Current Date

Search
Close this search box.
Search
Close this search box.

ഇമാം മുസ്‌ലിം: മഹാനായ ഹദീസ് പണ്ഡിതന്‍

muslim.jpg

ഹദീസ് സാഹിത്യത്തിലെ രണ്ടാമത്തെ പ്രമുഖനാണ് ഇമാം മുസ്‌ലിം. ഖുശൈരി എന്ന അറബി ഗോത്രത്തില്‍ റബീഹ് കുടുംബത്തില്‍ ഹി. 202 ലാണ് ജനനം. ഒരു ഉത്തമ കുടുംബാംഗമായ മുസ്‌ലിം ഒരു ഭക്ത സമൂഹത്തിലാണ് വളര്‍ന്നത്. മാതാപിതാക്കളില്‍ നിന്നു തന്നെ വിശുദ്ധ ഖുര്‍ആനും അടിസ്ഥാന ഇസ്‌ലാമിക വിദ്യാഭ്യാസവും നേടിയ മുസ്‌ലിം, പതിനാലാം വയസ്സില്‍ തന്നെ നിസാപൂരില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടി. ഇമാം സുഹ്‌രി അക്കാലത്തെ വിജ്ഞാന കേന്ദ്രമായിരുന്നു.

സ്വദേശത്തു നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, ഈജിപ്ത്, സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. അവിടെ നിന്ന് ഹദീസ് ശേഖരിക്കുകയും, അഹ്മദ് ബിന്‍ ഹമ്പല്‍, ഇസ്ഹാഖ് ബിന്‍ റാഹവൈഹി, ഉബൈദുല്ലാ ഖവാരീരി, ഖുതൈബ ബിന്‍ സൈദ്, അബ്ദുല്ല ബിന്‍ മസ്‌ലമ, ഇമാം ശാഫിയുടെ ശിഷ്യനായ ഹര്‍മല ബിന്‍ യഹ്‌യ തുടങ്ങിയ പണ്ഡിതന്മാരുടെ ക്ലാസ്സുകളില്‍ പങ്കെടുക്കുകയും ചെയ്തു. പല തവണ ബഗ്ദാദ് സന്ദശിക്കുകയും അവിടെ പ്രഭാഷണം നടത്താന്‍ സന്ദര്‍ഭം ലഭിക്കുകയും ചെയ്തു. മരിക്കുന്നതിന്നു രണ്ടു വര്‍ഷം മുമ്പായിരുന്നു അവസാനമായി ബഗ്ദാദ് സന്ദര്‍ശിച്ചത്.

ഹദീസ് ശേഖരിച്ച ശേഷം നിസാപൂരില്‍ താമസമാക്കി. അവിടെ വെച്ചായിരുന്നു ഇമാം ബുഖാരിയുമായി ബന്ധപ്പെടുന്നത്. അദ്ദേഹത്തിന്റെ വിപുലമായ വിജ്ഞാനവും പ്രവാചകന്റെ ഹദീസിനെ കുറിച്ച അഗാധ ജ്ഞാനവും മനസ്സിലാക്കിയ മുസ്‌ലിം, അദ്ദേഹത്തിന്റെ മരണം വരെ അദ്ദേഹവുമായി ബന്ധപ്പെട്ടു കഴിയുകയായിരുന്നു.
നൂറുക്കണക്കില്‍ നിവേദകരില്‍ നിന്നായി മൂന്നു ലക്ഷം ഹദീസുകള്‍ അദ്ദേഹം ശേഖരിച്ചതായി പറയപ്പെടുന്നു. ശേഖരിച്ച ഹദീസുകളെ ശുദ്ധി ചെയ്യുകയെന്ന ശ്രമകരമായ ജോലിയും അദ്ദേഹം നിര്‍വഹിച്ചു.

ഹദീസുകളെ എല്ലാ വശങ്ങളിലൂടെയും പരിശോധിക്കുന്നതില്‍ കണിശക്കാരനായിരുന്നു ഇമാം മുസ്‌ലിം. അങ്ങനെ, ഏകദേശം, നാലായിരത്തോളം ഹദീസുകള്‍, തന്റെ ഗ്രന്ഥത്തിലേക്കദ്ദേഹം സംശോധന ചെയ്‌തെടുത്തു. മൊത്തം 7190 നിവേദനങ്ങളടങ്ങിയ അത്, 43 ഭാഗങ്ങളായി തിരിക്കുകയാണുണ്ടായത്. ആവര്‍ത്തനമില്ലാത്ത 2,200 ഹദീസുകള്‍ സഹീഹ് മുസ്‌ലിമിലുണ്ടെന്ന് മുന്ദിര്‍ അഭിപ്രായപ്പെടുന്നു. സിഹാഹു സിത്തയില്‍ നിവേദനം ചെയ്യപ്പെട്ട 1400 ആധികാരിക ഹദീസുകള്‍ അതിലുണ്ടെന്ന് മുഹമ്മദ് അമീന്‍ അഭിപ്രായപ്പെടുന്നു.

