Current Date

Search
Close this search box.
Search
Close this search box.

കാപട്യത്തിന്റെ ലക്ഷണം

joker.jpg

عَنْ عَبْدِ اللهِ بْنِ عَمْرٍو ، رَضِيَ اللَّهُ عَنْهُمَا أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ : أَرْبَعٌ مَنْ كُنَّ فِيهِ كَانَ مُنَافِقًا خَالِصًا ، وَمَنْ كَانَتْ فِيهِ خَصْلَةٌ مِنْهُنَّ كَانَتْ فِيهِ خَصْلَةٌ مِنَ النِّفَاقِ حَتَّى يَدَعَهَا :إِذَا اؤْتُمِنَ خَانَ ، وَإِذَا حَدَّثَ كَذَبَ، وَإِذَا عَاهَدَ غَدَرَ ، وَإِذَا خَاصَمَ فَجَرَ. (بخاري)

അബ്ദുല്ലാഹിബ്‌നു അംറ്(റ) ല്‍ നിന്ന് നിവേദനം. നബി(സ) അരുളിയിരിക്കുന്നു: നാലു ലക്ഷണങ്ങള്‍ ഒരാളിലുണ്ടെങ്കില്‍ അവന്‍ തനി കപടനായി. അവയില്‍ ഏതെങ്കിലുമൊന്നുണ്ടെങ്കില്‍ അതുപേക്ഷിക്കുംവരെ കാപട്യത്തിന്റെ ഒരംശം അവനിലുണ്ടാവും: വിശ്വസിച്ചാല്‍ വഞ്ചിക്കുക, സംസാരിച്ചാല്‍ കളവുപറയുക. വാഗദത്തം ചെയ്താല്‍ ലംഘിക്കുക. കരാര്‍ ചെയ്താല്‍ വഞ്ചിക്കുക. പിണങ്ങിയാല്‍ അസഭ്യം പറയുക (ബുഖാരി)

أَرْبَعٌ : നാല്
مَنْ : ഒരാള്‍
كُنَّ : അവയായി
فِيه : അവനില്‍
مُنَافِق : കപടവിശ്വാസി
خَالِص : തനി, കലര്‍പ്പില്ലാത്ത
خَصْلَة : നല്ല/ചീത്ത ഗുണം  
أَخْلَفَ  : ലംഘിച്ചു
عَاهَدَ : കരാര്‍ ചെയ്തു
غَدَرَ : വഞ്ചിച്ചു
خَاصَمَ : പിണങ്ങി, വഴക്കുകൂടി
فَجَرَ  : അസഭ്യം പറഞ്ഞു

അല്ലാഹുവിലും റസൂലിലും ശരിയായ വിശ്വാസമില്ലാത്തവരാണ് കപടവിശ്വാസികള്‍. ഉള്ളില്‍ കള്ളത്തരം ഉണ്ടാവുകയും എന്നിട്ട് അത് മറച്ചുവെച്ച് പുറമേക്ക് സത്യവാനാണെന്ന് കാണിക്കാന്‍ ശ്രമിക്കുകയും ചെയ്യലാണ് കാപട്യം. നമസ്‌കാരവും നോമ്പുമൊക്കെ അവര്‍ നിര്‍വഹിക്കുന്നുണ്ടാവും. എന്നാല്‍, അതൊന്നും ആത്മാര്‍ഥമായല്ല ചെയ്യുക. ആളുകളെ കാണിക്കാന്‍ വേണ്ടിയോ മറ്റെന്തെങ്കിലും കാരണത്താലോ ആയിരിക്കും. അവരെയാണ് മുനാഫിഖുകള്‍ എന്നു വിളിക്കുന്നത്. മുനാഫിഖുകളുടെ കര്‍മങ്ങള്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കുകയില്ല. കാരണം, അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ടല്ലല്ലോ അവര്‍ അതൊന്നും ചെയ്യുന്നത്. ചില ദുഃസ്വഭാവങ്ങള്‍ സ്ഥിരമായി കപടവിശ്വാസിയില്‍ കാണാം. കപടവിശ്വാസിയുടെ മുഖ്യലക്ഷണങ്ങളായ നാലുകാര്യങ്ങളാണ് ഈ ഹദീഥില്‍ പറയുന്നത്. അവ നാലും ഒരാളിലുണ്ടായാല്‍ അയാള്‍ ലക്ഷണമൊത്ത മുനാഫിഖുതന്നെ എന്ന് നബിതിരുമേനി പഠിപ്പിക്കുന്നു. അവയില്‍ ഏതെങ്കിലും ഒരു കാര്യമാണ് ഒരാളിലുള്ളതെങ്കില്‍ കപടവിശ്വാസത്തിന്റെ സ്വഭാവം അയാളില്‍ അത്രയുമുണ്ടെന്നു കണക്കാക്കാം.

