Current Date

Search
Close this search box.
Search
Close this search box.

കഅ്ബക്കെതിരെ വീണ്ടും ആക്രമണശ്രമം!

kaaba.jpg

 عن عَائِشَة رَضِيَ اللَّهُ عَنْهَا، قَالَتْ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: يَغْزُو جَيْشٌ الكَعْبَةَ، فَإِذَا كَانُوا بِبَيْدَاءَ مِنَ الأَرْضِ، يُخْسَفُ بِأَوَّلِهِمْ وَآخِرِهِمْ قَالَتْ: قُلْتُ: يَا رَسُولَ اللَّهِ، كَيْفَ يُخْسَفُ بِأَوَّلِهِمْ وَآخِرِهِمْ، وَفِيهِمْ أَسْوَاقُهُمْ، وَمَنْ لَيْسَ مِنْهُمْ؟ قَالَ: يُخْسَفُ بِأَوَّلِهِمْ وَآخِرِهِمْ، ثُمَّ يُبْعَثُونَ عَلَى نِيَّاتِهِمْ

ആഇശ(റ)യില്‍ നിന്ന് നിവേനം. നബി(സ) പറഞ്ഞു: ഒരു സൈന്യം കഅ്ബ ആക്രമിക്കും. അവര്‍ ഭൂമിയിലെ ബൈദാഇലെത്തുമ്പോള്‍ (മക്കക്കും മദീനക്കുമിടയിലുള്ള ഒരു സ്ഥലം) അവരിലെ ആദ്യാവസാനം പേരും ഭൂമിയിലാണ്ടുപോകും. ആഇശ(റ) പറയുന്നു: ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അവരിലെ സകല ജനങ്ങളും ഭൂമിയിലേക്ക് ആഴ്ത്തപ്പെടുന്നതെങ്ങനെ? അവരില്‍ കച്ചവടത്തിലേര്‍പ്പെട്ടവരും  ആ സംഘത്തില്‍ പെടാത്തവരുമൊക്കെയുണ്ടാവില്ലേ? നബി(സ) പറഞ്ഞു: അവര്‍ ആദ്യാവസാനമാളുകളും ഭൂമിയിലാഴ്ന്നുപോകും.  പിന്നെ പരലോകത്ത് അവര്‍ പുനര്‍ജീവിപ്പിക്കപ്പെടുക അവരുടെ ഉദ്ദേശ്യമനുസരിച്ചായിരിക്കും. (ബുഖാരി – 2118)

യുദ്ധം ചെയ്യും, ആക്രമിക്കും: يغزو
സൈന്യം: جيش
മരുഭൂമി (മക്കയിലെ ഒരു സ്ഥലം): بيداء
ഭൂമിയിലേക്ക് ആഴ്ത്തപ്പെടും: يخسف
ആദ്യത്തേത്: أول
അവസാനത്തേത്: آخر
അങ്ങാടി, വ്യാപാരം: سوق (ج) أسواق
ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും: يبعث

ഇബ്‌റാഹീം(അ), ഇസ്മാഈല്‍(അ) എന്നിവര്‍ ചേര്‍ന്ന് പണിതുയര്‍ത്തിയ കഅ്ബയാണല്ലോ ലോകമുസ്‌ലിംകളുടെ കേന്ദ്രബിന്ദു. മുഹമ്മദ് നബി(സ)യുടെ ജനനത്തിന് മുമ്പ് കഅ്ബ തകര്‍ക്കാന്‍ യമനിലെ ഭരണാധികാരിയായിരുന്ന അബ്‌റഹത്തും സൈന്യവും നടത്തിയ ശ്രമം അല്ലാഹു വിഫലമാക്കിയത് ഖുര്‍ആനിലൂടെ ഒരു ഗുണപാഠമായിക്കൊണ്ട് അല്ലാഹു പഠിപ്പിക്കുന്നു.

