Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്റെ പ്രകാശത്തിലാണ് സുന്നത്തിനെ വായിക്കേണ്ടത്

q4.jpg

ഖുര്‍ആന്റെ പ്രകാശത്തിലായിരിക്കണം സുന്നത്തുകളെ മനസ്സിലാക്കേണ്ടത്. തെറ്റായ വിശദീകരണങ്ങളിലേക്കും വ്യാഖ്യാനങ്ങളിലേക്കും എത്താതിരിക്കുന്നതിന് അത് അനിവാര്യമാണ്. പ്രാമാണികതയില്‍ യാതൊരു വിധ സംശയവും അവശേഷിക്കാത്ത ദൈവിക വചനങ്ങളാണ് ഖുര്‍ആനെന്ന് അല്ലാഹു തന്നെ വ്യക്തമാക്കുന്നു : ‘നിന്റെ റബ്ബിന്റെ വചനം സത്യത്താലും നീതിയാലും സമ്പൂര്‍ണമായിരിക്കുന്നു. അവന്റെ അരുളപ്പാടുകള്‍ ഭേദഗതി ചെയ്യുന്നവനായി ആരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ.’ (അല്‍-അന്‍ആം : 115) ഇസ്‌ലാമിന്റെ അടിസ്ഥാവും ആത്മാവും വിശുദ്ധ ഖുര്‍ആനാണ്. ഇസ്‌ലാമിലെ എല്ലാ നിയമങ്ങളുടെയും അടിസ്ഥാന സ്രോതസ്സായി ഒരു ഭരണഘടനയുടെ സ്ഥാനത്താണത് നിലകൊള്ളുന്നത്.

വളരെ സംക്ഷിപ്തമായ ഈ ഭരണഘടനയുടെ വിശദീകരണമാണ് സുന്നത്ത്. അതിന്റെ ആശയ വിശദീകരണവും പ്രായോഗിക രൂപവുമാണത്. ജനങ്ങളിലേക്ക് അവതരിപ്പിക്കപ്പെട്ട കാര്യം വിശദീകരിച്ചു കൊടുക്കുക എന്നതാണ് പ്രവാചകന്‍മാരുടെ ദൗത്യം. അതുകൊണ്ട് തന്നെ വിശദീകരണം വിശദീകരിക്കപ്പെടുന്ന അടിസ്ഥാനത്തിന് വിരുദ്ധമാകരുത്. ശാഖാപരമായ കാര്യങ്ങള്‍ ഒരിക്കലും അതിന്റെ അടിസ്ഥാനത്തിന് വിരുദ്ധമാകരുതല്ലോ. പ്രവാചകന്‍(സ)യുടെ വിശദീകരണങ്ങളെല്ലാം ഉന്നതമായ ആ ഗ്രന്ഥത്തിന്റെ ഭ്രമണപഥത്തില്‍ നിന്നും പരിധി ലംഘിക്കാതെയാണ് കറങ്ങുന്നത്. അതുകൊണ്ട് തന്നെ ശരിയാണെന്ന് സ്ഥിരപ്പെട്ട ഹദീസുകളൊന്നും ഖുര്‍ആന്റെ ഖണ്ഡിതമായ സൂക്തങ്ങള്‍ക്ക് വിരുദ്ധമാകുന്നില്ല. അവ രണ്ടിനുമിടയില്‍ വൈരുദ്ധ്യമുണ്ടെന്ന് ആരെങ്കിലും മനസിലാക്കിയാല്‍ ഒന്നുകില്‍ പ്രസ്തുത ഹദീസ് സഹീഹാണെന്ന് സ്ഥിരപ്പെട്ടതല്ല, അല്ലെങ്കില്‍ അതിനെ മനസ്സിലാക്കുന്നതില്‍ നമുക്ക് തെറ്റു പറ്റിയിരിക്കുന്നു. അതുമല്ലെങ്കില്‍ വൈരുദ്ധ്യമുണ്ടെന്ന് തോന്നുക മാത്രമാണ്, യഥാര്‍ത്ഥത്തില്‍ വൈരുദ്ധ്യം ഒന്നു തന്നെയില്ല.

