Current Date

Search
Close this search box.
Search
Close this search box.

ആര്‍ത്തി കൈവെടിയുക

hunger.jpg

عَنْ عُرْوَةَ بْنِ الزُّبَيْرِ وَسَعِيدِ بْنِ الْمُسَيَّبِ أَنَّ حَكِيمَ بْنَ حِزَامٍ رَضِيَ اللَّهُ عَنْهُ قَالَ سَأَلْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَعْطَانِي ثُمَّ سَأَلْتُهُ فَأَعْطَانِي ثُمَّ سَأَلْتُهُ فَأَعْطَانِي ثُمَّ قَالَ يَا حَكِيمُ إِنَّ هَذَا الْمَالَ خَضِرَةٌ حُلْوَةٌ فَمَنْ أَخَذَهُ بِسَخَاوَةِ نَفْسٍ بُورِكَ لَهُ فِيهِ وَمَنْ أَخَذَهُ بِإِشْرَافِ نَفْسٍ لَمْ يُبَارَكْ لَهُ فِيهِ كَالَّذِي يَأْكُلُ وَلَا يَشْبَعُ الْيَدُ الْعُلْيَا خَيْرٌ مِنْ الْيَدِ السُّفْلَى قَالَ حَكِيمٌ فَقُلْتُ يَا رَسُولَ اللَّهِ وَالَّذِي بَعَثَكَ بِالْحَقِّ لَا أَرْزَأُ أَحَدًا بَعْدَكَ شَيْئًا حَتَّى أُفَارِقَ الدُّنْيَا

ഉര്‍വതുബ്‌നുസ്സുബൈര്‍(റ), സഈദുബ്‌നുല്‍ മുസയ്യിബ് എന്നിവരില്‍ നിന്ന് നിവേദനം. ഹകീമുബ്‌നു ഹിസാം(റ) പറയുന്നു: ഞാന്‍ പ്രവാചകനോട് ദാനം ചോദിച്ചു. അപ്പോള്‍ അദ്ദേഹം തന്നു. ഞാന്‍ വീണ്ടും ചോദിച്ചു. അപ്പോഴും തന്നു. പിന്നെയും ചോദിച്ചു. അപ്പോഴും തന്നു. തുടര്‍ന്ന് തിരുദൂതര്‍ പറഞ്ഞു: ഹകീം, നിശ്ചയം ഈ സമ്പത്ത് പച്ചപ്പും മാധുര്യവുമുള്ളതാണ്. ആരെങ്കിലും ആത്മസംതൃപ്തിയോടെ അതിനെ സമീപിച്ചുവോ അയാള്‍ അനുഗ്രഹീതനായിരിക്കുന്നു. ആര് അതിമോഹത്തോടുകൂടി അതിനെ സമീപിച്ചുവോ അയാള്‍ക്ക് അനുഗ്രഹം അന്യമായിരിക്കും. ഭക്ഷിച്ചാലും വയറു നിറയാത്തവനെപ്പോലെ. മേലെയുള്ള (കൊടുക്കുന്ന) കൈയാണ് താഴെയുള്ള (വാങ്ങുന്ന) കൈയിനേക്കാള്‍ ഉത്തമം. അയാള്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഇഹലോകം വിട്ടുപോകുന്നതുവരെ ഇനി ഞാന്‍ ആരോടും യാതൊന്നും ചോദിച്ചുവാങ്ങുകയില്ല (മുത്തഫഖുന്‍ അലൈഹി)