ഈ സംഭവത്തെ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പ്രധാനമായും രണ്ട് തരത്തില്‍ വിവരിച്ചിട്ടുണ്ട്. ഭൂരിഭാഗം തഫ്‌സീറുകളിലും കാണുന്നതിന്റെ ചുരുക്കം ഇങ്ങനെ: മിക്കവാറും ക്രി. 570/571 ലാണ് ഈ സംഭവം ഉണ്ടായത്. അഥവാ പ്രവാചകന്‍ ജനിക്കുന്നതിന്റെ ഏതാനും നാളുകള്‍ക്ക് മുമ്പ്. കൂട്ടം കൂട്ടമായി ഒരു തരം പക്ഷികളെ അല്ലാഹു ആ ശത്രുക്കള്‍ക്ക് നേരെ അയച്ചു. അവ അവരെ കളിമണ്ണുകൊണ്ടുള്ള ചൂളവെച്ച ഒരുതരം കല്ലുകള്‍ കൊണ്ട് എറിഞ്ഞിരുന്നു. അങ്ങനെ ആ സൈന്യം, കന്നുകാലികള്‍ തിന്നശേഷം  നിലത്തു കൊഴിഞ്ഞുകിടക്കുന്ന വൈക്കോല്‍ തുരുമ്പെന്നോണം ചിന്നിത്തിതറി നശിച്ചുപോയി.

കൊക്കുകളെപ്പോലെയോ എറളാടിപ്പക്ഷികളെപ്പോലെയോ ഉള്ള ഒരുതരം പക്ഷികളായിരുന്നു പ്രസ്തുത പക്ഷികളെന്നും കടലമണിപോലെയോ പയറുമണിപോലെയോ ചെറുതായിരുന്നു ആ കല്ലുകളെന്നും കല്ലുകള്‍ വര്‍ഷിച്ചതോടെ സൈന്യങ്ങളില്‍ ഒരു തരം വസൂരിയോ മറ്റേതോ രോഗമോ പിടിപെട്ടുവെന്നും അങ്ങനെ അവരുടെ ശരീരങ്ങള്‍ നുറുങ്ങി നശിച്ചുവെന്നും മറ്റും ഈ വീക്ഷണമുള്ള ചില മുഫസ്സിറുകള്‍ പറയുന്നു.  

രണ്ടാമത്തെ വീക്ഷണം ഇങ്ങനെയാണ്: ആനപ്പടയുടെ മേല്‍ അല്ലാഹു തീമഴ വര്‍ഷിക്കുകയും അങ്ങനെ അവര്‍ നശിച്ചപ്പോള്‍ ആ ശവം തിന്നുകൊണ്ട് മക്കയെ വൃത്തിയാക്കാന്‍ വേണ്ടി അല്ലാഹു പക്ഷികളെ അയക്കുകയും ചെയ്തു. അവരുടെ വിശദീകരണം ഇപ്രകാരം സംഗ്രഹിക്കാം:
ഹിജാറത്ത് എന്ന പദം സൂറത്തുല്‍ ഫീലിലുള്ളതിനു പുറമെ ഒമ്പത് തവണ ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുണ്ട്. (അല്‍ബഖറ 24, 74, അല്‍ അന്‍ഫാല്‍ 32, ഹൂദ് 82, ഹിജ്ര്‍ 74, അല്‍ഇസ്‌റാഅ് 50,51, അദ്ദാരിയാത്ത് 32,33, അത്തഹ്‌രീം).

