Current Date

Search
Close this search box.
Search
Close this search box.

ജീവിത വീക്ഷണമാണ് വിശ്വാസിയെ വ്യതിരിക്തനാക്കുന്നത്

view-specs.jpg

عَنْ عَبْدِ اللَّهِ بْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا، قَالَ: أَخَذَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بِمَنْكِبِي، فَقَالَ: كُنْ فِي الدُّنْيَا كَأَنَّكَ غَرِيبٌ أَوْ عَابِرُ سَبِيلٍ (البخاري)

അബ്ദുല്ലാഹിബ്‌നു ഉമറി(റ)ല്‍ നിന്ന് നിവേദനം. പ്രവാചകന്‍ എന്റെ ചുമലില്‍ പിടിച്ചു പറഞ്ഞു: നീ ഇഹലോകത്ത് ഒരു പരദേശിയെപ്പോലെയോ വഴിപോക്കനെപ്പോലെയോ ആവുക.

أَخَذَ : പിടിച്ചു
مَنْكِب : ചുമല്‍
كُن : നീ ആവുക
غَرِيب : പരദേശി
عَابر : മുറിച്ചു കടക്കുന്നവന്‍
سبيل : വഴി

ഗര്‍ഭപാത്രത്തിലെ ജീവിതം പോലെ താല്‍ക്കാലികമാണ് ഇഹലോകത്തെ ജീവിതവും. മരണത്തോടെ പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ് നാം. പരലോകമാണ് യഥാര്‍ഥ ഗേഹം. അങ്ങോട്ടുള്ള യാത്രയാണ് ഈ ജീവിതം. അതിനിടയില്‍ ചെയ്തു തീര്‍ക്കേണ്ട കുറെ ഉത്തരവാദിത്തങ്ങളും ബാധ്യതകളുമുണ്ട്. അവ ഭംഗിയായി നിര്‍വഹിക്കുന്നവര്‍ക്ക് തിരിച്ചെത്തുമ്പോള്‍ ലഭിക്കുന്ന സമ്മാനമാണ് സ്വര്‍ഗം. ഈ കാഴ്ചപ്പാടാണ് ഈ തിരുവചനത്തിന്റെ സാരം.

മറ്റു പല വചനങ്ങളിലൂടെയും പ്രവൃത്തിയിലൂടെയും ഇതേ ആശയം പ്രവാചകന്‍ പങ്കുവെക്കുകയും മാതൃക കാണിക്കുകയും ചെയ്തിട്ടുണ്ട്. ഉപരിസൂചിത ഹദീസ് ഉദ്ധരിച്ച ഇബ്‌നു ഉമര്‍ പറയാറുണ്ടായിരുന്നു: ‘പ്രഭാതമായാല്‍ നീ പ്രദോഷത്തെ പ്രതീക്ഷിക്കരുത്. പ്രദോഷമായാല്‍ പ്രഭാതത്തെയും. ആരോഗ്യമുള്ളപ്പോള്‍ രോഗാവസ്ഥയിലേക്കുള്ളതു കൂടി സമാഹരിക്കുക. ജീവിതത്തില്‍ നിന്ന് നിന്റെ മരണത്തിനുള്ളതും.'(1) ദീര്‍ഘകാല പദ്ധതികളൊന്നും ആവിഷ്‌കരിക്കേണ്ടതില്ല എന്ന് ഇപ്പറഞ്ഞതിന് അര്‍ഥമില്ല. ഏത് നിമിഷവും ഈ ലോകത്തോട് വിടപറയേണ്ടി വരും എന്ന ചിന്തയാല്‍ പ്രചോദിതനായി മരണാനന്തര ജീവിത വിജയത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ച്, സദാ മരണസന്നദ്ധനായിരിക്കണം എന്നാണ് ഇവിടെ ഉദ്ദേശ്യം.

