Current Date

Search
Close this search box.
Search
Close this search box.

ത്യാഗസന്നദ്ധതയുടെ പ്രതീകമാണ് ഉദുഹിയ്യത്ത്

qurbani.jpg

عَنْ عَائِشَةَ، أَنَّ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: مَا عَمِلَ آدَمِيٌّ مِنْ عَمَلٍ يَوْمَ النَّحْرِ أَحَبَّ إِلَى اللهِ مِنْ إِهْرَاقِ الدَّمِ، إِنَّهُ لَيَأْتِي يَوْمَ القِيَامَةِ بِقُرُونِهَا وَأَشْعَارِهَا وَأَظْلاَفِهَا، وَأَنَّ الدَّمَ لَيَقَعُ مِنَ اللهِ بِمَكَانٍ قَبْلَ أَنْ يَقَعَ مِنَ الأَرْضِ، فَطِيبُوا بِهَا نَفْسًا

ആഇശ(റ)യില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ബലിദിനത്തില്‍ അല്ലാഹുവിന് ബലികര്‍മത്തേക്കാള്‍ ഇഷ്ടപ്പെട്ട ഒരു മനുഷ്യകര്‍മവുമില്ല. ബലി മൃഗം ഉയിര്‍ത്തേഴുന്നേല്‍പുനാളില്‍ അതിന്റെ കൊമ്പുകളും രോമങ്ങളും കുളമ്പുകളുമായി ഹാജരാകും. അതിന്റെ രക്തം ഭൂമിയില്‍ പതിക്കുന്നതിനു മുമ്പ്, അല്ലാഹുവിങ്കല്‍ സ്ഥാനം പിടിക്കും. അതിനാല്‍ നിങ്ങള്‍ സംതൃപ്ത മനസ്സോടെ ബലികര്‍മം നടത്തുക. (തിര്‍മിദി)

عَمِلَ : പ്രവര്‍ത്തിച്ചു
آدَمِيٌّ : മനുഷ്യന്‍
نَحْرٌ : ബലി
أَحَبُّ : ഏറ്റവും പ്രിയപ്പെട്ടത്
إِهْرَاق : ഒഴുക്കല്‍
دَمٌ : രക്തം
يَأْتِي : വരും
قَرْنٌ (ج) قُرُونٌ : കൊമ്പ്
شَعْرٌ (ج) أَشْعَارٌ : രോമം, മുടി
ظِلْف (ج) أَظْلاَف : കുളമ്പ്
يَقَعُ : പതിക്കുന്നു
مَكَانٌ : സ്ഥലം
قَبْل : മുമ്പ്
طاب : നന്നായി, ശുദ്ധമായി
طَابَتِ النَّفْسُ بِ : സംതൃപ്തനായി

ഇസ്‌ലാം പഠിപ്പിക്കുന്ന ശ്രേഷ്ഠകരമായ പുണ്യകര്‍മങ്ങളില്‍ ഒന്നാണ് ബലി. അത് അല്ലാഹുവിന്റെ പേരില്‍ മാത്രമേ പാടുള്ളൂ. നിര്‍ബന്ധ ബലിയും ഐഛിക ബലിയുമുണ്ട്. ഹജ്ജിലെയും ഉംറയിലെയും ന്യൂനതകള്‍ പരിഹരിക്കാനുള്ള പ്രായശ്ചിത്തവും നേര്‍ച്ചയാക്കിയതും നിര്‍ബന്ധബലികളില്‍ പെടുന്നു. ഹജ്ജിന് പോകുന്നവര്‍ നിര്‍വഹിക്കുന്ന ഹദ്‌യ്, പെരുന്നാള്‍ ദിനങ്ങളില്‍ അറുക്കുന്ന ഉദുഹിയ്യത്ത്, കുട്ടിയുടെ ജനനത്തില്‍ സന്തോഷം രേഖപ്പെടുത്തി നിര്‍വഹിക്കുന്ന അഖീഖത്ത് എന്നിവ ഐഛികമാണ്.