ഇവയില്‍ ഏതെങ്കിലും ആയത്തില്‍ ഹിജാറത്തിന് കടലയെന്നോ പയര്‍മണിയെന്നോ അര്‍ഥം വെക്കാന്‍ പറ്റുമോ? അത്രയും ചെറിയ വസ്തുക്കള്‍ക്ക് അറബികള്‍ ഹിജാറത്ത് എന്ന് ഉപയോഗിച്ചിട്ടുണ്ടോ? വലിയ പാറക്കോ പര്‍വതത്തിനോ  കല്ലിന്റെ വലിയ കഷ്ണത്തിനോ ആണ് അറബിയില്‍ ഹിജാറത്ത് എന്ന പദം പ്രയോഗിക്കുക.
ഇബ്‌നുല്‍ ജൗസി പറയുന്നു: (സൂറത്തുല്‍ ഫീലിലെ) ഹിജാറത്തിനെ കുറിച്ച് പണ്ഡിതന്മാര്‍ക്ക് ഭിന്നാഭിപ്രായങ്ങളുണ്ട്. ചിലര്‍ പറയുന്നത് അത് കടലയോ പയര്‍മണിയോ പോലെയായിരുന്നു. ഉബൈദുബ്‌നു ഉമൈര്‍ പറയുന്നു:  മനുഷ്യന്റെയും ഒട്ടകത്തിന്റെയും തലയുടെ അത്രയും വലുപ്പമുള്ള കല്ലായിരുന്നു അത്. (സാദുല്‍ മസീര്‍ ഫീ ഇല്‍മിത്തഫ്‌സീര്‍)

ഇബ്‌നു ഹിശാം തന്റെ സീറയില്‍ ഒരു സ്ത്രീ മകനെ ഉപദേശിക്കുന്ന ഒരു കവിത ഉദ്ധരിക്കുന്നുണ്ട്. അതില്‍ ഇങ്ങനെ കാണാം:

والفيلُ أُهلك جيشُه          يُرمَون فيها بالصخور

ആനപ്പട നശിപ്പിക്കപ്പെട്ടു. അവര്‍ പാറക്കല്ലുകള്‍ കൊണ്ട് എറിയപ്പെട്ടു.
ആ കല്ലുകള്‍ ഒട്ടകസമാനമായിരുന്നുവെന്നും അവയില്‍ ഏറ്റവും ചെറുത് മനുഷ്യന്റെ തലയോളം വരുമെന്നും അബ്ദുബ്‌നു ഹുമൈദ്, ഇബ്‌നു ജരീര്‍, ഇബ്‌നു അബീഹാതിം എന്നിവര്‍ ഉബൈദുബ്‌നു ഉമൈറില്‍ നിന്ന് ഉദ്ധരിക്കുന്നു(റൂഹുല്‍ മആനി).
ഇത്രയും വലിയ കല്ല് ഒരു പക്ഷിക്ക് അതിന്റെ കൊക്കിലോ കാലുകള്‍ക്കിടയിലോ വഹിക്കാനാവില്ലെന്ന് പറയേണ്ടതില്ലല്ലോ. കാറ്റാണ് ആ കല്ലുകളെ വഹിച്ചിരുന്നത്. കാറ്റു തന്നെയാണ് ആനപ്പടക്കുനേരെ അത് വര്‍ഷിച്ചതും.  കാറ്റ് അല്ലാഹുവിന്റെ സേനാംഗമാണ്. പക്ഷിയാണ് കല്ല് ചുമന്നിരുന്നത് എന്നത് വെറും ഊഹം മാത്രമാണ്. ദൂരെ നിന്ന് കാണുകയോ കേള്‍ക്കുകയോ ചെയ്തവര്‍ക്ക് അങ്ങനെ തോന്നിയതായിരിക്കാം.