سَأَلَ : ചോദിച്ചു
أَعْطَى : നല്‍കി, തന്നു  
خَضِرَة : പച്ചപ്പുള്ളത്  
حُلْوَة : മാധുര്യമുള്ളത്
أَخَذَ : എടുത്തു, സ്വീകരിച്ചു  
سَخَا : ഉദാരശീലനായി    
سَخَاوة النفس : അതിമോഹമില്ലായ്മ/ ആത്മ സംതൃപ്തി
بُورِكَ (بارك) : അനുഗ്രഹിക്കപ്പെട്ടു  
أَشْرَفَ : ഉയര്‍ന്നു, പൊങ്ങി   
إِشْرَاف النفس : അമിതമോഹം
يَشْبَع : വയറു നിറഞ്ഞു, വിശപ്പ് മാറി  
عُلْيَا : ഉയര്‍ന്നത്
سُفْلَى : താഴ്ന്നത്   
أَرْزَأُ : ഞാന്‍ കരസ്ഥമാക്കുന്നു
أُفَارِقُ : ഞാന്‍ വിട്ടുപോകുന്നു

ഭൗതിക വിഭവങ്ങളുടെ വര്‍ധനവിനോടുള്ള തീവ്രാഭിലാഷത്തില്‍ നിന്ന് തന്റെ അനുചരന്മാരെ അകറ്റാനും അവരില്‍ ഖനാഅത്തും സആദത്തും (ഐശ്വര്യം) ഉണ്ടാക്കാനും തന്മൂലം അവരുടെ ജീവിതത്തെ സംസ്‌കരിക്കാനും വിവിധ തരത്തില്‍ പ്രവാചകന്‍ ശ്രമിച്ചിരുന്നു. അതിന്റെ ഒരു ഉദാഹരണമാണ് ഉപരിസൂചിത ഹദീസ്.

കിട്ടിയതുകൊണ്ട് തൃപ്തിപ്പെടുകയും നഷ്ടപ്പെട്ടതില്‍ ദുഃഖിക്കാതിരിക്കുകയും ചെയ്യുന്നതിന് അറബി ഭാഷയില്‍ ഖനാഅത്ത് എന്നാണ് പറയുക. അത് മനുഷ്യജീവിതത്തില്‍ മഹത്തായ ഫലങ്ങളുളവാക്കും. അത് വിലകൊടുത്താല്‍ കിട്ടാത്ത ആത്മാഭിമാനമാണ്. അനന്തമായ ഐശ്വര്യമാണ്. ഒരിക്കലും തീരാത്ത സമ്പത്താണ്. ശാന്തവും സുരക്ഷിതവുമായ ജീവിതമാണ്. അല്ലാഹു പറയുന്നു: ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റവും മികച്ചതിന് അനുസൃതമായ  പ്രതിഫലം  നാം അവര്‍ക്ക് നല്‍കുകയും ചെയ്യും. (അന്നഹ്ല്‍: 97)

ശാന്തിയുടെയും സമാധാനത്തിന്റെയും സംതൃപ്തിയുടെയും വിവിധ ഭാവങ്ങളെ ഉള്‍ക്കൊള്ളുന്ന ഒന്നാണ് നല്ല ജീവിതം. അലി(റ)യും ഇബ്‌നു അബ്ബാസും(റ) നല്ല ജീവിതമെന്നാല്‍ ഖനാഅത്താണെന്ന് വിശദീകരിച്ചതായി ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തുന്നു. (ഇബ്‌നു കസീര്‍)

ആര്‍ക്ക് ഖനാഅത്ത് ലഭിച്ചുവോ അവന്‍ വിജയിച്ചതുതന്നെ. അവന്റെ അധ്വാനങ്ങള്‍ നേട്ടത്തിന്റെ കീരീടമണിയും. നബി(സ) പറഞ്ഞു: ആത്മസമര്‍പ്പണം നടത്തുകയും തനിക്ക് മതിയായത് നല്‍കപ്പെടുകയും ചെയ്തവന്‍ വിജയിച്ചിരിക്കുന്നു. അല്ലാഹു താന്‍ ഏകിയതില്‍ അവന് സംതൃപ്തി ഉണ്ടാക്കിക്കൊടുക്കും. (1)

