Current Date

Search
Close this search box.
Search
Close this search box.

ആദര്‍ശത്തിന്റെ കരുത്തും കര്‍മങ്ങളുടെ മാറ്റും

sea.jpg

عَنْ أَبِي ذَرٍّ الغِفَارِي رَضِيَ اللهُ عَنْهُ قَالَ: أَوْصَانِي خَلِيلِي – صَلَّى اللهُ عَلَيْهِ وَسَلَّمَ – بِأَرْبَعِ كَلِمَاتٍ، هُنَّ إِلَيَّ أَحَبُّ مِنَ الدُّنْيَا وَمَا فِيهَا، قَالَ لِي: يَا أَبَا ذَر : أَحْكِمِ السَّفِينَة فَإِنَّ الْبَحْرَ عَمِيقٌ، وَاسْتَكْثِرِ الزَّادَ فَإنَّ السَّفَرَ طَوِيلٌ، وَخَفِّفْ عَنْ ظَهْرِك فَإنَّ الْعَقَبَةَ كَؤُودٌ، وَأَخْلِصِ الْعَمَلَ فَإنَّ النَّاقِدَ بَصِيرٌ.

അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം. എന്റെ ആത്മമിത്രമായ പ്രവാചകന്‍(സ) നാല് കാര്യങ്ങള്‍ എന്നോട് ഉപദേശിച്ചു. ഇഹലോകലോകത്തേക്കാളും അതിലുള്ള വിഭവങ്ങളേക്കാളും അവയാണ് എനിക്ക് ഏറെ പ്രിയങ്കരം. തിരുമേനി(സ) എന്നോട് പറഞ്ഞു: അല്ലയോ അബൂദര്‍റ്! നീ കപ്പലിനെ ഭദ്രമാക്കുക; നിശ്ചയം, സമുദ്രം ആഴമേറിയതാണ്. നീ പാഥേയം കൂടുതല്‍ സമാഹരിക്കുക; നിശ്ചയം, യാത്ര ദൈര്‍ഘ്യമേറിയതാണ്. നിന്റെ മുതുകിലെ ഭാരം നീ ലഘൂകരിക്കുക; നിശ്ചയം, (നിനക്ക് താണ്ടിക്കടക്കാനുള്ള) മലമ്പാത ഏറെ ദുര്‍ഘടമാണ്. കര്‍മം നിഷ്‌കളങ്കമാക്കുക; നിശ്ചയം, നിരൂപകന്‍ സൂക്ഷ്മദൃക്കാണ്.

أَوْصَى : ഉപദേശിച്ചു
خَلِيلٌ : കൂട്ടുകാരന്‍
أَرْبَع : നാല്
كَلِمَة (ج) كَلِماَت : വചനങ്ങള്‍  
هُنَّ : അവ  
إِلَيَّ : എനിക്ക്, എന്നിലേക്ക്   
أَحَبُّ : ഏറ്റവും പ്രിയങ്കരം
قَالَ : പറഞ്ഞു
لِي : എന്നോട്
أَحْكَمَ : ഭദ്രമാക്കി   
سَفِينَةٌ : കപ്പല്‍
بَحْرٌ : സമുദ്രം
عَمِيقٌ : ആഴമേറിയത്
اِسْتَكْثَرَ : വര്‍ധിപ്പിച്ചു
زَادٌ : പാഥേയം  (യാത്രാസാമഗ്രികള്‍)  
سَفَرٌ : യാത്ര   
طَوِيلٌ : ദീര്‍ഘമായത്  
خَفَّفَ : ലഘൂകരിച്ചു
ظَهْرٌ : മുതുക്
عَقَبَة : മലമ്പാത  
كَؤُودٌ : ദുര്‍ഘടം, കയറാന്‍ പ്രയാസമുള്ളത്
أَخْلَصَ : നിഷ്‌കളങ്കമാക്കി
عَمَلٌ : കര്‍മം
نَاقِدٌ : നിരൂപകന്‍
بَصِيرٌ : സൂക്ഷ്മമായി കാണുന്നവന്‍