ഹിജാറത്തുന്‍ മിന്‍ സിജ്ജീല്‍ എന്ന  പദം ലൂത്വ് നബിയുടെ ജനതയെ നശിപ്പിച്ച ചരിത്രത്തിലും നാം കാണുന്നു. (ഹൂദ് 11, ഹിജ്‌റ് 15).
സൂറത്തുല്‍ ഖമറില്‍ പറയുന്നു:

انا ارسلنا عليهم حاصبا

ലൂത്വിന്റെ ജനം മുന്നറിയിപ്പുകള്‍ തള്ളിക്കളഞ്ഞു. നാം ശിലകള്‍ വര്‍ഷിക്കുന്ന കാറ്റിനെ അവര്‍ക്കു നേരെ നിയോഗിച്ചു. (33,34)ആനക്കലഹത്തിന് ദൃക്‌സാക്ഷിയായ ജാഹിലിയ്യാ കവി അബൂഖൈസിന്റെ വരികളിലും ഇതേ പ്രയോഗം കാണാം:

فأرسل من فوقهم حاصبا    يلفُّهم مثل لفِّ القزم     (السيرة النبوية لابن هشام 1/92, الحيوان للجاحظ – قصة الفيل 4/118)
فلما أجازوا بطن نعمان ردهم    جنود الإله بين ساف وحاصب     (السيرة النبوية لابن هشام 1/93, الحيوان للجاحظ – قصة الفيل 4/118)

തര്‍മീഹിം എന്നതിന്റെ കര്‍ത്താവ് (ഫാഇല്‍) പക്ഷികളല്ല, പ്രത്യുത കാറ്റാണ്. അത് ഇവിടെ പറയപ്പെട്ടിട്ടില്ലെങ്കിലും. ശത്രുസംഹാരത്തില്‍ പ്രധാന പങ്കുവഹിക്കുന്ന അല്ലാഹുവിന്റെ സേനയാണ് കാറ്റ്. ആദ് ജനതക്കു നേരെയും അഹ്‌സാബ് യുദ്ധത്തില്‍ ശത്രുക്കള്‍ക്കു നേരെയും ഉണ്ടായ കാറ്റിന്റെ സംഹാര താണ്ഡവം ഖുര്‍ആന്‍ പ്രസ്താവിച്ചതാണല്ലോ. ഇവിടെ കര്‍ത്താവിനെ പരാമര്‍ശിക്കാതിരിക്കാന്‍ കാരണം അത് സന്ദര്‍ഭത്തില്‍ നിന്ന് തന്നെ വ്യക്തമായതുകൊണ്ടാണ്. അതോടൊപ്പം തന്നെ ഈ സൂറത്ത് അവതരിക്കുമ്പോള്‍ ഈ സംഭവം ആളുകള്‍ക്കിടയില്‍ പ്രചുര പ്രചാരം നേടിയ ഒന്നായിരുന്നുതാനും. സംഭവം ദൃക്‌സാക്ഷികളായ അനേകം പേര്‍ അവരില്‍ ഉണ്ടായിരുന്നു.

പ്രസ്താവിക്കപ്പെടാത്ത ഒന്നിലേക്ക് ളമീര്‍ (സര്‍വനാമം) മടങ്ങുന്നതിന് ഖുര്‍ആനില്‍ വേറെയും ഉദാഹരണങ്ങളുണ്ട്. സൂറത്തുല്‍ വാഖിഅയിലെ 83, അല്‍ഖിയാമയിലെ 26 എന്നീ സൂക്തങ്ങള്‍ നോക്കുക. അവിടെ ആത്മാവിനെ പ്രത്യേകം പരാമര്‍ശിച്ചിട്ടില്ല എന്നു കാണാം.
അങ്ങനെ ശിലാവര്‍ഷമേറ്റ് ആനകളും ശത്രുസൈന്യവും മരിച്ചുവീണപ്പോള്‍ ആ ശവശരീരങ്ങള്‍ ഭക്ഷിച്ച് സ്ഥലം വൃത്തിയാക്കാന്‍ നിയോഗിക്കപ്പെട്ടത് പ്രാവിന്റെയോ കുരുവിയുടെയോ വലുപ്പമുള്ള ചെറിയ പക്ഷികളായിരുന്നില്ല. മറിച്ച് പടുകൂറ്റന്‍ വേട്ടപ്പക്ഷികളായിരുന്നു. ഇബ്‌നു അബ്ബാസിന്റെയും ഇബ്‌നു ഇസ്ഹാഖിന്റെയും പ്രസ്താവനകള്‍ ഇതിനെ സാധൂകരിക്കുന്നു. (സാദുല്‍ മസീര്‍ ഫീ ഇല്‍മിത്തഫ്‌സീര്‍)

