Current Date

Search
Close this search box.
Search
Close this search box.

ഇമാം ബുഖാരി: ഇസ്‌ലാമിക നാഗരികതയില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വം

bukhari.jpg

തുര്‍ക്കിസ്ഥാനില്‍, ശറഫ്‌സന്‍ നദിയുടെ താഴ്ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ബുഖാറ. എ. ഡി. 674 ല്‍, അവിടെ പ്രത്യക്ഷപ്പെട്ട ആദ്യ മുസ്‌ലിം സേനയുടെ നായകന്‍ ഉബൈദ് ബിന്‍ സിയാദായിരുന്നു. എന്നാല്‍, എ. ഡി. 710 ല്‍, അവിടെ ഉറച്ച നിലയില്‍, മുസ്‌ലിം സാന്നിധ്യം ഉറപ്പിച്ചത് ഖുതൈബത് ബിന്‍ മുസ്‌ലിമായിരുന്നു. ഭൂമിശാസ്ത്രപരമായ ഈ സ്ഥിതി കാരണം, ബുഖാറയുമായി ബന്ധപ്പെട്ട മറ്റൊരു മുസ്‌ലിം നഗരം മര്‍വ് ആയിരുന്നു. പത്താം നൂറ്റാണ്ടില്‍, വളരെ യശസ്സുണ്ടായിരുന്നു ഈ നഗരത്തിന്ന് എന്നാണ് തോന്നുന്നത്.  കോട്ടക്കടുത്തായിരുന്നു വലിയ പള്ളി നിലകൊണ്ടിരുന്നത്. ചെറിയ പള്ളികള്‍, മാര്‍ക്കറ്റുകള്‍, കളിസ്ഥലങ്ങള്‍, തുറന്ന നടുമുറ്റങ്ങള്‍ എന്നിവ എണ്ണമറ്റതായിരുന്നു. പത്താം ശതകാന്ത്യത്തില്‍, റിഗിസ്ഥാന്‍  (Rigistan) സമതല പ്രദേശത്ത്, കോട്ടക്ക് പുറത്ത് ഗവര്‍മ്മെന്റ് ഹൌസ് നിലകൊണ്ടിരുന്നു.

Sughd നദിയുടെ ഇടത് തീരത്തു  നിന്നും തുടങ്ങി, നഗരത്തിന്നു ചുറ്റുമുള്ള സമനിരപ്പു ഭൂമികള്‍, തോട്ടങ്ങള്‍ എന്നിവക്ക് ജലസേചനം നല്‍കുന്ന മുഖ്യ കനാലുകളെ കുറിച്ച വിശദ വിവരം, ഇബ്‌നു ഹൗഖല്‍ നല്‍കുന്നുണ്ട്.  വളരെ സാമ്പത്തികാഭിവൃദ്ധിയുണ്ടായിരുന്ന ഒരു നഗരമായിരുന്നു അത്. വലിയ തോതിലുള്ള പണ്ഡിത പ്രവര്‍ത്തനവും അവിടെ നടന്നിരുന്നു. 1220 ല്‍ നടന്ന, മംഗോളിയന്‍ അധിനിവേശമെന്ന മഹാവിപത്ത് വരെ ഇത് നീണ്ടു നിന്നു.

1219 മുതല്‍, ഫര്‍ഗാന, ഖവാറസം, ഹെറാത് പോലുള്ള പൌരസ്ത്യ ഭാഗങ്ങള്‍, ചെംഗീസ് ഖാന്റെ നേതൃത്വത്തിലെ മംഗോളിയര്‍ നശിപ്പിച്ചു. ആഭ്യന്തര ഘടനയിലെ ഓരോ കഷ്ണവും തുടച്ചു നീക്കപ്പെട്ടു. ആളുകള്‍, വന്‍ തോതില്‍ കൂട്ട കശാപ്പിനിരയായി.

