Current Date

Search
Close this search box.
Search
Close this search box.

ചെറിയവരോട് കരുണ; വലിയവരോട് ബഹുമാനം

respect.jpg

عَنِ ابْنِ عَبَّاسٍ ، رَفَعَهُ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ : لَيْسَ مِنَّا مَنْ لَمْ يُوَقِّرِ الْكَبِيرَ ، وَيَرْحَمِ الصَّغِيرَ ، وَيَأْمُرْ بِالْمَعْرُوفِ ، وَيَنْهَ عَنِ الْمُنْكَرِ. (أَحْمَد ، اِبْنُ حِبَّان/ قال شعيب الأرنؤوط : حديث صحيح)

നബി(സ) പറഞ്ഞതായി ഇബ്‌നുഅബ്ബാസ് ഉദ്ധരിക്കുന്നു: ‘നമ്മില്‍ പെട്ടവനല്ല, വലിയവനെ ആദരിക്കുകയും ചെറിയവനോട് കരുണകാണിക്കുകയും ചെയ്യാത്തവനും നല്ലത് കല്‍പിക്കുകയും ചീത്തത് വിരോധിക്കുകയും ചെയ്യാത്തവനും”

لَيْسَ : അല്ല  
مِنَّا : നമ്മില്‍ പെട്ടവന്‍
يُوَقِّرُ : ആദരിക്കുന്നു
كَبِير : വലിയവന്‍
يَرْحَم : കരുണ കാണിക്കുന്നു
صَغِير : ചെറിയവന്‍
يَأْمُرُ : കല്‍പിക്കുന്നു
مَعْرُوف : നന്‍മ, ധര്‍മം
يَنْهَى : വിരോധിക്കുന്നു
مُنْكَر : തിന്‍മ, അധര്‍മം

ഇസ്‌ലാമികവിശ്വാസത്തിന്റെ നാലു ലക്ഷണങ്ങളാണ് ഇവിടെ എടുത്തുകാണിച്ചിരിക്കുന്നത്. ബഹുമാനം, കാരുണ്യം, നല്ല കാര്യങ്ങളോടുള്ള സ്‌നേഹം, ചീത്ത കാര്യങ്ങളോടുള്ള വെറുപ്പ് എന്നിവയാണ് ആ നാലുകാര്യങ്ങള്‍. നല്ല കാര്യങ്ങള്‍ നടപ്പില്‍ വരുത്താനും ചീത്തകാര്യങ്ങള്‍ ഇല്ലാതാക്കാനും മനസ്സില്ലാത്തവര്‍ക്ക് യഥാര്‍ഥ മുസ്‌ലിമാവാന്‍ സാധ്യമല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇനി കാരുണ്യത്തിന്റെ കാര്യമെടുക്കാം. സ്രഷ്ടാവായ അല്ലാഹുവിന്റെ മഹത്തായ ഒരു ഗുണമാണ് കരുണ. തന്റെ സൃഷ്ടികളുടെ പ്രകൃതിയില്‍ ആ ഗുണം അവന്‍ നിക്ഷേപിച്ചിട്ടുണ്ട്. പക്ഷികളും മൃഗങ്ങളും അവയുടെ കുഞ്ഞുങ്ങളോടു കാണിക്കുന്ന ആശ്ചര്യകരമായ വാത്സല്യം അതിന്റെ അടയാളമാണ്. അപ്രകാരമുള്ള കരുണ മനുഷ്യപ്രകൃതിയിലും ഉള്ളതായി നമുക്ക് കാണാം. മാതാക്കള്‍ക്ക് സന്താനങ്ങളോടുള്ള വാത്സല്യം അതിന്റെ വ്യക്തമായ ഉദാഹരണമാണല്ലോ. ചെറിയ കുഞ്ഞിനെ കാണുമ്പോള്‍ അറിയാതെ തന്നെ നമ്മുടെ ചുണ്ടുകളില്‍ പുഞ്ചിരി വിടരുന്നു. ഇതെല്ലാം അല്ലാഹു സൃഷ്ടികളില്‍ നിക്ഷേപിച്ചിട്ടുള്ള കരുണയുടെ ഫലമാണ്. ഈ മഹത്തായ സ്വഭാവം അല്ലാഹു പ്രകൃതിയില്‍ നിക്ഷേപിച്ചിട്ടില്ലെങ്കില്‍ ലോകത്തിന്റെ നിലനില്‍പുതന്നെ അപകടത്തിലായേനേ. മാതാപിതാക്കളുടെ മനസ്സില്‍ കരുണയില്ലായിരുന്നെങ്കില്‍ കുഞ്ഞുങ്ങളുടെ ജീവിതം എന്തായിത്തീരുമെന്നുമാത്രം ചിന്തിച്ചാല്‍ ആ കാര്യം വ്യക്തമാകുന്നതാണ്. ‘അവന്‍ നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിയിരിക്കുന്നു.’ (അര്‍റൂം: 21) എന്ന് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളുടെ കൂട്ടത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നത് അതുകൊണ്ടാണ്.