ഈ ഗ്രന്ഥത്തിന്റെ രചനക്ക് ദീര്‍ഘമായ കാലമാണ് ഇമാം എടുത്തത്. 15 വര്‍ഷത്തോളം, ഗ്രന്ഥ രചനയില്‍ അദ്ദേഹത്തെ സഹായിക്കാന്‍ മാത്രം, സതീര്‍ത്ഥനായ അബൂ ശൈമ അദ്ദേഹത്തില്‍ ആകൃഷ്ടനായിരുന്നു. തന്റെ കൃതിയില്‍, ‘ഹദ്ദസനാ’ എന്നു പറയുന്നത് ഗുരുനാഥന്മാര്‍ തനിക്ക് ഉദ്ദരിച്ചു തന്നതും, ‘അഖ്ബറനാ’ എന്നു പറയുന്നത് താന്‍ അവര്‍ക്ക് വായിച്ചു കേള്‍പിച്ചതുമാണെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.

ദീര്‍ഘമായൊരു മുഖവുര തന്നെ ഗ്രന്ഥത്തില്‍ അദ്ദേഹം ചേര്‍ത്തിട്ടുണ്ട്. തന്റെ ഗ്രന്ഥത്തിലേക്ക് ഹദീസ് തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡവും ഹദീസ് നിവേദന – സ്വീകരണ സംബന്ധമായ വിവരങ്ങളും ഈ മുഖവുരയില്‍ ഇമാം വിവരിച്ചിട്ടുണ്ട്. കൈയെഴുത്തു പ്രതി പൂര്‍ത്തിയായ ശേഷം, ഒത്തു നോക്കുന്നതിന്നായി, റയ്യിലെ പ്രമുഖ ഹദീസ് പണ്ഡിതന്‍ അബൂ സഹീരിന്ന് അദ്ദേഹം അത് സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ഇമാം സ്വീകരിക്കുകയും ചെയ്തു.

സഹീഹ് ബുഖാരി കഴിഞ്ഞാല്‍ ഏറ്റവും ആധികാരിക ഹദീസ് ഗ്രന്ഥമായാണ്, സഹീഹ് മുസ്‌ലിം പരിചയപ്പെടുത്തപെടുന്നത്. പ്രമുഖ പണ്ഡിതര്‍ ഇതിന്നെഴുതിയ വ്യാഖ്യാനങ്ങള്‍ മുപ്പതില്‍ കവിയും. അബ്ദുറഹ്മാന്‍ സിദ്ദീഖി ഉര്‍ദുവിലേക്കും, അബ്ദുല്‍ ഹമീദ് സിദ്ദീഖി ഇംഗ്ലീഷിലേക്കും സഹീഹ് മുസ്‌ലിം പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
സഹീഹ് മുസ്‌ലിമിന്നു പുറമെ ഹദീസ് സാഹിത്യത്തില്‍ മറ്റു ചില കൃതികളും ഇമാം മുസ്‌ലിം രചിച്ചിട്ടുണ്ട്. ഇവ്വിഷയകമായി 5 കൃതികളെഴുതിയിട്ടുണ്ടെന്നാണ് ഇബ്‌നു നദീം പറയുന്നത്. അവയിലധികവും മികവോടെ ഇന്നും നിലനിന്നു പോരുന്നു. അല്‍ കിതാബുല്‍ മുസ്‌നദ് അല്‍ കബീര്‍ അല രിജാല്‍, അല്‍ ജാമിഉല്‍ കബീര്‍, കിതാബുല്‍ അസ്മാഇ വല്‍ കുനാ, കിതാബുല്‍ ഇലല്‍, കിതാബുല്‍ വിജ്ദാന്‍ എന്നിവ ഉദാഹരണങ്ങളാണ്.

നിസാപൂരില്‍ അദ്ദേഹം ഹദീസ് പഠിപ്പിച്ചു. ശിഷ്യന്മാരില്‍ ഭൂരിഭാഗവും പില്‍ക്കാലത്ത്, ഹദീസ് മേഖലയില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുണ്ട്. ഇമാം അബൂ ഈസാ തിര്‍മിദി, അബൂ ഹാതിം റാസി, മൂസ ബിന്‍ ഹാറൂന്‍, അഹ്മദ് ബിന്‍ മസ്‌ലമ, അബൂബകര്‍ ബിന്‍ ഖുസൈമ, അബൂ അവാന, ഹാഫിദ് ദഹബി എന്നിവര്‍ ഉദ്ദഹരണങ്ങളാണ്. അദ്ധ്യാപകരില്‍ ഇമാം ബുഖാരിയും അഹ്മദ് ബിന്‍ ഹമ്പലും, ശിഷ്യന്മാരില്‍ ഇമാം അബൂ ഈസ തിര്‍മിദിയും ഉള്‍പ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്.
ഹി. 261 ല്‍, അമ്പത്തിയേഴാമത്തെ വയസ്സില്‍ മരിച്ചു. നിസാപൂരിന്റെ പരിസര പ്രദേശത്താണ് മറവ് ചെയ്യപ്പെട്ടത്.

വിവ : കെ.എ. ഖാദര്‍ ഫൈസി

Related Articles