എല്ലായ്‌പോഴും സത്യം പറയണമെന്ന് നമുക്കറിയാം. സല്‍സ്വഭാവങ്ങളിലൊന്നാണ് സത്യസന്ധത. സത്യം പറയുന്നതുകൊണ്ട് നഷ്ടമുണ്ടായാലും സത്യം പറഞ്ഞവര്‍ക്ക് അല്ലാഹു മികച്ച പ്രതിഫലം തരും. തമാശയ്ക്കുപോലും കളവു പറയാന്‍ പാടില്ല. എന്നാല്‍, നാവെടുത്താല്‍ കളവുമാത്രം പറയുന്ന ചിലരുണ്ട്. അവരുടെ ഹൃദയത്തില്‍ അല്ലാഹുവിനെക്കുറിച്ച് ഭയമുണ്ടാവുകയില്ല. കപടവിശ്വാസിയുടെ ഒന്നാമത്തെ ലക്ഷണമാണ് എപ്പോഴും കളവുപറയല്‍.

മനുഷ്യര്‍ പരസ്പരം പല കരാറുകളിലും ഏര്‍പ്പെടാറുണ്ട്. ‘കടം വാങ്ങിയ സംഖ്യ ഇന്ന തീയതിക്ക് തിരിച്ചുതരാം’, ‘ഇത്ര കൂലി തന്നാല്‍ ഈ പണി ചെയ്യാം’ ഇങ്ങനെയൊക്കെ കരാര്‍ ചെയ്യുന്നത് സാധാരണമാണ്. ഇത്തരം കരാറുകളൊക്കെ ശരിയായി പാലിക്കുകയാണ് വിശ്വാസികളുടെ സ്വഭാവം. കരാര്‍ പാലിക്കാതിരിക്കുന്നതും കപടവിശ്വാസത്തിന്റെ അടയാളമാണ്.

രണ്ടുപേര്‍ തമ്മില്‍ പരസ്പരധാരണയോടെ ഉറപ്പിക്കുന്ന സംഗതിയാണ് കരാര്‍. ഒരാള്‍ സ്വയമേവ നല്‍കുന്ന ഉറപ്പാണ് വാഗ്ദാനം. അതിന്റെ ലംഘനമാണ് മുനാഫിഖിന്റെ മറ്റൊരു ലക്ഷണം. യഥാര്‍ഥ വിശ്വാസി ഒരിക്കലും പറഞ്ഞതുപോലെ ചെയ്യാതിരിക്കുകയില്ല. വെറുതെ വാഗ്ദാനം നല്കുന്നതും അത് ലംഘിക്കുന്നതും ഇസ്‌ലാം കഠിനമായി വിലക്കിയിരിക്കുന്നു. ഞാന്‍ ഇന്നത് ഉറപ്പായും ചെയ്യും എന്ന് പറഞ്ഞാല്‍ എന്തു വില നല്‍കിയും അത് ചെയ്തിരിക്കണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. വാഗ്ദാനം ലംഘിക്കേണ്ട അവസ്ഥ വരികയാണെങ്കില്‍ കഠിനമായ വ്യവസ്ഥകളോടെയുള്ള പശ്ചാത്താപമാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. അത് അല്ലാഹുവോടുള്ള വാഗ്ദാനമായാലും ശരി. ഏതു കാര്യത്തിലായാലും വാഗ്ദത്തം ചെയ്തശേഷം അതു ലംഘിക്കുന്നത് കാപട്യമാണ്.

