Current Date

Search
Close this search box.
Search
Close this search box.

ഉത്തരം നല്‍കേണ്ട ചോദ്യങ്ങള്‍

trial-justice.jpg

عَنْ أَبِي بَرْزَةَ الأَسْلَمِيِّ ، قَالَ : قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لاَ تَزُولُ قَدَمَا عَبْدٍ يَوْمَ القِيَامَةِ حَتَّى يُسْأَلَ عَنْ عُمُرِهِ فِيمَا أَفْنَاهُ ، وَعَنْ عِلْمِهِ فِيمَ فَعَلَ ، وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَ أَنْفَقَهُ ، وَعَنْ جِسْمِهِ فِيمَ أَبْلاَهُ.

അബൂബര്‍സതല്‍ അസ്‌ലമയില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബി(സ) പ്രസ്താവിച്ചു: ആയുസ്സ് എന്തിന് വേണ്ടി വിനിയോഗിച്ചു, വിജ്ഞാനം ഉപയോഗിച്ച് എന്ത് ചെയ്തു, പണം എങ്ങനെ സമ്പാദിച്ചു, എങ്ങനെ ചെലവഴിച്ചു, ശരീരം എന്തിന് വേണ്ടി ഉപയോഗിച്ചു എന്നീ ചോദ്യങ്ങള്‍ അഭിമുഖീകരിക്കാതെ അന്ത്യനാളില്‍ ഒരാളുടെയും പാദങ്ങള്‍ മുന്നോട്ടു നീങ്ങുകയില്ല. (തിര്‍മിദി)

تَزُولُ (زَالَ) : നീങ്ങുന്നു
قَدَمٌ : പാദം
يُسْأَلُ (سَأَلَ : ചോദിക്കപ്പെടുന്നു
عُمُرٌ : ആയുസ്സ്, വയസ്സ്
أَفْنَى : ഇല്ലാതാക്കി, നശിപ്പിച്ചു (വിനിയോഗിച്ച് തീര്‍ത്തു)
إِكْتَسَبَ : സമ്പാദിച്ചു
أَنْفَقَ : ചെലവഴിച്ചു
جِسْمٌ : ശരീരം
أَبْلَى  : ദ്രവിപ്പിച്ചു (ഉപയോഗിച്ച് തീര്‍ത്തു)

ആയുസ്സ്, വിജ്ഞാനം, സമ്പത്ത്, ശരീരം എന്നിവയെ കുറിച്ച് അല്ലാഹുവിനോട് ഉത്തരം പറയാന്‍ ഓരോരുത്തരും ബാധ്യസ്ഥരാണെന്ന് ഈ പ്രവാചകവചനം വ്യക്തമാക്കുന്നു. യൗവനം പ്രത്യേകം ചോദ്യം ചെയ്യപ്പെടുമെന്ന് മറ്റു ചില വചനങ്ങളില്‍ കാണാം.

മനുഷ്യന്റെ ആയുസ്സും ജീവിതവുമാണ് സമയം. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളില്‍ അതിമഹത്തായ ഒന്നാണത്. സമയത്തെയും കര്‍മത്തെയും അല്ലാഹു പരസ്പരം ബന്ധപ്പെടുത്തിയത് ഖുര്‍ആനില്‍ കാണാം: കാലമാണ് സത്യം, തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാണ്. വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സത്യം പരസ്പരം ഉപദേശിക്കുകയും ക്ഷമ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴിച്ച് (അല്‍അസ്വ്ര്‍). സമയം നല്ല നിലയില്‍ ഉപയോഗപ്പെടുത്തിയവന്‍ വിജയിച്ചു. അതില്‍ വീഴ്ച വരുത്തുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്തവന് ഒട്ടേറെ നന്മകള്‍ നഷ്ടപ്പെടും. അതുകൊണ്ടാണ് ഒരു ദിവസം ആരംഭിക്കുമ്പോള്‍ ഇപ്രകാരം പറയണമെന്ന് നബി(സ) നിര്‍ദേശിച്ചത്: എനിക്ക് എന്റെ ശരീരത്തില്‍ സൗഖ്യം നല്‍കുകയും, എന്റെ ആത്മാവിനെ എനിക്ക് തിരിച്ചു തരികയും തന്നെ സ്മരിക്കാന്‍ എനിക്ക് അനുമതി തരികയും ചെയ്ത അല്ലാഹുവിനാകുന്നു സര്‍വസ്തുതിയും.(1)