അതിബൃഹത്തായ നാല് ആശയ സാഗരങ്ങള്‍ സംക്ഷിപ്തമായും വശ്യമായും നമ്മുടെ മനസിലേക്ക് സന്നിവേശിപ്പിക്കുകയാണ് ഈ പ്രവാചക വചനം. ജീവിതത്തെ സംബന്ധിച്ച അടിസ്ഥാന കാഴ്ചപ്പാടുകളാണ് ഇതിന്റെ ഇതിവൃത്തം.

ഇഹലോകമെന്ന അഗാധസമുദ്രത്തിലൂടെ സ്വര്‍ഗമെന്ന തീരം ലക്ഷ്യമാക്കി നീങ്ങുന്ന കപ്പലിനോട് പ്രവാചകന്‍ നമ്മുടെ ജീവിതത്തെ ഉപമിക്കുകയാണ് ആദ്യം. ജീവിതമാകുന്ന കപ്പലിന്റെ എഞ്ചിനും ബോഡിയും കുറ്റമറ്റതല്ലെങ്കില്‍ പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനാവാതെ യാത്രാമധ്യേ അത് തകര്‍ന്നുതരിപ്പണമാവും. സുരക്ഷിതമായി ലക്ഷ്യസ്ഥാനം പ്രാപിക്കില്ല. കപ്പലിന്റെ അടിത്തട്ടില്‍ ഒരു ദ്വാരം വീണാല്‍ വെള്ളം ഉള്ളിലേക്ക് ഇരച്ചുകയറി കപ്പല്‍ മുങ്ങും.
ആദര്‍ശത്തിലെ പുഴുക്കുത്തുകളും അന്ധവിശ്വാസങ്ങളും ഈ കപ്പലിന്റെ തകര്‍ച്ചക്ക് ഹേതുവാകുന്ന സുഷിരങ്ങളാണ്. അത് നമ്മുടെ യഥാര്‍ഥ ജീവിതം തകര്‍ക്കും. അതിനാല്‍ കൊടുങ്കാറ്റുകളെയും  പര്‍വതസമാനമായ തിരമാലകളെയും അതിജീവിക്കാനും മഞ്ഞുമലകളില്‍ തട്ടി തകരാതിരിക്കാനും ഉതകും വിധം കെട്ടുറപ്പും, ഒപ്പം കാഴ്ചക്കാരുടെ മനം കുളിര്‍പ്പിക്കുമാറ് ഭംഗിയുമുള്ളതാവണം  ആ കപ്പല്‍. അഥവാ പൈശാചിക ശക്തികളെ കീഴ്‌പെടുത്തി മുന്നോട്ടുപോകാനും മറ്റുള്ളവരെ ആകര്‍ഷിക്കാനും കരുത്തുള്ളതാവണം നമ്മുടെ ജീവിതം. ആ കപ്പല്‍ ഇഹലോകത്തെ വൈതരണികളില്‍  തട്ടി തകര്‍ന്നാല്‍ അതിന് നാം കനത്ത വില നല്‍കേണ്ടി വരും.

ദീര്‍ഘ യാത്രക്കൊരുങ്ങുന്ന ആള്‍ ഭക്ഷണം, വെള്ളം, വസ്ത്രം, മരുന്ന് തുടങ്ങി നിരവധി വസ്തുക്കള്‍ കൂടെ കരുതാറുണ്ട്. അവയൊന്നും ലഭ്യമാകാത്ത മേഖലയിലൂടെയുള്ള യാത്രയാവുമ്പോള്‍ വിശേഷിച്ചും. അപ്രകാരം സ്വാര്‍ഗത്തിലേക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. അങ്ങോട്ടുള്ള യാത്രയില്‍ വിശ്വാസവും സല്‍കര്‍മവുമാകുന്ന പാഥേയം വേണ്ടത്ര ഇല്ലെങ്കില്‍ വഴിയില്‍ തളര്‍ന്നുവീഴും. ലക്ഷ്യ സ്ഥാനത്തെത്താനാവില്ല. അതിനാല്‍ പ്രസ്തുത പാഥേയം കഴിയുന്നത്ര ശേഖരിക്കാന്‍ പ്രവാചകന്‍ ഉദ്‌ബോധിപ്പിക്കുന്നു..