ഇണങ്ങിയാലും പിണങ്ങിയാലും അന്തസ്സോടെ പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്നതാണ് മാന്യതയുടെ ലക്ഷണം. മനുഷ്യര്‍ പരസ്പരാശ്രയത്തോടെ ജീവിക്കേണ്ടവരാണ്. ഇണക്കമുള്ളിടത്ത് പിണക്കവും സാധാരണമാണ്. എന്നാല്‍ മൂന്നു ദിവസത്തില്‍ കൂടുതല്‍ പിണങ്ങിനില്‍ക്കരുതെന്ന് ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. മാത്രമല്ല പിണങ്ങിയാലുടന്‍ പഴയ കാര്യങ്ങളൊക്കെ വിളിച്ചുപറയുന്നതും കരാറുകള്‍ ലംഘിക്കുന്നതും തെറിപറയുന്നതും ഈ ഹദീസ് നിഫാഖിന്റെ ലക്ഷണമായാണ് പഠിപ്പിക്കുന്നത്. പിണങ്ങുമ്പോഴേക്ക് മാന്യതവിട്ടുപെരുമാറുകയും അസഭ്യം പറയുകയും ചെയ്യുന്നത് ഇസ്‌ലാമിന്റെ അന്തസ്സിന് യോജിച്ചതല്ല. സംസ്‌കാരശൂന്യതയും കപടവിശ്വസികളുടെ സ്വഭാവവുമാണത്.

സത്യസന്ധത, നിഷ്‌കളങ്കത, വിശ്വസ്തത, പരിശുദ്ധി എന്നിവ ഇസ്‌ലാമിന്റെ അടിസ്ഥാനസ്വഭാവങ്ങളാണ്. ഇവ ഒരു സന്ദര്‍ഭത്തിലും കൈവിടാതിരിക്കാന്‍ സത്യവിശ്വാസിയുടെ ഈമാന്‍ നിര്‍ബന്ധിക്കുന്നു. തീയുടെ സ്വഭാവം ചൂടാണ്. അത് ആളിക്കത്തുന്നിടത്ത് തണുപ്പുണ്ടാകാന്‍ സാധ്യതയില്ലല്ലോ. അതുപോലെതന്നെയാണ് സത്യവിശ്വാസിയുടെ കാര്യവും. ജീവിതത്തില്‍ എപ്പോഴും സത്യസന്ധതയും മാന്യതയും ഉണ്ടായിരിക്കണമെന്ന് തീരുമാനിച്ച സത്യവിശ്വാസിക്ക് കള്ളനും വഞ്ചകനും മര്യാദയില്ലാത്തവനും ആയിത്തീരുക സാധ്യമല്ല.

മുനാഫിഖുകള്‍ എന്ന ഒരു പ്രത്യേക വര്‍ഗമുണ്ടെന്നും അവരെ മാത്രം ബാധിക്കുന്ന കാര്യങ്ങളാണിതെന്നും കരുതേണ്ടതില്ല. കാരണം, എപ്പോഴും കളവുമാത്രം പറയുന്നവരോ, തനിക്ക് ലാഭമായാലും നഷ്ടമായാലും എല്ലാ കരാറുകളും ലംഘിക്കുന്നവരോ, വളരെ സ്‌നേഹത്തിലിരിക്കുമ്പോള്‍ പോലും മര്യാദകെട്ട് പെരുമാറുന്നവരോ ഒരിക്കലും ഉണ്ടാവില്ലല്ലോ. സാഹചര്യത്തിനനുസരിച്ചാണ് ഇതെല്ലാം സംഭവിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ സത്യവിശ്വാസം മനസ്സിലുള്ളവന്‍ ഈ തിന്മകളില്‍നിന്ന് മാറി നില്‍ക്കുകയാണ് വേണ്ടത്.

Related Articles