Current Date

Search
Close this search box.
Search
Close this search box.

കടം എന്ന അപകടം

borrow.jpg

കടബാധ്യത എന്ന ഭാരമേറിയ അവസ്ഥയെ കുറിച്ച് പ്രവാചകന്‍(സ) അല്ലാഹുവിനോട് നിരന്തരം കാവലിനെ ചോദിച്ചിരുന്നു. മനുഷ്യരില്‍ അധികപേരും ചില ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനായി കടം വാങ്ങും. പിന്നീട് കൃത്യസമയത്ത് അത് തിരിച്ചടക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല, അല്ലെങ്കില്‍ അവരതില്‍ വീഴ്ച വരുത്തുന്നു. പ്രവാചകന്‍ (സ) കടബാധ്യതയില്‍ നിന്നും ഇപ്രകാരം അല്ലാഹുവിനോട് ശരണം തേടി : ‘അല്ലാഹുവേ, പാപങ്ങളില്‍ നിന്നും കടക്കാരനാകുന്നതില്‍ നിന്നും നിന്നോട് ഞാന്‍ അഭയം തേടുന്നു’.( ബുഖാരി). കടബാധ്യതയെ കുറിച്ച് ധാരാളമായി ശരണം തേടാനുള്ള കാരണത്തെ കുറിച്ച് പ്രവാചകന്‍(സ)യോട് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പ്രതികരിച്ചു : ‘ഒരു മനുഷ്യന്‍ കടം വാങ്ങിയാല്‍ സംസാരിക്കുമ്പോള്‍ അവന്‍ കളവ് പറയും, വാഗ്ദത്തം ചെയ്താല്‍ അത് ലംഘിക്കുകയും ചെയ്യും’.

ആവശ്യവും അത്യാവശ്യവും കടം വാങ്ങല്‍ ചിലപ്പോള്‍ അനിവാര്യമാക്കും. അതിനാലാണ് ആവശ്യപൂര്‍ത്തീകരണത്തിന് കടം വാങ്ങല്‍ ഇസ്‌ലാം അനുവദനീയമാക്കിയത്. കടം നല്‍കുക എന്നത് ഉടമക്ക് വലിയ പ്രതിഫലമുള്ള ഒരു പുണ്യകര്‍മ്മമായി നിശ്ചയിച്ചതും അതിനാലാണ്. എന്നാല്‍ സാമ്പത്തികമായ ഇത്തരം ഇടപാടുകള്‍ നല്ല ഇഛാശക്തിയോടെയും ദൃഢനിശ്ചയത്തോടും കൂടി കൈകാര്യം ചെയ്തിട്ടില്ലെങ്കില്‍ സാമ്പത്തികവും ധാര്‍മികവും സാമൂഹികവുമായ തകര്‍ച്ചക്ക് വഴിയൊരുക്കും. അതിനാല്‍ തന്നെ മനുഷ്യര്‍ ഇത്തരത്തിലുള്ള മാര്‍ഗഭ്രംശത്തിലകപ്പെടാതിരിക്കാന്‍ ഇസ്‌ലാം ഭദ്രമായ അടിത്തറകളും വ്യവസ്ഥകളും ഇതിന് നിര്‍ണയിച്ചുകൊടുത്തതായി കാണാന്‍ കഴിയും.

നിരന്തരമായി കടം വാങ്ങുന്ന ആളുകളെ നാം നിരീക്ഷിക്കുകയാണെങ്കില്‍ കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ അനിവാര്യമായ സമ്മര്‍ദ്ധങ്ങള്‍ക്കുവേണ്ടിയായിരിക്കുകയില്ല അവര്‍ മിക്കവാറും കടംവാങ്ങുന്നത്. ചിലര്‍ ഉല്ലാസ യാത്രകള്‍ പോലെയുള്ള ആവശ്യങ്ങള്‍ക്കുവേണ്ടിയായിരിക്കും കടം വാങ്ങുന്നത്. ഇതിന് വേറെ മാര്‍ഗങ്ങളൊന്നും കാണാതിരിക്കുമ്പോള്‍ കടത്തിന്റെ അനിവാര്യമായ ദുരന്തഫലത്തെ കുറിച്ചൊന്നും ആലോചിക്കാതെ കടം വാങ്ങുകയാണ് ചെയ്യുക. ഇതിനുള്ള പരിഹാരം മനുഷ്യരെ സഹനശീലരും ഉള്ളത് കൊണ്ട് തൃപ്തിപ്പെടുന്ന മാനസികാവസ്ഥയുള്ളവരുമാക്കി വളര്‍ത്തിയെടുക്കുകയാണ്.

അത്യാവശ്യത്തിനല്ലാതെ കടം വാങ്ങിയാലുണ്ടായിത്തീരുന്ന ബുദ്ധിമുട്ടുകളെയും പ്രയാസങ്ങളെയും കുറിച്ച് ബുദ്ധിമാന്‍ എപ്പോഴും ബോധവാനായിരിക്കും. കടബാധിതന്‍ കടം തിരിച്ചടക്കുവാനുള്ളവന്റെ മുന്നില്‍ എപ്പോഴും അല്‍പം ചൂളിക്കൊണ്ടായിരിക്കും നിലകൊള്ളുക. സാഹചര്യത്തിന്റെ സമ്മര്‍ദ്ധം കാരണം വാങ്ങിയ കടം കൃത്യസമയത്ത് തിരിച്ചടക്കാന്‍ സാധിച്ചെന്നുവരില്ല, അപ്പോള്‍ വാഗ്ദത്ത ലംഘനം നടത്തിയവനായിട്ടാണ് അവനെ വിലയിരുത്തുക. ചിലപ്പോള്‍ പ്രശ്‌നം കോടതിയുടെയും മധ്യസ്ഥരുടെയും മുന്നിലെത്തും. സ്വന്തത്തെ കുറിച്ച ഭയപ്പാട് രൂപപ്പെടാന്‍ അത് വഴിയൊരുക്കും. നിങ്ങളുടെ ശരീരത്തിന് നിര്‍ഭയത്വം ലഭിച്ച ശേഷം നിങ്ങളതിനെ ഭീതിപ്പെടുത്തരുത് എന്നു പ്രവാചകന്‍(സ) പ്രഖ്യാപിച്ചിട്ടുണ്ട്. എന്താണ് ഉദ്ദേശിച്ചതെന്ന് ചോദിച്ചപ്പോള്‍ പ്രവാചകന്‍ വിശദീകരിച്ചത് ഇത് കടബാധ്യതയിലൂടെയാണ് ഉണ്ടാകുക എന്നാണ്( അഹ്മദ്). കടം ഹൃദയത്തില്‍ ഭയമുളവാക്കുകയും കടം വാങ്ങിയവന്റെ മുന്നില്‍ നിന്ദിതനാക്കുകയും ചെയ്യും.

കടം കൃത്യസമയത്ത് വീട്ടാന്‍ സാധിച്ചിട്ടില്ലെങ്കില്‍ കടം വാങ്ങിയവനും നല്‍കിയവനുമിടയില്‍ വിശ്വാസക്കുറവിനും ശത്രുതക്കും വഴിയൊരുക്കും. പരസ്പരമുള്ള സ്‌നേഹാദരവുകള്‍ ഇല്ലാതാക്കും. പലിശപോലുള്ള തെറ്റായ പിടിവള്ളികളില്‍ അഭയം തേടാന്‍ പ്രേരിപ്പിക്കും.
വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles