Current Date

Search
Close this search box.
Search
Close this search box.

എന്ത്‌കൊണ്ട് ബിദ്അത്തുകാരുമായി സഹകരിക്കണം?

coperation.jpg

‘നമുക്കിടയില്‍ യോജിപ്പുള്ള വിഷയത്തില്‍ പരസ്പരം സഹകരിക്കുക. വിയോജിപ്പുള്ള വിഷയങ്ങളില്‍ പരസ്പരം ഒഴികഴിവ് നല്‍കാം’ എന്ന തത്വം സയ്യിദ് റശീദ് രിദയാണ് ആവിഷ്‌കരിച്ചത്. അദ്ദേഹം ആധുനിക സലഫീ ചിന്താഗതിയുടെ സാരഥിയും പ്രസിദ്ധ ഇസ്‌ലാമിക പത്രമായ ‘അല്‍മനാറി’ ന്റെ അധിപനുമായിരുന്നു. അദ്ദേഹത്തിന്റെ തഫ്‌സീര്‍, ഫത്‌വാ ഗ്രന്ഥങ്ങള്‍ക്ക് ഇസ്‌ലാമിക ലോകത്ത് വലിയ സ്വാധീനം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്കെതിരില്‍ ഒരു ഖിബ്‌ലയിലേക്ക് തിരിഞ്ഞു നമസ്‌കരിക്കുന്ന എല്ലാ മുസ്‌ലിംകളും ഒന്നിച്ചു നില്‍ക്കണം എന്നാണതിന്റെ താല്‍പര്യം. ‘അല്‍മനാറിന്റെ സുവര്‍ണ തത്വം’ എന്ന പേരില്‍ അത് അറിയപ്പെട്ടു.

സയ്യിദ് റശീദ് രിദാ ഈ തത്വം ശൂന്യതയില്‍ നിന്ന് പടച്ചുണ്ടാക്കിയതല്ല. മറിച്ച് ഖുര്‍ആന്‍, ഹദീസ്, സച്ചരിതരായ പൂര്‍വീകരുടെ ചര്യകള്‍ എന്നിവയില്‍ നിന്ന് ഉള്‍ക്കൊണ്ടതാണ്. മുസ്‌ലിം സമൂഹം മഹാഭൂരിപക്ഷം വരുന്ന ശത്രുക്കളെ നേരിടുന്നതില്‍ യോജിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം മനസ്സിലാക്കി. ശത്രുക്കള്‍ മുസ്‌ലിംകളെ നേരിടുന്നതില്‍ ഒറ്റക്കെട്ടാണ്. അതിനെക്കുറിച്ചാണ് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നത്. അല്ലാഹു പറയുന്നു: ‘സത്യനിഷേധികളും അന്യോന്യം ആത്മ മിത്രങ്ങളാണ്. ഇത്(ഈ നിര്‍ദേശങ്ങള്‍) നിങ്ങള്‍ പ്രാവര്‍ത്തികമാക്കിയിട്ടില്ലെങ്കില്‍ നാട്ടില്‍ കുഴപ്പവും വമ്പിച്ച നാശവുമുണ്ടാകും’ .(അല്‍ അന്‍ഫാല്‍) ‘ഇത്  നിങ്ങള്‍ പ്രാവര്‍ത്തികമാക്കിയിട്ടില്ലെങ്കില്‍’ എന്നു പറഞ്ഞത് നിങ്ങള്‍ പരസ്പരം മിത്രങ്ങളും സഹായികളുമായി വര്‍ത്തിച്ചില്ലെങ്കില്‍ നാട്ടില്‍ വലിയ കുഴപ്പവും നാശവും ഉണ്ടായിത്തീരും എന്നാണ്.

അപ്പോള്‍ ഏതൊരു പരിഷ്‌കര്‍ത്താവും മുസ്‌ലിംകളെ ഐക്യത്തിലേക്ക് നയിക്കുകയാണ് വേണ്ടത്. ശാഖാപരമായ ഭിന്നതകള്‍ മറക്കുകയും പൊതുലക്ഷ്യത്തെക്കുറിച്ച് ഓര്‍മിക്കുകയും വേണം. അപ്പോഴാണവര്‍ക്ക് തങ്ങളുടെ ശത്രുവിനെ നേരിടാന്‍ കഴിയുക. ജൂതന്മാരും കൃസ്ത്യാനികളും കമ്യൂണിസ്റ്റുകളും ബിംബാരാധകരുമെല്ലാം പരസ്പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്നു. അതോടൊപ്പം മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നത കൂടി വരികയാണ്. ഇതൊക്കെ കാണുമ്പോള്‍ ഒരു ഖിബ്‌ലയിലേക്ക് തിരിഞ്ഞുനമസ്‌കരിക്കുന്ന ആളുകള്‍ തങ്ങളുടെ ശത്രുക്കളെ നേരിടാന്‍ ഐക്യപ്പെടാതെ നിവൃത്തിയില്ല. ശത്രുവിന്റെ കയ്യില്‍ പണവും ആയുധവുമുണ്ട്. അവര്‍ ചതിയന്മാരാണ്. ഈ സമുദായത്തെ ഭൗതികമായും ആശയപരമായും പരാജയപ്പെടുത്തുകയാണ് അവരുടെ ഉദ്ദേശ്യം.അതിനാല്‍ പരിഷ്‌കര്‍ത്താക്കള്‍ ഈ ആശയം സ്വാഗതം ചെയ്തു. അത് പ്രയോഗത്തില്‍ വരാനും അവര്‍ തീരുമാനിച്ചു. ഇമാം ഹസനുല്‍ ബന്നയാണ് അതിന് കൂടുതല്‍ പ്രചാരം നല്‍കിയത്. എത്രത്തോളമെന്നാല്‍, ഇഖ്‌വാന്‍കാരിലെ അധികമാളുകളും വിചാരിച്ചത് ഈ ആശയം ആവിഷ്‌കരിച്ചത് അദ്ദേഹമാണെന്നാണ്.

