Current Date

Search
Close this search box.
Search
Close this search box.

ഉത്തരവാദിത്തലംഘനത്തിന്റെ ദുരന്തഫലം

baton.jpg

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:”لَتَأْمُرُنَّ بِالْمَعْرُوفِ، وَلَتَنْهَوُنَّ عَنِ الْمُنْكَرِ، أَوْ لَيُسَلِّطَنَّ اللَّهُ عَلَيْكُمْ شِرَارَكُمْ، ثُمَّ يَدْعُو خِيَارُكُمْ فَلا يُسْتَجَابُ لَكُمْ” -طبراني

അബൂഹുറൈറ (റ)യില്‍ നിന്ന് നിവേദനം. നബി (സ) പറഞ്ഞു: നിങ്ങള്‍ ധര്‍മം അനുശാസിക്കുകയും അധര്‍മം വിലക്കുകയും ചെയ്യണം. ഇല്ലായെങ്കില്‍ നിങ്ങളുടെ കൂട്ടത്തിലെ ദുഷ്ടന്‍മാരെ അല്ലാഹു നിങ്ങളുടെ ഭരണാധികാരികളാക്കും. തുടര്‍ന്ന് നിങ്ങളുടെ കൂട്ടത്തിലെ സജ്ജനങ്ങള്‍ (അതില്‍ നിന്ന് രക്ഷ തേടി) പ്രാര്‍ഥിക്കും. പക്ഷേ നിങ്ങള്‍ക്ക് ഉത്തരം ലഭിക്കുകയില്ല. (ത്വബ്‌റാനി)

കല്‍പിച്ചു: أَمَرَ
നന്മ: مَعْرُوف
വിലക്കി: نَهَى
തിന്മ: مُنْكَر
ഭരണാധികാരിയാക്കി, അധികാരം നല്‍കി: سَلَّطَ
നിങ്ങളുടെമേല്‍: عَلَيْكُمْ
ദുഷിച്ചവര്‍: شِرَار
പിന്നെ, തുടര്‍ന്ന്: ثُمَّ
പ്രാര്‍ഥിക്കുന്നു: يَدْعُو
സച്ചരിതര്‍: خِيَار
ഉത്തരം നല്‍കി, പ്രാര്‍ഥന സ്വീകരിച്ചു: اسْتَجَاب
നിങ്ങള്‍ക്ക് : لَكُمْ

അബൂഹുറൈറ (റ)യില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: عَنْ أَبِي هُرَيْرَةَ، قَالَ
നബി (സ) പറഞ്ഞു: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
നിങ്ങള്‍ ധര്‍മം അനുശാസിക്കുക തന്നെ വേണം لَتَأْمُرُنَّ بِالْمَعْرُوفِ
അധര്‍മം വിലക്കുകയും ചെയ്യണം وَلَتَنْهَوُنَّ عَنِ الْمُنْكَرِ
ഇല്ലായെങ്കില്‍ നിങ്ങളുടെ കൂട്ടത്തിലെ ദുഷ്ടന്‍മാരെ അല്ലാഹു നിങ്ങളുടെ ഭരണാധികാരികളാക്കും أَوْ لَيُسَلِّطَنَّ اللَّهُ عَلَيْكُمْ شِرَارَكُمْ
തുടര്‍ന്ന് നിങ്ങളുടെ കൂട്ടത്തിലെ സജ്ജനങ്ങള്‍ (അതില്‍ നിന്ന് രക്ഷ തേടി) പ്രാര്‍ഥിക്കും ثُمَّ يَدْعُو خِيَارُكُمْ
പക്ഷേ നിങ്ങള്‍ക്ക് ഉത്തരം ലഭിക്കുകയില്ല فَلا يُسْتَجَابُ لَكُمْ

