Current Date

Search
Close this search box.
Search
Close this search box.

ആദരവ് അര്‍ഹിക്കുന്നതാണ് വാര്‍ധക്യം

old-age.jpg

عَنْ أَبِي مُوسَى الأَشْعَرِيِّ قَالَ : قَالَ رَسُولُ اللهِ صلى الله عليه وسلم : إِنَّ مِنْ إِجْلاَلِ اللهِ إِكْرَامَ ذِي الشَّيْبَةِ الْمُسْلِمِ.                                                                  

അബൂമൂസല്‍ അശ്അരി(റ)യില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: മുസ്‌ലിമായ വൃദ്ധനെ ആദരിക്കല്‍ അല്ലാഹുവിന്റെ മഹത്വം വാഴ്ത്തുന്നതിന്റെ ഭാഗമാണ്. (തിര്‍മിദി)

പ്രായമായവരെ ആദരിക്കുകയും അവരോട് കാരുണ്യം കാണിക്കുകയും ചെയ്യല്‍ അത്യുന്നതവും ശ്രേഷ്ഠകരവും സുപ്രധാനവുമായ സല്‍സ്വഭാവങ്ങളില്‍ പെട്ടതാണ്. അനസുബ്‌നു മാലിക് പറഞ്ഞു: ഒരു വൃദ്ധന്‍ പ്രവാചകനെ കാണാന്‍ വന്നു. അപ്പോള്‍ കുറച്ചു സാവകാശമാണ് ആളുകള്‍ അദ്ദേഹത്തിനുവേണ്ടി വഴി മാറിക്കൊടുത്തത്. അന്നേരം നബി(സ) പറഞ്ഞു: ചെറിയവരോട് കാരുണ്യവും വലിയവരോട് ബഹുമാനവും കാണിക്കാത്തവന്‍ നമ്മില്‍ പെട്ടവനല്ല.(1)
വാര്‍ധക്യത്തില്‍ മനുഷ്യന്റെ ശരീരം തളരുന്നു. എല്ലുകള്‍ ദുര്‍ബലമാവുന്നു. തലയില്‍ നര ബാധിക്കുന്നു. വിവിധ തരം രോഗങ്ങള്‍ വന്നുചേരുന്നു. വേദനകള്‍ പൊതിയുന്നു. അങ്ങനെ അയാള്‍ക്ക് ശ്രദ്ധയും പരിചരണവും ദയയും അനിവാര്യമായിത്തീരുന്നു.

വൃദ്ധന്മാരെ ആദരിക്കുന്നതില്‍ മുഹമ്മദ് നബി മികച്ച മാതൃകയാണ്. പ്രവാചകന്‍ ഒരു വൃദ്ധയുടെ ചുമട് വഹിച്ച കഥ പ്രസിദ്ധമാണല്ലോ. അബൂബക്‌റിന്റെ മകള്‍ അസ്മാഅ്(റ) പറയുന്നു: ഒരിക്കല്‍ മക്കയിലെ മസ്ജിദുല്‍ ഹറാമിലെത്തിയ പ്രവാചകന്റെ മുന്നിലേക്ക് അബൂബക്ര്‍ തന്റെ പിതാവിനെ (അബൂഖുഹാഫ) കൊണ്ടു വന്നു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ഇദ്ദേഹത്തെ  വീട്ടിലില്‍ ഇരുത്തിയാല്‍ പോരായിരുന്നോ. ഞാന്‍ അങ്ങോട്ട് വരുമായിരുന്നല്ലോ. അപ്പോള്‍ അബൂബക്ര്‍ പറഞ്ഞു: തിരുദൂതരേ, താങ്കള്‍ ഇദ്ദേഹത്തിന്റെ അടുക്കല്‍ ചെല്ലുന്നതിനേക്കാള്‍ പ്രാധാന്യം ഇദ്ദേഹം താങ്കളുടെ അടുക്കല്‍ വരുന്നതിനാണ്. തുടര്‍ന്ന് പ്രവാചകന്‍ അദ്ദേഹത്തെ തന്റെ മുന്നിലിരുത്തി. അദ്ദേഹത്തിന്റെ നെഞ്ചില്‍ തടവിക്കൊണ്ട് പറഞ്ഞു: താങ്കള്‍ ഇസ്‌ലാം സ്വീകരിക്കുക. അപ്പോള്‍ അദ്ദേഹം മുസ്‌ലിമായി.(2)