അല്ലാഹുവെ സ്മരിച്ചുകൊണ്ട് നാം ഒരു ദിവസം ആരംഭിക്കുകയും തുടര്‍ന്ന് നമ്മുടെ കര്‍മങ്ങളിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നത് അതിമനോഹരമായിരിക്കും. കാരണം ദിക്‌റിനുള്ള അവസരം ലഭിക്കുക എന്നത് അല്ലാഹുവിനെ അനുസരിക്കാന്‍ വേണ്ടി സമയം ഉപയോഗപ്പെടുത്തലാണ്. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ രാവും പകരും സ്മരിക്കാന്‍ നബി(സ) പ്രേരിപ്പിക്കുന്നു. നബി(സ) പറഞ്ഞു: പ്രഭാതമായാല്‍, അല്ലാഹുവേ, എനിക്ക് ലഭിച്ചിട്ടുള്ള അനുഗ്രങ്ങളെല്ലാം നിന്നില്‍ നിന്ന് മാത്രമാണ്. നിനക്ക് പങ്കാളില്ല. നിനക്കാണ് സ്തുതി. നിനക്കാണ് നന്ദി എന്ന് ഒരാള്‍ പറഞ്ഞാല്‍ അവന്‍ ആ പകലിലെ നന്ദി പ്രകാശിപ്പിച്ചിരിക്കുന്നു. അപ്രകാരം വൈകുന്നേരം ഒരാള്‍ പറഞ്ഞാല്‍ അയാള്‍ രാത്രിയിലെ നന്ദി രേഖപ്പെടുത്തിയിരിക്കുന്നു.(2)

മനുഷ്യന്റെ ഏറ്റവും അമൂല്യമായ മൂലധനമാണ് സമയം. അത് നഷ്ടപ്പെട്ടാല്‍ പിന്നെ തിരിച്ച് കിട്ടുകയില്ല. ദിനങ്ങളും വര്‍ഷങ്ങളും കടന്നുപോയിക്കൊണ്ടിരിക്കുന്നു. മനുഷ്യനാകട്ടെ രണ്ട് ഭയങ്ങള്‍ക്ക് മധ്യേ നിലകൊള്ളുകയാണ്. അതിലൊന്ന് ഭൂതകാലമാണ്. അതിനെ സംബന്ധിച്ച് അല്ലാഹു എന്ത് തീരുമാനമാണെടുക്കുക എന്നറിയില്ല. മറ്റൊന്ന് ഭാവികാലമാണ്. അതില്‍ അല്ലാഹു എന്താണ് ചെയ്യാന്‍ പോകുന്നതെന്നും അവനറിയില്ല. അതിനാല്‍ തന്റെ ലക്ഷ്യപൂര്‍ത്തീകരണത്തിനായി മനുഷ്യന്‍ തന്റെ സമയം ശരിയായ ആസൂത്രത്തോടെ വിനിയോഗിക്കട്ടെ. പിന്നീട് ചെയ്യാമെന്ന് കരുതി ജോലികള്‍ മാറ്റി വെക്കുകയും അങ്ങനെ സമയം പാഴാക്കുകയും ചെയ്താല്‍ ജോലികള്‍ കുമിഞ്ഞു കൂടും. നിശ്ചിത സമയത്ത് ഓരോന്നും ചെയ്തു തീര്‍ക്കുക എന്നത് എത്ര അനവദ്യസുന്ദരമാണ്. ഒരിക്കലും മനുഷ്യന്‍ തന്റെയും മറ്റുള്ളവരുടെയം സമയം നഷ്ടപ്പെടുത്തരുത്. ഇക്കാര്യത്തില്‍ വിജയം വരിച്ചവന്‍ തീര്‍ച്ചയായും വിജയികളുടെ കൂട്ടത്തിലായിരിക്കും. അവന്‍ ഖേദിക്കുന്നവരില്‍ പെടുകയില്ല. അവധിയെത്തിയാല്‍ പിന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമുണ്ടാവില്ല. അബൂഹുറൈറയില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: മരണപ്പെട്ട ഒരാളും ഖേദിക്കാതിരിക്കില്ല. സഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്താണ് അയാളുടെ സങ്കടം? നബി(സ) പറഞ്ഞു: സല്‍കര്‍മം ചെയ്തവനാണെങ്കില്‍ അത് കൂടുതല്‍ ചെയ്യാനായില്ലല്ലോ എന്ന് സങ്കടപ്പെടും. ദുഷ്‌കര്‍മിയാണെങ്കില്‍ തൗബയിലൂടെ തെറ്റുകളില്‍ നിന്ന് മുക്തി നേടിയില്ലല്ലോ എന്നതിനെ കുറിച്ചായിരിക്കും ദുഃഖം.(3)