അപ്പോള്‍ ബിദ്അത്തുകാരുമായി നാം സഹകരിക്കുന്നതെങ്ങനെ? ബിദ്അത്ത് പലവിധമുണ്ട്. ഗുരുതരമായതും അല്ലാത്തതും. സമുദായത്തില്‍ നിന്ന് പുറത്ത് പോകാത്ത ബിദ്അത്തുമുണ്ട്. ബിദ്അത്തുകാരുമായി ദീനിന്റെ അടിസ്ഥാനകാര്യങ്ങളിലും ഭൗതിക  വ്യവഹാരങ്ങളിലും സഹകരിക്കുന്നതിന് കുഴപ്പമൊന്നുമില്ല. അവയെക്കാള്‍ കഠിനമായി ബിദ്അത്തിനെ എതിര്‍ക്കാന്‍ വേണ്ടിയാണത്. രണ്ട് തിന്മകളില്‍ ഗൗരവം കുറഞ്ഞതിനെ സ്വീകരിക്കുക എന്ന തത്വത്തിലാണത്. കുഫ്‌റിന് തന്നെ പല തട്ടുകളുണ്ട്. ഗൗരവമേറിയ കുഫ്‌റും ഗൗരവം കുറഞ്ഞ കുഫ്‌റും. അപ്പോള്‍ ചെറിയതരം കുഫര്‍ ചെയ്യുന്നവരുമായി സഹകരിക്കുന്നതിന് വിരോധവുമില്ല. വലിയ കുഫ്‌റിന്റെ അപകടം തടുക്കാന്‍ വേണ്ടിയാണിത്. എന്നല്ല, കൂടുതല്‍ അപകടകരമായ കുഫ്‌റിനെ തടുക്കാന്‍ വേണ്ടി ചിലപ്പോള്‍ കാഫിറുകളും മുശരിക്കുകളുമായി നമുക്ക് സഹകരിക്കേണ്ടി വരും.

സൂറത്തുര്‍റൂമിന്റെ അവതരണ കാരണം പരിശോധിക്കുമ്പോള്‍ ഇക്കാര്യം ബോധ്യമാകും. ഖുര്‍ആന്റെ വീക്ഷണത്തില്‍ ക്രിസ്ത്യാനികള്‍ കാഫിറുകളാണെങ്കില്‍ പോലും അവരെ അഗ്നി ആരാധകരായ മജൂസികളേക്കാള്‍ മുസ്‌ലിംകളോട് അടുത്തവരായി കണക്കാക്കുകയുണ്ടായി. അതുകൊണ്ടാണ് ബൈസാന്റിയന്‍ ക്രിസ്ത്യാനികളായ റോമക്കാര്‍ക്കെതിരെ മജൂസികളായ പേര്‍ഷ്യക്കാര്‍ വിജയം വരിച്ചപ്പോള്‍ മുസ്‌ലിംകള്‍ ദുഖിച്ചത്. എന്നാല്‍, മുശരിക്കുകളുടെ നിലപാട് നേരെ മറിച്ചായിരുന്നു. അഗ്നിആരാധകരായ മജൂസികള്‍ തങ്ങളുടെ  മതത്തോട് അടുത്തവരായിട്ടാണ് അവര്‍ മനസ്സിലാക്കിയിരുന്നത്.
ഈ അവസ്ഥ മാറുമെന്നും ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ കാറ്റ് റോമക്കാര്‍ക്കനുകൂലമായി വീശുമെന്നും ഖുര്‍ആന്‍ മുസ്‌ലിംകളെ സന്തോഷ വാര്‍ത്ത അറിയിച്ചു. അല്ലാഹു പറയുന്നു: ‘അലിഫ്‌ലാംമീം. റോമക്കാര്‍ പരാജിതരായിരിക്കുന്നു.അടുത്ത നാട്ടിലാണിതുണ്ടായത്. തങ്ങളുടെ പരാജയത്തിനുശേഷം അവര്‍ വിജയംവരിക്കും.ഏതാനും കൊല്ലങ്ങള്‍ക്കകമിതുണ്ടാകും. മുമ്പും പിമ്പും കാര്യങ്ങളുടെ നിയന്ത്രണം അല്ലാഹുവിന്റെ കരങ്ങളിലാണ്. അന്ന് സത്യവിശ്വാസികള്‍ സന്തോഷിക്കും. അല്ലാഹുവിന്റെ സഹായത്താലാണിതുണ്ടാവുക. അവനിച്ഛിക്കുന്നവരെ അവന്‍ സഹായിക്കുന്നു. അവന്‍ പ്രതാപിയും പരമദയാലുവുമാണ്. (അര്‍റൂം 1-5)