ഞാനും എന്റെ കുടുംബവും എന്റെ ബാങ്ക് ബാലന്‍സും എന്ന ചിന്തയില്‍ ജീവിതം കുരുക്കിയിടുന്നവരാണല്ലോ മഹാഭൂരിപക്ഷം ആളുകളും. ഇത് ഒരു യഥാര്‍ഥ വിശ്വാസിക്ക് ചേര്‍ന്നതല്ല. നിര്‍ബന്ധമായ ആരാധനകള്‍ നിര്‍വഹിച്ചാല്‍ എന്റെ ദൗത്യം കഴിഞ്ഞു എന്ന് സമാധാനിക്കുന്നത് മൗഢ്യമാണ്. ലോക ജനതയെ മിഥ്യയുടെ ഘനാന്ധകാരങ്ങളില്‍ നിന്ന് മോചിപ്പിച്ച് സത്യത്തിന്റെ  വെളിച്ചത്തിലേക്ക് ആനയിക്കുക എന്ന ഉത്തരവാദിത്ത നിര്‍വഹണമാണ് മുസ്‌ലിംകളെ ഉത്തമ സമൂഹം എന്ന പദവി അലങ്കരിക്കാന്‍ യോഗ്യരാക്കുന്ന പ്രധാന ഘടകം (ആലുഇംറാന്‍: 110). നന്മ, നീതി, സത്യം, നൈതികത തുടങ്ങിയ മഹിത മൂല്യങ്ങള്‍ക്കുവേണ്ടി പ്രതിഫലേഛയില്ലാതെ ശബ്ദിക്കാന്‍ മറ്റൊരു ഇന്ന് സമൂഹം ലോകത്തില്ല. അതിനാല്‍ മുസ്‌ലിം സമൂഹം ഉറക്കം നടിച്ചാല്‍ പിശാചിന്റെ സ്വൈരവിഹാരമായിരിക്കും ഫലം. അല്ലാഹു പറയുന്നു:

وَلْتَكُنْ مِنْكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ وَأُولَئِكَ هُمُ الْمُفْلِحُونَ

നന്മയിലേക്ക് ക്ഷണിക്കുകയും, നന്മ കല്‍പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളാല്‍ ലോകത്ത് ഉണ്ടാവട്ടെ. അത്തരക്കാരാണ് വിജയികള്‍. (ആലുഇംറാന്‍ഛ 104)

നന്മയുടെ എല്ലാ ഭാവങ്ങളും പൂത്തുലഞ്ഞ് പടര്‍ന്നു പന്തലിച്ച് നില്‍ക്കാനും തിന്മയുടെ അടിവേരറുക്കാനും സാധ്യമാവുന്നതെല്ലാം ചെയ്യുക എന്നത് വ്യക്തിപരമായും സംഘടിതമായും സത്യവിശ്വാസികളുടെ ബാധ്യതയാണ്. തൗഹീദ് ഉള്‍പ്പെടെയുള്ള സകല നന്മകളും സത്യങ്ങളും ധര്‍മങ്ങളും ന്യായങ്ങളും മഅ്‌റൂഫ് എന്നതിന്റെ വിശാലവൃത്തത്തില്‍ വരുന്നു. ശിര്‍ക്ക് ഉള്‍പ്പെടെയുള്ള എല്ലാ തിന്മകളും അധര്‍മങ്ങളും മിഥ്യകളും ചേര്‍ന്നതാണ് മുന്‍കര്‍. വിശ്വാസ, കര്‍മ രംഗങ്ങളിലുള്ള അധാര്‍മികതകള്‍ക്കും തെറ്റായ നിലപാടുകള്‍ക്കുമെതിരെ നിലകൊള്ളുന്ന ഒരു മനസ്സെങ്കിലും നമ്മില്‍ ഇല്ലെങ്കില്‍ നാം ഈമാനിന്റെ പരിധിക്ക് പുറത്താണ് എന്ന് പ്രവാചകന്‍ നമ്മെ ഉല്‍ബോധിപ്പിക്കുന്നുണ്ട്. നബി(സ) പറഞ്ഞു:

مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ وَذَلِكَ أَضْعَفُ الْإِيمَانِ

നിങ്ങളിലാരെങ്കിലും ഒരു തിന്മ കണ്ടാല്‍ അതിനെ തന്റെ കൈ(അധികാരം/ശക്തി) മാറ്റട്ടെ. അതിന് സാധിച്ചില്ലെങ്കില്‍ തന്റെ നാവ് കൊണ്ട്. അതിനും സാധിച്ചില്ലെങ്കില്‍ തന്റെ മനസുകൊണ്ട് (അതിനെ വെറുക്കുകയെങ്കിലും ചെയ്യട്ടെ). അതാണ് ഈമാനിന്റെ അതീവ ദുര്‍ബലമായ വശം. (മുസ്‌ലിം)

സ്വന്തം വീട്ടിലും അയല്‍പക്കത്തും നാട്ടിലും രാജ്യത്തും ലോകത്തുമെല്ലാമുള്ള തിന്മകള്‍ നിര്‍മാര്‍ജനം ചെയ്യാനും പകരം നന്മയുടെ ഫലവൃക്ഷങ്ങള്‍ നട്ടുപിടിക്കാനുമുള്ള ഉദ്യമത്തില്‍ ഒരു മുസ്‌ലിമിന്റെ പങ്ക് എന്താണെന്ന് അടയാളപ്പെടുത്തുകയാണ് ഈ പ്രവാചകവചനം. പ്രസ്തുത ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികവും ബുദ്ധിപരവും മറ്റുമായ പിന്തുണ നല്‍കുക എന്നതും സുപ്രധാനമാണ്. ഞാനെന്തിന് അവരുടെ കാര്യം നോക്കണമെന്ന ചിന്തയിലാണ് പലരും. അത് ഇഹത്തിലും പരത്തിലും ദൈവിക ശിക്ഷ ക്ഷണിച്ചുവരുത്തും.

മനുഷ്യ സമൂഹത്തെ ഈ വിഷയകമായി മൂന്ന് വിഭാഗമായി തിരിക്കാം.  1. തിന്മ ചെയ്യുന്നവര്‍. 2. തിന്മയെ എതിര്‍ക്കുന്നവര്‍. 3. തിന്മ കണ്ടില്ലെന്ന് നടിക്കുകയും തിന്മക്കെതിരെ പ്രതികരിക്കുന്നവരെ പരിഹസിക്കുകയും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍. ഇത്തരമൊരു സമൂഹത്തില്‍ തിന്മയെ എതിര്‍ത്ത വിഭാഗമൊഴികെ മറ്റു രണ്ടു വിഭാഗങ്ങളും  അല്ലാഹുവിന്റെ നിന്ദ്യമായ ശിക്ഷക്കിരയായ ചരിത്രം ഖുര്‍ആന്‍ ഉദ്ദരിക്കുന്നുണ്ട്. (അല്‍അഅ്‌റാഫ്: 163-166) . ദീര്‍ഘകാലം ‘ഖൈറുഉമ്മത്ത്’ എന്ന പദവി അലങ്കരിച്ച ബനൂഇസ്‌റാഈല്‍ സമൂഹമാണ് ഇവിടെ ശിക്ഷിക്കപ്പെട്ടത്. ദാവൂദ് നബിയും ഈസാ നബിയും ബനൂഇസ്‌റാഈലിലെ ഒരു വിഭാഗത്തെ ശപിക്കാനുള്ള കാരണവും തിന്മക്കെതിരെ രംഗത്തുവരാന്‍ തയ്യാറായില്ല എന്നതാണ്. (അല്‍മാഇദ: 79)

അവര്‍ക്ക് ശേഷം ആ പദവിയിലിരിക്കുന്നത് മുഹമ്മദ് നബിയുടെ ഉമ്മത്താണ്. സമൂഹ സംസ്‌കരണമെന്ന ദൗത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്ന പക്ഷം അല്ലാഹു പല വിധേനയും നമ്മെയും ശിക്ഷിക്കും. അതിന്റെ ഒരു രൂപമാണ് മുകളില്‍ ഉദ്ദരിക്കപ്പെട്ട ഹദീസിലൂടെ പ്രവാചകന്‍ വിവരിക്കുന്നത്.

അല്ലാഹുവിന്റെ സഹായങ്ങളും പിന്തുണയും നഷ്ടമായാല്‍ പിന്നെയെന്താണ് അവശേഷിക്കുക? ആ കവാടം കൊട്ടിയടക്കപ്പെട്ടാല്‍ എവിടെയാണ് നമുക്ക് അഭയമുണ്ടാവുക? സ്വസ്ഥതയും സമാധാനവുമില്ലാത്ത ദുരിതജീവിതമായിരിക്കും അതിന്റെ ഫലം.

ജീവിതത്തിന്റെ ഏതെങ്കിലുമൊരു വശത്ത് മാത്രം പരിമിതമല്ല ഈ നന്മതിന്മകള്‍. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ രംഗവും ഇതില്‍ പെടുന്നു. ആദ്യകാല മുസ്‌ലിംകള്‍ക്ക് ലോകത്ത് ആധിപത്യവും അന്തസ്സും പ്രൗഢിയുമുണ്ടായത് അവര്‍ സ്വന്തം ബാധ്യതകള്‍ നിര്‍വഹിച്ചപ്പോഴായിരുന്നു. എന്നാല്‍ അടിസ്ഥാന ദൗത്യം വിസ്മരിച്ചതോടെ ദൗര്‍ബല്യവും നിന്ദ്യതയും മുസ്‌ലിം സമൂഹത്തെ ബാധിച്ച മാറാവ്യാധിയായി മാറി. ഒഴുക്കുവെള്ളത്തിലെ ചണ്ടികള്‍ പോലെ മുസ്‌ലിം സമൂഹം അധഃപതിച്ചു. പക്ഷേ ഭൗതികലോകത്തോടുള്ള പ്രേമം മൂത്ത് അന്ധതബാധിച്ചവര്‍ക്ക് ഇത് കാണാന്‍ കഴിയില്ല. അതിനാല്‍ അതിന്റെ ചികിത്സ അവര്‍ക്കൊരു ചിന്താവിഷയം പോലുമല്ല.