സല്‍പ്രവര്‍ത്തനം ചെയ്തവന്‍ അവന് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ കാണുമ്പോള്‍ ഇനിയും വര്‍ധിപ്പിക്കാമായിരുന്നല്ലോ എന്ന് സങ്കടപ്പെടും. ദുഷ്‌കര്‍മം ചെയ്തവന്‍ ഞാന്‍ അത് ചെയ്തിരുന്നില്ലെങ്കില്‍ എന്ന് ആഗ്രഹിക്കും. അല്ലാഹു പറഞ്ഞു: അന്ന് മനുഷ്യന് എല്ലാം ഓര്‍മ വരും. ആ സമയത്ത് ഓര്‍മ വന്നിട്ടെന്തു കാര്യം? അവന്‍ പറയും: അയ്യോ, എന്റെ ഈ ജീവിതത്തിനാവശ്യമായിത് ഞാന്‍ നേരത്തെ ചെയ്തുവെച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ. (അല്‍ഫജ്ര്‍:23,24)

ഹസനുല്‍ ബസ്വ്‌രി പറഞ്ഞു: ഇഹലോകമെന്നാല്‍ മൂന്ന് ദിവസങ്ങളാണ്. ഒന്ന് ഇന്നലെയാണ്. അതിലുള്ളതുമായി അത് കടന്നുപോയി. രണ്ടാമത്തേത് നാളെയാണ്. അതിലേക്കെത്താന്‍ നിനക്ക് സാധിക്കണമെന്നില്ല. മൂന്നാമത്തേത് ഇന്നാണ്. ഇത് നിനക്കുളളതാണ്. ഇതില്‍ നീ കര്‍മനിരതനാവുക.

സ്വന്തത്തിനും മറ്റുള്ളവര്‍ക്കും പ്രയോജനകരമായ വിധത്തില്‍ സമയം ഉപയോഗപ്പെടുത്തണം. ദൈനംദിന ജോലികളും കര്‍മങ്ങളും കൃത്യമായി ആസൂത്രണം ചെയ്യണം. മുന്‍ഗണനാ ക്രമമനുസരിച്ച് കാര്യങ്ങള്‍ ചെയ്യണം.
    
അറിവ് നമ്മുടെ പരലോകവിജയത്തിന് മുതല്‍ക്കൂട്ടാവണം. കുറെ അറിവ് നേടുകയും അതിനനുസരിച്ച് ജീവിതത്തിന് തിളക്കവും മാറ്റും വര്‍ധിച്ചില്ലെങ്കില്‍ അത് നിഷ്ഫലമാണ്. അറിവിന്റെ പ്രാധാന്യവും അറിവുള്ളവരുടെ മഹത്വവും ഖുര്‍ആന്‍ പല രീതിയില്‍ വിശദീകരിച്ചിട്ടുണ്ട്. അറിവ് കൂടുന്നതിനുസരിച്ച് ജീവിതത്തില്‍ അത് ജീവിതത്തില്‍ അത് പ്രതിഫലിക്കണം. ഇല്ലായെങ്കില്‍ അതൊരു വിപത്തായി മാറും.