ഇഹലോകത്തെ പരലോകത്തേക്കുള്ള യാത്രയിലെ ഒരു ഇടത്താവളം മാത്രമായാണ് പ്രവാചകന്‍ കണ്ടത്. തന്റെ കാലത്തെ വന്‍ശക്തികളായിരുന്ന പേര്‍ഷ്യയുടെയും റോമിന്റെയും ഭരണാധികാരികളേക്കാള്‍ ഉയര്‍ന്ന സുഖസൗകര്യങ്ങളില്‍ ജീവിക്കാന്‍ അവസരമുണ്ടായിട്ടും പ്രവാചകന്‍ അതെല്ലാം ത്യജിക്കുകയായിരുന്നു. പ്രവാചക ജീവിതത്തിലെ ലാളിത്യം ശ്രദ്ധിച്ചാല്‍ മേല്‍പറഞ്ഞ ജീവിത വീക്ഷണമാണ് അതിന്റെ പ്രചോദനമെന്ന് കാണാം.

ഉല്‍കൃഷ്ട സ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിനായാണ് ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നതെന്ന് മുഹമ്മദ് നബി(സ).(2) പ്രവാചകന്റെ സ്വഭാവം ഖുര്‍ആനായിരുന്നുവെന്ന് ആഇശ(റ).(3) ഈ രണ്ട് വചനങ്ങളെയും, ഒരു യഥാര്‍ഥ ദൈവദാസന്റെ മാതൃകാപുരുഷന്‍ എന്ന പദവിയും മുഖവിലക്കെടുത്തുകൊണ്ടാണ് പ്രവാചകന്റെ(സ) ലാളിത്യത്തെ വിലയിരുത്തേണ്ടത്. നന്നേ കുറഞ്ഞ ജീവിത സൗകര്യങ്ങള്‍ മാത്രം ഉപയോഗിക്കുക എന്നാണ് ലാളിത്യം എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യമെത്തുന്ന ആശയം. സാമ്പത്തിക ശേഷിയുടെ അഭാവമല്ല, മറിച്ച് ഐഹികജീവിത്തെ സംബന്ധിച്ച വീക്ഷണമാണ് അതിന്റെ പ്രചോദനം. ജീവിതത്തിന്റെ അടിസ്ഥാനാവശ്യങ്ങളെ അതിന്റെ ഏറ്റവും ചുരുങ്ങിയ അളവില്‍ ഉപയോഗിക്കുക എന്നതായിരുന്നു പ്രവാചകന്റെ രീതി. ഏറ്റവും പ്രധാനപ്പെട്ടതും അനിവാര്യമായതും സ്വീകരിച്ച് ബാക്കിയെല്ലാം ഉപേക്ഷിക്കുക എന്നതാണ് ലളിതജീവിതത്തിന്റെ വഴി. പ്രവാചകന്റെ വീട്, ഗൃഹോപകരണങ്ങള്‍, ഭക്ഷണം, വസ്ത്രം തുടങ്ങിയവ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാവും.

പ്രവാചകന്റെ വീടിനെ കുറിച്ച് ചരിത്രകൃതികളിലും മറ്റും കാണപ്പെടുന്ന വിവരണങ്ങളുടെ ചുരുക്കം ഇങ്ങനെ വായിക്കാം: അദ്ദേഹത്തിന്റെ വീടിന്റെ വിസ്തീര്‍ണം ആറോ ഏഴോ മുഴത്തില്‍ കവിഞ്ഞിരുന്നില്ല. കൈ ഉയര്‍ത്തിയാല്‍ മേല്‍പുരയില്‍ മുട്ടുമായിരുന്നു. മണ്ണിന്റെ ചുമരും ഈത്തപ്പനയോല കൊണ്ടുള്ള മേല്‍ക്കൂരയും. രമ്യഹര്‍മങ്ങളും വന്‍സൗധങ്ങളും മുന്തിയതും വിലകൂടിയതുമായ ഗൃഹോപകരണങ്ങളും അന്തസ്സിന്റെ ഭാഗമായി അദ്ദേഹം കണ്ടില്ല. ഈത്തപ്പനയോല കൊണ്ടുള്ള പായ, ഈന്തപ്പന നാരുകള്‍ നിറച്ച തലയിണ, തോല്‍വിരിപ്പ്, പാനപാത്രം, കാരക്കയും ധാന്യവും സൂക്ഷിക്കാനുള്ള പാത്രം എന്നിവയായിരുന്നു പ്രവാചകന്റെ ഗൃഹോപകരങ്ങള്‍. യമനും സിറിയയുമെല്ലാം ഉള്‍പ്പെടുന്ന സാമാന്യം വിശാലതയും അത്യാവശ്യം സാമ്പത്തിക ശേഷിയുമുള്ള ഒരു പ്രദേശത്തിന്റെ ഭരണാധികാരിയും സൈന്യാധിപനും ചീഫ് ജസ്റ്റിസുമെല്ലാമായിട്ടും ഇതില്‍ മാറ്റമൊന്നും ഉണ്ടായിരുന്നില്ല.

