Current Date

Search
Close this search box.
Search
Close this search box.

കണ്ണാടിയാവണം സത്യവിശ്വാസി

transparent.jpg

عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «الْمُؤْمِنُ مِرْآةُ الْمُؤْمِنِ

അബൂഹുറയ്‌റ(റ)യില്‍ നിന്ന്. നബി (സ) പറഞ്ഞു: ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിയുടെ കണ്ണാടിയാണ്.* (അബൂദാവൂദ്)

ഈമാന്‍, സത്യസന്ധത, പരിശുദ്ധി, തെളിമ, നൈര്‍മല്യം, സാഹോദര്യം, സ്‌നേഹം, അടുപ്പം, സൗഹൃദം, ഗുണകാംക്ഷ  തുടങ്ങിയ മൂല്യങ്ങളെ ചുരുങ്ങിയ വാക്കുകളില്‍ സുന്ദരമായി അവതരിപ്പിക്കുകയാണ് പ്രവാചകന്‍.

നമുക്ക് നേരിട്ട് കാണാന്‍ കഴിയാത്ത പലതും കണ്ണാടി നമുക്ക് വ്യക്തമാക്കിത്തരുന്നു. നമ്മുടെ സൗന്ദര്യവും വൈരൂപ്യവുമെല്ലാം അതില്‍ കാണാം. ശബ്ദകോലാഹലങ്ങളില്ലാതെയാണ് കണ്ണാടി അവ നമുക്ക് ചൂണ്ടിക്കാണിച്ചുതരുന്നത്.  അത് നമ്മുടെ അഭിമാനത്തിന് കളങ്കമേല്‍പിക്കുന്നില്ല. ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്നു പറയാറില്ലേ. വിശ്വാസികള്‍ പരസ്പരം ഇത്തരം കണ്ണാടികളാവണമെന്നാണ് ഈ ഹദീസ് ഉണര്‍ത്തുന്നത്.

കണ്ണാടി നമ്മുടെ ന്യൂനതകള്‍ നമ്മുടെ മുന്നില്‍ മാത്രമേ വെളിപ്പെടുത്തൂ. നമ്മുടെ ന്യൂനതകള്‍ കണ്ണാടിയില്‍ പതിയുകയോ പിന്നീട് വരുന്നവര്‍ക്ക് അത് കാണാന്‍ സാധിക്കുകയോ ഇല്ല.  ഇതുപോലെ തന്റെ സഹോദരനിലുള്ള ന്യൂനതകള്‍ രഹസ്യമായി ഉണര്‍ത്തുകയും അത് അവന്‍ തിരുത്തുന്നതോടെ അത് മനസില്‍ നിന്ന് മായ്ച്ചുകളയുകയും ചെയ്യുന്നവനാവണം സത്യവിശ്വാസി. അത് പരസ്യമാക്കി അവനെ അപമാനിക്കാനോ അതിനെ കുറിച്ച് ഉണര്‍ത്താതെ അവനെ ദുര്‍മാര്‍ഗത്തിലേക്ക് തള്ളിവിടാനോ പാടില്ല. സ്‌നേഹത്തോടെ തെറ്റിനെ കുറിച്ച് സംസാരിക്കുകയും പരുഷമായ ആക്ഷേപ ശകാരങ്ങള്‍ ഒഴിവാക്കി സൗമ്യമായി അത് തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്യണം.

ഒരാളുടെ ബാഹ്യമായ ന്യൂനതകള്‍ മാത്രമേ കണ്ണാടി പ്രതിഫലിപ്പിക്കുന്നുള്ളൂ. അതു തന്നെ വാചാലമായ നിശ്ശബ്ദതയോടെയാണ്. നമ്മുടെ ആന്തരിക വശങ്ങളെ അത് പുറത്ത് കാണിക്കുന്നില്ല.  അതുപോലെ, ആളുകളുടെ ന്യൂനതകളും കുറ്റങ്ങളും കുറവുകളും ചുഴിന്വേഷിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യല്‍ സത്യവിശ്വാസിക്ക് ഭൂഷണമല്ല.