അല്ലാഹു നല്‍കിയില്‍ തൃപ്തനാവുകയും പരലോകവിജയം തേടുകയും അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുകയും അല്ലാഹുവേ, മുഹമ്മദിന്റെ കുടുംബത്തിന്റെ വിഭവം ആവശ്യത്തിന് മതിയാകുന്നതാക്കേണമേ (മറ്റുള്ളവരുടെ മുമ്പില്‍ കൈനീട്ടേണ്ട അവസ്ഥ ഉണ്ടാക്കരുതേ) എന്ന് പ്രാര്‍ഥിക്കുകയും ചെയ്ത ആളായിരുന്നു തിരുദൂതര്‍.(2)

അല്ലാഹുവിന്റെ ദാസന്മാരേ, സാധാരഗതിയില്‍ വര്‍ധനവ് ആഗ്രഹിക്കുക എന്നത് മനുഷ്യമനസ്സിന്റെ പ്രകൃതമാണ്. നബി(സ) പറഞ്ഞു: ഒരു മനുഷ്യന് സമ്പത്തിന്റെ രണ്ട് താഴ് വരകളുണ്ടെങ്കിലും അവന്‍ മൂന്നാമതൊന്നുകൂടി കിട്ടാന്‍ കൊതിക്കും.(3)

ഒരു കവി പാടി: നീ ആഗ്രഹം ജനിപ്പിച്ചാല്‍ മനസ് കൂടുതല്‍ ആഗ്രഹിക്കും. എന്നാല്‍ തുഛമായ വിഭവങ്ങളിലേക്ക് മനസിന്റെ ശ്രദ്ധ തിരിച്ചുവിടപ്പെട്ടാല്‍ അത് ഉള്ളതുകൊണ്ട് തൃപ്തിപ്പെടും.

സഹാബികള്‍ പ്രവാചകന്റെ നിര്‍ദ്ദേശം സത്യസന്ധമായും ദൃഢവിശ്വാസത്തോടെയും ഉള്‍ക്കൊണ്ടു. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവരും മറ്റുള്ളവരുടെ കൈവശമുള്ളത് ആശിക്കാത്തവരുമായി തങ്ങളുടെ സന്താനങ്ങളെ അവര്‍ വളര്‍ത്തി. സഅ്ദുബ്‌നു അബീവഖ്ഖാസ് തന്റെ മകനോട് പറഞ്ഞു: എന്റെ കുഞ്ഞുമോനേ, എന്നേക്കാള്‍ നിന്നോട് ഗുണകാംക്ഷയുള്ള മറ്റൊരാളെയും നിനക്ക് കണ്ടെത്താനാവില്ല…. നീ ആര്‍ത്തിയെ കുറിച്ച് ജാഗ്രത പാലിക്കണം. നിശ്ചയം അത് കണ്‍മുന്നിലെത്തിയ ദാരിദ്ര്യമാണ്. ഭൗതിക വിഭവങ്ങളുടെ കാര്യത്തില്‍ ആശയില്ലായ്മ നീ മുറുകെ പിടിക്കുക. അത് ധന്യത(ഖനാഅത്ത്)യാണ്.(4)

മുസ്‌ലിം സഹോദരങ്ങളേ, ഖനാഅത്തിലേക്ക് നമ്മെ നയിക്കുന്ന വിവിധ വഴികളും മാര്‍ഗങ്ങളും പ്രവാചകന്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. വിഭവങ്ങളുടെയും അനുഗ്രഹങ്ങളുടെയുമെല്ലാം ഉറവിടം അല്ലാഹുവാണെന്ന് ഉറച്ചുവിശ്വസിക്കലാണ് അതിന്റെ അടിസ്ഥാനം. ഖുര്‍ആന്‍ പറയുന്നു: നിങ്ങള്‍ക്ക് എന്തെല്ലാം അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്ടോ അതെല്ലാം അല്ലാഹുവില്‍ നിന്നാണ്. (അന്നഹ്ല്‍: 53).