ഡോ. അഹ്മദ് ശലബി എഴുതുന്നു നബി(സ)യുട ഭവനങ്ങളില്‍ അതീവ ലളിതവും നിത്യോപയോഗത്തിനുള്ളതുമായ വസ്തുക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആഇശ(റ) താമസിച്ചിരുന്ന ഭവനം ഉദാഹരമായെടുക്കാം. ഒരു നാടന്‍ കട്ടില്‍, നാരു നിറച്ച കോസടി, ഒരു തലയിണ, ഒരു മണ്‍കൂജ, ഒരു മണ്‍കുടം, ചുമരില്‍ ഒരു മരത്തട്ടിക, അതിന്‍മേല്‍ അത്യാവശ്യത്തിനുള്ള ഗോതമ്പും കാരക്കയും, ഗോതമ്പ് പൊടിക്കാന്‍ ഒരു ചക്ക്, വെള്ളം സൂക്ഷിക്കാന്‍ ഒരു തുകല്‍ സഞ്ചി, ഒരു കണ്ണാടി; ഇത്രയുമാണ് അവിടെയുണ്ടായിരുന്നത്. നബി(സ) അദിയ്യുബ്‌നു ഹാതിമിനെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയപ്പോള്‍, നാര് നിറച്ച ഒരു തലയിണ ഉണ്ടായിരുന്നത് അദിയ്യിന് ഇരിക്കാന്‍ നല്‍കി. പ്രവാചകന്‍ വെറും പായയില്‍ ഇരുന്നു (അര്‍റസൂലു ഫീ ബൈതിഹി).

പ്രവാചകന്റെ ഭവന സങ്കല്‍പം മറ്റുള്ളവരും പിന്തുടരണം എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമൊന്നും ഉണ്ടായിരുന്നില്ല. അതേസമയം അത് അനുയായികളെ സ്വാധീനിച്ചിരുന്നു. ഗവര്‍ണറായിരുന്ന സഅ്ദുബ്‌നു അബീവഖ്ഖാസ് വീട് നിര്‍മിക്കാന്‍ അനുമതി ചോദിച്ചുകൊണ്ട് ഖലീഫ ഉമറി(റ)ന് കത്തെഴുതി. ‘സൂര്യനില്‍ നിന്ന് നിന്നെ മറക്കുന്ന, മഴയില്‍ നിന്ന് നിന്നെ കാക്കുന്ന ഭവനം മതി. ഇഹലോകം നശ്വരമാണ്’ എന്നതായിരുന്നു അതിന് അദ്ദേഹം നല്‍കിയ മറുപടി. മെച്ചപ്പെട്ട ജീവിത സൗക്യങ്ങള്‍ ആര്‍ജിക്കുന്നതിനോടും, ഓരോരുത്തരുടെയും ആവശ്യങ്ങള്‍ക്കുതകുന്നതും സൗകര്യപ്രദവുമായ വീടുകള്‍ ഉണ്ടാക്കുന്നതിനോടും ഇസ്‌ലാം എതിരല്ല. അത് പൊങ്ങച്ചം പ്രകടിപ്പിക്കാനോ ആഢംബരത്തിനോ ആവരുതെന്ന് മാത്രം. ഇസ്‌ലാം വെറുക്കുന്ന ഒന്നാണ് ജീവിത ദൗത്യം വിസ്മരിച്ചുകൊണ്ടുള്ള സുഖലോലുപത. അല്ലാഹുവിന്റെ ദാസന്മാര്‍ സുഖലോലുപരല്ല എന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു (അഹ്മദ്, ബൈഹഖി).(4)

