Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമും സന്നദ്ധസേവനവും

helping-others.jpg

عَنْ أَبِى مُوسَى الأَشْعَرِىِّ قَالَ: قَالَ رَسُولُ اللَّهِ -صلى الله عليه وسلم-: “عَلَى كُلِّ مُسْلِمٍ صَدَقَةٌ” . فَقَالُوا: يَا نَبِىَّ اللَّهِ فَمَنْ لَمْ يَجِدْ قَالَ: “يَعْمَلُ بِيَدِهِ فَيَنْفَعُ نَفْسَهُ وَيَتَصَدَّقُ” . قَالُوا: فَإِنْ لَمْ يَجِدْ قَالَ: “يُعِينُ ذَا الْحَاجَةِ الْمَلْهُوفَ”. قَالُوا: فَإِنْ لَمْ يَجِدْ . قَالَ: “فَلْيَعْمَلْ بِالْمَعْرُوفِ ، وَلْيُمْسِكْ عَنِ الشَّرِّ فَإِنَّهَا لَهُ صَدَقَةٌ.”

അബൂമൂസല്‍ അശ്അരിയില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഓരോ മുസ്‌ലിമും ദാനം ചെയ്യേണ്ടതുണ്ട്. അപ്പോള്‍ സഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഒരാളുടെ കൈവശം അതിന് ഒന്നും ലഭ്യമല്ലെങ്കിലോ? അവിടുന്ന് പറഞ്ഞു: തന്റെ കൈകള്‍ കൊണ്ട് അധ്വാനിക്കുക, എന്നിട്ട് സ്വന്തത്തിന് വേണ്ടി ഉപയോഗിക്കുക, ദാനവും ചെയ്യുക. അവര്‍ ചോദിച്ചു: അതിന് കഴിഞ്ഞില്ലെങ്കിലോ? അവിടുന്ന് പറഞ്ഞു: അവന്‍ ആലംബഹീനനായ ആവശ്യക്കാരനെ സഹായിക്കുക. അവര്‍ ചോദിച്ചു: അതിനും സാധിച്ചില്ലെങ്കിലോ? അവിടുന്ന് പറഞ്ഞു: നല്ലതു പ്രവര്‍ത്തിക്കുകയും തിന്മയില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്യുക.  നിശ്ചയം അത് സ്വദഖയാണ്. (ബുഖാരി)

ജനങ്ങളുടെ കൂട്ടത്തില്‍ നന്മയുടെ താക്കോലുകളായ ചിലരുണ്ട്. അല്ലാഹു അവര്‍ക്കേകിയ ആരോഗ്യം, സമ്പത്ത്, സമയം, നൈസര്‍ഗിക ശേഷികള്‍ തുടങ്ങിയ അനുഗ്രഹങ്ങള്‍ അവനെ അനുസരിക്കാനായി അവര്‍ ഉപയോഗപ്പെടുത്തുന്നു. സല്‍കര്‍മങ്ങള്‍ക്കായി അവര്‍ അത് വിനിയോഗിക്കുന്നു. നന്മയില്‍ ഉല്‍സാഹം കാണിക്കുന്നു. അല്ലാഹു പറയുന്നു: അവരത്രെ നന്മകളില്‍ ധൃതിപ്പെട്ട് മുന്നേറുന്നവര്‍. അവരത്രെ അവയില്‍ മുമ്പേ ചെന്നെത്തുന്നവരും. (അല്‍മുഅ്മിനൂന്‍: 61)

അല്ലാഹു മനുഷ്യനെ ഭൂമിയില്‍ പ്രതിനിധിയാക്കി. മറ്റുള്ളവര്‍ക്കായി സേവനങ്ങള്‍ ചെയ്യാന്‍ കല്‍പിച്ചു. അത് ലോകരക്ഷിതാവിലേക്കടുക്കാനും ഇഹപരവിജയം കരസ്ഥമാക്കാനുമുള്ള ശ്രേഷ്ഠ മാര്‍ഗമായി ഗണിച്ചു. ഖുര്‍ആന്‍ പറയുന്നു: സത്യവിശ്വാസികളേ നിങ്ങള്‍ കുമ്പിടുകയും സാഷ്ടാംഗം ചെയ്യുകയും, നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുകയും, നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. (അല്‍ഹജ്ജ്: 77)