മാംസദാനം വഴി ദിവ്യസാമീപ്യം ലക്ഷ്യം വെക്കുന്ന അതീറത്ത്, ഫറഅ് എന്നിവയും സുന്നത്താണെന്ന വീക്ഷണം ചില പണ്ഡിതന്മാര്‍ക്കുണ്ട്. റജബ് മാസത്തില്‍ അറുക്കുന്നതാണ് അതീറത്ത്. മാംസദാനത്തിനായി അറുക്കുന്ന മൃഗത്തിന്റെ കടിഞ്ഞൂല്‍ സന്തതിയെ അറുക്കലാണ് ഫറഅ് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ജാഹിലിയ്യാ കാലത്ത് വിഗ്രഹങ്ങള്‍ക്ക് വേണ്ടി അറുക്കപ്പെട്ടിരുന്ന ഇവ പ്രവാചകന്‍ നിരോധിച്ചുവെന്ന് ചില ഹദീസുകളില്‍ കാണുമ്പോള്‍ ഇത് അനുവദനീയമാണെന്ന് മറ്റു ചില ഹദീസുകള്‍ ധ്വനിപ്പിക്കുന്നു. അതീറത്ത് നിര്‍ബന്ധമില്ലയെന്നും ചെറിയ മൃഗത്തെ വലുതാവാന്‍ അനുവദിക്കുകയാണ് നല്ലതെന്നുമാണ് ഈ നിരോധനത്തിന്റെ ഉദ്ദേശ്യമെന്ന് വിവിധ ഹദീസുകളെ സംയോജിപ്പിച്ച്, അവ സുന്നത്താണെന്ന് വാദിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു.

ബലി പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞതുമുതല്‍ ദുല്‍ഹിജ്ജ 13 സൂര്യന്‍ അസ്തമിക്കുന്നതിനുമുമ്പായി നിര്‍വഹിക്കപ്പെടുന്ന പ്രബലമായ സുന്നത്താണ് ഉദുഹിയ്യത്ത്(1). ആരോഗ്യമുള്ളതും ന്യൂനതകളില്ലാത്തതുമായ ആട്, മാട്, ഒട്ടകം എന്നിവയില്‍ ഏതെങ്കിലുമാണ് അതിന് ഉപയോഗിക്കേണ്ടത്. മാട്, ഒട്ടകം എന്നിവയില്‍ പരമാവധി ഏഴ് പേര്‍ക്ക് പങ്കാളികളാകാവുന്നതാണ്(2).

രണ്ടോ മൂന്നോ മാസം മുമ്പ് തന്നെ ബലിമൃഗത്തെ വാങ്ങി പരിപാലിക്കുകയും എന്നിട്ട് നമ്മുടെ സ്‌നേഹവും അടുപ്പവും നിലനില്‍ക്കുന്ന ഘട്ടത്തില്‍ അതിനെ ബലിയറുക്കുകയും ചെയ്യുമ്പോഴാണ് അത് കുറച്ചെങ്കിലും ഹൃദയസ്പര്‍ശിയാവുന്നത്. എന്നാല്‍ പലപ്പോഴും ബലി പെരുന്നാളിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പ് വാങ്ങി ഏതോ പറമ്പില്‍ കെട്ടിയിടുന്ന മൃഗത്തിന്റെ കഴുത്തില്‍ കത്തിവെക്കുമ്പോള്‍ അതില്‍ വൈകികതക്ക് യാതൊരു സ്ഥാനവും ലഭിക്കുന്നില്ല. എനിക്കിഷ്ടപ്പെട്ട എന്തോ അല്ലാഹുവിന്റെ പ്രീതിക്കായി സമര്‍പ്പിക്കുകയാണെന്ന ചിന്തയൊന്നും അവിടെ ഉദിക്കുന്നില്ല. എങ്കിലും ഒരു പുണ്യകര്‍മം എന്ന നിലക്ക് ആളുകളെ ഇതിനായി നാം പ്രോല്‍സാഹിപ്പിക്കേണ്ടതുണ്ട്. ശേഷിയുണ്ടായിട്ടും ബലിയറുക്കാതിരിക്കുന്നത് അനഭിലഷണീയമാണ്. അത്തരക്കാര്‍ നമസ്‌കാര സ്ഥലത്തേക്ക് വരേണ്ടതില്ല എന്ന് പ്രവാചകന്‍ പറഞ്ഞതായി വ്യക്തമാക്കുന്ന ഹദീസ് ബലിക്ക് പ്രോത്സാഹനം നല്‍കുകയാണ് ചെയ്യുന്നത്.