ഒരിക്കല്‍ ഉറങ്ങിയെഴുന്നേറ്റ പ്രവാചകന്റെ ശരീരത്തില്‍ പായയുടെ അടയാളങ്ങള്‍ കണ്ട അനുചരന്മാര്‍ക്ക് വല്ലാത്ത മനോവിഷമം തോന്നി. അവര്‍ ചോദിച്ചു: പ്രവാചകരേ, താങ്കള്‍ക്കുവേണ്ടി ഞങ്ങളൊരു മെത്ത കൊണ്ടുവരട്ടേ? നബി(സ) പറഞ്ഞു: ഞാനും ഇഹലോകവും തമ്മിലെന്ത് ബന്ധം? ഒരു മരത്തണലില്‍ വിശ്രമിക്കുകയും അല്‍പം കഴിഞ്ഞ് വീണ്ടും യാത്ര തുടരുകയും ചെയ്യുന്ന ഒരു സഞ്ചാരിയെപ്പോലെയാണ് ഞാനീ ലോകത്ത് (തിര്‍മിദി).(5)

ഒരിക്കല്‍ പ്രവാചകനെ സന്ദര്‍ശിക്കാന്‍ പോയത് ഉമര്‍(റ) വിവരിക്കുന്നതുനോക്കൂ: …… ഞാന്‍ ദൈവദൂതന്റെ അരികെയെത്തി. അദ്ദേഹം ഒരു പായയില്‍ കിടക്കുകയായിരുന്നു. അദ്ദേഹം തന്റെ തുണി ശരിയാക്കി. ആ തുണിയല്ലാതെ മറ്റൊന്നും അദ്ദേഹത്തിന്റെ ദേഹത്തില്ലായിരുന്നു. പായയാവട്ടെ അദ്ദേഹത്തിന്റെ ശരീരത്തില്‍ അടയാളം പതിപ്പിച്ചിരിക്കുന്നു. നബി(സ)യുടെ സൂക്ഷിപ്പുപുരയിലേക്ക് (സ്റ്റോര്‍ റൂം) ഞാനൊന്ന് നോക്കി. ഒരു സ്വാഅ് ബാര്‍ലിയാണ് അവിടെയുള്ളത്. മുറിയുടെ ഒരു ഭാഗത്ത് അത്ര തന്നെ കൊന്നയിലയും (തോല്‍ ഊറക്കിടാന്‍ വേണ്ടി ഉപയോഗിക്കുന്ന ഇല) ഉണ്ട്. ഊറക്കിട്ട ഒരു തോല്‍ കെട്ടിത്തൂക്കിയിരിക്കുന്നു. എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. അന്നേരം പ്രവാചകന്‍ ചോദിച്ചു: ഖത്വാബിന്റെ മോനേ, എന്തിനാണ് നീ കരയുന്നത്? ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ ഞാന്‍ എങ്ങനെ കരയാതിരിക്കും? ഈ പായ താങ്കളുടെ മേനിയില്‍ അടയാളം പതിപ്പിച്ചിരിക്കുന്നു. താങ്കളുടെ സൂക്ഷിപ്പുമുറിയില്‍ ഞാന്‍ ഇക്കാണുന്നതല്ലാതെ മറ്റൊന്നുമില്ല. അതാ കിസ്‌റയും ഖൈസറും ഫലങ്ങളുടെയും ജലത്തിന്റെയും സമൃദ്ധിയില്‍ ആറാടിക്കഴിയുന്നു. താങ്കളാകട്ടെ അല്ലാഹുവിന്റെ ദൂതനും അവന്‍ പ്രത്യേകം തെരഞ്ഞെടുത്ത ആളുമാണ്. എന്നിട്ട് ഇതാണ് താങ്കളുടെ ധാന്യപ്പുരയുടെ അവസ്ഥ. നബി(സ) ചോദിച്ചു: അവര്‍ക്ക് ഭൗതിക ജീവിതം മാത്രവും നമുക്ക് പരലോകവും ലഭിക്കുന്നതില്‍ താങ്കള്‍ തൃപ്തിപ്പെടുന്നില്ലേ/ ജീവിതത്തിലെ ക്ഷേമൈശ്വര്യങ്ങള്‍ മുഴുവന്‍ ഇവിടെത്തന്നെ നല്‍കപ്പെട്ടവരാണവര്‍ (ബുഖാരി, മുസ്‌ലിം).(6)