മക്കയിലുള്ളവര്‍ ശ്രമിച്ചാല്‍ വൃത്തിയാക്കാന്‍ പറ്റാത്തത്രയും ശവങ്ങളുണ്ടായിരുന്നു. അവ അവിയെയാകെ ചിന്നിത്തിതറിക്കിടക്കുകയായിരുന്നു. കുടുതല്‍ ദിവസങ്ങള്‍ അവ അവിടെ കിടന്നാല്‍ ദുര്‍ഗന്ധം വമിക്കുകയും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമെന്നും പറയേണ്ടതില്ലല്ലോ. അതിനാല്‍ ഉടനടി അവ വൃത്തിയാക്കാന്‍ അല്ലാഹു കൂറ്റന്‍ പക്ഷികളെ അയച്ചു.

ശത്രുക്കളെ നശിപ്പിക്കാന്‍ നാല് രീതികളാണ് അല്ലാഹു സ്വീകരിച്ചിട്ടുള്ളതെന്ന് സൂറത്തുല്‍ അന്‍കബൂത്തിലെ 36 മുതല്‍ 40 വരെയുള്ള സൂക്തങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാവും. ശിലാവര്‍ഷം, ഘോരശബ്ദം, ഭൂമിയിക്ക് ആഴ്ത്തല്‍, വെള്ളത്തില്‍ മുക്കല്‍ എന്നിവയാണവ. പക്ഷികളെ അയച്ചത് അതില്‍ പറയുന്നില്ല.
സൂറത്തുല്‍ ഫീലിലെ ആദ്യമൂന്ന് സൂക്തങ്ങളില്‍ ആനക്കലഹ സംഭവം ചുരുക്കിപ്പറഞ്ഞിരിക്കുകയാണെന്നും ആനപ്പടയുടെ നാശം എങ്ങനെയായിരുന്നുവെന്ന് വിശദീകരിക്കുകയാണ് തുടര്‍ന്നുള്ള രണ്ട് വാചകങ്ങള്‍ എന്നും ഈ വീക്ഷണക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

അഥവാ ആനപ്പടയെ നശിപ്പിച്ചുകൊണ്ട് അവരുടെ കുതന്ത്രത്തെ അല്ലാഹു വിഫലമാക്കി. അവരെ തിന്നുതീര്‍ക്കാന്‍ പക്ഷികളെ അയച്ചു. ശിലാവര്‍ഷമേറ്റ അവര്‍ ആകെ ചിന്നിച്ചിതറിയിരുന്നു.
ഏതായാലും ചരിത്രത്തില്‍ കഅ്ബക്കു നേരെ നടന്ന ആക്രമണത്തെ അല്ലാഹു പ്രതിരോധിച്ചു. ഇതുപോലെ കഅ്ബക്കെതിരെ ഒരു വന്‍ സൈന്യം ആക്രമണം നടത്തുമെന്ന പ്രവചനമാണ് ഈ ഹദീസില്‍ നിന്ന് ലഭിക്കുന്ന ഒരു പാഠം. അന്നേരം അവിടെയുള്ള സകലരെയും അല്ലാഹു ഭൂമിയിലേക്ക് ആഴ്ത്തുമെന്ന് തുടര്‍ന്ന് പറയുന്നു. ‘മധ്യത്തിലുള്ളവരും രക്ഷപ്പെടില്ല’ എന്ന് മറ്റൊരു നിവേദനത്തില്‍ കാണാം.

ധിക്കാരികളെ ഭൂമിയിലേക്ക് ആഴ്ത്തുമെന്ന താക്കീത് ഖുര്‍ആനില്‍ കാണാം (സബഅ് 9, അന്നഹ്ല്‍ 16, അല്‍ ഇസ്‌റാഅ് 68, അല്‍മുല്‍ക് 16 എന്നിവ നോക്കുക). ഖാറൂന്‍ ഉള്‍പ്പെടെയുള്ള പലരെയും ഭൂമിയിലേക്ക് ആഴ്ത്തിയിട്ടുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നു (അല്‍ഖസ്വസ്വ് 81, അല്‍അന്‍കബൂത്ത് 40)
ഇതുകേട്ടപ്പോള്‍ ആഇശ(റ)യുടെ മനസ്സില്‍ സ്വാഭാവികമായും ഒരു സംശയമുദിച്ചു. ദുരുദ്ദേശ്യങ്ങളൊന്നുമില്ലാതെ  കച്ചവടത്തിന് വന്നവരും (വില്‍ക്കാനും വാങ്ങാനും വന്നവര്‍) ലക്ഷ്യബോധമില്ലാതെ അവരോടൊപ്പം കൂടിയവരുമെല്ലാം അക്രമികളോടൊപ്പം നശിപ്പിക്കപ്പെടുമോ എന്നതായിരുന്നു ആ സംശയം.
അസത്യത്തിന്റെയും അധര്‍മത്തിന്റെയും ആളുകളോടൊപ്പം ചേര്‍ന്നവര്‍, അത് സോദ്ദേശ്യപരമല്ലെങ്കിലും അവരോടൊപ്പം നശിപ്പിക്കപ്പെടും. സജ്ജനങ്ങളും ദുര്‍മാര്‍ഗികളും അതില്‍ പെട്ടുപോവും. പിന്നീട് ഓരോരുത്തരുടെയും നിയ്യത്തുകള്‍ക്കനുസരിച്ച് പരലോകത്ത് വിധി കല്‍പിക്കപ്പെടും എന്നതാണ് അതിനുള്ള പ്രവാചകന്റെ മറുപടി. കര്‍മങ്ങളും നിലപാടുകളും വിലയിരുത്തപ്പെടുന്നതില്‍ നിയ്യത്തിന്റെ പ്രാധാന്യം കൂടി ഈ തിരുവചനം ഓര്‍മപ്പെടുത്തുന്നു.
ഒരു സമൂഹം മുഴുവന്‍ നശിപ്പിക്കപ്പെടും വിധത്തിലുള്ള വിപത്തുകള്‍ ക്ഷണിച്ചുവരുത്താതിരിക്കാന്‍ സത്യവിശ്വാസികള്‍ ശ്രദ്ധിക്കണം. തിന്മയെ വളരാന്‍ അനുവദിക്കുകയും അതിന് സകല പിന്തുണയും നല്‍കുകയും ചെയ്യുന്നത് സത്യവിശ്വാസികളുടെ അസ്ഥിത്വത്തിന് നിരക്കാത്ത നിലപാടാണ്.

