Current Date

Search
Close this search box.
Search
Close this search box.

തമാശക്കമുണ്ട് പരിധി

comedy.jpg

عَنِ ابْنِ عَبَّاسٍ، قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ” لَا تُمَارِ أَخَاكَ، وَلَا تُمَازِحْهُ، وَلَا تُوَاعِدْهُ مَوْعِدًا تُخْلِفْهُ”

ഇബ്‌നു അബ്ബാസില്‍ നിന്ന്. നബി(സ) പറഞ്ഞു: നീ നിന്റെ സഹോദരനുമായി തര്‍ക്കത്തിലേര്‍പ്പെടരുത്. അവനോട് (വേദനിപ്പിക്കുന്ന രീതിയിലുള്ള) തമാശ പറയരുത്. അവനോട്, നിനക്ക് പാലിക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള വാഗ്ദാനങ്ങള്‍ ചെയ്യരുത്. (തിര്‍മിദി, ബൈഹഖി)

مارى : തര്‍ക്കിച്ചു
مازح : തമാശ പറഞ്ഞു
واعد : വാഗ്ദാനം ചെയ്തു
أخلف : ലംഘിച്ചു

മൂന്ന് കാര്യങ്ങളാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്. ഒന്ന്, സത്യവിശ്വാസി അനാവശ്യമായ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല, സത്യം അവന്റെ പക്ഷത്താണെങ്കിലും. രണ്ട്, തമാശ പറയരുത്. മൂന്ന്, ലംഘിക്കേണ്ടി വരുന്ന വിധത്തിലുള്ള വാഗ്ദാനങ്ങള്‍ ആര്‍ക്കും നല്‍കരുത്.

ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി പ്രയോഗിക്കുന്ന വാക്കോ പ്രവൃത്തിയോ ആണല്ലോ തമാശ. അത് തോന്നിയതുപോലെ ആവാന്‍ പാടില്ല. സദുദ്ദേശപരവും സത്യസന്ധവുമല്ലാത്ത തമാശകള്‍ നമുക്ക് തന്നെ വിനയാവും. നമുക്കോ മറ്റുള്ളവര്‍ക്കോ ദോഷകരമായിത്തീരുന്നതോ വ്യക്തിയെയോ സമൂഹത്തെയോ ദീനിനെയോ പരിഹസിക്കുന്നതോ ആയ തമാശകള്‍ സത്യവിശ്വാസിയില്‍ നിന്ന് ഉണ്ടാകാവതല്ല എന്നാണ് ഉപരിസൂചിത ഹദീസിന്റെ ആശയം.

ഇമാം നവവി പറയുന്നു: പതിവായോ അമിതമായോ ഉള്ള തമാശകളാണ് നിരോധിക്കപ്പെട്ടിട്ടുള്ളത്. കാരണം അത് ദൈവസ്മരണയില്‍ നിന്നും സുപ്രധാനമായ ദീനീ കാര്യങ്ങളെ കുറിച്ച ചിന്തയില്‍ നിന്നും മനുഷ്യനെ അശ്രദ്ധനാക്കുന്നു. മിക്കപ്പോഴും അത് മറ്റുള്ളവരെ വേദനിപ്പിക്കുകയും പകയുണ്ടാക്കുകയും ചെയ്യുന്നു. മാത്രമല്ല അത് വ്യക്തിത്വവും ഗാംഭീര്യവും നഷ്ടപ്പെടുത്തുന്നു. ഈ ദോഷവശങ്ങളില്‍ നിന്നെല്ലാം മുക്തമായ തമാശയാണ് അനുവദനീയമായിട്ടുള്ളത്. ഇത്തരം തമാശകളായിരുന്നു പ്രവാചകനില്‍ നിന്ന് ഉണ്ടായിരുന്നത്. അതുതന്നെ അപൂര്‍വവുമായിരുന്നു. മനസിന് സന്തോഷം പകരുവാനും സാന്ത്വനമേകാനും വേണ്ടിയായിരുന്നു അത്. അപ്രകാരമുള്ള തമാശ അഭികാമ്യമാകുന്നു (മിര്‍ഖാത്ത്).

എന്നാല്‍ ചിരിപ്പിക്കാന്‍ വേണ്ടി കളവ് പറയുന്നത് ഗുരുതരമായ തെറ്റാണ്. നബി(സ) പറഞ്ഞു: ജനങ്ങളെ ചിരിപ്പിക്കാന്‍ വേണ്ടി കളവ് പറയുന്നവന് നാശം, അവന് നാശം, അവന് നാശം (അഹ്മദ്). തമാശക്ക് പോലും കള്ളം പറയാത്തവന് സ്വര്‍ഗത്തിന്റെ മധ്യത്തില്‍ ഒരു വീടിന് വേണ്ടി ഞാന്‍ വാദിക്കുമെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു (അബൂദാവൂദ്).