ഹിജ്‌റ 87ല്‍ വലീദുബ്‌നു അബ്ദുല്‍ മലികാണ് മസ്ജിദുന്നബവി വികസിപ്പിക്കാനായി നബിയുടെ വീടുകള്‍(മുറികള്‍) പൊളിച്ചു മാറ്റിയത്. ആ ദൃശ്യം കണ്ട് ജനങ്ങള്‍ തേങ്ങിക്കരഞ്ഞുവെന്ന് ചരിത്രത്തില്‍ കാണാം. മദീനിയിലെ പ്രസിദ്ധ പണ്ഡിതനായിരുന്ന സഈദുബ്‌നുല്‍ മുസയ്യിബ് പറഞ്ഞു അല്ലാഹുവാണ് സത്യം, വലീദ് പ്രവാചകഭവനങ്ങള്‍ അതേപടി നിലനിര്‍ത്തിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്ന് ഞാന്‍ കൊതിച്ചുപോയി. അവ പൊളിച്ചില്ലായിരുന്നെങ്കില്‍ നബി(സ) എത്ര ലളിതമായാണ് ജീവിച്ചിരുന്നതെന്ന് ജനങ്ങള്‍ക്ക് നേരില്‍ കാണാമായിരുന്നു. ദുരഭിമാന നാട്യത്തില്‍ നിന്നും കിടമല്‍സരങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ജനങ്ങള്‍ക്കത് പ്രചോദനമാകുമായിരുന്നു (ഉദ്ധാരണം: ഡോ. അഹ്മദ് ശലബി / അര്‍റസൂലു ഫീ ബൈതിഹി).

അല്ലാഹുവേ, മുഹമ്മദിന്റെ ബന്ധുക്കളുടെ വിഭവങ്ങള്‍ ആവശ്യത്തിന് മതിയാകുന്നത് മാത്രമാക്കേണമേ എന്നത് പ്രവാചകന്റെ ഒരു പ്രധാന പ്രാര്‍ഥനയായിരുന്നു. ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത വിധം സമ്പത്തിന് പിറകെ പോവുകയോ മറ്റുള്ളവരോട് യാചിക്കുകയോ ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന തരത്തില്‍ പട്ടിണിയോ ദാരിദ്ര്യമോ ഇല്ലാത്തതും നാളേക്ക് മിച്ചം വരുന്ന നിലയില്‍ സമൃദ്ധി ഇല്ലാത്തതുമായ അവസ്ഥയാണ് ആവശ്യത്തിന് മതിയാകുന്നത് എന്നതിലൂടെ ഉദ്ദേശിക്കപ്പെടുന്നത്.