പ്രിയപ്പെട്ടതെന്തും അല്ലാഹുവിന് വിധേയമായി ത്യജിക്കാനുള്ള ഇബ്‌റാഹീം പ്രവാചകന്‍ സന്നദ്ധനായതിന്റെ പ്രീതീകാത്മക സ്മരണ പുതുക്കലാണല്ലോ ഉദുഹിയത്ത്. അതിനാല്‍ മാംസത്തിന്റെ തൂക്കമല്ല, ബലിയുടെ ചൈതന്യം ഉള്‍ക്കൊള്ളുന്നതിലൂടെയുണ്ടാവുന്ന ആത്മീയന്നോതിയാണ് അതില്‍ സുപ്രധാനമായിട്ടുള്ളത്. അല്ലാഹു പറയുന്നു: അവയുടെ മാംസമോ രക്തമോ അല്ലാഹുവിനെ പ്രാപിക്കുന്നില്ല. മറിച്ച് അവനെ പ്രാപിക്കുന്നത് നിങ്ങളുടെ ഭക്തിയാകുന്നു (അല്‍ഹജ്ജ് 37). ആ ബലിമൃഗം ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നമ്മുടെ വിജയത്തിന് അനുകൂലമായ തെളിവായിരിക്കുമെന്ന് ആദ്യം ഉദ്ദരിച്ച ഹദീസില്‍ നിന്ന് ഗ്രഹിക്കാം.

ഉദ്ഹിയ്യത്ത് നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ദുല്‍ഹിജ്ജ മാസം ആരംഭിച്ചാല്‍ ബലികര്‍മം നിര്‍വഹിക്കുന്നതുവരെ നഖം, മുടി മുതലായവ നീക്കം ചെയ്യാതിരിക്കുന്നത് സുന്നത്താണ് (3). ബലിയറുത്തപ്പോള്‍ ദൈവനാമത്തില്‍ ആരംഭിക്കുന്നതിനു പുറമെ തക്ബീര്‍ ഉരുവിടുകയും അത് സ്വീകരിക്കാനായി പ്രാര്‍ഥിക്കുകയും ചെയ്തത് ഹദീസില്‍ കാണാം (4).

ബലിമാംസത്തില്‍ നിന്ന് ബലി നല്‍കിയ ആള്‍ ഭക്ഷിക്കുന്നതും ബന്ധുക്കള്‍ക്കും ദരിദ്രര്‍ക്കും വിതരണം ചെയ്യുന്നതും സുന്നത്താകുന്നു. ബലി മാംസമോ ബലിമൃഗത്തിന്റെ തോലോ വില്‍ക്കാന്‍ പാടില്ല. കശാപ്പുകാരന് കൂലി വേറെത്തന്നെ നല്‍കണം. ബലിമാംസമോ തോലോ കൂലിയായി നല്‍കാന്‍ പാടില്ല. എന്നാല്‍ ഇമാം അബൂഹനീഫയുടെ വീക്ഷണപ്രകാരം ബലിമൃഗത്തിന്റെ തോല്‍ വില്‍ക്കാം. ശേഷം അതിന്റെ വില ദാനം ചെയ്യുകയോ അല്ലെങ്കില്‍ വീട്ടില്‍ ഉപയോഗപ്രദമായ എന്തെങ്കിലും വാങ്ങുകയോ ചെയ്യാം.