ധനസമ്പാദനവും ചെലഴിക്കലുമാണ് ചോദ്യം ചെയ്യലിന് വിധേയമാകുന്ന മറ്റൊന്ന്. അല്ലാഹു അനുവദിച്ച വിധത്തിലാണോ സമ്പാദിച്ചത്, അല്ലാഹു ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ക്കു വേണ്ടിയാണ് അത് വിനിയോഗിച്ചത് എന്നീ കാര്യങ്ങളാണ് പരിശോധിക്കപ്പെടുക. പലിശ, അഴിമതി, ചൂതാട്ടം, പിടിച്ചുപറി, മോഷണം തുടങ്ങിയ അവിഹിതസമ്പാദ്യങ്ങള്‍ നമ്മുടെയടുക്കലില്ല എന്ന് ഉറപ്പുവരുത്തണം. ധൂര്‍ത്ത്, ദുര്‍വ്യയം, താന്‍പോരിമ പ്രകടിപ്പിക്കല്‍, ഇതരരെ ദ്രോഹിക്കല്‍, അനര്‍ഹമായത് നേടല്‍, അനാവശ്യങ്ങള്‍ക്കായുള്ള ഉപയോഗം തുടങ്ങി പരലോകത്ത് പ്രതിയാക്കപ്പെടുന്ന വിധം നമ്മുടെ സമ്പത്ത് വിനിയോഗിച്ചിട്ടില്ലെന്നും.

നമ്മുടെ ശരീരവും ആരോഗ്യവും അല്ലാഹുവിന്റെ ദാനമാണല്ലോ. അതിനാല്‍ അവയും അല്ലാഹു തൃപ്തിപ്പെടുംവിധം ഉപയോഗപ്പെടുത്താന്‍ നാം ബാധ്യസ്ഥരാണ്. എന്തൊക്കെയാണ് ഈ ശരീരം ഉപയോഗിച്ച് ചെയ്തത്, ചെയ്യാന്‍ സാധിച്ചിട്ടും എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാതിരുന്നത് മുതലായ കാര്യങ്ങളൊക്കെ പരിശോധനക്ക് വിധേയമാക്കപ്പെടും.

ആയുസ്സും വിജ്ഞാനവും സമ്പത്തും ശരീരവും അല്ലാഹുവിങ്കല്‍ സ്വീകാര്യമാവുംവിധം ഉപയോഗപ്പെടുത്താനും അല്ലാഹു നമുക്ക് ഉതവി നല്‍കുമാറാകട്ടെ.

………………………..
1.    عَنْ أَبِى هُرَيْرَةَ رضى اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ -صلى الله عليه وسلم- قَالَ « إِذَا قَامَ أَحَدُكُمْ عَنْ فِرَاشِهِ ثُمَّ رَجَعَ إِلَيْهِ فَلْيَنْفُضْهُ بِصَنِفَةِ إِزَارِهِ ثَلاَثَ مَرَّاتٍ فَإِنَّهُ لاَ يَدْرِى مَا خَلَفَهُ عَلَيْهِ بَعْدَهُ فَإِذَا اضْطَجَعَ فَلْيَقُلْ بِاسْمِكَ رَبِّى وَضَعْتُ جَنْبِى وَبِكَ أَرْفَعُهُ فَإِنْ أَمْسَكْتَ نَفْسِى فَارْحَمْهَا وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ . فَإِذَا اسْتَيْقَظَ فَلْيَقُلِ الْحَمْدُ لِلَّهِ الَّذِى عَافَانِى فِى جَسَدِى وَرَدَّ عَلَىَّ رُوحِى وَأَذِنَ لِى بِذِكْرِهِ » (الترمذي)
2.    عَنْ عَبْدِ اللهِ بْنِ غَنَّامٍ الْبَيَاضِيِّ ، أَنَّ رَسُولَ اللهِ صلى الله عليه وسلم ، قَالَ : مَنْ قَالَ حِينَ يُصْبِحُ اللَّهُمَّ مَا أَصْبَحَ بِي مِنْ نِعْمَةٍ فَمِنْكَ وَحْدَكَ ، لاَ شَرِيكَ لَكَ ، فَلَكَ الْحَمْدُ ، وَلَكَ الشُّكْرُ ، فَقَدْ أَدَّى شُكْرَ يَوْمِهِ ، وَمَنْ قَالَ مِثْلَ ذَلِكَ حِينَ يُمْسِي فَقَدْ أَدَّى شُكْرَ لَيْلَتِهِ. (أبوداود)
3.    قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : مَا مِنْ أَحَدٍ يَمُوتُ إِلاَّ نَدِمَ ، قَالُوا : وَمَا نَدَامَتُهُ يَا رَسُولَ اللهِ ؟ قَالَ : إِنْ كَانَ مُحْسِنًا نَدِمَ أَنْ لاَ يَكُونَ ازْدَادَ ، وَإِنْ كَانَ مُسِيئًا نَدِمَ أَنْ لاَ يَكُونَ نَزَعَ (الترمذي)   

Related Articles