പണ്ഡിതന്മാര്‍ പറഞ്ഞു: എല്ലാ സല്‍കര്‍മങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു സൂക്തമാണിത്. അല്ലാഹുവിന്റെ സൃഷ്ടികളോടുള്ള സ്‌നേഹവും അഗതികളെയും ദരിദ്രരെയും ആശ്വസിപ്പിക്കലും ദാനധര്‍മങ്ങളും നല്ല വര്‍ത്തമാനങ്ങളുമെല്ലാം അതില്‍ പെട്ടതാണ്.(തഫ്‌സീറുല്‍ ഖാസിന്‍)

അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കി ജനങ്ങളെ സഹായിക്കുക, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുക, അവരില്‍ നിന്ന് ദ്രോഹം തടയുക, ദുരിതബാധിതരുടെ പ്രയാസങ്ങള്‍ കണ്ണീരൊപ്പുക തുടങ്ങിയവ സന്നദ്ധസേവനങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. ഭൗതികമായ നേട്ടങ്ങള്‍ ലക്ഷ്യമാക്കാതെ ചെയ്യുന്ന അത്തരം കര്‍മങ്ങള്‍ക്ക് വലിയ മൂല്യമാണ് അല്ലാഹു കല്‍പിക്കുന്നത്. അത്തരക്കാരുടെ നിലപാടിനെ കുറിച്ച്അല്ലാഹു പറഞ്ഞു: (അവര്‍ പറയും) അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. (അല്‍ഇന്‍സാന്‍: 9)

ജനങ്ങള്‍ക്ക് ഏറ്റവും പ്രയോജനപ്പെടുന്നവനാണ് അവരില്‍ ഉത്തമന്‍. പ്രവാചകന്മാരും സച്ചരിതരും നല്‍കുന്ന പാഠമാണത്. നമ്മുടെ മാതൃകാ പുരുഷനായ മുഹമ്മദ് നബി(സ) ആദ്യമായി വഹ്‌യ് ലഭിച്ച ശേഷം ഖദീജയുടെ അടുക്കലെത്തി പറഞ്ഞു: എനിക്ക് വല്ല ആപത്തും സംഭവിക്കാന്‍ പോവുകയാണോ എന്നു ഞാന്‍ ഭയപ്പെടുന്നു. ഖദീജ പറഞ്ഞു: ഇല്ല, അങ്ങ് സന്തോഷിക്കുക. അല്ലാഹുവാണ് സത്യം, അല്ലാഹു അങ്ങയെ ഒരിക്കലും അപമാനിക്കുകയില്ല. കാരണം, അങ്ങ് കുടുംബബന്ധം പുലര്‍ത്തുകയും സത്യം പറയുകയും മറ്റുള്ളവരുടെ ഭാരം ചുമക്കുകയും അഗതികള്‍ക്ക് വേണ്ടി അത്യധ്വാനം ചെയ്യുകയും അതിഥികളെ സല്‍ക്കരിക്കുകയും ആപത്ത് ബാധിച്ചവരെ സഹായിക്കുകയും ചെയ്യുന്നവനാണല്ലോ.(1)

മൂസാ നബി(അ), ശുഐബ് നബിയുടെ രണ്ട് പെണ്‍മക്കള്‍ക്കു വേണ്ടി ആടുകള്‍ക്ക് വെള്ളം കൊടുത്തത് ഒരു സേവനമായിരുന്നു. അതിനെ കുറിച്ച് അല്ലാഹു പറയുന്നു: മദ്‌യനിലെ ജലാശയത്തിങ്കല്‍ അദ്ദേഹം ചെന്നെത്തിയപ്പോള്‍ ആടുകള്‍ക്ക് വെള്ളം കൊടുത്തുകൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളെ അതിന്നടുത്ത് അദ്ദേഹം കണ്ടെത്തി. അവരുടെ ഇപ്പുറത്തായി (തങ്ങളുടെ ആട്ടിന്‍ പറ്റത്തെ) തടഞ്ഞുനിര്‍ത്തിക്കൊണ്ടിരിക്കുന്ന രണ്ട് സ്ത്രീകളെയും അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു: എന്താണ് നിങ്ങളുടെ പ്രശ്‌നം? അവര്‍ പറഞ്ഞു: ഇടയന്‍മാര്‍ (ആടുകള്‍ക്ക് വെള്ളം കൊടുത്ത്) തിരിച്ചുകൊണ്ടുപോകുന്നതുവരെ ഞങ്ങള്‍ക്ക് വെള്ളം കൊടുക്കാനാവില്ല. ഞങ്ങളുടെ പിതാവാകട്ടെ വലിയൊരു വൃദ്ധനുമാണ്. അങ്ങനെ അവര്‍ക്കുവേണ്ടി അദ്ദേഹം (അവരുടെ കാലികള്‍ക്ക്) വെള്ളം കൊടുത്തു. (അല്‍ഖസ്വസ്വ്: 23 – 24)