മക്കാ വിജയത്തിന് ശേഷം തിരുമേനി ഹവാസിനിലെ മുശരിക്കുകളെ നേരിടാന്‍ ഖുറൈശികളിലെ മുശ്‌രിക്കുകളുടെ സഹായം തേടുകയുണ്ടായി. അവര്‍ ഇരുകൂട്ടരുടെയും ശിര്‍ക്ക് ഒരേ നിലവാരത്തിലുള്ളതായിരുന്നു. എന്നാല്‍ ഖുറൈശി മുശരിക്കുകള്‍ക്ക് തിരുമേനിയുമായി കുടുംബബന്ധമുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തെ അവര്‍ സ്വന്തമായിക്കണ്ടിരുന്നു. എത്രത്തോളമെന്നാല്‍, സ്വഫവാനുബ്‌നു ഉമയ്യ ഇസ്‌ലാം സ്വീകരിക്കുന്നതിന് മുമ്പ് പറഞ്ഞു. ‘ഖുറൈശികളില്‍ നിന്നുള്ള ഒരാള്‍ എന്നെ നയിക്കുന്നതാണ്, ഹവാസിന്‍കാരനായ ഒരാള്‍ എന്നെ നയിക്കുന്നതിനേക്കാള്‍ ഉത്തമം’.
സുന്നികള്‍ -മുഅ്തസിലുകള്‍ ബിദ്അത്തുകാരാണെന്ന് വിശ്വസിക്കുന്നതോടൊപ്പം -അവരുടെ വൈജ്ഞാനികവും ചിന്താപരവുമായ നേട്ടങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ വൈമനസ്യമൊന്നും കാട്ടിയില്ല. യോജിപ്പുള്ള മേഖലകളില്‍ അവരുമായി യോജിച്ചുപോന്നിരുന്നു. അതോടൊപ്പം അവര്‍ സുന്നത്തില്‍ നിന്ന് വ്യതിചലിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെടുന്ന മേഖലയില്‍ അവരോട് വിയോജിക്കുകയും ചെയ്തിരുന്നു.

ഇപ്പറഞ്ഞതിന് ഏറ്റവും നല്ല തെളിവാണ് അല്ലാമാ സമശ്ഖരിയുടെ ‘കശ്ശാഫ്’ എന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം. അദ്ദേഹം അറിയപ്പെടുന്ന മുഅ്തസിലിയായിരുന്നു. എന്നാല്‍, പില്‍ക്കാലത്ത് ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ കാര്യത്തില്‍ എല്ലാവരും അദ്ദേഹത്തെ അവലംബിച്ചതായി കാണാം. റാസി, നസഫി, നൈസാബൂരി, ബൈളാവി, അബൂസഈദ്, ആലൂസി, തുടങ്ങിയവരുടെ തഫ്‌സീറുകളെല്ലാം. ഹാഫിള് ഇബ്‌നു ഹജര്‍ അതിലെ ഹദീസുകള്‍ സൂക്ഷമ പരിശോധന നടത്തി ‘അല്‍കാഫീ അശ്ശാഫി ഫീ തഖ്‌രീജി അഹാദീസില്‍ കശ്ശാഫ്’ എന്ന ഗ്രന്ഥം രചിച്ചു. അല്ലാമാ ഇബ്‌നുല്‍ മുനയ്യിര്‍ കശ്ശാഫിലെ അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങള്‍ നിരൂപണം ചെയ്തു. ‘ അല്‍ ഇന്‍തിസാഫു മിനല്‍ കശ്ശാഫ്’ എന്ന ഗ്രന്ഥം എഴുതിയിട്ടുമുണ്ട്. ഇതെല്ലാം പ്രസ്തുത തഫ്‌സീര്‍ ഗ്രന്ഥത്തിനു ലഭിച്ച പരിഗണനയാണ്.
ഇമാം ഗസ്സാലിയുടെ കാലത്ത് തത്വശാസ്ത്രങ്ങള്‍ ജനങ്ങളെ വഴിതെറ്റിച്ചപ്പോള്‍ അതിനെ നേരിടാന്‍ അദ്ദേഹം ഒരുങ്ങിപ്പുറപ്പെട്ടു. അപ്പോള്‍ കുഫ്‌റിന്റെ നിലവാരത്തില്‍ താഴെയുള്ള എല്ലാ മുസ്‌ലിംകളോടും സഹായം തേടി. മുഅ്തസിലുകളില്‍ നിന്നും മറ്റും ഉദ്ദരിച്ച് തത്വശാസ്ത്രകാരന്മാര്‍ക്ക് മറുപടി പറയുന്നതില്‍ അദ്ദേഹം വിരോധമൊന്നും കണ്ടില്ല.

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles