Current Date

Search
Close this search box.
Search
Close this search box.

ഈമാനും അമാനത്തും

ihthikaf1.jpg

عَنْ أَنَسِ بْنِ مَالِكٍ قَالَ : مَا خَطَبَنَا نَبِيُّ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلاَّ قَالَ : لاَ إِيمَانَ لِمَنْ لاَ أَمَانَةَ لَهُ ، وَلاَ دِينَ لِمَنْ لاَ عَهْدَ لَهُ. (أحمد)

അനസുബ്‌നു മാലികില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു: അമാനത്തുകള്‍ സൂക്ഷിക്കാന്‍ കഴിയാത്തവന് വിശ്വാസമില്ല, വാഗ്ദാനങ്ങള്‍ പാലിക്കാത്തവന് ദീനുമില്ല എന്ന് പറയാതെ പ്രവാചകന്‍ ഞങ്ങളോട് പ്രഭാഷണം നടത്തിയിട്ടില്ല. (അഹ്മദ്)

أَمَانَة : സത്യസന്ധത, വിശ്വസ്ത, ഉത്തരവാദിത്ത ബോധം
عَهْد : വാഗ്ദാനം, കരാര്‍ 

സത്യസന്ധതും വിശ്വസ്തതയും ഉത്തരവാദിത്ത ബോധവും ഒത്തുചേരുന്ന ഒന്നാണ് അമാനത്ത്. അത് മുസ്‌ലിമിന്റെ മുഖമുദ്രയാണ്. അതിന്റെ അഭാവത്തില്‍ ഈമാനുണ്ടെന്ന വാദം അപ്രസക്തമാണ്. മനുഷ്യര്‍ തമ്മിലുള്ള ജീവിത ഇടപാടുകള്‍ ശരിപ്പെടുത്തുന്നതില്‍ വിശ്വസ്തതക്കുള്ള പ്രാധാന്യം വളരെ വലുതാണല്ലോ. മറ്റുള്ളവര്‍ക്ക് കൊടുക്കേണ്ടതായ വല്ല അവകാശങ്ങളോ ബാധ്യതകളോ നമ്മുടെ പക്കല്‍ ഉണ്ടെങ്കില്‍ അവ യഥാവിധി നിറവേറ്റുക, അന്യന്റെ വല്ല രഹസ്യവും നമ്മെ സൂക്ഷിക്കാന്‍ ഏല്‍പിച്ചിട്ടുണ്ടെങ്കില്‍ അത് മറച്ചുവെക്കുക,  നമ്മോട് കൂടിയാലോചന നടത്തുന്നവര്‍ക്ക് ഗുണകാംക്ഷയോടെ അഭിപ്രായങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ശ്രമിക്കുക, പരസ്യപ്പെടുത്താന്‍ പാടില്ലാത്ത വിവരങ്ങള്‍ രഹസ്യമാക്കിത്തന്നെ സൂക്ഷിക്കുക, തൊഴിലാളി തന്റെ ജോലി നിശ്ചിത നിബന്ധനയനുസരിച്ച് ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കുക തുടങ്ങിയവയെല്ലാം വിശ്വസ്തയുടെ ഭാഗമാണ്.

അമാനത്തിന്റെ ഒരു അര്‍ഥം വിശ്വാസ യോഗ്യനാവുക എന്നാണ്. ഓരോ മുസ്‌ലിമും അമീന്‍ (വിശ്വസ്തന്‍) ആയിരിക്കണമെന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നു. പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് തന്നെ മുഹമ്മദ് നബി(സ) അല്‍അമീന്‍ എന്നായിരുന്നല്ലോ അറിയപ്പെട്ടിരുന്നത്. ഓരോ പ്രവാചകനും ആമുഖമായി തന്റെ സമൂഹത്തോട് പറഞ്ഞ പ്രധാന കാര്യമായി ഖുര്‍ആന്‍ എടുത്തുദ്ധരിക്കുന്ന ഒരു വാചകമാണ് ഇന്നീ ലകും റസൂലുന്‍ അമീന്‍ എന്നത്. എന്നെ നിങ്ങള്‍ക്ക് വിശ്വസിക്കാം എന്നര്‍ഥം.

അമാനത്തിന്റെ മറ്റൊരു ആശയം ഓരോന്നിനും അനുയോജ്യവും അര്‍ഹവുമായ സ്ഥാനം നല്‍കുക എന്നാണ്. ഒരു ഉദ്യോഗമോ പദവിയോ അത് അര്‍ഹിക്കുന്നവര്‍ക്ക് മാത്രമേ നല്‍കാവൂ. ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ അയാള്‍ തികച്ചും യോഗ്യനാവണം. ഏല്‍പിക്കപ്പെടുന്ന അമാനത്തിനോട് നീതി ചെയ്യാന്‍ ശേഷിയുണ്ടാവണം. ഭരണച്ചുമതലകളും സംഘടനയുടെയോ സ്‌കൂളിന്റെയോ മറ്റോ നേതൃപദവിയും അമാനത്തുകളാണ്.

അമാനത്തുകള്‍ പാലിക്കുന്നവര്‍ എന്നത് പരലോകവിജയം വരിക്കുന്ന വിശ്വാസികളുടെ ഒരു വിശേഷണമായി ഖുര്‍ആന്‍ പഠിപ്പിക്കുന്നു. അമാനത്ത് (വിശ്വസ്ത) വിനഷ്ടമാവാതിരിക്കാന്‍ അങ്ങേയറ്റം ജാഗ്രത പാലിക്കണമെന്നും ഇല്ലായെങ്കില്‍ കാലക്രമേണ അതില്ലാതാവുമെന്നും ഒന്ന് ഉറങ്ങിയെഴുന്നേല്‍ക്കുമ്പോഴേക്കും സംഗതികള്‍ മാറിമറിഞ്ഞിട്ടുണ്ടാവുമെന്നും പ്രവാചകന്‍ മുന്നറിയിപ്പുനല്‍കുന്നത് ബുഖാരിയും  മുസ്‌ലിമും ഉദ്ധരിച്ച ഹദീസില്‍ കാണാം.