ജനങ്ങളില്‍ നിന്ന് യാതൊരു പ്രതിഫലം സ്വീകരിക്കാതെ സേവനമായിക്കൊണ്ട് രണ്ട് മലകള്‍ക്കിടയില്‍ ഒരു വന്‍മതില്‍ പണിതുകൊടുത്തു ദുല്‍ഖര്‍നൈന്‍. ഖുര്‍ആന്‍ പറയുന്നു: അവര്‍ പറഞ്ഞു: ഹേ, ദുര്‍ഖര്‍നൈന്‍, തീര്‍ച്ചയായും യഅ്ജൂജ് മഅ്ജൂജ് വിഭാഗങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഞങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ താങ്കള്‍ ഒരു മതില്‍ക്കെട്ട് ഉണ്ടാക്കിത്തരണമെന്ന വ്യവസ്ഥയില്‍ ഞങ്ങള്‍ ഞങ്ങള്‍ താങ്കള്‍ക്ക് ഒരു കരം നിശ്ചയിച്ച് തരട്ടെയോ? (അല്‍കഹ്ഫ്: 94)

എന്നാല്‍ അവരില്‍ നിന്ന് പ്രതിഫലം സ്വീകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. ഒരു സേവനമായി അത് നിര്‍മിച്ചുകൊടുക്കാന്‍ അദ്ദേഹം തയ്യാറായി. അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ് എനിക്ക് അധീനപ്പെടുത്തിത്തന്നിട്ടുള്ളത് (അധികാരവും സമൃദ്ധിയും) (നിങ്ങള്‍ നല്‍കുന്നതിനേക്കാളും) ഉത്തമമാകുന്നു. എന്നാല്‍ (നിങ്ങളുടെ ശാരീരിക) ശക്തികൊണ്ട് നിങ്ങളെന്നെ സഹായിക്കുവിന്‍. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഞാന്‍ ബലവത്തായ ഒരു മതിലുണ്ടാക്കിത്തരാം (അല്‍കഹ്ഫ്: 95)

ജനസേവനത്തിന്റെ മൂല്യം തിരിച്ചറിഞ്ഞവരായിരുന്നു സഹാബികള്‍. എല്ലാ നല്ല കാര്യങ്ങള്‍ക്കും അവര്‍ മുന്‍പന്തിയിലിലുണ്ടായിരുന്നു. സല്‍കര്‍മങ്ങളില്‍ മല്‍സരിക്കുകയായിരുന്നു അവര്‍. തന്റെ സമയത്തിന്റെയും അധ്വാനത്തിന്റെയും നല്ലൊരു ശതമാനം സേവനങ്ങള്‍ക്കായി മാറ്റിവെച്ച വ്യക്തിയായിരുന്നു അബൂബക്ര്‍(റ). അബൂഹുറൈറ പറയുന്നു: ഒരു ദിവസം നബി(സ) ചോദിച്ചു: നിങ്ങളില്‍ ആരാണ് ഇന്ന് നോമ്പെടുത്തിട്ടുള്ളത്? അബൂബക്ര്‍(റ) പറഞ്ഞു: ഞാന്‍. നബി(സ) ചോദിച്ചു: നിങ്ങളുടെ കൂട്ടത്തില്‍ ഇന്ന് ഏതെങ്കിലും ജനാസയെ അനുഗമിച്ച ആരെങ്കിലുമുണ്ടോ? അബൂബക്ര്‍(റ) പറഞ്ഞു: ഞാന്‍. നബി(സ) ചോദിച്ചു: നിങ്ങളുടെ കൂട്ടത്തില്‍ ഇന്ന് ഒരഗതിക്ക് അന്നം നല്‍കിയ ആരെങ്കിലുമുണ്ടോ? അബൂബക്ര്‍(റ) പറഞ്ഞു: ഞാന്‍. നബി(സ) ചോദിച്ചു: നിങ്ങളുടെ കൂട്ടത്തില്‍ ഇന്ന് ഒരു രോഗിയെ സന്ദര്‍ശിച്ച ആരെങ്കിലുമുണ്ടോ? അബൂബക്ര്‍(റ) പറഞ്ഞു ഞാന്‍. അന്നേരം നബി(സ) പറഞ്ഞു: ഈ കാര്യങ്ങളെല്ലാം ഒരാളിലുണ്ടെങ്കില്‍ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാതിരിക്കില്ല.(2)

