Current Date

Search
Close this search box.
Search
Close this search box.

കാരുണ്യം പെയ്യുന്ന നാളുകള്‍

lamp.jpg

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ” لَنْ يُدْخِلَ أَحَدًا مِنْكُمْ عَمَلُهُ الْجَنَّةَ ” قَالُوا: وَلَا أَنْتَ يَا رَسُولَ اللهِ؟ قَالَ: ” وَلَا أَنَا، إِلَّا أَنْ يَتَغَمَّدَنِي اللهُ مِنْهُ بِفَضْلٍ وَرَحْمَةٍ

അബൂഹുറയ്‌റയില്‍ (റ) നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങളിലൊരാളെയും അവന്റെ കര്‍മങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയില്ല. സഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ താങ്കളുടെ കാര്യവും അങ്ങനെത്തന്നെയാണോ? അവിടുന്ന് പറഞ്ഞു: ഞാനും പ്രവേശിക്കില്ല; അല്ലാഹു തന്റെ ഔദാര്യവും കാരുണ്യവും കൊണ്ട് എന്നെ വലയം ചെയ്താലല്ലാതെ. (അഹ്മദ്)

يُدْخِلُ : പ്രവേശിപ്പിക്കുന്നു   
َحَدٌ : ഒരാള്‍, ഏകന്‍   
عَمَلٌ : കര്‍മം
الجَنَّة : സ്വര്‍ഗം
تَغَمَّدَ : ആവരണം ചെയ്തു, പൊതിഞ്ഞു
فَضْل : ഔദാര്യം
رَحْمَة : കാരുണ്യം

നാമെല്ലാം സ്വര്‍ഗം കിനാവ് കാണുന്നവരാണ്. അത് സാക്ഷാല്‍കൃതമാവാനാണ് പിശാചിന്റെ മായികവലയത്തില്‍ നിന്ന് രക്ഷപ്പെടാനും സല്‍കര്‍മങ്ങള്‍ നിര്‍വഹിക്കാനും നാം ജാഗ്രത പാലിക്കുന്നത്. എന്നാല്‍ മുഹമ്മദ് നബിക്ക് പോലും അദ്ദേഹത്തിന്റെ കര്‍മങ്ങള്‍ കൊണ്ട് മാത്രം സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. നബിതിരുമേനിയുമായി താരതമ്യം ചെയ്യുമ്പോള്‍ ആരാധനകളുടെ നിഷ്ഠയിലും നിര്‍വഹണത്തിലും സല്‍കര്‍മങ്ങളുടെ കാര്യത്തിലുള്ള മത്സരത്തിലും നാം ബഹുദൂരം പിറകിലാണ്. അങ്ങനെയെങ്കില്‍ ഈ തിരുവചനം തന്നെ മതി സത്യവിശ്വാസികളെ അസ്വസ്ഥരാക്കാന്‍. അതേസമയം അത് നമ്മെ നിരാശരാക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

ഇഹലോകത്ത് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് അര്‍ഹമായ രൂപത്തില്‍ നന്ദി രേഖപ്പെടുത്താന്‍ നമുക്കാവില്ല. നാം ചെയ്യുന്ന സല്‍കര്‍മങ്ങള്‍ എല്ലാം കൂട്ടിവെച്ചാലും ഒരു കണ്ണിനുള്ള പകരം പോലുമാവില്ല അത്. അതിനാല്‍ നമ്മുടെ കര്‍മങ്ങളില്‍ ഊറ്റം കൊള്ളാന്‍ നമുക്ക് അവകാശമില്ല എന്ന് ഈ ഹദീസ് നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.

