Current Date

Search
Close this search box.
Search
Close this search box.

ഇമാം ബുഖാരിയുടെ വ്യക്തിത്വം

bukhari.jpg

ഇമാം ബുഖാരി എന്ന പേരില്‍ വിശ്രുതനായ മുഹമ്മദുബ്‌നു ഇസ്മാഈലിന്റെ ‘സ്വഹീഹുല്‍ ബുഖാരി’ എന്ന ഹദീസ് സമാഹാരം നേടിയെടുത്തിട്ടുള്ള ഖ്യാതിയുടെ വ്യാപ്തി അത്ഭുതാവഹമാണ്. ഖുര്‍ആന്‍ കഴിഞ്ഞാല്‍ പ്രബലമായ പ്രമാണം ഏതെന്ന ചോദ്യത്തിന് പണ്ഡിതന്മാര്‍ മുതല്‍ സാധാരണക്കാര്‍ വരെയുള്ളവര്‍ക്കുള്ള ഏക മറുപടി ‘സ്വഹീഹുല്‍ ബുഖാരി’ എന്നാണ്. ആറ് ലക്ഷത്തോളം ഹദീസുകളില്‍ നിന്ന് ദീര്‍ഘനാളത്തെ സൂക്ഷ്മ പരിശോധനക്കും ശുദ്ധീകരണത്തിനും ശേഷം തിരഞ്ഞെടുത്ത കിടയറ്റ 7397 ഹദീസുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ഗ്രന്ഥം. ‘അല്‍ ജാമിഅ് അസ്സ്വഹീഹ്’ എന്നാണ് ഈ ഗ്രന്ഥത്തിന്റെ യഥാര്‍ത്ഥ നാമം. പിന്നീട് ഇത് അദ്ദേഹത്തിന്റെ ജന്മദേശമായ സോവിയറ്റ് റഷ്യയിലെ ബുഖാറയിലേക്ക് ചേര്‍ത്ത് ‘സ്വഹീഹുല്‍ ബുഖാരി’ എന്ന് അറിയപ്പെട്ടു തുടങ്ങി.

എന്തുകൊണ്ട് ഈ ഗ്രന്ഥത്തിന് ഇത്ര ശക്തമായ സ്വീകാര്യത ലഭിച്ചു എന്ന ചോദ്യത്തിന് നിരവധി ഉത്തരങ്ങളാണുള്ളത്. ഹദീസുകള്‍ സ്വീകരിക്കുന്ന കാര്യത്തിലെ സൂക്ഷ്മതയും പഴുതടച്ച മാനദണ്ഡങ്ങളുമാണ് അതില്‍ പ്രധാനം. അതീവ ഗൗരവതരമല്ലാത്ത ചെറിയ സ്വഭാവദൂഷ്യങ്ങളുള്ള റിപ്പോര്‍ട്ടര്‍മാരുടെ സത്യസന്ധത, സ്വീകാര്യത, പെരുമാറ്റ മര്യാദ, ബൗദ്ധിക ശേഷി ഇവയെല്ലാം അളന്നു തൂക്കിയാണ് അദ്ദേഹം ഹദീസുകളുടെ ആധികാരികത ഉറപ്പു വരുത്തിയത്.

ഇവിടെ സ്വാഭാവികമായി ഉയര്‍ന്നു വരേണ്ട ഒരു ചോദ്യമുണ്ട്. ഇമാം ബുഖാരിയുടെ വ്യക്തിത്വത്തെ കുറിച്ചുള്ളതാണ് ആ ചോദ്യം. അദ്ദേഹത്തിന്റെ ജീവിത സ്വഭാവ നിഷ്ഠകളില്‍ ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ? ഉണ്ട് എങ്കില്‍ അദ്ദേഹം ശേഖരിച്ച മൊത്തം ഹദീസുകളുടെ സ്വീകാര്യതയെ അത് ദുര്‍ബലപ്പെടുത്താം. അദ്ദേഹത്തിന്റെ ജീവിത വിശുദ്ധിക്ക് കളങ്കം ചാര്‍ത്തുന്ന യാതൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നാണീ ചോദ്യത്തിനുള്ള ലളിതമായ മറുപടി. തന്നെയുമല്ല, വ്യക്തി ജീവിതത്തിലുടനീളം അദ്ദേഹം അക്കാര്യത്തില്‍ അതീവ ജാഗ്രതയുള്ളവനുമായിരുന്നു. ഇതിനെ ശരിവെക്കുന്ന വിഖ്യാതമായ ഈ സംഭവം കേട്ടു നോക്കൂ.