പ്രവാചകത്വത്തിന്റെ ദീപത്താല്‍ സഹാബികളുടെ ഹൃദയങ്ങള്‍ പ്രകാശിതമായി. അദ്ദേഹത്തില്‍ നിന്ന് ഉല്‍കൃഷ്ട സ്വഭാവങ്ങള്‍ അവര്‍ സ്വായത്തമാക്കി. പ്രായമായവര്‍ക്കുവേണ്ടി സേവനം ചെയ്യാന്‍ അവര്‍ സ്വയം സന്നദ്ധരായി. അവരോടുള്ള ബഹുമാനവും ആദരവുമായിരുന്നു അതിന് നിമിത്തം. അബൂസലമയില്‍ നിന്ന് നിവേദനം. ഒരിക്കല്‍ സൈദുബ്‌നു സാബിത്(റ) ഒട്ടകപ്പുറത്ത് കയറാന്‍ ഒരുങ്ങിയപ്പോള്‍ ഇബ്‌നു അബ്ബാസ്(റ) ചവിട്ടി (ഒട്ടകപ്പുറത്ത് കയറുമ്പോഴും യാത്ര ചെയ്യുമ്പോഴും കാല്‍ വെക്കുന്ന വസ്തു) പിടിച്ചുകൊടുത്തു. അപ്പോള്‍ സൈദ് പറഞ്ഞു: പ്രവാചകന്റെ പിതൃവ്യപുത്രാ, മാറി നിന്നേക്കൂ. അപ്പോള്‍ ഇബ്‌നു അബ്ബാസ് പറഞ്ഞു: ഞങ്ങളിലെ പ്രായമായവരോടും പണ്ഡിതന്മാരോടും ഞങ്ങള്‍ ഇങ്ങനെയാണ് പെരുമാറാറുള്ളത്.(3)

കാലം അതിന്റെ കാല്‍പാടുകള്‍ പതിപ്പിച്ച, രോഗങ്ങള്‍ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുന്ന ഒരു വൃദ്ധനെ കണ്ടാല്‍ അദ്ദേഹത്തിന്റെ ബലഹീനതയോട് കാരുണ്യം കാണിക്കുക. അദ്ദേഹത്തിന്റെ വാര്‍ധക്യത്തെ മാനിക്കുക. അദ്ദേഹത്തിന് ഉയര്‍ന്ന സ്ഥാനം കൊടുക്കുക. അദ്ദേഹത്തിന്റെ പ്രയാസം ഇല്ലാതാക്കിക്കൊടുക്കുക. അദ്ദേഹത്തിന് ആവശ്യമായ സേവനങ്ങള്‍ ചെയ്തുകൊടുക്കുക. എങ്കില്‍ അല്ലാഹു നമുക്ക് മഹത്തായ പ്രതിഫലം തരും. ഇഹത്തിലും പരത്തിലും അതിന്റെ സദ്ഫലങ്ങള്‍ നിനക്ക് ലഭിക്കും. നബി(സ) പറഞ്ഞു: ഒരു യുവാവ് ഒരു വൃദ്ധനെ അയാളുടെ പ്രായം കണക്കിലെടുത്തുകൊണ്ട് ആദരിച്ചാല്‍ അവന്റെ വാര്‍ധക്യത്തില്‍ അവനെ ആദരിക്കാന്‍ അല്ലാഹു ആളെ ഏര്‍പ്പെടുത്തും. (4)

മാതാപിതാക്കളോടുള്ള കടമകള്‍ വിവരിച്ചപ്പോള്‍ വാര്‍ധക്യത്തെ അല്ലാഹു പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ടല്ലോ ഖുര്‍ആനില്‍. മാതാപിതാക്കള്‍ക്ക് തങ്ങളുടെ സന്താനങ്ങളുടെ സ്‌നേഹമസൃണമായ പരിചരണം ഏറെ ആവശ്യമുള്ള ഘട്ടമാണത്. ആ സന്ദര്‍ഭത്തില്‍ മക്കള്‍ അവരോട് പാലിക്കേണ്ട മര്യാദകളെ ശക്തമായി ചൂണ്ടിക്കാണിക്കുകയാണ് അല്ലാഹു.