അനുബന്ധം
മദ്യപാനത്തില്‍ നിന്ന് നിങ്ങള്‍ വിരമിക്കുന്നില്ലേ എന്ന് ഖുര്‍ആന്‍ ചോദിച്ചപ്പോള്‍, വായിലുള്ള മദ്യം തുപ്പിക്കളഞ്ഞും, തൊണ്ടയില്‍ കയ്യിട്ട് ഛര്‍ദ്ദിച്ചും, മദ്യചഷകങ്ങള്‍ പൊട്ടിച്ചെറിഞ്ഞും ഞങ്ങളിതാ വിരമിച്ചിരിക്കുന്നുവെന്ന് പ്രഖ്യാപിച്ച ഒരു സമൂഹത്തിന്റെ യഥാര്‍ഥ പിന്മുറക്കാര്‍ക്ക്  പരോക്ഷമായിപ്പോലും മദ്യത്തോട് സഹകരിക്കാന്‍ സാധിക്കില്ല എന്ന് പറയേണ്ടതില്ലല്ലോ. അധികാരത്തിന്റെയും സ്ഥാനമാനങ്ങളുടെയും അന്ധമായ പാര്‍ട്ടി പക്ഷപാതിത്തങ്ങളുടെയും പേരില്‍ ആര്‍ശം പണയപ്പെടുത്തുന്നവര്‍ ദൈവിക ശിക്ഷ വിളിച്ചുവരുത്താന്‍ മല്‍സരിക്കുകയാണോയെന്ന്  വര്‍ത്തമാനകാലത്ത് ആലോചിക്കാവുന്നതാണ്.
നാടോടുമ്പോള്‍ നടുവെ ഓടുക എന്നത് നന്മയുടെ കാര്യത്തില്‍ മാത്രമേ സ്വീകാര്യമാവൂ. അല്ലാത്തപ്പോള്‍ ഒഴുക്കിനെതിരെ നീന്താന്‍ തയ്യാറാവണം. ഖുര്‍ആന്‍ പറയുന്നു:

وَاتَّقُوا فِتْنَةً لَا تُصِيبَنَّ الَّذِينَ ظَلَمُوا مِنْكُمْ خَاصَّةً وَاعْلَمُوا أَنَّ اللَّهَ شَدِيدُ الْعِقَابِ

നിങ്ങളിലെ അക്രമികളെ  മാത്രമായി ബാധിക്കാത്ത വിപത്തിനെ നിങ്ങള്‍ സൂക്ഷിക്കുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അറിയുക (അല്‍അന്‍ഫാല്‍ 25).
ഇതിനെ വിശദീകരിച്ചുകൊണ്ട് സയ്യിദ് ഖുതുബ് എഴുതുന്നു:
പരിശോധനയോ പരീക്ഷണമോ ആണ് വിപത്ത്. ഏതെങ്കിലും രൂപത്തിലുള്ള ഒരതിക്രമം ഏതെങ്കിലും സമൂഹത്തില്‍ നിന്ന് ഒരു വിഭാഗത്തിന് സഹിക്കേണ്ടി വരികയും അതിക്രമകാരികളെ തടയാതെ കയറൂരി വിടുകയും ചെയ്താല്‍ അതിക്രമകാരികള്‍ക്കുണ്ടാകാനിടയുള്ള ഭവിഷ്യത്തിന് അവരും ഇരയാവും. വളര്‍ന്നു പടരുന്ന തിന്മയോടും കുഴപ്പത്തോടും അതിക്രമത്തോടുമെല്ലാം വൈമുഖ്യം കാണിച്ചുകൊണ്ട് അവയെ കണ്ടില്ലെന്നു നടിച്ച് ഒഴിഞ്ഞു മാറുന്നതിനെ സമ്മതിച്ചുകൊടുക്കുന്നില്ല ക്രിയാത്മകവും സഹിഷ്ണുതാത്മകവുമായ ഇസ്‌ലാമിക ദര്‍ശനം. അല്ലാഹുവിന്റെ ദൈവത്വം നിഷേധിക്കപ്പെടുകയും തല്‍സ്ഥാനത്ത് മനുഷ്യാടിമത്തം അംഗീകരിക്കപ്പെടുകയും ചെയ്യുന്നതാണ് ചെറുക്കപ്പെടേണ്ട അതിക്രമം. തങ്ങള്‍ സച്ചരിതരും സദ്‌വൃത്തരുമായതിനാല്‍ വിപത്തില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തും എന്നു വ്യാമോഹിച്ചിട്ട്, കുഴപ്പങ്ങളുടെ നേരെ മൗനം പാലിച്ചതുകൊണ്ടായില്ല. (ഫീ ളിലാലില്‍ ഖുര്‍ആന്‍)

Related Articles