Current Date

Search
Close this search box.
Search
Close this search box.

ഒമ്പത് കല്‍പനകള്‍!

sunnah-30.jpg

عَنْ أَبِي هُرَيْرَة – رضي الله عنه – أنَّ رسولَ الله – صلى الله عليه وسلم- قَالَ: «أَمَرَنِي رَبِّي بِتِسْع: خَشْيَةِ الله في السِّرِّ والْعَلَانِيَة، وكَلِمَةِ الْعَدْلِ فِي الْغَضَبِ وَالرِّضَى، وَالْقَصْدِ فِي الْفَقْرِ وَالْغِنَى، وَأَنْ أَصِلَ مَنْ قَطَعَني، وَأُعْطِيَ مَنْ  حَرَمَني، وأَعْفُوَ عَمَّنْ ظَلَمَني، وأَنْ يَكُونَ صَمْتي فِكْراً، ونُطْقي ذِكْراً، ونَظَري عِبْرَةً، وآمرُ بالعُرْف، وقيل: بالمعروف»

അബൂഹുറൈ(റ)യില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു എന്റെ നാഥന്‍ എന്നോട് ഒമ്പത് കാര്യങ്ങള്‍ കാര്യങ്ങള്‍ കല്‍പിച്ചു. രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവിനെ ഭയപ്പെടണം, കോപത്തിലും തൃപ്തിയിലും നീതിയുടെ വാക്ക് പറയണം, ദാരിദ്ര്യത്തിലും സമ്പന്നതയിലും മിതത്വം പാലിക്കണം, എന്നോട് ബന്ധം മുറിച്ചവനോട് ഞാന്‍ ബന്ധം സ്ഥാപിക്കണം, എനിക്ക് തരാത്തവന് ഞാന്‍ കൊടുക്കണം, എന്നോട് അക്രമം കാണിച്ചവന് ഞാന്‍ മാപ്പ് നല്‍കണം, എന്റെ മൗനം ചിന്തയാവണം, എന്റെ സംസാരം ദിക്‌റാവണം, എന്റെ കാഴ്ച ഗുണപാഠമാവണം, ഞാന്‍ നന്മ കല്‍പിക്കണം.

ഹദീസ് എന്ന പേരില്‍ ഏറെ പ്രചാരം സിദ്ധിച്ച ഒരു ഉദ്ധരണിയാണിത്. ഇബ്‌നുല്‍ അഥീറിന്റെ ജാമിഉല്‍ ഉസ്വൂല്‍ ഫീ അഹാദീഥിര്‍റസൂല്‍, തിബ്‌രീസിയുടെ മിശ്കാതുല്‍ മസ്വാബീഹ്, മഗ്‌രിബിയുടെ ജംഉല്‍ ഫവാഇദ് മിന്‍ ജാമിഇല്‍ ഉസ്വൂല്‍ വ മജ്മഉസ്സവാഇദ് എന്നീ കൃതികളിലാണ് ഇതുള്ളത്. തുടക്കത്തില്‍ ഒമ്പത് എന്നാണുള്ളതെങ്കിലും ഇതില്‍ പത്ത് കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. മുകളില്‍ പറഞ്ഞ എല്ലാറ്റിന്റെയും രത്‌നച്ചുരുക്കമാണ് അവസാനം പറഞ്ഞ നന്മ കല്‍പിക്കല്‍ എന്നാണ് ചിലര്‍ ഇതിനെ കുറിച്ച് വിശദീകരിക്കുന്നത്.