അതുപോലെ, സ്വര്‍ഗത്തിലേക്കുള്ള പാത പുഷ്പവൃഷ്ടി നടത്തുന്ന തണല്‍ മരങ്ങള്‍ നിറഞ്ഞതോ പരവതാനി വിരിച്ചതോ അല്ല. കുണ്ടും കുഴിയും മുള്ളും കുപ്പിച്ചില്ലുകളും നിറഞ്ഞ വഴിയിലൂടെ സഞ്ചരിച്ച് ദുര്‍ഘടമായ മലമ്പാതകള്‍ താണ്ടി വേണം അവിടെയെത്താന്‍. അന്നേരം പാപങ്ങളുടെ ഭാണ്ഡവും പേറിയാണ് നാം യാത്ര ചെയ്യുന്നതെങ്കില്‍ അധിക ദൂരം മുന്നോട്ട് പോകാനാവില്ല. ലക്ഷ്യത്തിലെത്താതെ നാശത്തില്‍ പതിക്കലായിരിക്കും അതിന്റെ പരിണതി. മനുഷ്യനെന്ന നിലക്ക് പാപങ്ങള്‍ സംഭവിക്കും. പക്ഷേ അത് പരമാവധി ലഘൂകരിച്ചും വീഴ്ചകള്‍ക്ക് പരിഹാരം ചെയ്തും മുന്നോട്ട് ഗമിച്ചാലേ അധികം പ്രയാസങ്ങളിലാതെ ലക്ഷ്യസ്ഥാനത്തെത്താനവൂ എന്ന് പ്രവാചകന്‍ ഉണര്‍ത്തുന്നു.

അപ്രകാരം തന്നെ, യഥാര്‍ഥ ജീവിത വിജയത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് കര്‍മങ്ങളുടെ പ്രചോദനം. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കി ചെയ്യുന്ന കര്‍മങ്ങള്‍ക്കേ അവന്‍ പ്രതിഫലം നല്‍കൂ. കര്‍മങ്ങളുടെ ബാഹ്യരൂപം നോക്കിയല്ല, മറിച്ച് അത് ചെയ്യുമ്പോഴുള്ള മാനസികാവസ്ഥ പരിഗണിച്ചാണ് അവന്‍ മാര്‍ക്കിടുന്നത്.  നമ്മുടെ ജീവിതത്തെ നിരൂപണം നടത്തുന്നവന്‍ സൂക്ഷ്മദൃക്കാണെന്ന പ്രവാചക വചനം നമ്മുടെ കര്‍മങ്ങളുടെ പ്രതിഫലം നഷ്ടപ്പെടുത്തുന്ന ചേരുവകള്‍ ഒഴിവാക്കാനുള്ള മുന്നറിയിപ്പാണ്.

(ഇമാം ഇബ്‌നു ഹജറില്‍ ഹൈതമി തന്റെ അസ്സവാജിര്‍ എന്ന ഗ്രന്ഥത്തില്‍ ഉദ്ദരിച്ചിട്ടുള്ള ഈ ഹദീസ് അബ്ദുല്‍ ഹമീദ് മുഹമ്മദിന്റെ തദ്കിറത്തുല്‍ മുത്തഖീനിലും, നേരിയ വ്യത്യാസങ്ങളോടെ ദൈലമിയുടെ അല്‍ ഫിര്‍ദൗസിലും കാണാം.)

Related Articles