Current Date

Search
Close this search box.
Search
Close this search box.

ജീവിതസാഫല്യത്തിന് പഞ്ചകര്‍മ പദ്ധതി

five.jpg

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «مَنْ يَأْخُذُ عَنِّي هَؤُلَاءِ الكَلِمَاتِ فَيَعْمَلُ بِهِنَّ أَوْ يُعَلِّمُ مَنْ يَعْمَلُ بِهِنَّ»؟ فَقَالَ أَبُو هُرَيْرَةَ: فَقُلْتُ: أَنَا يَا رَسُولَ اللَّهِ، فَأَخَذَ بِيَدِي فَعَدَّ خَمْسًا وَقَالَ: «اتَّقِ المَحَارِمَ تَكُنْ أَعْبَدَ النَّاسِ، وَارْضَ بِمَا قَسَمَ اللَّهُ لَكَ تَكُنْ أَغْنَى النَّاسِ، وَأَحْسِنْ إِلَى جَارِكَ تَكُنْ مُؤْمِنًا، وَأَحِبَّ لِلنَّاسِ مَا تُحِبُّ لِنَفْسِكَ تَكُنْ مُسْلِمًا، وَلَا تُكْثِرِ الضَّحِكَ، فَإِنَّ كَثْرَةَ الضَّحِكِ تُمِيتُ القَلْبَ»

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. ഒരിക്കല്‍ നബി(സ) അരുളി: ഇതാ ചില വചനങ്ങള്‍; എന്നില്‍ നിന്ന് അവ സ്വീകരിക്കാനും എന്നിട്ട് അവ പ്രാവര്‍ത്തികമാക്കാനും പ്രാവര്‍ത്തികമാക്കുന്നവരെ പഠിപ്പിക്കാനും തയ്യാറുള്ളവരാരുണ്ട്? (അബൂഹുറയ്‌റ പറയുന്നു) ഞാന്‍ പറഞ്ഞു: ഞാനുണ്ട് തിരുദൂതരേ. അപ്പോള്‍ തിരുമേനി എന്റെ കരംഗ്രഹിച്ചുകൊണ്ട് അഞ്ചുകാര്യങ്ങള്‍ എണ്ണിപ്പറഞ്ഞു: നിഷിദ്ധതകളെ സൂക്ഷിക്കുക; നീ ജനങ്ങളിലെ ഏറ്റവും മികച്ച ആബിദ് (ആരാധകന്‍) ആവും. അല്ലാഹു നിനക്ക് നിശ്ചയിച്ച വിഹിതം കൊണ്ട് തൃപ്തനാവുക; നീ ജനങ്ങളിലേറ്റവും ഐശ്വര്യവാനാവും. അയല്‍ക്കാര്‍ക്ക് നന്മ ചെയ്യുക; നീ സത്യവിശ്വാസിയാകും. നിനക്ക് വേണ്ടി ആഗ്രഹിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയും ആഗ്രഹിക്കുക; നീ മുസ്‌ലിമാവും. കൂടുതല്‍ ചിരിക്കാതിരിക്കുക; അമിതമായ ചിരി മനസ്സിനെ നിര്‍ജീവമാക്കും. (തിര്‍മിദി, അഹ്മദ്)

عَنِّي: എന്നില്‍ നിന്ന്
يَأْخُذُ: സ്വീകരിക്കുന്നു, എടുക്കുന്നു
كَلِمَات: വചനങ്ങള്‍
هَؤُلَاءِ: ഇവര്‍, ഇവ
يُعَلِّم: പഠിപ്പിക്കുന്നു
يَعْمَلُ: പ്രവര്‍ത്തിക്കുന്നു
خَمْس: അഞ്ച്
عَدَّ: എണ്ണി
مَحَارِم: നിഷിദ്ധങ്ങള്‍, പവിത്രതകള്‍
اتَّقِ: നീ സൂക്ഷിക്കുക
ارْضَ: നീ തൃപ്തിപ്പെടുക
أَعْبَد: ഏറ്റവും മികച്ച ആരാധകന്‍
أَغْنَى: ഏറ്റവും സമ്പന്നന്‍, ഐശ്വര്യവാന്‍
قَسَمَ: വീതിച്ചു
جَار: അയല്‍വാസി
أَحْسِنْ: നീ നന്മ ചെയ്യുക
ضَحِكَ: ചിരിച്ചു
أَكْثَرَ: വര്‍ധിപ്പിച്ചു
تُمِيتُ: മരിപ്പിക്കുന്നു, നിര്‍ജീവമാക്കുന്നു