നബി(സ) പറഞ്ഞു: നിങ്ങള്‍ ഊഹാപോഹങ്ങളെ സൂക്ഷിക്കണം. നിങ്ങള്‍ രഹസ്യാന്വേഷണമോ ചാരവൃത്തിയോ നടത്തരുത്. പരസ്പരം അസൂയയോ വിദ്വേഷമോ വെച്ചുപുലര്‍ത്തരുത്. അല്ലാഹുവിന്റെ ദാസന്‍മാരേ, നിങ്ങള്‍ സഹോദരന്‍മാരായി വര്‍ത്തിക്കുക. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവനെ ദ്രോഹിക്കുകയോ കൈവെടിയുകയോ ചെയ്യരുത്.

കണ്ണാടിയുടെ ശുദ്ധിയനുസരിച്ചായിരിക്കും അതിലെ കാഴ്ചകളുടെ വ്യക്തത. കണ്ണാടി തന്റെ മുഖത്തിന്റെ വൈകൃതം തുറന്നുകാണിക്കുമ്പോള്‍ ബുദ്ധിയുള്ളവരാരും അതിനോട് പ്രകോപനപരമായി പ്രതികരിക്കാറില്ല. മറിച്ച് അതിന് പരിഹാരം തേടുകയാണ് ചെയ്യുക. തന്നിലുള്ള വല്ല ന്യൂനതയും ചൂണ്ടിക്കാണിച്ച് ആരെങ്കിലും ഉപദേശിക്കുമ്പോള്‍, നീയാരാ എന്നെ ഉപദേശിക്കാന്‍ എന്ന നിലക്ക് പെരുമാറുന്നത് വലിയ പാതകമാണെന്നും പ്രവാചകന്‍ പഠിപ്പിക്കുന്നു. എന്റെ ന്യൂനതകള്‍ എനിക്ക് സൂചിപ്പിച്ച് തന്ന ആളെ അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞ ഉമര്‍(റ) എത്ര ഉന്നതമായ മാതൃകയാണ് നമുക്ക് മുന്നില്‍ വരച്ചു കാണിക്കുന്നത്.

കണ്ണാടിയെ നമുക്ക് ഒരു ഉപദേശകനോട് ഉപമിക്കാം. പരസ്പര ഗുണകാംക്ഷ വിശ്വാസിയുടെ ബാധ്യതയാണല്ലോ. നല്ല കാര്യങ്ങള്‍ ആര് ഉപദേശിച്ചാലും അത് വിനയപുരസ്സരം സ്വീകരിക്കണം. സത്യത്തിന്റെ ഭാഗത്ത് നിലകൊള്ളാന്‍ യാതൊരു വൈമനസ്യവും നമുക്ക് ഉണ്ടായിക്കൂടാ. ഇമാം ഗസ്സാലി ഒരു സംഭവം ഉദ്ദരിക്കുന്നത് നോക്കൂ: സഹാബിയായ അബ്ദുല്ലാഹിബ്‌നു മസ്ഊദും അദ്ദേഹത്തിന്റെ ശിക്ഷ്യനായ യസീദുബ്‌നു ഉമൈറ എന്ന പണ്ഡിതനും തമ്മില്‍ ഒരു സംവാദം നടക്കുകയുണ്ടായി. ‘ഞാന്‍ സത്യവിശ്വാസിയാണെന്ന് പറയാമെങ്കില്‍ ഞാന്‍ സ്വര്‍ഗത്തിലാണെന്നും പറയാം’. ഇതായിരുന്നു അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെ വാദം. എന്നാല്‍ സത്യവിശ്വാസികളില്‍ നിന്ന് തെറ്റുകള്‍ സംഭവിക്കാം. അല്ലാഹു അത് പൊറുത്തുകൊടുത്തിട്ടില്ലെങ്കില്‍ നരകശിക്ഷ അനുഭവിക്കേണ്ടി വരും ഇതായിരുന്നു യസീദുബ്‌നു ഉമൈറയുടെ പക്ഷം. ഒടുവില്‍ ഇബ്‌നു മസ്ഊദിന് സത്യം ബോധ്യപ്പെട്ടു. ഉടനെ തന്റെ അഭിപ്രായം ഉപേക്ഷിച്ച് ശിക്ഷ്യന്റെ അഭിപ്രായം സ്വീകരിച്ചു. (ഇഹ്‌യാ ഉലൂമിദ്ദീന്‍)

(*ഈ ഹദീസ് ഹസന്‍ ആണെന്ന് അല്‍ബാനി ഉള്‍പ്പടെ നിരവധി പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.)

Related Articles