ഖുര്‍ആനിന് വിരുദ്ധമായ ഹദീസുകള്‍ തള്ളികളയുകയാണ് വേണ്ടത്. അത്തരത്തില്‍ തള്ളപ്പെട്ട ഒരു ഹദീസാണ് ‘ഗറാനീഖു’കളെ കുറിച്ച് പറയുന്ന കഥ. നബി(സ) സൂറത്തുന്നജ്മ് ‘ഇനിയൊന്നു പറയൂ, ഈ ലാത്തിന്റെയും ഉസ്സയുടെയും മൂന്നാമതൊരു ദേവതയായ മനാത്തിന്റെയും യാഥാര്‍ഥ്യത്തെക്കുറിച്ച് നിങ്ങള്‍ വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ?’ എന്നുവരെയുള്ള ആയത്തുകള്‍ നബി(സ) പാരായണം ചെയ്തുകൊണ്ടിരിക്കെ പിശാച് നബി(സ)യുടെ നാവില്‍ ‘അവ ഉന്നതമായ ഗറാനീഖുകളാണെന്നും അവയുടെ ശിപാര്‍ശ പ്രതീക്ഷിക്കാവുന്നതാണെന്നും’ എന്ന വചനങ്ങള്‍ ഇട്ടു കൊടുത്തു എന്നാണ് ചില ഹദീസുകളില്‍ വിശദീകരിക്കുന്നത്.

ഖുര്‍ആനിന് വിരുദ്ധമായതിനാലാണ് അത് തള്ളപ്പെട്ടത്. വ്യാജദൈവങ്ങളെ കുറിച്ച് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നിടത്ത് അത്തരത്തിലുള്ള ഒന്ന് കടന്നു വരിക എന്നത് അസംഭവ്യമാണ്. ‘ഇനിയൊന്നു പറയൂ, ഈ ലാത്തിന്റെയും ഉസ്സയുടെയും മൂന്നാമതൊരു ദേവതയായ മനാത്തിന്റെയും യാഥാര്‍ഥ്യത്തെക്കുറിച്ച് നിങ്ങള്‍ വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ? ആണ്‍മക്കള്‍ നിങ്ങള്‍ക്കും പെണ്‍മക്കള്‍ ദൈവത്തിനുമാണെന്നോ? അങ്ങനെയെങ്കില്‍ അത് വളരെ അന്യായമായ പങ്കുവെക്കല്‍ തന്നെ. വാസ്തവത്തില്‍ അതൊക്കെയും നിങ്ങളും നിങ്ങളുടെ പിതാക്കളും വിളിച്ച കുറെ പേരുകളല്ലാതെ യാതൊന്നുമല്ല. അല്ലാഹു ഇവക്കൊന്നും യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ല.’ (അന്നജ്മ് : 13-23) എന്ന് പറഞ്ഞത് വിഗ്രഹങ്ങളെയെല്ലാം നിശിതമായി വിമര്‍ശിച്ചിടത്ത് തന്നെ അവയെ പ്രശംസിക്കുന്ന വാക്കുകള്‍ എങ്ങനെ കടന്നു വരും? അവയെല്ലാം ഗറാനീഖുകളാണെന്നും (വളരെ ഉയരത്തില്‍ പറക്കുന്ന സൗന്ദര്യമുള്ള ജലപ്പക്ഷികള്‍, മുശ്‌രികുകളുടെ വിഗ്രഹങ്ങളെ അവയോട് താരതമ്യപ്പെടുത്തുകയാണ് ചെയ്യുന്നത്) അവയുടെ ശിപാര്‍ശ പ്രതീക്ഷിക്കാമെന്നും പറയുന്നത് എങ്ങനെയാണ് ശരിയാവുക.

വിവ : നസീഫ്

Related Articles