സേവനപ്രവര്‍ത്തനങ്ങള്‍ നിരവധിയുണ്ടെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചു ചെയ്യുന്ന സേവനപ്രവര്‍ത്തനങ്ങളെല്ലാം അത് വാക്കാവട്ടെ, പ്രവൃത്തിയാവട്ടെ സ്വദഖയായി അല്ലാഹു രേഖപ്പെടുത്തും. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അതവന് ദൈവസാമീപ്യവും ഔന്നത്യവും നേടിക്കൊടുക്കും. അല്ലാഹു പറഞ്ഞു: നിങ്ങളുടെ സമ്പത്തുകളും നിങ്ങളുടെ സന്താനങ്ങളുമൊന്നും നമ്മുടെ അടുക്കല്‍ നിങ്ങള്‍ക്ക് സാമീപ്യം ഉണ്ടാക്കിത്തരുന്നവയല്ല. വിശ്വസിക്കുകയും നല്ലത് പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അത്തരക്കാര്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഇരട്ടി പ്രതിഫലമുണ്ട്. അവര്‍ ഉന്നത സൗധങ്ങളില്‍ നിര്‍ഭയരായി കഴിയുന്നതുമാണ്. (സബഅ്: 37)

സേവനപ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ കെട്ടുറപ്പുള്ളതും സ്‌നേഹസമ്പന്നവുമാക്കുന്നു. നബി(സ) പറഞ്ഞു: പരസ്പര സ്‌നേഹത്തിലും കാരുണ്യത്തിലും കനിവിലുമുള്ള വിശ്വാസികളുടെ ഉപമ ഒരു ശരീരം പോലെയാണ്. ഏതെങ്കിലും ഒരവയവത്തിന് വല്ല അസുഖവും ബാധിച്ചാല്‍ ശരീരത്തിലെ മറ്റു ഭാഗങ്ങള്‍ പനിപിടിച്ചും ഉറക്കമിളച്ചും അതിനോട് അനുഭാവം പുലര്‍ത്തും.(3)

പരസ്പര സഹായത്തെ ചിഹ്നമായി സ്വീകരിച്ച ഭദ്രമായ ഒരു സമൂഹത്തിലാണ് ഞങ്ങള്‍ ജീവിക്കുന്നതെന്ന് ദരിദ്രനും അഗതിയും അനാഥനും വിധവയും എപ്പോള്‍ തിരിച്ചറിയുന്നുവോ അപ്പോള്‍ ആ സമൂഹത്തിലെ അംഗങ്ങളോട് അവരില്‍ സ്‌നേഹം ജനിക്കും. അവരുടെ സല്‍പ്രവൃത്തികളെ അവര്‍ പ്രശംസിക്കും. അബൂദര്‍റില്‍ നിന്ന് നിവേദനം. ഒരാള്‍ ഒരു തിരുദൂതരോട് ചോദിച്ചു: ഒരാള്‍ ഒരു സല്‍കര്‍മം ചെയ്യുകയും അതിന്റെ പേരില്‍ ജനങ്ങള്‍ അയാളെ പ്രശംസിക്കുകയും ചെയ്യുന്നതിനെ സംബന്ധിച്ച് താങ്കളുടെ അഭിപ്രായമെന്താണ്? നബി(സ) പറഞ്ഞു: അത് സത്യവിശ്വാസിക്ക് ഉടനെ ലഭിക്കുന്ന സന്തോഷമാണ്.(4)