തമാശക്ക് വേണ്ടി മറ്റുള്ളവരുടെ എന്തെങ്കിലും സാധനങ്ങള്‍ ഒളിപ്പിച്ച് വെക്കുന്ന ചിലരുണ്ട്. അത് ദ്രോഹകരമായ തമാശയിലാണ് പെടുക. ഒരിക്കല്‍ പ്രവാചകനും സഹാബികളും ഒരു യാത്ര പോവുകയായിരുന്നു. യാത്രമധ്യേ അവര്‍ ഒരിടത്ത് വിശ്രമിക്കാനിറങ്ങി. അന്നേരം ഒരു സഹാബി ഉറങ്ങിയപ്പോള്‍ മറ്റൊരാള്‍ അദ്ദേഹത്തിന്റെ ഒരു കയര്‍ എടുത്ത് ഒളിപ്പിച്ച് വെച്ചു. ഉണര്‍ന്നപ്പോള്‍ അത് കാണാതെ അയാള്‍ ഭയാശങ്കയിലായി. അപ്പോള്‍ നബി(സ) പറഞ്ഞു: ഒരു മുസ്‌ലിമും മറ്റൊരു മുസ്‌ലിമിനെ ഭയപ്പെടുത്താന്‍ പാടില്ല. (അബൂദാവൂദ്) മറ്റൊരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: ഒരാള്‍ തമാശക്കോ അല്ലാതെയോ മറ്റൊരാളുടെ സാധനം എടുക്കാന്‍ പാടില്ല. (അബൂദാവൂദ്)

നബി (സ) തമാശ പറയാറുണ്ടായിരുന്നു. ഒരിക്കല്‍ ഒരാള്‍ പ്രവാചകന്റെ അടുക്കല്‍ വന്ന് ഒരു സവാരി മൃഗത്തെ ആവശ്യപ്പെട്ടു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ഞാന്‍ നിനക്ക് സവാരി ചെയ്യാന്‍ ഒരു പെണ്‍ഒട്ടകക്കുട്ടിയെ തരാം. അയാള്‍ ചോദിച്ചു: ഒരു പെണ്‍ഒട്ടകക്കുട്ടിയെ കൊണ്ട് ഞാനെന്ത് ചെയ്യും (അതിനെ വാഹനമാക്കാന്‍ കഴിയില്ലല്ലോ). പ്രവാചകന്‍ പറഞ്ഞു: പെണ്ണൊട്ടകമല്ലാതെ ഒട്ടകങ്ങളെ പ്രസവിക്കുമോ? (അബൂദാവൂദ്)

ഒട്ടകം ചെറുതായാലും വലുതായാലും പെണ്ണൊട്ടകത്തിന്റെ കുട്ടി തന്നെയാണല്ലോ. ഒരു തമാശ രൂപത്തിലാണ് പ്രവാചകന്‍ അത് പറഞ്ഞതെന്ന് മാത്രം. അതില്‍ കാര്യവും ഉള്‍ചേര്‍ന്നിട്ടുണ്ട്. അതായത്, ഒരു കാര്യം കേള്‍ക്കുമ്പോള്‍ ആലോചിച്ച് മാത്രമേ പ്രതികരിക്കാവൂ, ഉദ്ദേശ്യം വേണ്ടവിധം മനസിലാക്കാതെ എതിര്‍ക്കരുത്. ശരിക്ക് ആലോചിച്ചിരുന്നെങ്കില്‍ ആ സഹാബിക്ക് ആശങ്കപ്പെടേണ്ടിയിരുന്നില്ല.

പരസ്പര സ്‌നേഹം വളര്‍ത്തുന്നതിനും ആശ്വസിപ്പിക്കുന്നതിനും സംസ്‌കരണം ലക്ഷ്യം വെച്ചുമെല്ലാമുള്ള തമാശകള്‍ പ്രവാചക ചരിത്രത്തില്‍ കാണാം. കുട്ടികളോടൊത്തും ഭാര്യമാരോടൊത്തും പ്രവാചകന്‍ തമാശകളില്‍ ഏര്‍പെടാറുണ്ടായിരുന്നു. എന്നാല്‍ അതൊരിക്കലും കള്ളവാദങ്ങളോ അതിശയോക്തികളോ ഉപദ്രവകരമോ ആയിരുന്നില്ല. പ്രവാചകന്‍ പറഞ്ഞു: തീര്‍ച്ചയായും ചിലപ്പോള്‍ ഞാന്‍ തമാശ പറയാറുണ്ട്. പക്ഷേ സത്യമല്ലാതെ ഞാന്‍ പറയാറില്ല. (ത്വബ്‌റാനി)

Related Articles