കാസ്പിയന്‍ മുതല്‍ ഇന്‍ഡസ് വരെ ആയിരത്തിലധികം മൈലുകള്‍ വിസ്തൃതിയുള്ള രാജ്യം മുഴുവന്‍, ചെംഗീസ് ഖാനെ പിന്തുടര്‍ന്ന നിഷ്ടൂരരായ കാടന്മാരുടെ വാളുകളും തീയും, തരിശുഭൂമികളാക്കി മാറ്റിയതായി, Marshman പറയുന്നു.നൂഹിന്റെ കാലത്തെ പ്രളയ ശേഷം, മാനവരാശിയെ ബാധിച്ച ഏറ്റവും വലിയ കൊടും വിപത്തായിരുന്നു അത്. ഇത് പരിഹരിക്കാന്‍, കഷ്ടിച്ച്, അഞ്ചു നൂറ്റാണ്ട് തന്നെ എടുത്തുവത്രെ.  ചെംഗീസിന്റെ മകന്‍ Jagtai യുടെ സേന, ഒട്ട്രാര്‍ പിടിച്ചെടുക്കുകയും കൊള്ള നടത്തുകയും ചെയ്തു. ചെംഗീസ് ഖാന്റെ സേനയാകട്ടെ, ബുഖാറ അഗ്‌നിക്കിരയാക്കുകയും ആയിരക്കണക്കില്‍ സ്ത്രീകള്‍ മാനഭംഗത്തിന്നിരയാവുകയും ചെയ്തു. മുപ്പതിനായിരം പുരുഷന്മാരാണ് കൂട്ട കശാപ്പ് ചെയ്യപ്പെട്ടത്.

പിന്നീട് അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം, നഗരം പൂര്‍വ സ്ഥിതി പ്രാപിക്കാന്‍ തുടങ്ങിയപ്പോഴെക്കും, മംഗോളിയര്‍ വീണ്ടും ആക്രമിക്കുകയായിരുന്നു. ഇത്തവണ, അബാകയുടെ നേതൃത്വത്തിലുള്ള, ഇറാനിലെ മംഗോളികളായിരുന്നു അക്രമണം അഴിച്ചു വിട്ടത്. (1265 ല്‍ , ഹുലാഗോയുടെ മരണാനന്തരം പിന്‍ ഗാമിയായി വന്നയാളായിരുന്നു ഇദ്ദേഹം. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തുകയോ, അങ്ങനെ ചെയ്യാമെന്ന് വാഗ്ദത്തം നടത്തുകയോ ചെയ്തിരുന്നു ഇയാള്‍)
Acre സമനിരപ്പില്‍ വെച്ച്, സുല്‍താന്‍ ബൈബാര്‍ഡ് കുരിശുസേനയോട് ചെയ്ത ആക്രമണം, ബ്രിയെന്നയിലെ ജോണിന്റെ മരണം, കുരിശ് സേനയുടെ കോട്ടക്കെതിരായ സഫവിദ് ആക്രമണം, എന്നിവ വിശദമാക്കിക്കൊണ്ട്, 1267 ല്‍, ജറൂസലേം പത്രിയാര്‍ക്കീസ് വീണ്ടും എഴുതുകയും സഹായമഭ്യര്‍ത്ഥിക്കുകയും ചെയ്തു. അത് ലഭിക്കുകയുമുണ്ടായി.

ആഗസ്റ്റില്‍, പോപ്പ് ക്ലെമെന്റ് നാലാമന്‍, മംലൂക്കുകള്‍ക്കെതിരെ സാഹായിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അബാകാക്ക് (താര്‍ത്താരി രാജാവായ ഇയാളെ, ക്രിസ്തുമതം
ആശ്ലേഷിച്ചുവെന്നതിന്റെ പേരില്‍  വാഴ്ത്തി പറഞ്ഞതാണ്) എഴുതി. തദ്ഫലമായി, അദ്ദേഹത്തിന്റെ ജനറല്‍ Nikpai Bahadur , 1273 ല്‍, നഗരം പിടിക്കുകയായിരുന്നു.  ഏഴു ദിവസത്തോളം അത് കൊള്ളയടിച്ച ശേഷം, വാളും തീയും ഉപയോഗിച്ച് നിശ്ശേഷം നശിപ്പിച്ചു. ജനസംഖ്യ ഏകദേശം മുഴുവനും നശിപ്പിക്കപ്പെടുകയുണ്ടായി.  പിന്നീട് ഒരിക്കലും ബുഖാറ വീണ്ടെടുക്കപ്പെട്ടിട്ടില്ല.