ബലിമാംസം മൂന്നില്‍ കൂടുതല്‍ ദിവസം സൂക്ഷിച്ച് വെക്കാന്‍ പാടില്ല എന്ന് ചില ഹദീസുകളില്‍ കാണാം. മദീനയിലെ ജനങ്ങള്‍ ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയ സന്ദര്‍ഭത്തിലുള്ള നിരോധനമായിരുന്നു അത്. പിന്നീട് ആ നിരോധനം പിന്‍വലിക്കപ്പെട്ടു. പ്രവാചക കുടുംബത്തില്‍ തന്നെ അനവധി നാളുകള്‍ ബലിമാംസം സൂക്ഷിക്കാറുണ്ടായിരുന്നുവെന്ന് ആഇശ(റ) പറയുന്നു. ആബിസുബ്‌നു റബീഅയില്‍ നിന്ന് നിവേദനം. ഞാന്‍ ആഇശ(റ)യോട് ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതര്‍ ബലിമൃഗത്തിന്റെ മാംസം മൂന്ന് ദിവസത്തിലധികം സൂക്ഷിക്കുന്നത് നിരോധിച്ചിട്ടുണ്ടോ? അവര്‍ പറഞ്ഞു: ജനങ്ങളെ പട്ടിണി ബാധിച്ച ഒരാണ്ടില്‍ മാത്രമാണ് ആ നിരോധം ഉണ്ടായിരുന്നത്. സമ്പന്നര്‍ ദരിദ്രരെ ഭക്ഷിപ്പിക്കുക എന്നതായിരുന്നു നബിതിരുമേനി അതിലൂടെ ഉദ്ദേശിച്ചത്. ഞങ്ങള്‍ ഉദുഹിയ്യത്തിന്റെ കണങ്കാല്‍ എടുത്തുസൂക്ഷിക്കുകയും 15 ദിവസത്തിന് ശേഷവും അത് ഭക്ഷിക്കുകയും ചെയ്യാറുണ്ടായിരുന്നു. നിവേദകന്‍ പറയുന്നു: ഇങ്ങനെ സൂക്ഷിക്കുന്നതിന് നിങ്ങളെ നിര്‍ബന്ധിതരാക്കിയ കാരണമെന്തെന്ന് അന്വേഷിച്ചപ്പോള്‍ ആഇശ(റ) ചിരിച്ചു. എന്നിട്ട് പറഞ്ഞു: മുഹമ്മദ് നബിയുടെ കുടുംബം മൂന്ന് ദിവസം തുടര്‍ച്ചയായി വിശപ്പടക്കിയ അനുഭവം അവിടുന്ന് അല്ലാഹുവിലേക്ക് യാത്രയാകും വരെ ഉണ്ടായിട്ടില്ല (5).

ഒരാള്‍ ഒരു ആടിനെ ബലിയറുത്താല്‍ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പേരില്‍ അത് മതിയാവും. സഹാബികളില്‍ ചിലര്‍ അങ്ങനെ ചെയ്യാറുണ്ടായിരുന്നു(6).

അറുക്കാന്‍ കഴിയുന്നവന്‍ സ്വന്തം കൈകൊണ്ട് തന്നെ അറുക്കുന്നതാണ് ഉത്തമം. സ്വയം അറുക്കാന്‍ കഴിയില്ലെങ്കിലും ബലി നല്‍കുന്നവന്‍ അറുക്കുന്ന സ്ഥലത്ത് ഹാജറാവുന്നതും പുണ്യകരമാണ്. നബി(സ) ഫാത്വിമയോട് പറഞ്ഞു: ഓ ഫാത്വിമാ, ചെല്ലുക, നിന്റെ ബലിക്ക് സാക്ഷിയാവുക. അതിന്റെ രക്തത്തിന്റെ ആദ്യതുള്ളി വീഴുമ്പോള്‍ അത് നിനക്ക് വേണ്ടി നീ ചെയ്തുപോയ എല്ലാ പാപങ്ങളില്‍ നിന്നും മോചനമര്‍ഥിക്കും (7).

……………………………..