‘നിശ്ചയം അല്ലാഹുവാണ് തകര്‍ക്കാനാവാത്ത ശക്തിയുള്ള അന്നദാതാവ്’ (അദ്ദാരിയാത്ത്: 58).

അല്ലാഹു തനിക്കേകിയ അനുഗ്രഹങ്ങള്‍ പരിശോധിക്കുകയും തന്നെയും മറ്റുള്ളവരെയും താരതമ്യം ചെയ്യാതിരിക്കുകയുമാണ് ഖനാഅത്തിനുള്ള മറ്റൊരു മാര്‍ഗം. ഇനി അഥവാ താരതമ്യം ചെയ്യുകയാണെങ്കില്‍ തന്നേക്കാള്‍ അനുഗ്രഹങ്ങള്‍ കുറച്ചുകിട്ടിയ വ്യക്തിയുമായിട്ടാവണമത്. തനിക്ക് കിട്ടിയ അനുഗ്രഹങ്ങളുടെ മഹത്വവും മൂല്യവും തിരിച്ചറിയാന്‍ അതുപകരിക്കും. നബി(സ) പറഞ്ഞു: (ഭൗതിക വിഭവങ്ങളുടെ കാര്യത്തില്‍) നിങ്ങളേക്കാള്‍ താഴെയുള്ളവരിലേക്ക് നോക്കുക. നിങ്ങളേക്കാള്‍ മുകളിലുള്ളവരിലേക്ക് നോക്കരുത്. അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങളെ നിസ്സാരമാക്കാതിരിക്കാന്‍ അത് ഏറെ ഗുണകരമാണ്.(5)

ജനങ്ങളുടെ കൈവശമുള്ള സമ്പത്തിലേക്കും വസ്തുക്കളിലേക്കുമുള്ള നോട്ടം ഉപേക്ഷിക്കാത്തിടത്തോളം ഖനാഅത്തിന് മനുഷ്യ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടാനാവില്ല. അല്ലാഹു തനിക്കേകിയ വിഹിതത്തില്‍ തൃപ്തനാവുന്നവന്‍ ജനങ്ങളില്‍ ഏറ്റവും ധന്യനായിരിക്കും. നബി(സ) പറഞ്ഞു: അല്ലാഹു നിനക്കേകിയ വിഹിതത്തില്‍ തൃപ്തനാവുക. എങ്കില്‍ നീ ജനങ്ങളില്‍ ഏറ്റവും ധന്യനാവും.(6)

മനസ്സിന്റെ വിശുദ്ധിയിലാണ് യഥാര്‍ഥ ഐശ്വര്യമുള്ളത്. നബി(സ) പറഞ്ഞു: ജീവിതവിഭവങ്ങളുടെ ആധ്യകമല്ല, മറിച്ച് മനസ്സിന്റെ ഐശ്വര്യമാണ് ഐശ്വര്യം.(7)

ആത്മാഭിമാനമുള്ളവനെ ജനങ്ങള്‍ എന്നും ആദരിക്കും. ബഹുമാനത്തോടെ അവനോട് പെരുമാറും. അവനെ അവര്‍ വിലമതിക്കും. ആര്‍ത്തിയുള്ളവന് നല്‍കാത്ത പലതും അവര്‍ അവന് നല്‍കും. ഹസനുല്‍ ബസ്വ്‌രി പറഞ്ഞു: ജനങ്ങളോടുള്ള മാന്യമായ പെരുമാറ്റം നീ തുടരുക. അവരുടെ കൈവശമുള്ളത് നീ ആഗ്രഹിക്കാത്ത കാലത്തോളം അവര്‍ നിന്നെ ആദരിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ അവരില്‍ നിന്ന് വല്ല നേട്ടവും നീ കൊതിച്ചാല്‍ അവര്‍ക്ക് നിന്നെ കുറിച്ച മതിപ്പ് ഇല്ലാതാവും. നിന്റെ സംസാരം അവര്‍ വെറുക്കും. അവര്‍ നിന്നോട് വിദ്വേഷം കാണിക്കും.(അസ്സുഹ്ദ് ലി അഹ്മദ്)

