Related Articles