മംഗോളിയന്‍ ആക്രമണത്തിന്നു മുമ്പ്, ബുഖാറയില്‍, ചില ഉന്നത വ്യക്തിത്വങ്ങളുണ്ടായിരുന്നു. അവരില്‍, ഇസ്‌ലാമിക നാഗരികതയില്‍ ഏറ്റവും സ്വാധീനം നേടിയ ഒരു പ്രതിഭയായിരുന്നു ഇമാം ബുഖാരി. എ. ഡി. 810 ജൂലൈ 21ന് ബുഖാറയിലായിരുന്നു ജനനം. പത്താം വയസ്സു മുതല്‍ തന്നെ, ഹദീസ് മനപാഠമാക്കാന്‍ തുടങ്ങിയിരുന്നു. ഒരു പ്രായാതീത ബുദ്ധിയായിരുന്നു അദ്ദേഹമെന്ന് തോന്നുന്നു. കാരണം, ചെറുപ്പത്തില്‍ തന്നെ, ഗുരുനാഥന്മാരുടെ അബദ്ധങ്ങള്‍ തിരുത്താന്‍ കഴിവുള്ളവനായി അദ്ദേഹം വിലമതിക്കപ്പെട്ടിരുന്നു.  ശ്രദ്ധേയമായ ഓര്‍മ ശക്തിയുടെ ഉടമയായിരുന്ന അദ്ദേഹത്തിന്റെ മനപാഠമനുസരിച്ച്, സഹപാഠികള്‍ തങ്ങളുടെ ഹദീസുകള്‍  തിരുത്തിയിരുന്നു. പതിനാറാം വയസ്സില്‍ ഹജ്ജിന്നായി മക്കയില്‍ പോയി.  മക്കയിലെയും മദീനയിലെയും പ്രശസ്തരായ ഹദീസ് പണ്ഡിതന്മാരുടെ ശിഷ്യത്വം സ്വീകരിച്ച ശേഷം, വിജ്ഞാന സമ്പാദനാര്‍ത്ഥം ഈജിപ്തില്‍ പോയി. അടുത്ത പതിനാറു വര്‍ഷത്തോളം അവിടെ ചെലവൊഴിച്ചു. അതില്‍ അഞ്ചു വര്‍ഷം ബസ്വറയിലായിരുന്നു കഴിഞ്ഞത്. ഏഷ്യ മുഴുവന്‍ ചുറ്റിക്കറങ്ങിയ ബുഖാരി, ആയിരത്തിലധികം ഗുരുക്കളില്‍ നിന്ന് ഹദീസ് കേട്ടിട്ടുണ്ടത്രെ.  
പിന്നീട് ബുഖാറയില്‍ തിരിച്ചെത്തി, എ. ഡി. 870 ആഗസ്ത് 31 ന്ന്, അവിടെ മരണം വരിക്കുകയായിരുന്നു.

‘ജാമിഉസ്സ്വഹീഹി’ലേക്കുള്ള ഹദീസ് ശേഖരണത്തിന്ന് ഏകദേശം 16 വര്‍ഷത്തോളമെടുത്തിട്ടുണ്ട്.  ആറു ലക്ഷം ഹദീസുകളില്‍ നിന്നത്രെ ഇവ ശേഖരിക്കപ്പെട്ടത്. വുദു ചെയ്ത് രണ്ടു റക്അത്ത് നമസ്‌കരിച്ച ശേഷം മാത്രമേ, ഒരൊ ഹദീസും അദ്ദേഹം തന്റെ ഗ്രന്ഥത്തില്‍ ചേര്‍ത്തിരുന്നുള്ളു.  റിപ്പോര്‍ട്ടര്‍മാരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയിരുന്നുവെങ്കിലും, ലഭിച്ച ഹദീസുകളുടെ വിശ്വാസ്യത ഉറപ്പു വരുത്തുന്നതിന്ന്, അവയുടെ പരമ്പരയും വാക്യങ്ങളും വെവ്വേറെ, പരിശോധനാ വിധേയമാക്കിയിരുന്നു. വിശ്വാസ്യമെന്ന് കരുതപ്പെട്ടിരുന്ന ഹദീസുകള്‍ തന്നെ, പരമ്പരയിലെ ഒരു അബദ്ധം കാരണം, അദ്ദേഹം തള്ളി കളഞ്ഞിരുന്നു.  നിര്‍ബാധം തിരുമേനി(സ)യിലെത്തുന്നതാണ് പരിപൂര്‍ണ പരമ്പര. അതിലെ, ഓരോ വ്യക്തിയും തൊട്ടു മുമ്പുള്ള വ്യക്തിയില്‍ നിന്ന് ഹദീസ് വാക്യം നേരിട്ട് കേട്ടിരിക്കണമെന്നര്‍ത്ഥം.  ഓരോ തലമുറയിലും ബഹു പരമ്പര അഭികാമ്യമാണ്. നിവേദകന്റെ വ്യക്തിത്വം, സത്യ സന്ധത, ഭക്തി, കേട്ടത് അപ്പടി നിവേദനം ചെയ്യാനുള്ള കഴിവ് എന്നി കാര്യങ്ങളിലായിരുന്നു കൂടുതല്‍ ഊന്നല്‍ നല്‍കപ്പെട്ടിരുന്നത്.  97 ഭാഗങ്ങളുള്ള സ്വഹീഹുല്‍ ബുഖാരിയില്‍, 3450 വകുപ്പുകളിലായി 2760 ഹദീസുകളാണുള്ളത്. ആധികാരികതയില്‍ ഏറ്റവും മികച്ചു നില്‍ക്കുന്ന ഹദീസുകള്‍ മാത്രമേ അതിലുള്ളു.