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. നബി(സ) അരുളി:  عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
ആരാണ് എന്നില്‍ നിന്ന് ഈ വചനങ്ങള്‍ സ്വീകരിക്കുക  مَنْ يَأْخُذُ عَنِّي هَؤُلَاءِ الكَلِمَاتِ
എന്നിട്ട് അവ പ്രാവര്‍ത്തികമാക്കുകയും പ്രാവര്‍ത്തികമാക്കുന്നവരെ പഠിപ്പിക്കുകയും ചെയ്യുക  فَيَعْمَلُ بِهِنَّ أَوْ يُعَلِّمُ مَنْ يَعْمَلُ بِهِنَّ
അബൂഹുറയ്‌റ പറയുന്നു  فَقَالَ أَبُو هُرَيْرَةَ
ഞാന്‍ പറഞ്ഞു: ഞാനുണ്ട് തിരുദൂതരേ  فَقُلْتُ: أَنَا يَا رَسُولَ اللَّهِ
അപ്പോള്‍ തിരുമേനി എന്റെ കരംഗ്രഹിച്ചുകൊണ്ട് അഞ്ചുകാര്യങ്ങള്‍ എണ്ണിപ്പറഞ്ഞു  فَأَخَذَ بِيَدِي فَعَدَّ خَمْسًا وَقَالَ
നിഷിദ്ധതകളെ സൂക്ഷിക്കുക; എങ്കില്‍ നീ ജനങ്ങളിലെ ഏറ്റവും മികച്ച ആബിദ് (ആരാധകന്‍) ആവും  اتَّقِ المَحَارِمَ تَكُنْ أَعْبَدَ النَّاسِ
അല്ലാഹു നിനക്ക് നിശ്ചയിച്ച വിഹിതം കൊണ്ട് തൃപ്തനാവുക; എങ്കില്‍ നീ ജനങ്ങളിലേറ്റവും ഐശ്വര്യവാനാവും  وَارْضَ بِمَا قَسَمَ اللَّهُ لَكَ تَكُنْ أَغْنَى النَّاسِ
അയല്‍ക്കാര്‍ക്ക് നന്മ ചെയ്യുക; നീ സത്യവിശ്വാസിയാകും  وَأَحْسِنْ إِلَى جَارِكَ تَكُنْ مُؤْمِنًا
നിനക്ക് വേണ്ടി ആഗ്രഹിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയും ആഗ്രഹിക്കുക; നീ മുസ്‌ലിമാവും  وَأَحِبَّ لِلنَّاسِ مَا تُحِبُّ لِنَفْسِكَ تَكُنْ مُسْلِمًا
കൂടുതല്‍ ചിരിക്കാതിരിക്കുക; അമിതമായ ചിരി മനസ്സിനെ നിര്‍ജീവമാക്കും وَلَا تُكْثِرِ الضَّحِكَ، فَإِنَّ كَثْرَةَ الضَّحِكِ تُمِيتُ القَلْبَ

നാം ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട സുപ്രധാനമായ അഞ്ച് കാര്യങ്ങളിലേക്കാണ് ഈ ഹദീസ് വിരല്‍ ചൂണ്ടുന്നത്. മനസിലാക്കാനും ജീവിതത്തില്‍ പകര്‍ത്താനും മറ്റുള്ളവരെ പഠിപ്പിക്കാനും തയ്യാറുള്ളവര്‍ ഉണ്ടോ എന്ന് ആരായുകയും അതിന് സന്നദ്ധനായി മുന്നോട്ട് വന്ന അബൂഹുറയ്‌റയുടെ കൈ പിടിച്ചുകൊണ്ട് ഒരു വസ്വിയത്തിന്റെ സ്വരത്തില്‍ പ്രവാചകന്‍ അക്കാര്യങ്ങള്‍ മൊഴിയുകയും ചെയ്തതില്‍ നിന്ന് അവയുടെ പ്രാധാന്യം നമുക്ക് ബോധ്യമാവുന്നു.