തന്റെ കാലഘട്ടത്തില്‍ അറേബ്യയിലുണ്ടായിരുന്ന ഹലാലായ മുന്തിയ ഇനം ഭക്ഷ്യവിഭവങ്ങള്‍ പ്രവാചകന്‍ ആഹരിച്ചിട്ടുണ്ടെങ്കിലും അത് അത്യപൂര്‍വമായിരുന്നു. അവ മനഃപൂര്‍വം ഒഴിവാക്കുകയായിരുന്നു എന്ന് മനസ്സിലാക്കാനാണ് ന്യായം. നല്ല സാമ്പത്തിക ശേഷിയുള്ളവരും പ്രവാചകന്റെ ഇഷ്ടങ്ങള്‍ നടപ്പിലാക്കാന്‍ സദാ സന്നദ്ധരുമായ അനുയായികളുടെ ഇടയിലാണല്ലോ അദ്ദേഹം ജീവിച്ചിരുന്നത്. ഭക്ഷണം ലളിതമാവുക എന്നതും നബി(സ) സ്വയം തെരഞ്ഞെടുത്തതായിരുന്നു. നബിയുടെ ജീവിത കാലം മുഴുവന്‍ സമൃദ്ധമായ ആഹാരം കൊണ്ട് വിശപ്പടക്കിയ അനുഭവമില്ല എന്ന് പത്‌നി ആഇശ(റ) സാക്ഷ്യപ്പെടുത്തുന്നു. ആഇശ(റ) വിവരിക്കുന്നു: അല്ലാഹുവിന്റെ ദൂതന്‍ ഇഹലോകവാസം വെടിയുന്നത് വരെ തങ്ങളുടെ കുടുംബം ഗോതമ്പ് റൊട്ടികൊണ്ടു പോലും തുടര്‍ച്ചയായി രണ്ടു ദിവസം വിശപ്പടക്കിയിട്ടില്ല (ബുഖാരി, മുസ്‌ലിം). (7)

ഒരിക്കല്‍ അബൂഹുറയ്‌റ(റ) കുറച്ചാളുകള്‍ക്കരികിലൂടെ നടന്നുപോയി. പൊരിച്ച ആടിനെ അവരുടെ മുമ്പില്‍ വെച്ചിട്ടുണ്ടായിരുന്നു. അവര്‍ അബൂഹുറയ്‌റയെ ആ ഭക്ഷണം കഴിക്കാനായി ക്ഷണിച്ചപ്പോള്‍ ആ ക്ഷണം നിരസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു ഗോതമ്പിന്റെ റൊട്ടി കൊണ്ട് ഒരിക്കലും വയറുനിറയെ ഭക്ഷിച്ചിട്ടില്ലാത്ത നിലയിലാണ് നബി(സ) ഇഹലോകവാസം വെടിഞ്ഞത് (ബുഖാരി).(8)

തുടര്‍ച്ചയായ രണ്ടു മാസം അടുപ്പ് കത്തിക്കാത്ത അവസ്ഥ പ്രവാചക കുടുംബത്തിലുണ്ടായിരുന്നുവെന്നും, കാരക്കയും വെള്ളവും ഇടക്ക് അന്‍സാറുകളായ അയല്‍വാസികള്‍ നല്‍കിയിരുന്ന ആട്ടിന്‍ പാലുമായിരുന്നു ആ കാലയളവിലെ ഭക്ഷണമെന്നും ഇമാം ബുഖാരി റിപ്പോര്‍ട്ടു ചെയ്യുന്നു.

ലാളിത്യമാണ് പരിപൂര്‍ണതയുടെ പാരമ്യം എന്ന് ലിയനാഡോ ഡാവിഞ്ചി. ഐഹികതാല്‍പര്യങ്ങള്‍ക്കും മോഹങ്ങള്‍ക്കും വിലങ്ങുവെക്കുമ്പോഴേ ലളിതജീവിതം സാധ്യമാവുകയുളളൂ. ലളിതജീവിതം നയിക്കുന്നവന് ജീവിത സാഹചര്യങ്ങളേതും അസ്വസ്ഥകളില്ലാതെ സ്വീകാര്യമാവും. അവന് സ്വന്തം ശീലങ്ങള്‍ കെണിയൊരുക്കുന്നത് തടയാന്‍ സാധിക്കും. ലാളിത്യം എന്നത് ഭൗതികതയുടെ തിരസ്‌കാരമല്ല. മേന്മയെ പുല്‍കലാണ്. സംസാരം നിയന്ത്രിക്കുകയും മറ്റുള്ളവരെ കേള്‍ക്കാന്‍ സന്നദ്ധനാവുകയും ചെയ്യല്‍ ലാളിത്യഭാവത്തിന്റെ മഹനീയ പ്രകടനമാണ്. ജീവിത ശൈലിയില്‍ മാത്രമല്ല പ്രവാചകന്റെ സ്വഭാവത്തിലും ഇടപെടലുകളിലും പെരുമാറ്റത്തിലുമെല്ലാം ഈ ലാളിത്യവും വിനയവും പ്രകടമായിരുന്നു. ഉന്നതസ്ഥാനീയനായിട്ടും അദ്ദേഹം ആര്‍ക്കും അപ്രാപ്യനായിരുന്നില്ല.