അല്‍  ബുഖാരിയുടെ സ്വാധീന ഫലമായി, ഹദീസ് കൈയെഴുത്തു പ്രതികളുടെ കൃത്യമായ കോപ്പിയെടുക്കുന്നതിന്ന്, കണിശമായ നിയമങ്ങള്‍ വികസിപ്പിച്ചെടുക്കുകയുണ്ടായെന്ന് Spectorsky ഊന്നി പറയുന്നു.  എല്ലാ വാക്യങ്ങളും കേട്ട രീതിയില്‍ തന്നെ ഉദ്ദരിക്കപ്പെടണമെന്നാണദ്ദേഹം ഊന്നി പറയുന്നത്. കൃത്യതയെ സംബന്ധിച്ച സംശയം, വാക്യ വിമര്‍ശനം, പ്രത്യേകിച്ചും ഉള്ളടക്കത്തെ കുറിച്ച വിമര്‍ശനാത്മക അഭിപ്രായങ്ങള്‍ എന്നിവ, വ്യാഖ്യാന കുറിപ്പുകളാക്കി മാറ്റി ശേഖരിക്കുന്നവരില്‍ ആരോപിക്കേണ്ടതാണെന്നും അദ്ദേഹം പറയുന്നു.

ഇന്ന് സംശയ നിവൃത്തിക്കായി ഉപയോഗപ്പെടുത്തപ്പെടുന്ന ഒരു സ്രോതസ്സാണ് സഹീഹുല്‍ ബുഖാരി. ഇത് തന്നെ, അതിന്റെ കണിശതയുടെയും വിശ്വാസ്യതയുടെയും വ്യക്തമായ തെളിവാണ്. ഇസ്‌ലാമിന്ന് മുമ്പ്, മാനവ ചരിത്രത്തിലുണ്ടായിരുന്നിട്ടില്ലാത്ത ഈ കീഴ്‌വഴക്കം സൃഷ്ടിച്ചത് ബുഖാരിയായിരുന്നു. പിന്നീട്, ഓരോ ഇസ്‌ലാമിക പണ്ഡിതരും ഇത് അനുധാവനം ചെയ്യുകയായിരുന്നു. പൂര്‍ണമായി ഒത്തു നോക്കുകയും തെളിയിക്കപ്പെടുകയും ചെയ്യാതെ യാതൊന്നും തങ്ങളുടെ കൃതികളില്‍ കടത്തിക്കൂട്ടുന്നത് അവരാരും സഹിച്ചിരുന്നില്ല. ബോധ്യപ്പെടാത്തതും, വിശ്വസനീയ സ്രോതസ്സുകളില്‍ തന്നെ ഉറപ്പിക്കപ്പെടാത്തതും അവര്‍ തള്ളിക്കളഞ്ഞിരുന്നു. അഗാധമായ മതവിശ്വാസം, സത്യാന്വോഷണത്തിന്നു വേണ്ടിയുള്ള അര്‍പ്പണം എന്നിവയില്‍ നിന്ന് നിര്‍ഗ്ഗളിച്ചതായിരുന്നു അദ്ദേഹത്തിന്റെ ഈ കാര്‍ക്കശ്യം. ആധുനിക ശാസ്ത്രത്തിന്റെയും ശാസ്ത്രീയ രീതിയുടെയും പുരൊഗതിയില്‍, ഇസ്‌ലാമിക വിശ്വാസത്തിന്റെ സ്വാധീനം എത്രമാത്രമുണ്ടായിരുന്നുവെന്നതിന്റെ ഒരു ഉത്തമോദാഹരണം കൂടിയാണിത്.
അവലംബം : muslimheritage.com

വിവ : കെ.എ. ഖാദര്‍ ഫൈസി

Related Articles