1. عَنِ الْبَرَاءِ بْنِ عَازِبٍ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّ أَوَّلَ مَا نَبْدَأُ بِهِ فِي يَوْمِنَا هَذَا نُصَلِّي، ثُمَّ نَرْجِعُ فَنَنْحَرُ، فَمَنْ فَعَلَ ذَلِكَ، فَقَدْ أَصَابَ سُنَّتَنَا، وَمَنْ ذَبَحَ، فَإِنَّمَا هُوَ لَحْمٌ قَدَّمَهُ لِأَهْلِهِ لَيْسَ مِنَ النُّسُكِ فِي شَيْءٍ» (بخاري ، مسلم).
2.  عَنْ جَابِرِ بْنِ عَبْدِ اللهِ، قَالَ: «نَحَرْنَا مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَامَ الْحُدَيْبِيَةِ الْبَدَنَةَ عَنْ سَبْعَةٍ، وَالْبَقَرَةَ عَنْ سَبْعَةٍ»

3. عَنْ أُمِّ سَلَمَةَ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «إِذَا رَأَيْتُمْ هِلَالَ ذِي الْحِجَّةِ، وَأَرَادَ أَحَدُكُمْ أَنْ يُضَحِّيَ، فَلْيُمْسِكْ عَنْ شَعْرِهِ وَأَظْفَارِهِ»  (مسلم).
4. عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ: شَهِدْتُ مَعَ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الْأَضْحَى بِالْمُصَلَّى، فَلَمَّا قَضَى خُطْبَتَهُ نَزَلَ مِنْ مِنْبَرِهِ وأُتِيَ بِكَبْشٍ فَذَبَحَهُ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بِيَدِهِ، وَقَالَ: «بِسْمِ اللَّهِ، وَاللَّهُ أَكْبَرُ، هَذَا عَنِّي، وَعَمَّنْ لَمْ يُضَحِّ مِنْ أُمَّتِي» (أبوداود)
5. عَنْ عَبْدِ الرَّحْمَنِ بْنِ عَابِسٍ، عَنْ أَبِيهِ، قَالَ: قُلْتُ لِعَائِشَةَ: أَنَهَى النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنْ تُؤْكَلَ لُحُومُ الأَضَاحِيِّ فَوْقَ ثَلاَثٍ؟ قَالَتْ: «مَا فَعَلَهُ إِلَّا فِي عَامٍ جَاعَ النَّاسُ فِيهِ، فَأَرَادَ أَنْ يُطْعِمَ الغَنِيُّ الفَقِيرَ، وَإِنْ كُنَّا لَنَرْفَعُ الكُرَاعَ، فَنَأْكُلُهُ بَعْدَ خَمْسَ عَشْرَةَ» قِيلَ: مَا اضْطَرَّكُمْ إِلَيْهِ؟ فَضَحِكَتْ، قَالَتْ: «مَا شَبِعَ آلُ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ مِنْ خُبْزِ بُرٍّ مَأْدُومٍ ثَلاَثَةَ أَيَّامٍ حَتَّى لَحِقَ بِاللَّهِ» (البخاري)
6. عَنْ عَطَاءِ بْنِ يَسَارٍ، قَالَ: سَأَلْتُ أَبَا أَيُّوبَ الْأَنْصَارِيَّ: كَيْفَ كَانَتِ الضَّحَايَا فِيكُمْ، عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ؟ قَالَ: «كَانَ الرَّجُلُ فِي عَهْدِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، يُضَحِّي بِالشَّاةِ عَنْهُ، وَعَنْ أَهْلِ بَيْتِهِ، فَيَأْكُلُونَ وَيُطْعِمُونَ، ثُمَّ تَبَاهَى النَّاسُ، فَصَارَ كَمَا تَرَى»
7. عَنْ عِمْرَانَ بْنِ حُصَيْنٍ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ” يَا فَاطِمَةُ قُومِي فَاشْهَدِي أُضْحِيَّتَكِ فَإِنَّهُ يُغْفَرُ لَكِ بِأَوَّلِ قَطْرَةٍ تَقْطُرُ مِنْ دَمِهَا كُلُّ ذَنْبٍ عَمِلْتِيهِ , وَقُولِي: {إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ لَا شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ} [الأنعام: 163]. قُلْتُ: يَا رَسُولَ اللهِ هَذَا لَكَ وَلِأَهْلِ بَيْتِكَ خَاصَّةً، فَأَهْلُ ذَلِكَ أَنْتُمْ , أَمْ لِلِمُسْلِمِينَ عَامَّةً؟ قَالَ: ” بَلْ لِلْمُسْلِمِينَ عَامَّةً “.  (بيهقي)

Related Articles