അപടകങ്ങളും അത്യാഹിതങ്ങളും സംഭവിക്കുമ്പോള്‍ സന്നദ്ധസേവനങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളിലുള്ള സന്നദ്ധപ്രവര്‍ത്തനങ്ങളും നിര്‍ലോഭമായ സാമ്പത്തിക സഹായങ്ങളും പ്രതീക്ഷകള്‍ വളര്‍ത്തുകയും കാരുണ്യം വ്യാപകമാക്കുകയും ദുഃഖങ്ങള്‍ അകറ്റുകയും ദുരിതങ്ങള്‍ നീക്കുകയും ചെയ്യും. മാനവസമൂഹത്തിലാകമാനം അതൊരു നന്മയായി പ്രതിഫലിക്കും. എല്ലാവര്‍ക്കും അതിന്റെ പ്രയോജനം ലഭിക്കും. സമ്പത്ത് നല്‍കുന്നവര്‍ക്കും തന്റെ ബുദ്ധിയും അധ്വാനവും കൊണ്ട് സന്നദ്ധസേവനം നിര്‍വഹിക്കുന്നവര്‍ക്കും വലിയ ആശ്വാസവും സമാധാനവും അനുഭവപ്പെടും. നന്മയുടെ പ്രതിഫലം നന്മയല്ലാതെ മറ്റെന്തെങ്കിലുമാണോ? കര്‍മാനുസൃതമായിരിക്കും അതിന് ലഭിക്കുന്ന പ്രതിഫലം. നബി(സ) പറഞ്ഞു: ആരെങ്കിലും ഒരു സത്യവിശ്വാസിയുടെ ഐഹികമായ വിഷമങ്ങളില്‍ ഒരു വിഷമത്തിന് ആശ്വാസം നല്‍കിയാല്‍ അന്ത്യനാളിലെ വിഷമങ്ങളില്‍ പെട്ട ഒരു വിഷമത്തില്‍ നിന്ന് അല്ലാഹു അയാള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. പ്രയാസം അനുഭവിക്കുന്ന ഒരാള്‍ക്ക് ആരാണോ ആശ്വാസം നല്‍കുന്നത് അയാള്‍ക്ക് അല്ലാഹു ഇഹത്തിലും പരത്തിലും ആശ്വാസം നല്‍കുന്നതാണ്. ഒരു മുസ്‌ലിമിന്റെ രഹസ്യം ആരെങ്കിലും മറച്ചുവെച്ചാല്‍ ഇഹത്തിലും പരത്തിലും അയാളുടെ രഹസ്യം അല്ലാഹുവും മറച്ചുവെക്കുന്നതാണ്. അല്ലാഹുവിന്റെ ദാസന്‍ തന്റെ സഹോദരനെ സഹായിക്കുന്ന കാലത്തോളം അല്ലാഹു തന്റെ ദാസനെയും സഹായിച്ചുകൊണ്ടിരിക്കും.(5)

………………….
1…….. لَقَدْ خَشِيتُ عَلَى نَفْسِى ». قَالَتْ لَهُ خَدِيجَةُ كَلاَّ أَبْشِرْ فَوَاللَّهِ لاَ يُخْزِيكَ اللَّهُ أَبَدًا وَاللَّهِ إِنَّكَ لَتَصِلُ الرَّحِمَ وَتَصْدُقُ الْحَدِيثَ وَتَحْمِلُ الْكَلَّ وَتَكْسِبُ الْمَعْدُومَ وَتَقْرِى الضَّيْفَ وَتُعِينُ عَلَى نَوَائِبِ الْحَقِّ…… (متفق عليه).
2.عَنْ أَبِى هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « مَنْ أَصْبَحَ مِنْكُمُ الْيَوْمَ صَائِمًا ». قَالَ أَبُو بَكْرٍ أَنَا. قَالَ « فَمَنْ تَبِعَ مِنْكُمُ الْيَوْمَ جَنَازَةً ». قَالَ أَبُو بَكْرٍ أَنَا. قَالَ « فَمَنْ أَطْعَمَ مِنْكُمُ الْيَوْمَ مِسْكِينًا ». قَالَ أَبُو بَكْرٍ أَنَا. قَالَ « فَمَنْ عَادَ مِنْكُمُ الْيَوْمَ مَرِيضًا ». قَالَ أَبُو بَكْرٍ أَنَا. فَقَالَ رَسُولُ اللَّهِ -صلى الله عليه وسلم- « مَا اجْتَمَعْنَ فِى امْرِئٍ إِلاَّ دَخَلَ الْجَنَّةَ » (مسلم).
3.عَنِ النُّعْمَانِ بْنِ بَشِيرٍ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « مَثَلُ الْمُؤْمِنِينَ فِى تَوَادِّهِمْ وَتَرَاحُمِهِمْ وَتَعَاطُفِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى ». (متفق عليه).
4.عَنْ أَبِي ذَرٍّ قَالَ قِيلَ لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَرَأَيْتَ الرَّجُلَ يَعْمَلُ الْعَمَلَ مِنْ الْخَيْرِ وَيَحْمَدُهُ النَّاسُ عَلَيْهِ قَالَ تِلْكَ عَاجِلُ بُشْرَى الْمُؤْمِنِ (مسلم).
5.عَنْ أَبِى هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا نَفَّسَ اللَّهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ وَمَنْ يَسَّرَ عَلَى مُعْسِرٍ يَسَّرَ اللَّهُ عَلَيْهِ فِى الدُّنْيَا وَالآخِرَةِ وَمَنْ سَتَرَ مُسْلِمًا سَتَرَهُ اللَّهُ فِى الدُّنْيَا وَالآخِرَةِ وَاللَّهُ فِى عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِى عَوْنِ أَخِيهِ (مسلم).

Related Articles