ഒരിക്കല്‍ ഇമാം ബുഖാരി കപ്പലില്‍ യാത്ര ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ യാത്രാ ചെലവിനും മറ്റുമായി ഉപയോഗിക്കാന്‍ ആയിരം ദിര്‍ഹമും കൂടെ കരുതിയിരുന്നു. അങ്ങനെയിരിക്കെ കപ്പലില്‍ ഒരാള്‍ ഇമാം ബുഖാരിയുടെ കൂടെ കൂടി. ഒരു ഘട്ടത്തില്‍ ഇമാം തന്റെ കയ്യില്‍ ആയിരം ദിര്‍ഹം ഉള്ള വിവരം സഹയാത്രികനോട് പറഞ്ഞു പോയി. ഇതു കൈക്കലാക്കാനുള്ള പദ്ധതിയുടെ ഭാഗമായി അര്‍ദ്ധരാത്രിയോടെ അയാള്‍ കിടക്കപ്പായയില്‍ നിന്ന് ‘എന്റെ ആയിരം ദിര്‍ഹം ആരോ കൊണ്ട് പോയി’ എന്ന് അലമുറയിടാന്‍ തുടങ്ങി.

യാത്രക്കാരും കപ്പലിലെ ജീവനക്കാരുമെല്ലാം എഴുന്നേറ്റു. ഇമാം ബുഖാരിക്കു കാര്യം പിടികിട്ടി. തന്റെ കയ്യിലുള്ള ആയിരം ദിര്‍ഹം കൈക്കലാക്കാന്‍ ആ സഹയാത്രികന്‍ ഇറക്കിയ വേലയാണിതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഉദ്യോഗസ്ഥന്മാര്‍ പരിശോധന നടത്തുന്നതിന് മുമ്പായി ഇമാം ആ പണം മുഴുവന്‍ തന്ത്രപൂര്‍വം കടലിലേക്ക് ഇട്ടു. തിരച്ചിലില്‍ ഒന്നും കിട്ടാതായപ്പോള്‍ അലമുറയിട്ട് ശല്യം ചെയ്ത ആ യാത്രക്കാരനെ എല്ലാവരും പഴി പറഞ്ഞു. കപ്പലില്‍ നിന്ന് ഇറങ്ങുന്ന സമയത്ത്  ഇമാം ബുഖാരിയോട് ആ ദുഷ്ടനായ സഹയാത്രികന്‍ അത്ഭുതത്തോടെ ചോദിച്ചു: ”ആ പണക്കിഴി എവിടെയാണ് താങ്കള്‍ വെച്ചത്?” ഇമാം പ്രതിവചിച്ചു: ”ഞാനത് കടലിലെറിഞ്ഞു’. തുടര്‍ന്ന് അയാളോട് ഇമാം ഇങ്ങനെ പറഞ്ഞു: ”എന്റെ ജീവിതം പ്രിയപ്പെട്ട തിരുദൂതര്‍ മുഹമ്മദ് നബി(സ)യുടെ തിരുവചനങ്ങള്‍ ശേഖരിക്കാന്‍ സമര്‍പ്പിക്കപ്പെട്ടതാണ്. ലോകം എന്റെ വിശ്വസ്തതയും സത്യസന്ധതയും അംഗീകരിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെ ചെയ്യാത്ത ഒരു മോഷണക്കുറ്റത്തിന്റെ പേരില്‍ എനിക്ക് ദുഷ്‌കീര്‍ത്തി വരിക എന്നത് സംഭവിക്കാന്‍ ഞാന്‍ സമ്മതിക്കുമെന്ന് കരുതിയോ? ചില്ലറ നാണയത്തുട്ടുകള്‍ക്ക് വേണ്ടി ഏറ്റവും വിലപിടിച്ച സത്യസന്ധത ഞാന്‍ നഷ്ടപ്പെടുത്തുകയോ?’

ഇതായിരുന്നു ഇമാം ബുഖാരിയുടെ ജീവിതം. അതുകൊണ്ടാണ് അനുവാചകര്‍ക്ക് ഒന്നടങ്കം അദ്ദേഹം വിശ്വസ്തനായത്. ഇമാം ബുഖാരിയുടെ സത്യസന്ധതക്കെങ്ങാനും വിള്ളല്‍ വീണിരുന്നുവെങ്കില്‍ പില്‍ക്കാലത്ത് അത് വലിയ തര്‍ക്കവിഷയമായേനെ. എന്നാല്‍ കറയറ്റ സത്യസന്ധത കൊണ്ട് ഭാവിയില്‍ വന്നേക്കാവുന്ന വിവാദങ്ങളുടെ എല്ലാ പഴുതുകളും ഇമാം ബുഖാരി അടച്ചുകളഞ്ഞു എന്നത് അത്ഭുതകരമായ കാര്യമായി അവശേഷിക്കുന്നു.

Related Articles