മനുഷ്യപ്രകൃതിയില്‍ കാരുണ്യം നിക്ഷേപിച്ചതിനുശേഷം ആ സ്വഭാവം ഇസ്‌ലാമികമായി പരിപാലിക്കാന്‍ അവരോട് അല്ലാഹു കല്‍പിച്ചിരിക്കുന്നു. ഇസ്‌ലാമിന്റെ പൊതുസ്വഭാവവും അതുതന്നെയാണ്. ഏതൊരു നല്ല കാര്യവും ‘പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍’ ആരംഭിക്കണമെന്ന് ഇസ്‌ലാം ആഹ്വാനം ചെയ്യുന്നു. ‘ലോകത്തിന് കാരുണ്യമായിട്ടുമാത്രമാണ് താങ്കളെ നാം അയച്ചിട്ടുള്ളതെന്ന്’ (അല്‍അമ്പിയാഅ്: 107) നബി(സ)യോട് വിശുദ്ധ ഖുര്‍ആന്‍ പറയുകയും ചെയ്യുന്നുണ്ട്. പരിശുദ്ധമായ ഇസ്‌ലാമികജീവിതം നയിക്കുന്ന സജ്ജനങ്ങളെ ‘പരമകാരുണികന്റെ അടിമകള്‍’ (ഇബാദുര്‍റഹ്മാന്‍) എന്നാണ് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ഈ ഹദീസില്‍ സൂചിപ്പിച്ചിരിക്കുന്ന മറ്റൊരു ഗുണം ബഹുമാനമാണല്ലോ. ബഹുമാനത്തിന്റെ വികാരവും അല്ലാഹു പ്രകൃതിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ അവരുടെ യജമാനരോട് ബഹുമാനവും കൂറും കാണിക്കുന്നത് നാം കാണാറുണ്ടല്ലോ. അങ്ങോട്ട് കരുണയുള്ളിടത്ത് ഇങ്ങോട്ട് ബഹുമാനവുമുണ്ടാകുന്നു. രണ്ടു ഗുണങ്ങളും മനസ്സിന്റെ വിശുദ്ധിയില്‍നിന്ന് ഉണ്ടാവുന്നവയാണ്. കരുണ താഴെയുള്ളവരോടാണെങ്കില്‍ ബഹുമാനം മീതെയുള്ളവരോടാണെന്നുമാത്രം. ശക്തിയുള്ളവര്‍ ദുര്‍ബലരോടും വലിയവര്‍ ചെറിയവരോടും കരുണയുള്ളവരായിരിക്കണം. കഴിവും ശക്തിയുമില്ലാത്ത പാവങ്ങളെ ഉപദ്രവിക്കുന്നത് ക്രൂരതയാണ്. മുതിര്‍ന്ന കുട്ടികള്‍ തങ്ങളേക്കാള്‍ ചെറിയവരോട് ദയയോടെയാണ് പെരുമാറേണ്ടത്. അവരെ ഉപദ്രവിക്കുകയോ വേദനിപ്പിക്കുകയോ അരുത്. തന്നേക്കാള്‍ വലിയവരെ ബഹുമാനിക്കുകയും തന്നിലിളയവരോട് കരുണകാണിക്കുകയും ചെയ്യണമെന്ന് നബി (സ) പഠിപ്പിക്കുന്നു.

ആരെങ്കിലും കഷ്ടപ്പെടുന്നത് കണ്ടാല്‍ കാരുണ്യമുള്ളവരുടെ മനസ്സലിയും. ആരെയും ഉപദ്രവിക്കാതിരിക്കുക, വിശന്നും ദാഹിച്ചും ക്ലേശിക്കുന്നരെ സഹായിക്കുക, അഗതികളെയും അനാഥരെയും സംരക്ഷിക്കുക, അക്രമികളുടെ ഉപദ്രവത്തിനിരയാകുന്നവരെ അതില്‍നിന്നു രക്ഷപ്പെടുത്തുക എന്നിവയെല്ലാം കാരുണ്യത്തിന്റെ പ്രകടനങ്ങളാണ്. ബഹുമാനം നല്‍കാന്‍ അര്‍ഹമായ എല്ലാറ്റിനെയും ബഹുമാനിക്കുന്ന, കരുണ ചൊരിയേണ്ടവര്‍ക്കെല്ലാം കരുണ നല്‍കുന്ന നിഷ്‌കളങ്ക സ്വഭാവമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഏതൊരുകാര്യവും അവ അര്‍ഹിക്കുന്നവര്‍ക്കു മാത്രമാണല്ലോ നല്‍കേണ്ടത്. അല്ലാഹുവിങ്കല്‍ ആദരണീയമായവയെ ആദരിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ കല്‍പിക്കുന്നു. കാരണം, അത് സത്യവിശ്വാസത്തിന്റെ ലക്ഷണമാണ്. കരുണയും ആദരവുമില്ലാത്ത മനസ്സില്‍ പരുഷതയും അഹങ്കാരവും ഗര്‍വും മാത്രമാണ് ഉണ്ടാവുക. അവയെല്ലാം കുഫ്‌റിന്റെ ലക്ഷണങ്ങളാണ്. അഹങ്കാരം അല്‍പമെങ്കിലുമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന് നാം പഠിച്ചിട്ടുണ്ടല്ലോ. തന്നേക്കാള്‍ താഴെയുള്ളവരോട് കരുണയും തന്നേക്കാള്‍ മീതെയുള്ളവരോട് ബഹുമാനവുമില്ലെങ്കില്‍ അത് ക്രൂരതയുടെയും അഹങ്കാരത്തിന്റെയും ലക്ഷണമാണെന്ന് മനസ്സിലാക്കാം.

Related Articles