ഹുദൈഫ നിവേദനം ചെയ്യുന്നു: നബി(സ) ഞങ്ങളോട് രണ്ട് കാര്യങ്ങള്‍ പ്രവചിച്ചു. അവയില്‍ ഒന്ന് ഞാന്‍ നേരില്‍ കണ്ടു. മറ്റേത് പ്രതീക്ഷിച്ചിരിക്കുകയാണ്. അവിടുന്ന് ഇതാണ് ഞങ്ങളോട് പറഞ്ഞത്: ‘അമാനത്ത് ജനഹൃദയങ്ങളുടെ അടിത്തട്ടില്‍ അവതരിച്ചു (മനുഷ്യമനസ്സില്‍ അന്തര്‍ലീനമാണ്). പിന്നെ ഖുര്‍ആന്‍ അവതരിച്ചു. അവര്‍ ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും (അതുസംബന്ധമായ)കാര്യങ്ങള്‍ മനസ്സിലാക്കി’. പിന്നെ അമാനത്ത് ഉയര്‍ത്തപ്പെടുന്നതിനെ കുറിച്ച് അവിടുന്ന് ഞങ്ങളോട് പറഞ്ഞു: ‘ഒരാള്‍ ഉറങ്ങുമ്പോഴായിരിക്കും അയാളുടെ ഹൃദയത്തില്‍ നിന്ന് അമാനത്തിനെ പിടികൂടുക. അമാനത്തിന്റെ നിറം മങ്ങിയ അടയാളം മാത്രം ബാക്കിയാവും. വീണ്ടും അയാള്‍ ഉറങ്ങും. അപ്പോഴും അയാളുടെ ഹൃദയത്തില്‍ നിന്ന് (ബാക്കിയുള്ള) അമാനത്തിനെ പിടിക്കും. പിന്നെ ഒരു കുമിള മാത്രമേ ശേഷിക്കൂ. ഒരു തീക്കനലെടുത്ത് കാലില്‍ ഉരുട്ടിയാല്‍ പൊള്ളലേറ്റ് ഉണ്ടാവുന്ന കുമിള പോലെ. അത് വീര്‍ത്തിരിക്കുന്നതായി നിനക്ക് കാണാം. എന്നാല്‍ അതിനകത്ത് ഒന്നുമുണ്ടാകില്ല’. അനന്തരം പ്രവാചകന്‍ ഒരു ചരല്‍ക്കല്ലെടുത്ത് തന്റെ കാലില്‍ ഉരുട്ടി. നബി തുടര്‍ന്നു: ‘ജനം ക്രമയവിക്രയത്തില്‍ ഏര്‍പ്പെടുമ്പോള്‍ അവരില്‍ ഒരാളും വിശ്വസ്തത പുലര്‍ത്തുന്നവരായി ഉണ്ടാവുകയില്ല. എത്രത്തോളമെന്നാല്‍ ഇന്ന കുടുംബത്തില്‍ ഒരു വിശ്വസ്തനുണ്ടെന്ന് ആളുകള്‍ പറയാന്‍ തുടങ്ങും. മറ്റൊരാളെപ്പറ്റി എത്ര ക്ഷമയുള്ളവന്‍, എത്ര സമര്‍ഥന്‍, എത്ര ബുദ്ധിമാന്‍ എന്നൊക്കെ പറയപ്പെടും. പക്ഷേ അയാളുടെ ഹൃദയത്തില്‍ ഒരു കടുക് മണിത്തൂക്കം പോലും ഈമാന്‍ ഉണ്ടാവുകയില്ല’.

ചതിയും വഞ്ചനയും അഴിമതിയും പിടിച്ചുപറിയുമെല്ലാം നാടുവാഴുന്ന ഒരു കാലഘട്ടമുണ്ടാവുമെന്നും അന്ന് വിശ്വസ്തരായ ആളുകള്‍ ഉണ്ടെന്ന് കേള്‍ക്കുന്നത് തന്നെ ഒരു അദ്ഭുത വാര്‍ത്തയായിരിക്കുമെന്നും കൊള്ളാവുന്നവര്‍ എന്ന് ജനം വിചാരിക്കുന്നവരില്‍ പലരുടെയും ഉള്ള് പൊള്ളയായിരിക്കുമെന്നും അവര്‍ വെറും ബലൂണുകള്‍ പോലെയായിരിക്കുമെന്നും അതിനാല്‍ അമാനത്ത് സംരക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇതിലൂടെ പ്രവാചകന്‍ ഉണര്‍ത്തുന്നു. ഉദ്യോഗങ്ങളും അധികാരങ്ങളും തോന്നിയപോലെ വീതിച്ചെടുക്കല്‍, വിശ്വാസ യോഗ്യരായ വ്യക്തികളെ തഴഞ്ഞ് പകരം അയോഗ്യരും അനര്‍ഹരും നിയമിക്കപ്പെടല്‍, വിശ്വസ്തര്‍ വഞ്ചകരെന്നും വഞ്ചകര്‍ വിശ്വസ്തരെന്നും മുദ്രകുത്തപ്പെടല്‍, ആരെയും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാവല്‍ തുടങ്ങിയവയെല്ലാം അമാനത്തിന് സ്ഥാനം നഷ്ടപ്പെടുന്നതിന്റെ അടയാളങ്ങളാണ്.

Related Articles