സുഖസൗകര്യങ്ങള്‍ക്ക് വേണ്ടിയുള്ള നെട്ടോട്ടത്തിനിടയില്‍ ഉത്തരവാദിത്ത നിര്‍വഹണത്തിന് സമയമില്ലാത്ത അവസ്ഥയിലാണ് പലരും. തീരെ സമയം കിട്ടുന്നില്ല, സമയം കിട്ടുകയാണെങ്കില്‍ നോക്കാം, നിന്നു തിരിയാന്‍ സമയമില്ല എന്നതൊക്കെ സ്ഥിരം പല്ലവികളാണ്. സമ്പത്ത് നേടാനുള്ള പ്രയത്‌നങ്ങളാണ് അത്തരക്കാരുടെ സമയമെല്ലാം കവര്‍ന്നെടുക്കുന്നത്. സമ്പത്തിന്റെ അടിമ നശിച്ചതു തന്നെ എന്ന തിരുമൊഴിയുടെ ദൃശ്യരൂപമാണ് പലരുടെയും ജീവിതം. ഇവിടെയാണ് പ്രവാചകന്റെ ലളിത ജീവിതം കൂടുതല്‍ പ്രസക്തമാകുന്നത്. ഇതിനര്‍ഥം സമ്പത്ത് കരസ്ഥമാക്കുന്നതിനോട് ഇസ്‌ലാം എതിരാണെന്നല്ല. അനുഗ്രഹവും പരീക്ഷണവും ഭൗതിക ജീവിതത്തിന്റെ സുഖമമായ മുന്നോട്ടു പോക്കിനുള്ള ഉപാധിയുമാണ് സമ്പത്ത്. ദൈവബോധമുള്ളവരെ സംബന്ധിച്ചിടത്തോളം നല്ല സാമ്പത്തിക ശേഷിയും ആരോഗ്യവും പ്രധാനപ്പെട്ട മൂലധനം തന്നെയാണ്. നബി(സ) പറഞ്ഞു: അല്ലാഹുവെ ഭയക്കുന്നവനെ സംബന്ധിച്ചിടത്തോളം സമ്പന്നതയില്‍ യാതൊരു കുഴപ്പവുമില്ല. തഖ്‌വയുള്ളവനെ സംബന്ധിച്ചിടത്തോളം ആരോഗ്യം സമ്പന്നതയേക്കാളും മഹത്തരമാണ്. മാനസിക സംതൃപ്തിയും അല്ലാഹുവിന്റെ ഒരു അനുഗ്രഹമാണ് (അഹ്മദ്).