നന്മ തിന്മയായും തിന്മ നന്മയായും വിലയിരുത്തപ്പെടുകയും നന്മയേക്കാള്‍ തിന്മക്ക് പ്രോല്‍സാഹനം ലഭിക്കുകയും ചെയ്യുന്ന ആധുനിക ലോകത്ത് മുസ്‌ലിം എന്ന നിലക്ക് നമ്മുടെ നിലപാടുകള്‍ സുപ്രധാനമാണ്. അത് അല്ലാഹു നിരീക്ഷിക്കുകയും വീഴ്ച വരുത്തുന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുകയും ചെയ്യും. ഒരു പക്ഷേ നിരപരാധികളെയും അതിന്റെ ദുഷ്ഫലങ്ങള്‍ ബാധിച്ചേക്കാം. (അല്‍അന്‍ഫാല്‍: 25)

“مَثَلُ القَائِمِ في حُدودِ اللَّه، والْوَاقِعِ فِيهَا كَمَثَلِ قَومٍ اسْتَهَمُوا عَلَى سفينةٍ فصارَ بعضُهم أعلاهَا وبعضُهم أسفلَها وكانَ الذينَ في أَسْفَلِهَا إِذَا اسْتَقَوْا مِنَ الماءِ مَرُّوا عَلَى مَنْ فَوْقَهُمْ فَقَالُوا: لَوْ أَنَّا خَرَقْنَا في نَصَيبِنا خَرْقاً وَلَمْ نُؤْذِ مَنْ فَوْقَنَا، فَإِنْ تَرَكُوهُمْ وَمَا أَرادُوا هَلكُوا جَمِيعاً، وإِنْ أَخَذُوا عَلَى أَيْدِيهِم نَجوْا ونجوْا جَمِيعاً”.

നബി(സ) പറഞ്ഞു: അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിക്കുന്നവന്റെയും അത് ലംഘിക്കുന്നവന്റെയും ഉപമ, നറുക്കിട്ട് ഒരു കപ്പലിന്റെ മുകള്‍ത്തട്ടിലും താഴെത്തട്ടിലും യാത്ര ചെയ്യുന്നവരുടേതുപോലെയാണ്. താഴ്ഭാഗത്തുള്ളവര്‍ക്ക് വെള്ളത്തിന്റെ ആവശ്യം നേരിടുമ്പോള്‍ മുകള്‍ ഭാഗത്തുള്ളവരുടെ ഇടയില്‍ കൂടി നടക്കേണ്ടതായി വരുന്നു (അതാകട്ടെ ഇരുകൂട്ടരെയും അലട്ടിക്കൊണ്ടുമിരിക്കും). നമ്മുടെ ഭാഗത്ത് നാമൊരു ദ്വാരമുണ്ടാക്കിയാല്‍ മുകള്‍ ഭാഗത്തുള്ളവരെ നമുക്ക് ശല്യപ്പെടുത്താതിരിക്കാമല്ലോ എന്നവര്‍ പറഞ്ഞുറച്ചു. അവര്‍ ഉദ്ദേശിച്ചപ്രകാരം ചെയ്യാന്‍ അവരെ വിട്ടാല്‍ എല്ലാവരും നശിച്ചുപോകും. എന്നാല്‍ അവരുടെ കൈപിടിച്ച് തടഞ്ഞാല്‍ അവരും മറ്റുള്ളവരുമെല്ലാം രക്ഷപ്പെടുകയും ചെയ്യും. (ബുഖാരി)

നമ്മുടെ പ്രാദേശിക, ദേശീയ, ലോക രാഷ്ട്രീയവും സമകാലിക മുസ്‌ലിം അവസ്ഥകളും ഈ ഹദീസിന്റെ വെളിച്ചത്തിലൊന്ന് വിലയിരുത്തുക. ഒപ്പം സ്വന്തം നിലപാടുകളും. ആളുകള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ശരി അല്ലാഹു ഏല്‍പിച്ച ദൗത്യവുമായി മുന്നോട്ടുപോവുമെന്ന് ദൃഢപ്രതിജ്ഞയെടുക്കുന്നവര്‍ക്കേ ദിവ്യസഹായവും പരലോക വിജയവും ഉണ്ടാവൂ. അവര്‍ക്കുമാത്രമേ അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കാന്‍ അര്‍ഹതയുളളൂ. (അല്‍ബഖറ 218)

Related Articles