ഏറ്റവും മികച്ച ആബിദ് ആകാനുള്ള മാര്‍ഗമായി ഇവിടെ പ്രവാചകന്‍ പഠിപ്പിക്കുന്നത് നിഷിദ്ധമായ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നതാണ്. നമസ്‌കാരം, നോമ്പ്, ദിക്‌റുകള്‍, പ്രാര്‍ഥനകള്‍, ഖുര്‍ആന്‍ പാരായണം എന്നിവയില്‍ മുഴുകി കഴിയുന്നവനെയാണ് സാധാരണയായി ആരാധനകളുടെ കാര്യത്തില്‍ മാതൃകയായി ഉയര്‍ത്തിക്കാട്ടാറുള്ളത്. എന്നാല്‍ ജീവിതത്തില്‍ പ്രസ്തുത ആരാധനകളുടെ ചൈതന്യം സൗരഭ്യം പരത്തുമ്പോഴാണ് അവ അര്‍ഥപൂര്‍ണമാവുന്നത്. തെറ്റുകളില്‍ നിന്നും മ്ലേഛതകളില്‍ നിന്നും വിട്ടുനില്‍ക്കുമ്പോഴാണ് നമസ്‌കാരം ലക്ഷ്യം നേടുന്നത്. ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചവയെ ഞങ്ങള്‍ വെടിയണമെന്നും ഞങ്ങളുടെ സമ്പത്ത് ഞങ്ങളുടെ ഇഷ്ടപ്രകാരം വിനിയോഗിക്കാന്‍ പറ്റില്ലെന്നും പറയാന്‍ നിന്നെ പ്രേരിപ്പിക്കുന്നത് നിന്റെ നമസ്‌കാരമാണോ എന്ന് ശുഐബ് നബിയോട് അദ്ദേഹത്തിന്റെ ജനത ചോദിച്ചത് ഖുര്‍ആന്‍ ഉദ്ദരിക്കുന്നു. നമസ്‌കാരത്തിന്റെ ശക്തി എതിരാളികള്‍ പോലും തിരിച്ചറിഞ്ഞിരുന്നുവെന്ന് സാരം. ഇതുപോലെ ഓരോ ഇബാദത്തും നമ്മുടെ ജീവിതത്തെ സംസ്‌കരിക്കുകയും ദൗത്യനിര്‍വഹണ രംഗത്ത് നമ്മെ സജീവമാക്കുകയും ചെയ്യേണ്ടതുണ്ട്. ബഹുദൈവാരാധന, മാതാപിതാക്കളെ വെറുപ്പിക്കല്‍, കൊലപാതകം, മദ്യപാനം, ചൂതാട്ടം, വ്യഭിചാരം, അനാഥകളുടെ സമ്പത്ത് അപഹരിക്കല്‍, അക്രമം, പലിശഭോജനം, അളവുതൂക്കങ്ങളില്‍ കൃത്രിമം കാണിക്കല്‍ തുടങ്ങിയ പാപങ്ങള്‍ വര്‍ജിക്കുകയും വേണം. അങ്ങനെ ജീവിതത്തിലെ സകല രംഗത്തും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിക്കുമ്പോഴാണ് ഒരാള്‍ ഏറ്റവും മികച്ച ദൈവാരാധന്‍ ആകുന്നത്.

ആത്മസംതൃപ്തിയാണ് ഐശ്വര്യത്തിന്റെ നിദാനം. ധാരാളം സമ്പത്തുണ്ടായതുകൊണ്ട് ഐശ്വര്യം ഉണ്ടാവണമെന്നില്ല. അതിനാല്‍ എനിക്കെന്തുകൊണ്ട് അവരെപ്പോലെ സമ്പത്തുണ്ടായില്ല എന്ന് ചിന്തിച്ച് വേവലാതിപ്പെടാതെ അല്ലാഹു ഏകിയതില്‍ തൃപ്തിപ്പെടുക. നിഷ്‌ക്രിയനായിരിക്കണമെന്നല്ല ഇതിന്റെ അര്‍ഥം. നാം പരമാവധി അധ്വാനിക്കണം. ഒരുപാട് കഷ്ടപ്പെട്ടിട്ടും കാര്യമായിട്ടൊന്നും സമ്പാദിക്കാന്‍ കഴിയുന്നില്ലല്ലോ എന്ന ആധിയാണ് പലര്‍ക്കും. അത് നിരാശയിലേക്കും പാപങ്ങളിലേക്കും വരെ നയിച്ചേക്കാം. അതേസമയം, നമുക്ക് അല്ലാഹു വിധിച്ചത് ഇത്രയായിരിക്കാം എന്ന് സമാധാനിച്ച് കഴിയുമ്പോള്‍ തെറ്റായ ധനാഗമന മാര്‍ഗങ്ങളെ കുറിച്ച് ചിന്തിക്കാനോ മാന്യത കളങ്കപ്പെടാനോ ഇടയാവുകയില്ല. നബി(സ) പറഞ്ഞു:

لَيْسَ الْغِنَى عَنْ كَثْرَةِ الْعَرَضِ وَلَكِنَّ الْغِنَى غِنَى النَّفْسِ

സമ്പല്‍സമൃദ്ധി മൂലം ഉണ്ടാകുന്നതല്ല ഐശ്വര്യം. മറിച്ച്, മാനസികൈശ്വര്യമാണ് യഥാര്‍ഥ ഐശ്വര്യം. (ബുഖാരി, മുസ്‌ലിം) അങ്ങനെ ഔന്നത്യം പ്രാപിക്കുന്ന മനസ്സ്, വ്യാമോഹത്താല്‍ ദരിദ്രമനസ്‌കരായ സമ്പന്നനേക്കാള്‍ വിശുദ്ധിയും പ്രതാപവും കരസ്ഥമാക്കുന്നു.

അയല്‍വാസികളോടുള്ള ഉദാരമായ സമീപനമാണ് മൂന്നാമതായി പറയുന്നത്. ഒരു മുഅ്മിനാവണമെങ്കില്‍ അയല്‍വാസിയോടുള്ള സല്‍പെരുമാറ്റം അനിവാര്യമാണ്. നമ്മുടെ വീടിന്റെ സമീപത്ത് താമസിക്കുന്നവര്‍ മാത്രമല്ല സഹപാഠികള്‍, സഹയാത്രികര്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി നാം പതിവായി ബന്ധപ്പെടുന്നവര്‍ വരെ അയല്‍ക്കാര്‍ എന്നതിന്റെ വിശാലാശയത്തില്‍ ഉള്‍പെടും. അന്യായമായ ഒരു ദ്രോഹവും അവരോട് പാടില്ല. നബി(സ) പറഞ്ഞു: ഏതൊരാളുടെ ഉപദ്രവത്തില്‍ നിന്ന് അവന്റെ അയല്‍വാസി നിര്‍ഭയനല്ലയോ അവന്‍ സത്യവിശ്വാസിയാവുകയില്ല. അയല്‍ക്കാരന് ദ്രോഹകരമായ നടപടികള്‍ സ്വീകരിക്കാതിരിക്കുകയും ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുകയും ചെയ്യുമ്പോഴാണ് നാം യഥാര്‍ഥ വിശ്വാസികളാവുന്നത്. അയല്‍ക്കാരന്റെ അനുമതിയില്ലാതെ ബില്‍ഡിംഗ് കെട്ടിപ്പൊക്കി വായുസഞ്ചാരം തടയുന്നതും കൊതിയൂറും വിഭവങ്ങളുണ്ടാക്കി അതിന്റെ വാസനമാത്രം അയല്‍വാസിക്ക് കൊടുക്കുന്നതും പ്രവാചകന്‍ വിലക്കുന്നു. പഴമോ മറ്റു മധുരപലഹാരങ്ങളോ വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ ഒരുവിഹിതം അയല്‍വാസിക്ക് നല്‍കാന്‍ കഴിയില്ലെങ്കില്‍, അത് പുറത്തുകാണാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നമ്മുടെ വീട്ടിലെ കുട്ടി അതുമായി പുറത്തുനില്‍ക്കുമ്പോള്‍ അയല്‍പക്കത്തെ കുട്ടി അത് കണ്ട് പ്രയാസപ്പെടാന്‍ ഇടയാവരുതെന്നും നബി(സ) ഉണര്‍ത്തി. അയല്‍വാസി മുസ്‌ലിമാണെങ്കില്‍ യാതൊന്നും ഭയപ്പെടാനില്ലാത്ത അവസ്ഥയാണ് ഇസ്‌ലാം വിഭാവന ചെയ്യുന്നത്.

നാലാമതായി പറയുന്നത്, മുസ്‌ലിമാവണമെങ്കില്‍ സ്വാര്‍ഥത കൈവെടിയണമെന്നാണ്. ശഹാദത്ത് കലിമ ഉച്ചരിച്ച് ഏതാനും ആരാധനകള്‍ നിര്‍വഹിച്ചാല്‍ മാത്രം പോര; മനുഷ്യര്‍ക്ക് മുഴുവന്‍ ഗുണം കാംക്ഷിക്കുന്നവന്‍ കൂടിയാവണം. നബി(സ) പറഞ്ഞു: തനിക്ക് ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നത് തന്റെ സഹോദരന്നും ഉണ്ടാവണമെന്ന് ആഗ്രഹിക്കുവോളം ഒരാളും സത്യവിശ്വാസിയാവുകയില്ല. എപ്പോഴും സ്വന്തം നേട്ടങ്ങളും ഗുണങ്ങളും മാത്രം സ്വപ്നം കാണുകയും ലക്ഷ്യം വെക്കുകയും മറ്റുള്ളവര്‍ക്ക് ഒന്നും വിട്ടുകൊടുക്കാന്‍ തയ്യാറാവാതിരിക്കുകയും ചെയ്യുക ഒരു മുസ്‌ലിമിന് ചേര്‍ന്നതല്ല. തനിക്ക് ആവശ്യമുണ്ടായിരിക്കെ മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നത് ഈ ഗുണകാംക്ഷയുടെ ഉത്തുംഗതയാണ്.

ചിരിക്കുടുക്കയാവരുതെന്നാണ് അഞ്ചാമത്തെ നിര്‍ദ്ദേശം. ഉചിതമായ സമയങ്ങളില്‍ ആവശ്യമായ അളവില്‍ മാത്രമേ ചിരിക്കാവൂ. ചിരി അമിതമായാല്‍ അത് മനസ്സിന്റെ ചൈതന്യം കെടുത്തി മനുഷ്യനെ ഭക്തിരഹിതനും ചിന്താശൂന്യനുമാക്കും. ജീവിതത്തെ സംബന്ധിച്ച ശരിയായ വീക്ഷണവും അവബോധവുമാണ് മനസ്സിന്റെ ജീവന്‍. ഗൗരവപൂര്‍ണമായ ആലോചനയും മനനവുമാണ് ഈ ജീവന്‍ നിലനിര്‍ത്താനും പോഷിപ്പിക്കാനുമുള്ള മാര്‍ഗങ്ങള്‍. എന്നാല്‍ കളിയും ചിരിയും തമാശകളും അധികമായാല്‍ ചിന്ത മരവിക്കും. അങ്ങനെ മനസ്സ് നിര്‍ജീവമാകും. അത് ജീവിതത്തിന്റെ അര്‍ഥം മനസ്സിലാക്കുന്നതില്‍ പിഴവ് സംഭവിക്കാനും ജീവിതം പരാജയത്തില്‍ കലാശിക്കാനും ഇടവരുത്തും.

Related Articles