………………………………
1. وَكَانَ ابْنُ عُمَرَ، يَقُولُ: «إِذَا أَمْسَيْتَ فَلاَ تَنْتَظِرِ الصَّبَاحَ، وَإِذَا أَصْبَحْتَ فَلاَ تَنْتَظِرِ المَسَاءَ، وَخُذْ مِنْ صِحَّتِكَ لِمَرَضِكَ، وَمِنْ حَيَاتِكَ لِمَوْتِكَ» (البخاري)
2. أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «بُعِثْتُ لأُتَمِّمَ مَكَارِمَ الأَخْلاقِ» (شرح السنة / البغوي)
3. عَنْ سَعْدِ بْنِ هِشَامٍ، قَالَ: سَأَلْتُ عَائِشَةَ، فَقُلْتُ: أَخْبِرِينِي عَنْ خُلُقِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ؟ فَقَالَتْ: ” كَانَ خُلُقُهُ الْقُرْآنَ ” (مسند أحمد)
4. عَنْ مُعَاذِ بْنِ جَبَلٍ قَالَ: لَمَّا بَعَثَنِي رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَى الْيَمَنِ قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ” يَا مُعَاذُ إِيَّاكَ وَالتَّنَعُّمَ، عِبَادُ اللهِ لَيْسُوا بِالْمُتَنَعِّمِينَ ” (شعب الإيمان / البيهقي)
5. عَنْ عَبْدِ اللهِ، قَالَ: نَامَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى حَصِيرٍ فَقَامَ وَقَدْ أَثَّرَ فِي جَنْبِهِ، فَقُلْنَا: يَا رَسُولَ اللهِ لَوِ اتَّخَذْنَا لَكَ وِطَاءً، فَقَالَ: مَا لِي وَلِلدُّنْيَا، مَا أَنَا فِي الدُّنْيَا إِلاَّ كَرَاكِبٍ اسْتَظَلَّ تَحْتَ شَجَرَةٍ ثُمَّ رَاحَ وَتَرَكَهَا (الترمذي)
6. …………إِنَّهُ لَعَلَى حَصِيرٍ مَا بَيْنَهُ وَبَيْنَهُ شَيْءٌ، وَتَحْتَ رَأْسِهِ وِسَادَةٌ مِنْ أَدَمٍ، حَشْوُهَا لِيفٌ، وَإِنَّ عِنْدَ رِجْلَيْهِ قَرَظًا مَضْبُورًا، وَعِنْدَ رَأْسِهِ أُهُبًا مُعَلَّقَةً، فَرَأَيْتُ أَثَرَ الْحَصِيرِ فِي جَنْبِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَبَكَيْتُ، فَقَالَ: «مَا يُبْكِيكَ؟» فَقُلْتُ: يَا رَسُولَ اللهِ، إِنَّ كِسْرَى وَقَيْصَرَ فِيمَا هُمَا فِيهِ، وَأَنْتَ رَسُولُ اللهِ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَمَا تَرْضَى أَنْ تَكُونَ لَهُمَا الدُّنْيَا، وَلَكَ الْآخِرَةُ»،
7. عَنْ عَائِشَةَ، أَنَّهَا قَالَتْ: «مَا شَبِعَ آلُ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ، مِنْ خُبْزِ شَعِيرٍ يَوْمَيْنِ مُتَتَابِعَيْنِ، حَتَّى قُبِضَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ»
8. عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ: أَنَّهُ مَرَّ بِقَوْمٍ بَيْنَ أَيْدِيهِمْ شَاةٌ مَصْلِيَّةٌ، فَدَعَوْهُ، فَأَبَى أَنْ يَأْكُلَ، وَقَالَ: «خَرَجَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مِنَ الدُّنْيَا وَلَمْ يَشْبَعْ مِنْ خُبْزِ الشَّعِيرِ»
9. عن مُعَاذ بْن عَبْدِ اللهِ بْنِ خُبَيْبٍ، عَنْ أَبِيهِ (4) ، عَنْ عَمِّهِ قَالَ: كُنَّا فِي مَجْلِسٍ فَطَلَعَ عَلَيْنَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَعَلَى رَأْسِهِ أَثَرُ مَاءٍ، فَقُلْنَا: يَا رَسُولَ اللهِ، نَرَاكَ طَيِّبَ النَّفْسِ، قَالَ: ” أَجَلْ “، قَالَ: ثُمَّ خَاضَ الْقَوْمُ فِي ذِكْرِ الْغِنَى، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: ” لَا بَأْسَ بِالْغِنَى لِمَنْ اتَّقَى، وَالصِّحَّةُ لِمَنْ اتَّقَى خَيْرٌ مِنَ الْغِنَى، وَطِيبُ النَّفْسِ مِنَ النِّعَمِ “

Related Articles