അല്ലാഹുവിന്റെ കാരുണ്യം നേടിയെടുക്കുക മാത്രമാണ് സ്വര്‍ഗപ്രവേശനത്തിനുള്ള പോംവഴി. അത് നേടാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് നമ്മുടെ ഇബാദത്തുകളും സല്‍കര്‍മങ്ങളും. നമ്മുടെ വീഴ്ചകള്‍ക്ക് മാപ്പ് നല്‍കാനും പാപങ്ങള്‍ പൊറുക്കാനും അപേക്ഷിക്കുന്നതോടൊപ്പം കാരുണ്യം കൂടി യാചിക്കുന്നതും ആദ്യത്തെ രണ്ടും സാധിച്ചാലും സ്വര്‍ഗപ്രവേശം ഉറപ്പിക്കാന്‍ പറ്റില്ല എന്നതുകൊണ്ടാണ്.  (അല്‍ബഖറ: 286)

അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളില്‍ പരമപ്രധാനമായിട്ടുള്ളത് റഹ്മത്ത് എന്നതാണ്. സ്‌നേഹം, കാരുണ്യം, ദയ, അനുഗ്രഹം തുടങ്ങിയ ആശയങ്ങളുടെ സാകല്യമാണ് ഈ പദം. അതൊരു കിട്ടാക്കനിയല്ല. ഇഹലോകത്ത് ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്കുപോലും ആ കാര്യണ്യത്തിന്റെ തൂവല്‍സ്പര്‍ശമുണ്ടാവും. എന്നാല്‍ പരലോകത്ത് അത് ലഭിക്കണമെങ്കില്‍ ഇഹലോകത്ത് അല്ലാഹുവിന്റെ ഇഷ്ടദാസനായി ജീവിക്കണം.

വിശ്വാസികള്‍ക്ക് അല്ലാഹുവിന്റെ സവിശേഷ കാരുണ്യം പെയ്തിറങ്ങുന്ന കാലമാണല്ലോ റമദാന്‍. പ്രവര്‍ത്തനങ്ങള്‍ക്ക് കണക്കില്ലാത്ത പ്രതിഫലം ലഭിക്കുന്നത് ആ കാരുണ്യത്തിന്റെയും ഔദാര്യത്തിന്റെയും ഫലമായിട്ടാണ്. അതിനാല്‍ ഈ സുവര്‍ണാവസരം നാം കൈവിട്ടാല്‍ പിന്നീട് ഖേദിക്കേണ്ടി വരും. അതേസമയം സ്വര്‍ഗത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ നമ്മുടെ കര്‍മങ്ങള്‍ക്കനുസൃതമായിട്ടായിരിക്കും നമ്മുടെ പദവികള്‍ നിശ്ചയിക്കപ്പെടുക. ഇസ്‌ലാമിന് വേണ്ടി ജീവന്‍ വരെ ത്യജിച്ചവരും അല്ലാത്തവരും ഒരുപോലെയാവുക നീതിയല്ലല്ലോ.

ജീവിതത്തില്‍ അല്ലാഹുവിന് അര്‍ഹമായ സ്ഥാനം നല്‍കുകയും അല്ലാഹുവിന്റെ അധികാരാവകാശങ്ങള്‍ ഹൃദ്യമായി മറ്റാര്‍ക്കും വകവെച്ച് കൊടുക്കാതിരിക്കുകയും എന്റെ ജീവിതവും മരണവുമെല്ലാം അല്ലാഹുവിനാണെന്നും അല്ലാഹുവിന് വഴിപ്പെട്ട് മാത്രമേ ഞാന്‍ ജീവിക്കൂ എന്നുമുള്ള നമസ്‌കാരത്തിലെ പ്രതിജ്ഞകള്‍ അന്വര്‍ഥമാക്കുകയും ചെയ്താലേ സ്വര്‍ഗലബ്ദിക്ക് യോഗ്യനാക്കുന്ന ദിവ്യകാരുണ്യത്തിനും ഔദാര്യത്തിനും നാം അര്‍ഹരാവുകയുള്ളൂ. അത്തരക്കാരുടെ മുന്നിലാണ് സ്വര്‍ഗീയ കവാടങ്ങള്‍ തുറക്കപ്പെടുന്നത്.

Related Articles