പ്രായമായവരെ പരിചരിക്കുന്നതിന് വിവിധ ഭാവങ്ങളുണ്ട്. അവരുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുക,അവരുമായി സംസാരിക്കുക, അവരുടെ കഥകളും അനുഭവങ്ങളും കേള്‍ക്കുക, അവരെ പരിചരിക്കുക, അല്ലെങ്കില്‍ അവരെ പരിചരിക്കാന്‍ യോഗ്യരായവരെ ലഭ്യമാക്കുക, പ്രായമായവര്‍ക്ക് വേണ്ടി പണം ചെലവഴിക്കുക, പണം ചോദിച്ചുവാങ്ങാന്‍ അവരെ നിര്‍ബന്ധിതരാക്കാതിരിക്കുക, അവരുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുക, അവര്‍ക്ക് ആശ്വാസം നല്‍കുക, അവരുടെ അവസ്ഥക്ക് അനുയോജ്യമായ അന്തരീക്ഷമൊരുക്കുക, അവര്‍ക്ക് ചികില്‍സ നല്‍കുക തുടങ്ങിയവ അതില്‍ പെട്ടതാണ്. സ്‌നേഹവും വാല്‍സല്യവും നല്ല സംസാരങ്ങളും ഏറെ ആവശ്യമുള്ളവരാണ് വാര്‍ധക്യം പ്രാപിച്ചവര്‍. ചില കാര്യങ്ങളിലെങ്കിലും അവരുമായി കൂടിയാലോചന നടത്തുന്നതും പേരക്കുട്ടികളുടെ ശിക്ഷണത്തില്‍ അവരെ പങ്കാളികളാക്കുന്നതും സമൂഹത്തിലും കുടുംബത്തിലും അവരുടെ ദൗത്യത്തിന്റെ പ്രധാന്യം അവരെ ബോധ്യപ്പെടുത്തും. ഇതെല്ലാം മുതിര്‍ന്നവരോടുള്ള ആദരവിന്റെയും അവരെ മാനിക്കുന്നതിന്റെയും അംഗീകരിക്കുന്നതിന്റെയും ഗണത്തില്‍ പെടുന്നു.

………………………………….
1- عَنْ زَرْبِىٍّ قَالَ سَمِعْتُ أَنَسَ بْنَ مَالِكٍ يَقُولُ جَاءَ شَيْخٌ يُرِيدُ النَّبِىَّ -صلى الله عليه وسلم- فَأَبْطَأَ الْقَوْمُ عَنْهُ أَنْ يُوَسِّعُوا لَهُ فَقَالَ النَّبِىُّ -صلى الله عليه وسلم- « لَيْسَ مِنَّا مَنْ لَمْ يَرْحَمْ صَغِيرَنَا وَيُوَقِّرْ كَبِيرَنَا » (ترمذي)
2- قَالَتْ (أسماء بنت أبي بكر) – فَلَمَّا دَخَلَ رَسُولُ اللَّهِ -صلى الله عليه وسلم- مَكَّةَ وَدَخَلَ الْمَسْجِدَ أَتَاهُ أَبُو بَكْرٍ بِأَبِيهِ يَقُودُهُ فَلَمَّا رَآهُ رَسُولُ اللَّهِ -صلى الله عليه وسلم- قَالَ هَلاَّ تَرَكْتَ الشَّيْخَ فِى بَيْتِهِ حَتَّى أَكُونَ أَنَا آتِيهِ فِيهِ ». قَالَ أَبُو بَكْرٍ يَا رَسُولَ اللَّهِ هُوَ أَحَقُّ أَنْ يَمْشِىَ إِلَيْكَ مِنْ أَنْ تَمْشِىَ أَنْتَ إِلَيْهِ. قَالَ فَأَجْلَسَهُ بَيْنَ يَدَيْهِ ثُمَّ مَسَحَ صَدْرَهُ ثُمَّ قَالَ لَهُ « أَسْلِمْ ». فَأَسْلَمَ (أحمد).
3- عَنِ ابْنِ عَبَّاسٍ ، أَنَّهُ أَخَذَ بِرِكَابِ زَيْدِ بْنِ ثَابِتٍ ، فَقَالَ لَهُ : تَنَحَّ يَا ابْنَ عَمِّ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ : إِنَّا هَكَذَا نَفْعَلُ بِكُبَرَائِنَا وَعُلَمَائِنَا (حاكم).
4- عَنْ أَنَسِ بْنِ مَالِكٍ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « مَا أَكْرَمَ شَابٌّ شَيْخًا لِسِنِّهِ إِلاَّ قَيَّضَ اللَّهُ لَهُ مَنْ يُكْرِمُهُ عِنْدَ سِنِّهِ » (ترمذي).

Related Articles