ഖനാഅത്ത് നല്‍കപ്പെട്ടവന്‍ തനിക്ക് ലഭിച്ച ദൈവികാനുഗ്രഹങ്ങള്‍ തിരിച്ചറിയുകയും അതിന് നന്ദി രേഖപ്പെടുത്തുകയും ചെയ്യും. എന്നാല്‍ ഉള്ളതുകൊണ്ട് തൃപ്തിപ്പെടാത്തവന്‍ അനുഗ്രഹങ്ങളെ നിഷേധിക്കുകയും നന്ദി കാണിക്കാതിരിക്കുകയും ചെയ്യും. നബി(സ) പറഞ്ഞു: അബൂഹുറയ്‌റാ, നീ ആത്മനിയന്ത്രണമുള്ളവനാവുക; എങ്കില്‍ ജനങ്ങളില്‍ ഏറ്റവും ഭക്തനാവാം. നീ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവനാവുക; എങ്കില്‍ നിനക്ക് ജനങ്ങളില്‍ ഏറ്റവും നന്ദിയുള്ളവനാകാം.(8)

ഖനാഅത്ത് എന്ന സൗഭാഗ്യം നിഷേധിക്കപ്പെട്ടവന് തന്റെ നാഥനിലുള്ള വിശ്വാസത്തില്‍ ന്യൂനതയുണ്ടാവും. അവന്‍ ദേഹേഛയെ അനുധാവനം ചെയ്യും. ഖുര്‍ആന്‍ പറയുന്നു: അല്ലാഹുവും അവന്റെ റസൂലും കൊടുത്തതില്‍ അവര്‍ തൃപ്തിയടയുകയും, ഞങ്ങള്‍ക്ക് അല്ലാഹു മതി, അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് അവനും അവന്റെ റസൂലും ഞങ്ങള്‍ക്ക് തന്നുകൊള്ളും. തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിങ്കലേക്കാണ് ആഗ്രഹങ്ങള്‍ തിരിക്കുന്നത് എന്ന് പറയുകയും ചെയ്തിരുന്നെങ്കില്‍ (എത്ര നന്നായിരുന്നേനെ!) (അത്തൗബ: 59)

സച്ചരിതരില്‍ പെട്ട ഒരാള്‍ പറയാറുണ്ടായിരുന്നു: തന്റെ ദാസന്മാര്‍ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളില്‍ ഏറ്റവും മഹത്തായത് ഖനാഅത്താണ്. വിധിയില്‍ തൃപ്തനാവുകയും അല്ലാഹുവില്‍ അടിയുറച്ചുവിശ്വസിക്കുകയും ചെയ്യുന്നതിനേക്കാള്‍ ഉപരിയായി ഒരാള്‍ക്ക് ആശ്വാസം നല്‍കുന്ന യാതൊന്നുമില്ല. (റൗളതുല്‍ ഉഖലാഅ്)

——————————————-
1.    عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ أَنَّ رَسُولَ اللَّهِ -صلى الله عليه وسلم- قَالَ « قَدْ أَفْلَحَ مَنْ أَسْلَمَ وَرُزِقَ كَفَافًا وَقَنَّعَهُ اللَّهُ بِمَا آتَاهُ ». (مسلم)

2.    عَنْ أَبِى هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « اللَّهُمَّ اجْعَلْ رِزْقَ آلِ مُحَمَّدٍ قُوتًا ».  (مسلم)

3.    عَنْ عَطَاءٍ قَالَ سَمِعْتُ ابْنَ عَبَّاسٍ – رضى الله عنهما – يَقُولُ سَمِعْتُ النَّبِىَّ – صلى الله عليه وسلم – يَقُولُ « لَوْ كَانَ لاِبْنِ آدَمَ وَادِيَانِ مِنْ مَالٍ لاَبْتَغَى ثَالِثًا ، وَلاَ يَمْلأُ جَوْفَ ابْنِ آدَمَ إِلاَّ التُّرَابُ ، وَيَتُوبُ اللَّهُ عَلَى مَنْ تَابَ » (متفق عليه)

4.    عن عِكْرِمَةَ بن خَالِدٍ أَنَّ سَعْدًا قال لابْنِهِ  حين حَضَرَهُ الْمَوْتُ يا بنيَّ إِنَّكَ لَنْ تَلْقَى أَحَدًا هو أَنْصَحُ لك مِنِّي إذا أَرَدْتَ أَنْ تُصَلِّيَ فَأَحْسِنْ وُضُوءَكَ ثُمَّ صَلِّ صَلاةً لا تَرَى أَنَّكَ تُصَلِّي بَعْدَهَا وَإِيَّاكَ وَالطَّمَعَ فإنه فَقْرٌ حَاضِرٌ وَعَلَيْكَ بِالْيَأْسِ فإنه الْغِنَى وَإِيَّاكَ وما يُعْتَذَرُ منه مِنَ الْعَمَلِ وَالْقَوْلِ وَاعْمَلْ ما بَدَا لك   (الطبراني)

5.    عَنْ أَبِى هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « انْظُرُوا إِلَى مَنْ أَسْفَلَ مِنْكُمْ وَلاَ تَنْظُرُوا إِلَى مَنْ هُوَ فَوْقَكُمْ فَهُوَ أَجْدَرُ أَنْ لاَ تَزْدَرُوا نِعْمَةَ اللَّهِ » (مسلم)

6.    عَنْ أَبِى هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « مَنْ يَأْخُذُ عَنِّى هَؤُلاَءِ الْكَلِمَاتِ فَيَعْمَلُ بِهِنَّ أَوْ يُعَلِّمُ مَنْ يَعْمَلُ بِهِنَّ ». فَقَالَ أَبُو هُرَيْرَةَ فَقُلْتُ أَنَا يَا رَسُولَ اللَّهِ فَأَخَذَ بِيَدِى فَعَدَّ خَمْسًا وَقَالَ « اتَّقِ الْمَحَارِمَ تَكُنْ أَعْبَدَ النَّاسِ وَارْضَ بِمَا قَسَمَ اللَّهُ لَكَ تَكُنْ أَغْنَى النَّاسِ وَأَحْسِنْ إِلَى جَارِكَ تَكُنْ مُؤْمِنًا وَأَحِبَّ لِلنَّاسِ مَا تُحِبُّ لِنَفْسِكَ تَكُنْ مُسْلِمًا وَلاَ تُكْثِرِ الضَّحِكَ فَإِنَّ كَثْرَةَ الضَّحِكِ تُمِيتُ الْقَلْبَ » (ترمذي)

7.    عَنْ أَبِى هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « لَيْسَ الْغِنَى عَنْ كَثْرَةِ الْعَرَضِ وَلَكِنَّ الْغِنَى غِنَى النَّفْسِ ».
8.    عَنْ أَبِي هُرَيْرَةَ : قَالَ : قَالَ رَسُولُ اللهِ صَلَّى الله عَليْهِ وسَلَّمَ : يَا أَبَا هُرَيْرَةَ كُنْ وَرِعًا ، تَكُنْ أَعْبَدَ النَّاسِ ، وَكُنْ قَنِعًا ، تَكُنْ أَشْكَرَ النَّاسِ ، وَأَحِبَّ لِلنَّاسِ مَا تُحِبُّ لِنَفْسِكَ ، تَكُنْ مُؤْمِنًا ، وَأَحْسِنْ جِوَارَ مَنْ جَاوَرَكَ ، تَكُنْ مُسْلِمًا ، وَأَقِلَّ الضَّحِكَ ، فَإِنَّ كَثْرَةَ الضَّحِكِ تُمِيتُ الْقَلْبَ.

Related Articles