സുപ്രധാനവും ശ്രദ്ധേയവുമായ ആശയങ്ങള്‍ പങ്കുവെക്കുന്ന ഈ ഉദ്ധരണി ഹദീസ് തന്നെയാണോ എന്നത് പണ്ഡിതര്‍ പരിശോധിച്ചിട്ടുണ്ട്. മേല്‍പറഞ്ഞ ജാമിഉല്‍ ഉസ്വൂല്‍ ഫീ അഹാദീഥിര്‍റസൂല്‍ എന്ന കൃതിയുടെ സംശോധനം നിര്‍വഹിച്ച അബ്ദുല്‍ ഖാദിര്‍ അല്‍ അര്‍നാഊത്വ് പറയുന്നു: ഇതിന്റെ ഒറിജിനല്‍ കോപ്പിയില്‍ ആരാണ് ഇത് ഉദ്ധരിച്ചത് എന്ന് രേഖപ്പെടുത്തിയിട്ടില്ല. അഥവാ അഖ്‌റജഹു എന്ന് എഴുതിയ ശേഷം ഒന്നും എഴുതിയിട്ടില്ല. എന്നാല്‍ പ്രിന്റ് കോപ്പിയില്‍ رزين  (رزين بن معاوية العبدري)   എന്ന് കാണുന്നുണ്ട്. ഈ ഉദ്ധരണിയിലെ ആദ്യത്തെ മൂന്ന് വാചകങ്ങള്‍ ത്വബ്‌റാനിയും ബൈഹഖിയും വേറെ രൂപത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഹസനാണ്. തുടര്‍ന്നുള്ള മൂന്ന് വാചകങ്ങള്‍ ബസ്സാര്‍, ത്വബ്‌റാനി, ഹാകിം, അഹ്മദ് എന്നിവര്‍ ഉദ്ധരിച്ചിട്ടുണ്ട്. അതും ഹസനാണ്. എന്നാല്‍ അവസാനം മൂന്ന് വാചകങ്ങളെ സാധൂകരിക്കാവുന്ന രേഖകള്‍ ഞാന്‍ കണ്ടിട്ടില്ല.

തജ്‌രീദുസ്സ്വിഹാഹിസ്സിത്ത എന്ന ഗ്രന്ഥത്തിലാണ് റസീന്‍ ഇത് ഉദ്ധരിച്ചിട്ടുള്ളത്. സിഹാഹുസ്സിത്തയിലില്ലാത്ത അനേകം വ്യാജനിര്‍മിതമായ ഉദ്ധരണികള്‍ അദ്ദേഹം ഈ കൃതിയില്‍ ചേര്‍ത്തിട്ടുണ്ട്. ഇമാം ഇബ്‌നു തൈമിയ(മിന്‍ഹാജുസ്സുന്ന അന്നബവിയ്യ), ഇമാം ദഹബി (സിയറു അഅ്‌ലാമിന്നുബലാഅ്), ഇമാം ശൗകാനി (അല്‍ഫവാഇദുല്‍ മജ്മൂഅ) എന്നിവര്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നു. മുകളില്‍ ഉദ്ധരിച്ചത് ഇതില്‍ പെട്ടതാണ്. അതിന്റെ ചില ഭാഗങ്ങള്‍ സ്വഹീഹോ ഹസനോ ആയ ഹദീസുകളില്‍ വന്നിട്ടുണ്ടെങ്കിലും. എന്നാല്‍ ഉപരിസൂചിത ഉദ്ധരണിക്ക് സമാനമായ ഒരു പ്രസ്താവന ദാവൂദ് നബി പറഞ്ഞതായി ഇബ്‌നു അബിദ്ദൂന്‍യാ ഉദ്ധരിക്കുന്നുണ്ട്. ഹദീസ് സമാഹരങ്ങളില്‍ ഇല്ലായെന്ന് മാത്രം. അതിങ്ങനെ വായിക്കാം:

حَدَّثَنِي شُجَاعُ بْنُ الْأَشْرَسِ , حَدَّثَنَا إِسْمَاعِيلُ بْنُ عَيَّاشٍ , عَنْ عَبْدِ اللَّهِ بْنِ أَبِي الْحَارِثِ , عَنِ الْحَسَنِ بْنِ ذَكْوَانَ , أَنَّ دَاوُدَ , عَلَيْهِ السَّلَامُ قَالَ: ” أَوْصَانِي رَبِّي عَزَّ وَجَلَّ بِتِسْعِ خِصَالٍ: أَوْصَانِي بِخَشْيَتِهِ فِي السِّرِّ وَالْعَلَانِيَةِ , وَالْعَدْلِ فِي الْغَضَبِ وَالرِّضَا , وَالِاقْتِصَادِ فِي الْغِنَى وَالْفَقْرِ , وَأَوْصَانِي أَنْ أَصِلَ مَنْ قَطَعَنِي , وَأَنْ أُعْطِيَ مَنْ حَرَمَنِي , وَأَعْفُوَ عَمَّنْ ظَلَمَنِي , وَأَنْ يَكُونَ نَظَرِي عِبَرًا , وَصَمْتِي تَفَكُّرًا , وَقُولِي ذِكْرًا ”   (إصلاح المال)

Related Articles